Sunday, 13 March 2011

എത്രതരം മനുഷ്യര്‍ ഉണ്ട്‌??

 ഫ്രണ്ട്‌ലൈന്‍ എന്ന മാഗസിനില്‍ വായിച്ച ഒരു സംഭവം പറയട്ടെ....
രണ്ടു കുട്ടികള്‍. ഏഴു വയസ്സായ ആണ്‍ക്കുട്ടിയും പതിനൊന്ന് വയസ്സായ പെണ്‍ക്കുട്ടിയും.
ദൂരെയൊരു നഗരത്തില്‍ ഫാക്ടറി തൊഴിലാളി ആയിരുന്ന അച്ഛന്‍ ക്ഷയം ബാധിച്ചും,

 മറ്റെന്തോ ശാരീരിക ബുദ്ധിമുട്ടിനാല്‍ അമ്മയും ജോലി ചെയ്യുവാന്‍ ആകാതെ വീട്ടിലിരിക്കുന്നു.
അച്ഛന്‍ ജോലിച്ചെയ്യുന്ന കാലത്ത് ഉപയോഗിച്ചിരുന്ന,

 ഫാക്ടറിയിലെ യൂണിഫോം ഷേട്ട് ധരിച്ച്,ആണ്‍ക്കുട്ടി ,
 വീട്ടില്‍ ആകെയുള്ള ഒരു പ്ലൈറ്റ്‌മായി രാവിലെ സ്കൂളില്‍ പോകും.
 ഉച്ചക്ക്, സ്കൂളില്നി്ന്നും ലഭിക്കുന്ന ഭക്ഷണം ആ പ്ലൈറ്റില്‍ ആക്കി ഓടി വീട്ടിലെത്തും.
 ആ പ്ലൈറ്റ്‌ കൂടാതെ വീട്ടിലുള്ളത് പഴകി ദ്രവിച്ച മറ്റൊരു പാത്രം മാത്രമാണ്. 
തനിക്ക് ലഭിച്ച ഉച്ചഭക്ഷണം ആ പാത്രത്തിലേക്ക് മാറ്റി, പ്ലൈറ്റ്‌ അവന്‍ തന്‍റെ ചേച്ചിക്ക് കൈമാറും.
 ഒപ്പം അവന്‍ ധരിച്ചിരിക്കുന്ന ഷേട്ടും!!! 
അവന്‍ വരുന്നത് വരെ ആ പതിനൊന്നുവയസ്സായ പെണ്‍ക്കുട്ടി അവളുടെ കുടിലിന്‍റെ ഇരുണ്ട മൂലയില്‍ ഒരു പഴന്തുണി മാത്രം ദേഹത്തിട്ട് പുറത്തിറങ്ങാന്‍ ആവാതെ ഇരിക്കുകയാണ്.
ആണ്‍ക്കുട്ടി കൈമാറിയ പ്ലൈറ്റ്‌മായി, അവന്‍ ഊരി നല്കിയയ ഷേട്ടും ധരിച്ച്

 അവള്‍ സ്കൂളിലേക്ക് ഓടും, ഉച്ചഭക്ഷണം കൊടുത്ത് തീരുന്നതിന് മുന്‍പേ അവിടെ എത്തുന്നതിനായി......
ആണ്‍ക്കുട്ടി കൊണ്ടുവന്ന ഭക്ഷണം അവനും അച്ഛനും പങ്കിട്ടു കഴിക്കും.

 സ്കൂള്‍ വിട്ട് വൈകീട്ട് വീട്ടിലെത്തുന്ന പെണ്‍ക്കുട്ടി, തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും ഒപ്പം കൊണ്ടുവരും. അത് അവളും അമ്മയും ചേര്‍ന്ന് കഴിക്കും....
ഇതാണ് ആ ബീഹാറി കുടുംബത്തിന്‍റെ ഒരു ദിവസത്തെ ഭക്ഷണം!!!
ഒരു കാര്യം ചോദിച്ചോട്ടെ.......,
ഒരു നേരത്തെ ഭക്ഷണം കഴിക്കുവാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ പോലും നമുക്ക് ചുറ്റും ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ നമുക്ക്‌ എന്താണ് അവകാശം??






      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

സമയമില്ലാത്തവര്‍ക്ക് വായിക്കാന്‍...

ഇന്നലെ രാത്രിയില്‍ ലോലിത വിളിച്ചിരുന്നു. ലോലിത, എനിക്ക് ഓര്‍ക്കുട്ടില്‍ നിന്നും  ലഭിച്ച എന്‍റെ പ്രിയ്യപ്പെട്ട കൂട്ടുക്കാരിയാണ്. കുടുംബത്തോടൊപ്പം യുകെ യില്‍, ബ്രിസ്റ്റോള്‍ എന്ന നഗരത്തില്‍ താമസം. മിക്കവാറും എല്ലാ ദിവസങ്ങളിലും അവള്‍ വിളിക്കുവാറുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി, നാട്ടില്‍ വരുന്നതിന്‍റെ കുറെയേറെ തിരക്കുകള്‍ മൂലം അവള്‍ വിളിച്ചിരുന്നില്ല. എനിക്ക് പനിയാണെന്ന് അറിഞ്ഞതിനാലാണ് ഇന്നലെ അവള്‍ വിളിച്ചത്. ഇന്നലെ ഞങ്ങള്‍ ഏതാണ്ട് ഒരു മൂന്ന് മണിക്കൂറുകളോളം സംസാരിച്ചു. അവള്‍ വിളിച്ചാല്‍ പനിയൊന്നും എനിക്കൊരു പ്രശ്നമേ അല്ല. കാരണം അവളുടെ സംസാരം പോസറ്റീവ് എനര്‍ജിയുടെ ഒരു പ്രവാഹമാണ്. മനസിലുള്ള ചെറിയ ചെറിയ നിരാശകളും, ആത്മവിശ്വാസകുറവും, സംശയങ്ങളും എല്ലാം അവളുമായി പങ്കുവയ്ക്കാം...
യുക്തമായ പരിഹാരവും,  ആത്മാര്‍ഥമായ ആശ്വാസവാക്കുകളും അവളില്‍നിന്നും ഉറപ്പ്. സംസാരത്തിനിടക്ക് ലോലിത പറഞ്ഞ ഒരു സംഭവം കേട്ടപ്പോള്‍ അത് പങ്കുവയ്ക്കപെടെണ്ടതാണ് എന്നെനിക്ക് തോന്നി.


ബ്രിസ്റ്റോള്‍ ഉള്ള ഒരു മലയാളി കുടുംബം. ഭാര്യ, ഭര്‍ത്താവ്, ഒരു  മകള്‍. ഈ കുടുംബത്തിന്‍റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു മാലാഖകുഞ്ഞ് പോലെ സുന്ദരിയായ അവരുടെ മകള്‍ക്ക് ഏതാണ്ട് ഒരു മൂന്ന് വയസ്സ് പ്രായം കാണും.
മൂന്നോ നാലോ വാക്കുകള്‍ മാത്രമാണ് ഈ കുഞ്ഞുമകള്‍ക്ക് അറിയാവുന്നത്. അതും അവള്‍ സ്ഥിരം കാണുന്ന ഒരു കാര്‍ടൂണ്‍ലെ ചില കഥാപാത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന ചില വാക്കുകള്‍.
അച്ഛനും അമ്മയ്ക്കും ഈ കുഞ്ഞിനോട് സംസാരിക്കുവാന്‍ സമയമില്ല. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്‍, പകല്‍ മുഴുവന്‍ കിടന്നുറങ്ങും. ഉറക്കത്തിനിടക്ക് മകള്‍ ശല്ല്യപ്പെടുത്താതിരിക്കുന്നതിനായി അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്‍ട്ടൂണ്‍ വച്ച്നല്‍കും. പകല്‍ സമയത്തെ ഡ്യൂട്ടി കഴിഞ്ഞ് അമ്മ വീട്ടില്‍ എത്തുമ്പോള്‍ മകള്‍ ഉറങ്ങി കാണും.
ഒരാഴ്ച്ചമുന്‍പ്‌ ഈ കുടുംബം ലോലിതയുടെ വീട്ടില്‍ എത്തിയിരുന്നു. രാത്രി ആ പെണ്‍കുട്ടിക്ക് നന്നായി പനിക്കുവാന്‍ തുടങ്ങി. ലോലിതയും ആ പെണ്‍ക്കുട്ടിയുടെ അമ്മയും ചേര്‍ന്ന്, നനച്ചു പിഴിഞ്ഞ തുണിക്കൊണ്ട് അവളുടെ ദേഹം ഒപ്പിക്കൊടുക്കുമ്പോള്‍ വിറച്ചുകൊണ്ട് ആ പാവം പറഞ്ഞത്രേ,
 "ഓ.... ഡി..യര്‍..." എന്ന്. "ഓ ഡിയര്‍" എന്നത് ആ കാര്‍ട്ടൂണ്‍ ലെ രണ്ടു കഥാപാത്രങ്ങള്‍ പരസ്പരം എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ്‌.


എന്‍റെ അമ്മ എനിക്ക് രണ്ടോ, മൂന്നോ കഥകള്‍ പറഞ്ഞ്തന്നതായി മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ.  അവ കള്ളംപറയരുത്, സത്യസന്ധനായിരിക്കുക.... ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു. അമ്മൂമ്മയും, വല്ല്യമ്മയുമാണ് എനിക്ക് കഥപറച്ചിലിന്‍റെ വിസ്മയലോകം കാട്ടി തന്നത്. എഴുപതും എണ്‍പതും വര്‍ഷം മുന്‍പുള്ള, കാളവണ്ടികള്‍ നിറഞ്ഞോടുന്ന ചെമ്മണ്‍പാതകളിലൂടെയും, വണിക്കുകളും എളളണ്ണയുടെ നിറമുള്ള ചെട്ടിച്ചിപെണ്ണുങ്ങളും വിഹരിക്കുന്ന ചന്തകളിലൂടെയും,  മാടയും മറുതയും ചുടലപിശാചുക്കളും വാഴുന്ന വസൂരിപറമ്പുകളിലൂടെയും അവരെന്നെ കൈപ്പിടിച്ചു നടത്തിയപ്പോള്‍ അറിഞ്ഞ കഥകള്‍ ഞാനും പറയുവാന്‍ തുടങ്ങി.


ഇന്ന്, മക്കള്‍ക്ക്‌ ആരെങ്കിലും കഥപറഞ്ഞു നല്‍കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. കാരണം എല്ലാവര്‍ക്കും തിരക്കാണ്. 'എല്ലാം മക്കള്‍ക്ക്‌ വേണ്ടിയല്ലേ' എന്ന ന്യായവും അതിനു പറയുവാനുണ്ട്. മക്കളുടെ ഭാവിയില്‍ ജാഗ്രത കാണിക്കുന്നത് വളരെ നല്ല കാര്യംതന്നെ. പക്ഷെ ഒന്നോര്‍ത്തോളൂ, അവരുടെ ശൈശവത്തിലും ബാല്യത്തിലും അവരെ കൊഞ്ചിക്കുവാനും, സ്നേഹിക്കുവാനും, ലാളിക്കുവാനും, മാറോടുചേര്‍ത്ത് ഉറക്കുവാനും സമയം ലഭിക്കാതെയാണ് നിങ്ങള്‍ അവരുടെ ഭാവി ഭദ്രമാക്കുന്നതെങ്കില്‍ ഒന്നുറപ്പ്, അവരുടെ കൌമാരം മുതല്‍ അവര്‍ നിങ്ങള്‍ക്ക് അപരിചിതരായിരിക്കും. 




      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

നിയമം മനുഷ്യന് വേണ്ടിയല്ലേ?


ഒരു വ്യാഴാഴ്ച രാവിലെയാണ് പ്രിയ്യ സുഹൃത്ത് രഞ്ജിത്ത് എന്നെ വിളിച്ചത്. തിരക്കില്ലെങ്കില്‍, ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വം ഒന്നും ഇല്ലെങ്കില്‍ ഒന്ന് പുറത്തുപോകാം എന്ന് പറഞ്ഞു. അവന്‍റെ മനസ്സ് ഒരുപാട് പ്രശ്നങ്ങളാല്‍ സങ്കര്‍ഷത്തിലാണ്, കുറച്ചു സമയത്തെക്കെങ്കിലും ഒരു മാറ്റം അവനു ആവശ്യമാണെന്ന് എനിക്ക് തോന്നിയതിനാല്‍ ഞങ്ങള്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് നെല്ലിയാമ്പതിയില്‍ എത്തി. നല്ല സുന്ദരമായ സ്ഥലം. മല കയറുമ്പോഴും, വൈകീട്ട് തിരിച്ചിറങ്ങുമ്പോഴും എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം, അവിടെ പ്രണയിതാക്കള്‍  ആരെയും കണ്ടില്ല എന്നതാണ്. സാധാരണയായി ഇത്തരം ഹൈറേഞ്ച് സുഖവാസകേന്ദ്രങ്ങളില്‍ ഇത്തരക്കാരെ ധാരാളമായി കാണാറുണ്ട്. ഈ അടുത്തക്കാലത്ത് യെര്‍ക്കാട് പോയപ്പോള്‍ അവിടെയും ഇത്തരക്കാര്‍ ധാരാളം ഉണ്ടായിരുന്നു. മലയിറങ്ങി, താഴെ ഒരു ഡാമിന്‍റെ അരികത്തു വിശ്രമിക്കുവാന്‍ ഇരുന്നപ്പോള്‍ അവിടുത്തെ ഒരു നാട്ടുക്കാരന്‍ എന്‍റെ സംശയത്തിന് മറുപടി തന്നു.
കുറച്ചു നാളുകള്‍ക്കു മുന്‍പ്‌, പാലക്കാടിനടുത്തുനിന്ന് രണ്ടു യുവതീയുവാക്കള്‍ നെല്ലിയാമ്പതിയില്‍ എത്തി. ആ യുവതിയെ അവിടെയുള്ള ചില യുവാക്കള്‍ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൃഗീയമായി ബലാത്സംഗം ചെയ്തു. തന്നെ വിശ്വസിച്ച്, തന്നോടൊപ്പം കൈപ്പിടിച്ചിറങ്ങിയ ആ പെണ്‍ക്കുട്ടിയെ രക്ഷിക്കുവാന്‍ ത്രാണിയില്ലാതെപ്പോയ ആ ചെറുപ്പക്കാരന്‍, തന്‍റെ ഹൃദയത്തിനോട് ആ കാട്ടാളക്കൂട്ടം ചെയ്തുക്കൂട്ടുന്നതൊന്നും കണ്ടു നില്‍ക്കുവാന്‍ ആകാതെ അവര്‍ക്ക്മുന്നില്‍ ഉടുമുണ്ടില്‍ കെട്ടിതൂങ്ങി മരിച്ചു. വിറകു പെറുക്കുവാന്‍ എത്തിയ ആദിവാസി സ്ത്രീകള്‍ ഈ പെണ്‍ക്കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂന്നാംനാള്‍ അവള്‍ മരിച്ചു.
അറിഞ്ഞു കാണുമല്ലോ?? ആ പെണ്‍ക്കുട്ടിയും മരിച്ചു. ഒരു കുടുംബത്തെ മാറോടടുക്കിപിടിച്ച്, വിവാഹ സ്വപ്നങ്ങളുമായി, വീട്ടിലേക്ക് ഓടിയെത്തുവാന്‍ കൊതിച്ച സൌമ്യ എന്ന സഹോദരി.
ഒരു റെയില്‍വേ ഗാര്‍ഡുകളും അവള്‍ക്കു വേണ്ടി ഇനി ട്രെയിന്‍ നിര്‍ത്തുവാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതില്ല. ഇനി ഒരു പുരുഷകേസരികള്‍ക്കും, സഹയാത്രികരായ മാന്യന്മാരുടെ ഇഷ്ട്ടക്കെടിനെ ഭയന്ന് അവള്‍ക്കു വേണ്ടി അപായച്ചങ്ങല വലിക്കുന്നതില്‍നിന്നും പിന്മാറേണ്ടിവരില്ല. ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ ആ പെണ്‍ക്കുട്ടി "മരിച്ചോന്നും പോകില്ല" എന്ന് അഭിപ്രായപ്പെട്ട മാന്യദേഹം ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും, ഒരു പ്രവചനം പാഴായി പോയതോര്‍ത്ത്. പോലീസിനെ സമ്മതിക്കണം. ഇതാണ്  കൃത്ത്യനിര്‍വഹണം. പ്രതിക്ക്നേരെ ആക്രമണം ഉണ്ടായെക്കാംഎന്ന കാരണത്താല്‍ പോലീസ് പ്രതിയുമായുള്ള തെളിവെടുപ്പ് ഒഴിവാക്കിയിരിക്കുന്നു, മഹനീയം!!! കാരണം, അപലയായ ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെക്കാളും മാനത്തെക്കാളും വിലയുണ്ടല്ലോ ആ പന്ന പുലയാടിമോന്‍റെ ജീവന്. ഇവര്‍ക്കെല്ലാം സ്വന്തമായി ഒരു അമ്മയോ, സഹോദരിയോ, ഭാര്യയോ, മകളോ കാണുമോആവോ....
പേടിച്ച് അലറിക്കരയുന്ന ഒരു സ്ത്രീയോടും, ശൈശവ നിഷ്കളങ്കതയുമായി നില്‍ക്കുന്ന ഒരു കുഞ്ഞിനോടും കാമാഗ്നിയുമായി സമീപിക്കുന്നവന്‍റെ എന്ത് വികാരമാണ് ശമിക്കുന്നത് എന്ന്മാത്രം മനസിലാക്കുവാന്‍ ആകുന്നില്ല.
മറന്നുവോ ഒരു സെബാസ്റ്റ്യനെ...? മൂന്ന് കൊച്ചുമക്കളെ പീഡിപ്പിച്ചുക്കൊന്ന ഒരു സെബാസ്റ്റ്യനെ?? ആദ്യം  കോടതി അവനെ വെറുതെ വിട്ടിരുന്നു. അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു തീരുമാനമെടുത്തു. കോടതി വിചാരണ അവനു ലഭിക്കുന്ന വലിയൊരു ആനുകൂല്യമാണ്, വിധി അനുകൂലമായാലും പ്രതികൂലമായാലും.കാരണം, കോടതിക്ക് മുന്‍പാകെ അവന്‍ എത്തിയാല്‍ അവനെ മനുഷ്യനായി നമ്മള്‍ അംഗീകരിച്ചു എന്ന് സാരം.  നിയമം മനുഷ്യനള്ളതാണല്ലോ.. അതിനാല്‍ അവന്‍ അത് അര്‍ഹിക്കുന്നില്ല എന്നും, അവന്‍ കോടതിക്ക് പുറത്തു തീരേണ്ടവന്‍ ആണ് എന്നും ഞങ്ങള്‍ ഉറപ്പിച്ചു. അത് ഒരു പെയ്പ്പട്ടിയെ കൊല്ലുന്നതുപോലെ സമൂഹത്തോട് ചെയ്യേണ്ട കടമയാണെന്നും ഞങ്ങള്‍ വിശ്വസിച്ചു. അന്ന് അത് നടന്നില്ല. പക്ഷെ നടക്കാഞ്ഞതില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ദുഖമില്ല. കാരണം കോടതി അവന് നല്‍കിയതും വധശിക്ഷയാണ്. ഇപ്പോള്‍ വീണ്ടും ഒരു തോന്നല്‍.... അവന്‍, ആ ഒറ്റകയ്യന്‍ തമിഴന്‍ നിയമത്തിനുമുന്‍പില്‍ എത്തേണ്ടതുണ്ടോ??????

പെണ്ണ്കാണല്‍ പരിപാടി ഞാന്‍ ഉപേക്ഷിച്ചു.

ഈ കഴിഞ്ഞ കുറച്ചു നാളുകളായി ഓടിനടന്ന് പെണ്ണുകാണല്‍ ആയിരുന്നു പരിപാടി. വിവാഹ ബ്യുറോകളിലും പത്രപരസ്യങ്ങളിലും വല്ല്യ താത്പര്യം ഇല്ലാതിരുന്നതിനാല്‍ എന്‍റെ പതിമൂന്ന് സഹോദരിമാരോട്, എന്‍റെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ എല്ലാം ഞാന്‍ വെളിപ്പെടുത്തി, അതുമായി ചേര്‍ന്ന് പോകുന്ന ഒരു പെണ്‍ക്കുട്ടി ഇന്നാട്ടില്‍ എവിടെയെങ്കിലും ഉള്ളതായി അറിവുണ്ടെങ്കില്‍ അറിയിക്കുവാന്‍ ഏല്‍പ്പിച്ചു.
പലവീടുകള്‍, അപരിചിതമായ ഭാവങ്ങള്‍ മുഖത്തെഴുതുവാന്‍ ശ്രമിക്കുന്ന പെണ്‍ക്കുട്ടികള്‍, ചൂഴ്ന്നറിയുവാന്‍ വ്രതമെടുത്ത "കുട്ടീടെ വല്യപ്പന്‍മാര്‍...", ചായയുടെ രുചി വൈവിധ്യങ്ങള്‍... അവസാനം, അറിയിക്കാം എന്നും പറഞ്ഞുള്ള ഒരു ഇറക്കവും. മടുത്തു എനിക്ക്.
വല്യമ്മയുടെ മൂത്തമകള്‍ കണ്ടുവച്ച പെണ്‍കുട്ടിയെ ആയിരുന്നു ഞാന്‍ അവസാനം കണ്ടത്. വാതില്‍കര്‍ട്ടന്‍ നീക്കി, ഹാളിലേക്ക് അവള്‍ കടന്ന് വന്നപ്പോഴേ എനിക്ക് അവളോടൊരു ഇഷ്ട്ടം തോന്നി.  ടെറസിനു പന്തലിട്ടപോലെ വിടര്‍ന്നുനില്‍ക്കുന്ന ചന്ദ്രകാരന്‍ മാവിന്‍റെ തണലുപറ്റി ഞാന്‍ അവളെ ഇന്റെര്‍വ്യൂ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ ചോദ്യങ്ങളുടെ ഇടയ്ക്കു കയറി അവള്‍ പറഞ്ഞു,
 " ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു." തുടര്‍ന്ന് പറയുവാന്‍ വന്നത് മുഴുമിപ്പിക്കുവാന്‍ അനുവദിക്കാതെ ഞാന്‍ പറഞ്ഞു,
 "അതിനെന്താ, ഞാനും പ്രണയിച്ചിട്ടുണ്ട്."
"എനിക്ക് പറയുവാനുള്ളത് മുഴുവനും കേള്‍ക്കു..." എന്നെന്നോട് അഭ്യര്‍ത്ഥിച്ച്ക്കൊണ്ട് അവള്‍ തുടര്‍ന്നു,
"അഞ്ചുവര്‍ഷത്തോളം നീണ്ട ഒരു ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വളരെ അടുത്ത ബന്ധം..... എല്ലാത്തരത്തിലും."
അവസാനത്തെ വാക്ക് ഒന്ന്നിര്‍ത്തി, അല്‍പ്പം ബലംകുറച്ചാണ് അവള്‍ പറഞ്ഞത്. പിന്നെയും ചുരുങ്ങിയ വാക്കുകളില്‍ അവള്‍ പറഞ്ഞു, പ്രണയം.. അതിന്‍റെ തീവ്രത, തകര്‍ക്കപ്പെട്ട വിശ്വാസം, നിരാശ... അങ്ങിനെ സാര്‍വത്രികമായ ചിലതെല്ലാം...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ മനസ്സറിയുവാന്‍ ചുറ്റുംകൂടിയ സഹോദരിമാരോടും അമ്മയോടുമായി ഞാന്‍ പറഞ്ഞു,
"എനിക്ക് ആ കുട്ടിയെ ഇഷ്ട്ടായി. അവര്‍ക്ക് താത്പര്യമെങ്കില്‍ നമുക്കിത് നടത്താം."


വീട്ടില്‍, എന്‍റെ ആ തീരുമാനം ഒരു ആഘോഷമായി മാറി.  വീട്ടില്‍ എല്ലാവരും, നാട്ടില്‍ ഒരുമാതിരിപ്പെട്ടവരും എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന ഏക കാര്യം വിവാഹമായിരുന്നു. എന്നെക്കൊണ്ടുള്ള ശല്ല്യംക്കൊണ്ടാല്ലാട്ടോ ഒരു പെണ്ണ്ക്കെട്ടുവാന്‍ നാട്ടുക്കാര്‍ ആവശ്യപ്പെട്ടിരുന്നത്, ഇഷ്ട്ടംകൊണ്ടാ..


വാക്കിലും, പ്രവര്‍ത്തിയിലും, എന്തിന്.. നോട്ടത്തില്‍പോലും പ്രതിഫലിച്ച അമ്മയുടെ സന്തോഷം ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും അയല്‍വീടുകളില്‍ പോകാത്ത എന്‍റെ അമ്മ, മതിലരുകത്ത്‌നിന്ന് പൊട്ടിച്ചിരിച്ചുക്കൊണ്ട് അയല്‍ക്കാരോടു സംസാരിക്കുന്നത് ഞാന്‍ കേട്ടു.
എന്‍റെ പ്രിയ്യപ്പെട്ട ഒരു കൂട്ടുക്കാരിയോട് ഈ പെണ്‍ക്കുട്ടിയുമായി ഞാന്‍ നടത്തിയ സംസാരത്തിന്‍റെ വിശദാംശങ്ങള്‍ എല്ലാം ഞാന്‍ പങ്കുവച്ചു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു,
 " എന്നിട്ട് നീ എന്ത് തീരുമാനിച്ചു?"
"അവളെത്തന്നെ കേട്ടിയെക്കാം എന്നൊരു തോന്നല്‍.."
"എന്താ ലോകത്ത് വേറെ പെണ്ണില്ലാഞ്ഞിട്ടോ, അതോ ഫ്രെഷ് ആയ ഒന്നിനേം കിട്ടില്ലെന്ന് ഉറപ്പുള്ളതുക്കൊണ്ടോ..?" എന്‍റെ മറുപടിക്കേട്ട് ഇങ്ങനെയായിരുന്നു അവളുടെ മറുചോദ്യം.
"അങ്ങിനെയല്ല.... ആ പെണ്‍ക്കുട്ടിക്ക് ഞാന്‍ ഇഷ്ട്ടപ്പെടുന്ന രൂപവും ഭാവവും ഉണ്ട്. പെരുമാറ്റത്തില്‍ കുലീനതയുണ്ട്. സുന്ദരമായ ശബ്ദമുണ്ട്. മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു വ്യക്തമായി സംസാരിക്കുവാനുള്ള കഴിവുണ്ട്. സര്‍വ്വോപരി, ആത്മാഭിമാനം ഉണ്ട്. ഞാന്‍ ആഗ്രഹിക്കുന്ന, ഇത്രയും പോസറ്റീവ് ഗുണങ്ങള്‍ ഉള്ള ആ പെണ്‍ക്കുട്ടിക്ക് എന്നോ സംഭവിച്ച ഒരു പ്രണയതകര്‍ച്ച ഒരു ഗൌരവമായി കാണേണ്ട വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല."


" കേവലമൊരു പ്രണയം മാത്രമല്ലല്ലോ, അതിനെത്തുടര്‍ന്നുള്ള സെക്ഷ്വല്‍ കോണ്ടാക്റ്റ്സും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു..."  അവള്‍ ഒരു വാഗ്വാദത്തിന് തയ്യാറായി നിന്നു.
"അതെല്ലാം എന്‍റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്.." ഞാന്‍ അതിനെ നിസാരവല്ക്കരിക്കുവാന്‍ ശ്രമിച്ചു.


"നിനക്ക് അങ്ങിനെ സംഭവിച്ചിട്ടുണ്ട് എന്ന് കരുതി, അതുപോലെഎല്ലാം സംഭവിച്ച ഒരു പെണ്ണിനെമാത്രമേ നീ കെട്ടു എന്ന് നിര്‍ബന്ധംഉണ്ടോ?"


"നിര്‍ബന്ധമില്ല... പക്ഷെ അങ്ങിനെ കെട്ടിക്കൂടായ്ക ഇല്ലല്ലോ..., മാത്രവുമല്ല അവള്‍ പറഞ്ഞതിനാല്‍ മാത്രം നമ്മള്‍ ഈ വിവരങ്ങള്‍ അറിഞ്ഞു. അവള്‍ക്കു വേണമെങ്കില്‍ പറയാതിരിക്കാമായിരുന്നു. ഞാന്‍ ഒരിക്കലും വിവാഹശേഷം അവളുടെ പഴയ പ്രണയകഥകള്‍ തിരഞ്ഞു നടക്കുവാന്‍ പോകുന്നില്ല.  അതിനാല്‍ത്തന്നെ നമ്മള്‍ ആരും ഇതൊന്നും അറിയുവാനും ഇടയില്ലായിരുന്നു. എനിക്ക് മനസ്സിലായിടത്തോളം ആ കുട്ടി ആരെയും വഞ്ചിക്കാനോ, വിഡ്ഢിയാക്കുവാനോ ആഗ്രഹിക്കുന്നില്ല. ഒന്നും മറച്ചു വക്കാതെ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ എനിക്ക് അവളോട്‌ ബഹുമാനമാണ് തോന്നിയത്."


"ഒലക്കാണ്... ബഹുമാനം.. എനിക്ക് തോന്നണത് അവള്‍ ആളൊരു പഠിച്ച കള്ളി ആണെന്നാണ്‌. ആവുന്ന കാലത്ത് പരമാവുധി ആസ്വദിച്ചു നടന്നു. അവസാനം കല്യാണം ആയപ്പോള്‍ ഒരു പ്രണയതകര്‍ച്ചയുടെ കഥയും ക്കൊണ്ട് ഇറങ്ങിയിരിക്കുന്നു.... നിന്നെപോലുള്ള കുറെ പൊട്ടന്മാരെ എല്ലാകാലത്തും ബഹുമാനിക്കാന്‍ കിട്ടുന്നതുക്കൊണ്ട് ഇവളുമാരോക്കെ നിലന്നിന്നുപോകുന്നു. എന്‍റെ അഭിപ്രായം നോക്കണ്ട, നീ നിനക്ക് ഇഷ്ട്ടപ്പെട്ടപോലെ ചെയ്യ്‌... ജീവിക്കേണ്ടതും അനുഭവിക്കേണ്ടതും നീയല്ലേ...." അല്‍പ്പം ഈര്‍ഷ്യയോടെതന്നെ അവള്‍ സംസാരം അവസാനിപ്പിച്ചു.


ഇവളെകൂടാതെ, എനിക്ക് നല്ല അടുപ്പമുള്ള ഒരു വല്യമ്മയുടെ മകളോടും ഞാന്‍ ആ പെണ്‍ക്കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞതില്‍നിന്നും ഒട്ടും കുറവ് വരുത്താതെ, ഒന്നുംകൂടെഒന്ന് പൊലിപ്പിച്ച് അവള്‍ അത് എന്‍റെ വീട്ടില്‍ അവതരിപ്പിച്ചു.


വീട്ടുക്കാര്‍ വെളിച്ചപ്പാടായി....!!


"ഇങ്ങനെ മുഖത്തുനോക്കി പഴയ ബന്ധങ്ങള് വിളിച്ചുപറയുന്ന പെണ്ണിനെതന്നെ വേണോ നിനക്ക് കെട്ടാന്‍..." അമ്മ:
" പിന്നെ ഞാന്‍ ആരെ കെട്ടണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്? എന്നോട് എല്ലാം മറച്ചുവച്ച് എന്നെ ഒരു വിഡ്ഢിയാക്കുന്ന പെണ്ണിനെയോ?"


"ഒരാളെ പ്രേമിച്ച പെണ്ണിനെ കെട്ടേണ്ട കാര്യം നിനക്കെന്തിരിക്കുന്നു" എന്നായിരുന്നു ചേച്ചിയുടെ ചോദ്യം.
"പ്രേമം ഇത്ര മോശം കാര്യമാണോ? മറ്റൊരാളെ പ്രേമിച്ചിരുന്നു എന്നതിനര്‍ത്ഥം അവള്‍ക്കു പ്രേമിക്കാനുള്ള ഒരു മനസുണ്ട് എന്നതാണ്.അതിനാല്‍ അവള്‍ക്കു എന്നെയും പ്രേമിക്കാന്‍ സാധിക്കും, നിങ്ങളെ എല്ലാവരെയും സ്നേഹിക്കാനും."  ഇങ്ങനെ സ്വീകാര്യമല്ലാത്ത ഒരു മറുപടി ഞാന്‍ ചേച്ചിക്ക് നല്‍കി.


എന്തായാലും വീട്ടുക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. എതിര്‍പ്പ് ശക്തമായി, എന്‍റെ സ്വൈര്യം കെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ എല്ലാവരോടുമായി കുറച്ചു ശക്തമായി തന്നെ ഇങ്ങനെപ്പറഞ്ഞു,


"എന്‍റെ ഇഷ്ട്ടങ്ങള്‍ക്ക് ചേരുന്ന, എന്നെ മനസിലാക്കുന്ന, എന്നോടൊപ്പം നില്‍ക്കുന്ന, എന്നെ സ്നേഹിക്കുന്ന ഒരു പെണ്‍ക്കുട്ടി..  ഒരുപക്ഷെ അവള്‍  ഒരു വേശ്യയായിരുന്നു എന്നറിഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കെട്ടിയിരിക്കും."
എല്ലാവരും നിശബ്ദരായി. സഹിക്കെട്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.


സാത്താന്‍റെ ഉപദ്രവത്താലാണ് ഞാന്‍ ഇത്തരത്തിലെല്ലാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നാണു വീട്ടുക്കാരുടെ പുതിയ കണ്ടുപ്പിടുത്തം. അമ്മയുടെ അപേക്ഷപ്രകാരം വികാരിയച്ചന്‍ വീട്ടില്‍ വന്ന് തലയില്‍ കൈവച്ചു പ്രാര്‍ഥിച്ച് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിടന്നുറങ്ങുമ്പോള്‍ അമ്മ എന്‍റെ തലയിണക്കടിയില്‍ വലിയൊരു കൊന്ത കൊണ്ട് വച്ചിരുന്നു. നിലവില്‍ എന്‍റെ കഴുത്തില്‍ രണ്ടു കൊന്തയുണ്ട്, അത് പോരാഞ്ഞിട്ട്....
പ്രാര്‍ഥനയും ഉപവാസവുമെല്ലാം നല്ലതുതന്നെ, മേലാല്‍ ഒരു സ്ഥലത്തേക്കും എന്നെ പെണ്ണ്കാണുവാന്‍ വിളിച്ചെക്കരുതെന്നു കര്‍ശനമായി ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. വിവാഹമൊന്നും ഒരു അവശ്യ സംഭവമല്ല എന്ന ഒരു തോന്നല്‍ എനിക്ക് മുന്‍പുണ്ടായിരുന്നു. ഇപ്പോള്‍ ആ തോന്നല്‍ വീണ്ടും ശക്തമാവാന്‍ തുടങ്ങി.....




      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

ഹൃദയപ്പൂര്‍വ്വം...


ആമ, മുയല്‍, തവള, ഉടുമ്പ്, കാട്ടുപന്നി, മാന്‍, കാട്ടുപോത്ത്, കോക്കാന്‍പൂച്ച, മയില്‍, കൊക്ക്, കൊളക്കോഴി...... ഇങ്ങനെ കഴിച്ചിട്ടുള്ള വന്യജീവികളുടെ ഒരു ലിസ്റ്റ് അവള്‍ക്കു മുന്നില്‍ ഞാന്‍ അവതരിപ്പിച്ചു.
എല്ലാം കേട്ടുക്കഴിഞ്ഞ്, ഏതാനും നിമിഷത്തെ നിശബ്ദമായ ചിന്തക്ക് ശേഷം അവള്‍ എന്നോട് പറഞ്ഞു,
“അവസാനം നീ എന്നേം പിടിച്ചുതിന്നും.”


ബംഗ്ലൂര്‍ലെ താമസത്തിനിടക്കാണ് ആ പെണ്‍ക്കുട്ടി എന്‍റെ ജീവിതത്തില്‍ സന്ദര്‍ശകയായി എത്തുന്നത്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിനരികത്തുള്ള, മലയാള സിനിമാഗാനങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ മിക്കപ്പോഴും പുറത്തെത്താറുള്ള,  മൂന്നുനിലവീടിന്‍റെ മുകളിലെ ബാല്‍ക്കണിയില്‍ ഒതുങ്ങിയിരുന്ന്‍ തിരക്ക്ക്കൂട്ടുന്ന നഗരത്തെ കാണുന്ന ആ പെണ്‍ക്കുട്ടിയെ ഞാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു


ഒരു സന്ധ്യക്ക്, കോഫിഡേ യുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ നിയോണ്‍ബള്‍ബില്‍ നിന്നും വീണു ചിതറിയ പ്രകാശത്തിനിടയിലൂടെ നടന്നകലുന്ന അവള്‍ക്കൊപ്പമെത്തി, “മലയാളിയാണല്ലേ...?” എന്ന എന്‍റെ ചോദ്യത്തിന്, “ ആണെങ്കില്‍ എന്താ, തന്നെ പേടിക്കണോ..?” എന്ന് മറുപടിപറഞ്ഞ ആ പെണ്‍ക്കുട്ടി, പിന്നീട് ഒരുപാട് സന്ധ്യകളില്‍ എന്‍റെ കയ്യില്‍ തൂങ്ങി, ചിലപ്പോള്‍ എന്നെ ചുറ്റിപ്പിടിച്ച്, തോളില്‍ തല ചായ്ച്ച് ഇരുള്‍ കൂടുക്കെട്ടിയ തെരുവുകള്‍ തിരഞ്ഞു നടന്നു...


അവള്‍ ആഗ്രഹിക്കുന്ന സമയത്തെല്ലാം ഞാന്‍ അവളെവിളിക്കുന്നുണ്ടെന്നും, ചിലപ്പോള്‍, എന്നെ വിളിക്കുന്നതിനായി അവള്‍ മൊബൈല്‍ഫോണ്‍ കയ്യിലെടുക്കുന്ന ആ നിമിഷംതന്നെ എന്‍റെ ഫോണ്‍കോള്‍ അവളുടെ മൊബൈലില്‍ എത്താറുണ്ടെന്നും അവള്‍ വിസ്മയപ്പെട്ടപ്പോള്‍, പരസ്പരം തീവ്രമായി സ്നേഹിക്കുന്ന രണ്ട് മനസ്സുകള്‍ക്കിടയില്‍ സംഭവിക്കാവുന്ന ടെലിപതി എന്ന പ്രതിഭാസത്തെ ഞാന്‍ അവള്‍ക്കു വിശദീകരിച്ചുകൊടുത്തു. അത് അവള്‍, ഒരു ബിടെക്ക് വിദ്യാര്‍ഥിനിയുടെ ഗൌരവം ഉപേക്ഷിച്ച് ഒരു കൊച്ച്ക്കുട്ടിയുടെ കൌതുകത്തോടെ കേട്ടിരുന്നു.


പിന്നീട് പാതിരാവുകളിലും, പുലര്‍ക്കാലങ്ങളിലും, നട്ടുച്ഛക്കുമെല്ലാം അവള്‍ എന്നെ വിളിച്ച്, അവള്‍ ആ സമയത്ത് എന്നെ ഓര്‍ത്തതും, എന്നോട് സംസാരിക്കുവാന്‍ തീവ്രമായി ആഗ്രഹിച്ചതും അറിയിച്ചുക്കൊണ്ടുള്ള ടെലിപതി ലഭിച്ചുവോ എന്ന് അന്വേഷിക്കുവാന്‍ തുടങ്ങിയപ്പോള്‍ ടെലിപതിയെകുറിച്ച് അവളോട്‌ പറയുവാന്‍തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.


ഒരു മുഴുവന്‍ രാത്രിയും മുക്കാല്‍ പകലും അവള്‍ എന്നോട് പിണങ്ങി മൊബൈല്‍ ഓഫ്‌ ചെയ്ത് വച്ചപ്പോള്‍ എനിക്കുണ്ടായ ക്ഷോപവും, ദുഖവും, ആ സമയം അവളുടെ ശബ്ദമൊന്നുകേള്‍ക്കുവാന്‍ മനസ്സിലുണ്ടായ  ആഗ്രഹവും ഞാന്‍ അവളെ അറിയിച്ചപ്പോള്‍ അതിനെകുറിച്ചുള്ള ടെലിപതി ലഭിക്കാഞ്ഞതിലാണ് അവള്‍ ആകുലതപ്പെട്ടത്‌.

പാതിരാവുകളില്‍, ശബ്ദമുണ്ടാക്കാതെ ഗോവണി കയറി, അവള്‍ തുറന്നുതന്ന വാതിലിലൂടെ അകത്തേക്ക് കടന്ന്, ടെറസ്സില്‍ കട്ടിയേറിയ കമ്പിളിപുതപ്പുകള്‍ വിരിച്ച്, അതില്ക്കിടന്ന്‍, ഞങ്ങള്‍ രണ്ടു കമ്പിളിപുതപ്പുകളായിമാറി പരസ്പരം ചൂട് തേടി.....


എന്‍റെ ജീവിതം ഒരു സിനിമ ആയിരുന്നുവെങ്കില്‍ ഞാനിന്ന് മദ്യപിച്ചോ, അല്ലാതെയോ ഏതെങ്കിലും കടല്ക്കരയിലൂടെ ശോകഗാനംപാടി നടക്കുകയായിരിക്കും..... കാരണം ഇന്ന് അവളുടെ വിവാഹമാണ്!!


വളരെ ബ്യുട്ടിഫുള്‍ ആയി പ്രണയിച്ച്, ആ പ്രണയത്തിന്‍റെ ചുടുനീരോഴുകുന്ന ഉറവകള്‍ക്ക് തണുത്തുറക്കുവാനും, കിതപ്പണക്കുവാനും ആവോളം ഇടം നല്‍കി അവസാനം മറ്റൊരാളുടെ ജീവിതത്തിന്‍റെ ഭാഗമായി തീരുവാന്‍ തയ്യാറെടുക്കുമ്പോള്‍ സാഹചര്യം പോലെ ആണായാലും പെണ്ണായാലും നടത്തുന്ന ഒരു സോഷ്യലിസ്റ്റ്‌ പ്രസ്താവനയുണ്ട്, നീയെന്‍റെ സഹോദരനല്ലേ.., അല്ലെങ്കില്‍ സഹോദരിയല്ലേ.... ഇത്തവണ ആ നാട്ടുചിന്തയുടെ ആനുകൂല്യം ഞാന്‍ കൈപ്പറ്റുന്നു.....,


“ പ്രിയ്യ സോദരീ... ഭാവുകങ്ങള്‍!!!! നീ ഗര്‍ഭംധരിച്ച് ഒരു പെണ്‍സൂര്യനെ പ്രസവിക്കട്ടെ... ആ നാള്‍ മുതല്‍ അവളായിരിക്കട്ടെ ഈ ലോകത്തിന്‍റെ പകല്‍!!!!”
ഞാന്‍ ഒരു നിരാശാ കാമുകള്‍ ആണെന്ന് ആര്‍ക്കും തോന്നിയേക്കരുത്. കാരണം, ഒന്‍പത് മാസങ്ങള്‍ക്ക്മുന്‍പ്‌ നടന്ന അവളുടെ വിവാഹ നിശ്ചയത്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയം ആരംഭിച്ചത്







      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

Friday, 4 February 2011

സത്യം പറയുവാന്‍ സാഹചര്യം നോക്കേണ്ടതുണ്ടോ?

മൂര്‍ത്താടന്‍ ദിലീപ്‌നു ആമാശയം ഇല്ലയെന്ന എക്സ്ക്ലൂസ്സീവ് കണ്ടുപിടുത്തം നടത്തിയതിന്‍റെ ക്രെഡിറ്റ്‌ ഉണ്ണിബിജുവിന് അവകാശപ്പെടാവുന്നതാണ്. ആമാശയം സംബന്ധിയായ സംശയം ഉണ്ണിബിജുവിനേക്കാള്‍ മുന്‍പ്‌ ഉടലെടുത്തത് എന്‍റെ മനസ്സില്‍ ആണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പക്ഷെ നിശബ്ദമായ സംശയങ്ങള്‍ കണ്ടുപിടുത്തമായി ഗണിക്കപ്പെടാത്തതിനാലും, അവ പരസ്യമായോ, ഉറപ്പിച്ചോ, മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കാഞ്ഞതിനാലും ആ കണ്ടുപിടുത്തത്തിന്‍റെ പിതൃത്ത്വം മാടക്കത്രനിവാസികള്‍ ഉണ്ണിബിജുവിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.
      
 മൂന്ന് പ്ലൈറ്റ്‌ താറാവ്കറിയോടൊപ്പം രണ്ടു പ്ലൈറ്റ്‌ പുഴുങ്ങി ഉടച്ച കപ്പ മിക്സ്‌ ചെയ്തത്,ശേഷം..., രണ്ട് പ്ലൈറ്റ്‌ പന്നിയിറച്ചിയോടൊപ്പം ഒരു പ്ലൈറ്റ്‌ കപ്പ..... മുന്‍പ് തയ്യാറാക്കിയ രീതിയില്‍തന്നെ, പിന്നീടായി പോത്ത്, പോത്തിന്‍റെ കുടല്‍...., വീണ്ടും കപ്പ, ചിക്കന്‍റെ പാര്‍ട്സ്... ഇത്തരത്തിലാണ് ടി യാന്‍റെ മദ്യപാനത്തിനു ശേഷമുള്ള ടച്ചിംഗ് പ്രോഗ്രാം.

മണ്ണുത്തി, കല്ലട ബാറില്‍ നിന്നും ഒരു ടസ്ക്കര്‍ പൈന്‍റ് കഷ്ട്ടിച്ച് ഒരു ഏഴ് ഏഴര മിനിട്ടോളം എടുത്ത് കുടിച്ചവസാനിപ്പിച്ച്, ബാറിനു പുറത്തിറങ്ങി, റോഡിനു മറുവശം കുടിക്കൊള്ളുന്ന മോഹനേട്ടന്‍റെ തട്ട്കടയില്‍ വച്ചാണ് അങ്ങേര് മേല്‍വിവരിച്ച കസര്‍ത്തുക്കള്‍ എല്ലാം കാട്ടിക്കൂട്ടുന്നത്.
                         
ഞാനും എന്‍റെ കുറച്ച് സുഹൃത്തുക്കളും ആ സമയത്ത് മോഹനേട്ടന്‍റെ കടയില്‍നിന്നും ലൈറ്റ്‌ ആയി എന്തെങ്കിലും (ദിലീപ്‌ നെ പോലെയല്ല) കഴിക്കുക പതിവുണ്ട്. മോഹനേട്ടന്‍റെ കടയിലെത്തിയാല്‍,
 ‘വിറ്റ്‌ തീരില്ലാ എന്ന് മോഹനേട്ടന് ഉറപ്പുള്ള സാധനങ്ങള്‍ മാത്രം കഴിക്കുവാന്‍ മതി’ എന്ന് ആദ്യമേ ഞങ്ങള്‍ അങ്ങോട്ട്‌ പ്രഖ്യാപിച്ചുകളയും. പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ മോഹനേട്ടന് വലിയൊരു സഹായം ചെയ്യുന്നുവെന്ന നിര്‍വൃതി ഞങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ട്.

ബില്ലിന്‍റെ വലിയൊരുഭാഗം ഈ സഹായമായും, കുറച്ചുഭാഗം എല്ലാവരും പങ്കിട്ടെടുക്കുന്ന കാശായും നല്‍കേണ്ടതാണ് എന്ന് ഞങ്ങള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഒരിക്കലും തെറ്റിക്കാറില്ല.
        
 ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്, ഒരു പ്ലൈറ്റ്‌മായി എല്ലാവരില്‍നിന്നും അകന്നുമാറി നില്‍ക്കുന്ന ദിലീപ്‌, ഭക്ഷണത്തിനോട് കാണിക്കുന്ന അതിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ്. അധികം വൈകാതെതന്നെ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു... ഇക്കണ്ട സാധനങ്ങളെല്ലാം, പ്രത്യേകിച്ചും മുക്കാല്‍ഭാഗവും എല്ല് മാത്രമായ താറാവ് പോലുള്ള ഇറച്ചികളും മറ്റും, വാരി വലിച്ചു തിന്നിട്ടും ഒരു എല്ലിന്‍റെ കഷ്ണം പോലും ദിലീപ്‌ന്‍റെ പാത്രത്തില്‍ അവശേഷിക്കാറില്ല!!!
 ഇക്കാര്യം ഞാന്‍ മനസിലാക്കിയത്നുശേഷമാണ്  ഉണ്ണിബിജു അത് ശ്രദ്ധിക്കാന്‍ ആരംഭിക്കുന്നത്. അവനതു ശ്രദ്ധിക്കുക മാത്രമല്ല, ‘ആമാശയം ഇല്ല’ എന്നാ പ്രസ്താവന ദിലീപിനുംകൂടെ കേള്‍ക്കാവുന്ന വിധത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
          
ഈ ദിലീപ്‌ന് രണ്ട് മക്കളാണ്. മൂത്തവന്‍ ഡിബിന്‍. രണ്ടാമത് ഒരു പെണ്‍ക്കുട്ടിയാണ്. രണ്ട്പേരും എന്‍റെ ചേച്ചിയുടെ മക്കളുടെ അതേ പ്രായം. ടിവി യില്‍ ക്രിക്കറ്റ്‌ കളിയുള്ള ദിവസങ്ങളില്‍ ഡിബിന്‍ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിയെത്താറുണ്ട്, സ്കോര്‍ അറിയുന്നതിനായി. ക്രിക്കറ്റ്‌നോട് വീട്ടില്‍ ഒരാള്‍ക്കുപോലും മമതയില്ല എങ്കിലും സാധിക്കാവുന്ന സമയങ്ങളിലെല്ലാം ഡിബിന് വേണ്ടി ഞാന്‍ കളി വയ്ക്കും.

ദിലീപ്നെ മോഹനേട്ടന്‍റെ കടയില്‍ കാണുന്ന ദിവസങ്ങളിലെല്ലാം, പിറ്റേന്ന് ഞാന്‍ ഡിബിനെ കാണുമ്പോള്‍ വീട്ടില്‍ കറി എന്തായിരുന്നുവെന്ന് അന്വേഷിക്കുക പതിവുണ്ട്.. പരിപ്പ്, മുതിര... അപൂര്‍വ്വമായി കുമ്പളങ്ങ.., ഇതിനപ്പുറത്തേക്ക് ഒരു മറുപടി ലഭിക്കണമെങ്കില്‍ ഓണം, അമ്പലത്തിലെ ഉത്സവം ഇത്യാതി വല്ലതും സംഭവിക്കണം.
          
ഡിബിനാണ് നമ്മുടെ കഥയിലെ നായകന്‍. കഥയായാലും കാര്യമായാലും നായകനെ ഇന്‍ട്രഡ്യൂസ് ചെയ്യുമ്പോള്‍ ഒരു ‘പഞ്ച്’ ഒക്കെ വേണ്ടേ..... സോ..... ഞാന്‍ ഒരു ചെറിയ സംഭവം പറയാം.
           
മാടക്കത്തറയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കള്ളായി. പ്രകൃതിരമണീയമായ നാട്. രമണീയം അവിടെ നിക്കട്ടെ,
 എന്നെ അങ്ങോട്ട്‌ ആകര്‍ഷിച്ചതിന്‍റെ പ്രധാന ഘടകം നല്ല ശുദ്ധമായ വാറ്റുചാരായമാണ്. അമോണിയ കലക്കാത്ത, പച്ചതേരട്ടയെ അരച്ചുചേര്‍ക്കാത്ത നല്ല ശുദ്ധമായ വാറ്റ് ഈ അടുത്ത പ്രദേശങ്ങളിലായി അവിടെ മാത്രമാണ് ലഭിക്കുക. അതിന്‍റെ രുചിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ പലപ്പോഴും മദ്യപാനം നിറുത്തേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്.
കള്ളായിയില്‍ ഒരു പയ്യനുണ്ട്, ഇത്തിരി വേവ്കുറവ് ഉള്ള കൂട്ടത്തിലാണ്. അവന്‍റെ അമ്മയാണെങ്കില്‍ ആ പഞ്ചായത്തിലെ ഏറ്റവും വലിയ പൊങ്ങച്ചക്കാരിയും. ജോലിസ്ഥലത്ത് വച്ച് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നാണ് അവന്‍റെ അച്ഛന്‍ മരിച്ചത്. ബോഡി വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടെ അലമുറയിട്ടുള്ള കരച്ചില്‍ ഇത്തരത്തില്‍ ആയിരുന്നു,
“ഒന്ന് കണ്ണ്തൊറക്ക് എന്‍റെ മനുഷ്യാ.... നിങ്ങള് പറഞ്ഞട്ടല്ലേ ഞാന്‍ നാടന്‍കോഴി കൂട്ടാന്‍വച്ചത്.. അതീന്ന് ഒരു കഷ്ണം പോലും കഴിക്കാണ്ട് പോയീല്ലേ..... ചേട്ടാ....,
 കണ്ണ് തൊറന്ന് എന്നോടൊന്നു മിണ്ട് ചേട്ടാ... വെട്ടുമീന്‍ കൊടംബുളീട്ട് വറ്റിച്ചത് ഒരാളും കഴിക്കാണ്ട് ആ ഉറീലിരിക്ക്യാ.... ഒക്കെ എന്‍റെ ചേട്ടന് വേണ്ടീട്ടല്ലേ ഞാന്‍ ഇണ്ടാക്കീത്.... കണ്ണ് തൊറക്ക് ചേട്ടാ.....”
ഇതെല്ലാം കേട്ട് വീടിനുപുറത്ത്, ചുമരും ചാരി വിഷണ്ണനായി നിന്നിരുന്ന പയ്യന്‍, ആശ്വാസിപ്പിക്കുവാനായി ചുറ്റും കൂടിനിന്നവരോട് പറഞ്ഞു,
 “ശവിത്തള്ള നൊണ പറയാ.... ഇന്ന് ഇവടെ ചമ്മന്ത്യാര്‍ന്നു.”
വകതിരിവില്‍ ഡിബിന്‍ ഈ പയ്യന്‍റെ അപ്പനായി വരും.
          
പുതുതായി എടുത്ത രണ്ടു സാരിയും, ഒരു ചുരിദാറുമായി എന്‍റെ ഏക സഹോദരി ബിന്ദു എന്‍റെ മുന്‍പില്‍ വന്നു നിന്നു. ഞങ്ങളുടെ പ്രദേശത്തെ ജലനിധി എന്ന പ്രോജക്ടിന്‍റെ പ്രസിഡന്‍റ് ആണ് അവള്‍.. അവള്‍ എന്നേപോലെയല്ല. ഇത്തരം കാര്യങ്ങളില്‍ എല്ലാം വളരെ ആക്റ്റീവ് ആണ്. പള്ളിയിലെ അമ്മസംഘം സെക്രട്ടറി, പ്രസുദന്തി ( ഈ സംഭവം എന്താണെന്ന് എനിക്കറിയില്ല. അവള്‍ അതാണെന്ന് ഘോരാഘോരം ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്) അവളുടെ മകന്‍ പഠിക്കുന്ന തലോര്‍ ദീപ്തി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പി.ടി.എ പ്രസിഡന്‍റ്, തൃശൂര്‍ അതിരൂപതാ അമ്മസംഘത്തിന്‍റെ സഹ ഭാരവാഹി..... ഇങ്ങനെ പോകുന്നു അവളുടെ ഓരോ ഭാരവാഹിത്വങ്ങള്‍...
          
 അന്ന് വൈകീട്ട് അഞ്ചുമണിയോടെ വീടിനു സമീപത്തായുള്ള ജലനിധിയുടെ ഹാളില്‍ വച്ച്, ആ പഞ്ചായത്തിലേയും, സമീപ പഞ്ചായത്തുകളിലേയും ജലനിധി പ്രസിഡന്‍റ് മാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനുപോകുമ്പോള്‍ ഏതു ധരിക്കണം എന്നറിയുവാനാണ് ഈ മൂന്ന് വസ്ത്രങ്ങളും എന്‍റെ മുന്‍പില്‍ നിരത്തിയിട്ട് അവള്‍ എന്‍റെ മറുപടിക്കായി കാത്തു നില്‍ക്കുന്നത്.


 ഞാനാണെങ്കില്‍ ട്രാവല്‍ ആന്‍ഡ്‌ ലിവിംഗ് ചാനല്‍ലെ ഒരു കുക്കറിഷോ വളരെ ശ്രദ്ധാപൂര്‍വ്വം കണ്ടുക്കൊണ്ടിരിക്കുകയാണ്. അവള്‍ മുന്നില്‍ നിരത്തിയിരിക്കുന്ന മൂന്നില്‍, പ്രത്യേകമായി ഒരെണ്ണം ഞാന്‍ തിരഞ്ഞെടുത്താല്‍ അടുത്തതായി അതിന്‍റെ കാരണം ഞാന്‍ പറയേണ്ടിവരും. മാത്രവുമല്ല എന്തുക്കൊണ്ട് മറ്റ് രണ്ടും ഈ അവസരത്തിന് യോജിക്കില്ല എന്നും ഞാന്‍തന്നെ വിശദീകരിക്കേണ്ടിവരും.
 അതിനാല്‍ മൂന്നും അതിഗംഭീരം തന്നെയെന്നു ഞാന്‍ അഭിപ്രായപ്പെട്ടു. ഒപ്പംതന്നെ, അവനാവന് ആത്മവിശ്വാസം നല്‍കുന്ന വസ്ത്രമേതാണോ, അതാണ്‌ ധരിക്കേണ്ടത് എന്ന ഒരു ഉപദേശവും നല്‍കി.
           
അവള്‍ സാരി ധരിക്കുവാന്‍ തീരുമാനിച്ചു. 
സാരി കാല്‍പാദത്തിലേക്ക് കൃത്യമായി അളവോപ്പിച്ച് വലിച്ചിടുകയും,
 ലൈറ്റായി അല്‍പ്പം ലിപ്സ്റ്റിക് വേണോ വേണ്ടയോ, യാര്‍ഡ്‌ലി ആണോ അതോ ഇമാമിയാണോ കൂടുതല്‍ മികച്ച പൌഡര്‍, മുഖത്ത് ഫേസ് വാഷ്‌ ഉപയോഗിക്കുന്നതല്ലേ സോപ്പിനേക്കാള്‍ നല്ലത്.... ഇത്തരം അവളുടെ കുറെ ചൊദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കേണ്ടി വരികയും ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോഗ്രാം കാണുന്നതിനിടയില്‍ എനിക്കത് ഒരു വലിയ ശല്ല്യമായി തോന്നി.


“ നീ എന്തേലുമൊക്കെ കാട്ടി പോ....”
എന്ന് ഞാന്‍ അല്‍പ്പം കടുപ്പിച്ചു പറയുകയും ചെയ്തു.
“നിനക്ക് എന്‍റെഅത്രേം ഭംഗി ഇല്ലാത്തേന്‍റെ അസൂയല്ലേ?” അവള്‍ എന്നോട്.
“സാരല്ല്യ, നിനക്ക് ഭംഗീണ്ടല്ലോ.. അതുമതി.” എന്ന് ഞാന്‍ മറുപടി നല്‍കി.
“ഈശ്വരാ... എന്തിനു എനിക്കിത്ര സൌന്ദര്യം നീ തന്നു. അതില്‍നിന്നും ഒരല്‍പ്പം നീ എന്‍റെ അനിയന് കൊടുത്തിരുന്നെങ്കില്‍ അവനിങ്ങനെ പെണ്ണ്കിട്ടാതെ നടക്കേണ്ടി വരുമായിരുന്നോ......”
കണ്ണാടിയില്‍ നോക്കിനിന്ന് അവള്‍ തുടര്‍ന്നു,
“ ഡാ നീ പ്രാര്‍ത്ഥിച്ചോളോ.. ആ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലിയുടെ പരസ്യക്കാരോന്നും ഈ വഴിക്ക് വരാണ്ടിരിക്കാന്‍... എനിക്ക് വയ്യ ഇനി പരസ്യത്തിലും കൂടി അഭിനയിക്കാന്‍....”


അവളെന്നെ പരമാവുധി ഇറിട്ടേറ്റ് ചെയ്യുവാനുള്ള ശ്രമത്തിലാണ്. ഞാന്‍ ടിവി ഓഫ്‌ ആക്കി, മുകളില്‍ കയറി എന്‍റെ റൂമില്‍ ചെന്നിരുന്നു. അല്‍പ്പം കഴിഞ്ഞ്, ഞാന്‍ നെറ്റ് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ അങ്ങോട്ടും കയറി വന്നു.


“ഇപ്പൊ എങ്ങിനിണ്ട് എന്നെ മൊത്തത്തില് കാണാനായിട്ട്?”
ജുവലറിയുടെ പരസ്യത്തില്‍ മോഡലുകള്‍ നില്‍ക്കുന്നപോലെ നിന്നുക്കൊണ്ട് അവള്‍ എന്നോട് ചോദിച്ചു. അവള്‍ കാണുവാന്‍ നല്ല സുന്ദരി ആയിട്ടുണ്ടായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു,
“ആ കരുവാത്തി ഉഷേടെ പോലീണ്ട്...”
അവള്‍ ഉറക്കെയുറക്കെ ചിരിച്ചു, എന്നിട്ട് പറഞ്ഞു,
“സാരല്ല്യ... അത് ഞാന്‍ സഹിച്ചു. പക്ഷേ, നിന്‍റെ കാര്യത്തില്‍ എനിക്കുള്ള നിര്‍വ്യാജമായ ഖേദം ഞാന്‍ പ്രകടിപ്പിക്കുന്നു.”
          
 മീറ്റിംഗ് ലെ താരം താന്‍തന്നെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച്ക്കൊണ്ട് അവള്‍ മീറ്റിംഗ് ഹാള്‍ലേക്ക് പോയി.
 അവള്‍ പോയി, അല്‍പ്പസമയം കഴിഞ്ഞ് ഞാന്‍ ടിവി കണ്ടുക്കൊണ്ടിരിക്കുമ്പോള്‍ ഡിബിന്‍ വീട്ടിലേക്ക് ഓടികയറി വന്നു. സന്തോഷാധിക്ക്യത്താല്‍ ഉറക്കെ ചിരിച്ച്, ബിജുവേട്ടാ... എന്ന് അലറിവിളിച്ചാണ് വരവ്.


“ഞാന്‍ ഒരു കടംകഥ പഠിച്ചു, ചോദിക്കട്ടെ...?”
വന്നപാടെ അവന്‍ എന്നോട് ചോദിച്ചു. ശെരി, ചോദിക്കൂ എന്ന് ഞാന്‍. അല്പ്പസമയത്തെ ആലോചനയ്ക്ക് ശേഷം അവന്‍ പറഞ്ഞു,
“അല്ലെങ്കീ വേണ്ട, ബിജേട്ടനെ ചമ്മിക്കണത് എനിക്കിഷ്ട്ടല്ല...”
“അതെന്താ..?” ഞാന്‍ ചോദിച്ചു.
“ബിജേട്ടന്‍ എനിക്ക് കാശൊക്കെ തരണതല്ലേ....”


വല്ലപ്പോഴും വന്ന് അഞ്ചുരൂപ, പത്തുരൂപ യെല്ലാം ചോദിക്കുമ്പോള്‍ ഞാന്‍ അവനു നല്‍കാറുണ്ട്. അതിന്‍റെ ഒരു ആനുകൂല്യമാണ് അവന്‍ എനിക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
“ബിന്ദേച്ചി എവിട്യാ...?”
“അവള് ആ ഹാളിലേക്ക് ഒരു മീറ്റിംഗ് നു പോയിട്ടുണ്ട്.” ഞാന്‍ അത്ര കാര്യമാക്കാതെ മറുപടി നല്‍കി.
“ശെരി, ഞാന്‍ അവിടെപോയി കാണാം.” ഇതും പറഞ്ഞ് അവന്‍ പുറത്തേക്കോടി. ഞാന്‍ എന്‍റെ ടിവി കാണല്‍ തുടര്‍ന്നു. 


കുറേകഴിഞ്ഞ് ഭൂമി ചവിട്ടിക്കുലുക്കി, കലിത്തുള്ളിക്കൊണ്ട് ബിന്ദു കയറിവന്നു.
“ആ കുരുത്തംക്കെട്ട ചെക്കനെ നാളെമേലാക്കം ഈ കുടുംബത്തെക്ക് കടത്തരുത്..”
വന്നപാടെ അവള്‍ എല്ലാവരോടുമായി ആക്രോശിച്ചു.
അമ്മയ്ക്കും മറ്റുള്ളവര്‍ക്കും, ഇവള്‍ പറയുന്നത് ആരെകുറിച്ചാണെന്നോ കാര്യമെന്താണെന്നോ പിടിക്കിട്ടിയിട്ടില്ല. ആള് ഡിബിന്‍ ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷേ കാര്യമെന്താണെന്ന് എനിക്കും വ്യക്തമല്ല.
 ദേഷ്യം അല്‍പ്പമൊന്നു അടങ്ങിയപ്പോള്‍ അവള്‍ സംഭവം വിവരിച്ചു.


ബിന്ദു ഹാളില്‍ എത്തുമ്പോള്‍ മീറ്റിംഗ് ആരംഭിച്ചിരുന്നില്ല. പ്രധിനിധികളും, പഞ്ചായത്ത് അതികൃതരും, ജലനിധിയുടെ പ്രായോജകരുമെല്ലാം വട്ടംകൂടിനിന്നു നാട്ടുവാര്‍ത്തകളില്‍ ആണ്. ഇവള്‍ എത്തിയപ്പോള്‍, കൂട്ടത്തില്‍ പ്രായംകുറവുള്ള തരുണീമണി എന്നതിനാല്‍ പുരുഷകേസരികള്‍ എല്ലാം ഇവള്‍ക്ക്ചുറ്റും കൂടി.


ഇവള്‍ വിളിച്ചുകൂവുന്ന ഓരോ വിഡ്ഢിത്തങ്ങള്‍, പഞ്ചായത്ത് ചിലവില്‍ ആരാധനാപൂര്‍വ്വം കേട്ടുനില്‍ക്കുന്ന വായില്‍നോക്കികള്‍ക്കിടയിലെക്കാണ് ഡിബിന്‍ കയറിച്ചെല്ലുന്നത്.
ഡിബിന്‍ വരുന്നത് കണ്ടപ്പോഴേ അവള്‍ക്കു തോന്നിയത്രേ, എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന്..!!
ആള്‍ക്കൂട്ടവും, വേദിയുമൊന്നും കാര്യമാക്കാതെ വന്നപാടെ, ‘ഒരു ചോദ്യം ചോദിക്കുവാന്‍ ഉണ്ടെന്ന്’ അവന്‍ ബിന്ദുവിനെ അറിയിച്ചു.
 ചോദ്യം ചോദിക്കലെല്ലാം വീട്ടില്‍ വച്ചാകാം എന്ന് ബിന്ദു പറഞ്ഞുവെങ്കിലും ഒരൊറ്റ മിനിട്ടോണ്ട് ചോദിക്കാം എന്നവന്‍ വാശിപ്പിടിച്ചു.
“എന്നാ വേഗം ചോദിക്ക്, ഇവിടെ മീറ്റിംഗ് തുടങ്ങാന്‍ പോവ്വാ...”
ശല്ല്യം വേഗം ഒഴിവാക്കുവാന്‍ വേണ്ടി ബിന്ദു പറഞ്ഞു.
എന്തോ വലിയ ക്വിസ്സ് പ്രോഗ്രാം നടക്കാന്‍പോകുന്നു എന്ന രീതിയില്‍ എല്ലാവരുടെയും ശ്രദ്ധ ഇവരിലെക്കായി.


“ബിന്ദേച്ചീടെ ഷഡിക്ക് ഓട്ടീണ്ടാ...?”
ചോദ്യം ചോദിച്ച്, കഴിവുണ്ടെങ്കില്‍ ഉത്തരം പറയു എന്ന ഭാവത്തില്‍ ഡിബിന്‍ നിന്നു.


ആ പ്രദേശമാകെ നിശബ്ദമായി. ബിന്ദു ആദ്യം ഒന്ന് കിടുങ്ങി. പിന്നെ ഒരു ഇളിഞ്ഞ ചിരി എല്ലാവരെയും നോക്കി ചിരിച്ചു.
“ പോ ചെക്കാ അവടന്ന്... ഓരോവക കൊത്രാംകൊള്ളിതരോം കൊണ്ട് വരണത്....”
അവള്‍ അവനെ ചീത്തപറഞ്ഞു ഒഴിവാക്കുവാന്‍ ശ്രമിച്ചു. 


പക്ഷേ, മറുപടി ലഭിക്കാതെ പിന്മാറുവാന്‍ ഡിബിന്‍ തയ്യാറല്ല. അവളുടെ നിസഹായാവസ്ഥകണ്ട് കൂട്ടത്തിലെ ഒരു മാന്യന്‍ ഡിബിനെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. എങ്കില്‍ ഉത്തരം അയ്യാള്‍ പറഞ്ഞാല്‍ മതിയെന്നായി അവന്‍.
‘ഷഡിക്ക് ഓട്ടീണ്ടാ...?’ എന്ന ചോദ്യം അവന്‍ അയാളോടും ആവര്‍ത്തിച്ചു.
ഒരു ചമ്മിയ ചിരിയോടെ 'നോട്ടിബോയ്‌' എന്നമട്ടില്‍ ഡിബിന്‍ന്‍റെ ചുമലില്‍ തട്ടി. അയാളും രംഗത്തുനിന്നും പിന്മാറി.


“ബിന്ദേച്ചീ... ഒട്ടീണ്ടോ ഇല്ല്യോ...? ഉത്തരം പറയീ...”
ഡിബിന്‍റെ ചോദ്യം മുന്‍പത്തേക്കാള്‍ ഉറക്കെയായി.
സഹിക്കെട്ട് ‘ഇല്ല’ എന്ന് അവള്‍ മറുപടി നല്‍കി.
ബിന്ദുവിന്‍റെ മറുപടികേട്ട് ഡിബിന്‍ ആര്‍ത്തുല്ലസിച്ച് ചിരിച്ചുക്കൊണ്ട് ഒരു ചോദ്യംകൂടെ ചോദിച്ചു,
“ഓട്ട ഇല്ലെങ്കില്‍ പിന്നെങ്ങന്യാ കാല് ഇടാ?”
തികച്ചും ന്യായമായ ഈ ചോദ്യം ഉന്നയിച്ചതിനു ശേഷം, അവന്‍ ഒരു വിജയിയെപോലെ നിന്ന് സനാതനമായ ഒരു സത്യംകൂടെ അറിയിച്ചു,
“ലോകത്തുള്ള എല്ലാ ഷഡിക്കും ഓട്ടീണ്ട്”


ഇത് ഞാന്‍ മനപ്പൂര്‍വ്വം അവനെക്കൊണ്ട് ചോദിപ്പിച്ചതാണ് എന്ന ബിന്ദുവിന്‍റെ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, ഈ സംഭവത്തില്‍ യാതൊരുവിത ഉത്തരവാദിത്വവും എനിക്കില്ല എന്ന് ഞാന്‍ ആണയിട്ടു പറഞ്ഞിട്ടും.
 പിന്നീട് ഞാന്‍ ഡിബിനെ കാണുമ്പോഴെല്ലാം ഇങ്ങോട്ട് ചോദിക്കാതെതന്നെ അഞ്ചും, പത്തുമെല്ലാം കൊടുക്കാറുണ്ട്. ഇനി മറ്റൊരു സാഹചര്യത്തില്‍ ഇവന്‍റെ ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ എനിക്ക് നേരിടേണ്ടി വരരുതല്ലോ....


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്. 

Tuesday, 1 February 2011

ബ്ലഡ്‌കാന്‍സര്‍ !! (രണ്ടാംഭാഗം)


അവളുടെ വീടിന്‍റെ ഒരു വശത്തെ ജനല്‍ തുറന്നിട്ടിട്ടുണ്ട്. അത് അവളും അനുജനും ഉറങ്ങാന്‍ കിടക്കുന്ന മുറിയാണ്. ആ മുറിയിലൊരു കട്ടിലുമുണ്ട്. നല്ല വെയിലുള്ള നേരങ്ങളില്‍ സൈനയെ ഉമ്മ പുറത്തേക്ക് കളിക്കുവാന്‍ വിടാറില്ല. അങ്ങിനെയുള്ള സമയങ്ങളില്‍ അവള്‍ ആ കട്ടിലില്‍ കയറിയിരുന്ന് പഴയ മാസികകളിലെ ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ ഒരു പുസ്തകത്തില്‍ ഒട്ടിച്ചു വക്കാറുണ്ട്. അത്തരം അവസരങ്ങളില്‍ ചിലപ്പോഴൊക്കെ ആ തുറന്നിട്ട ജനാലയിലൂടെ ഞാന്‍ അവളോട്‌ സംസാരിച്ചിട്ടുമുണ്ട്.

ഞാന്‍ ജനാലക്കല്‍ എത്തി. ജനലിന്‍റെ അഴികളില്‍ പിടിച്ച് തൂങ്ങിനിന്ന് അകത്തേക്ക് നോക്കി. അകത്ത് കട്ടിലില്‍ പുറംതിരിഞ്ഞു സൈന കിടക്കുന്നു. ഞാന്‍ പതിയെ വിളിച്ചു,
 "സൈനൂ...."

 അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി നോക്കി. ജനാലക്കള്‍ എന്നെ കണ്ടതും വിതുമ്പി കരയുവാന്‍ തുടങ്ങി. പിന്നെ അവിടെത്തന്നെ ഒന്നുംകൂടെ ചുരുണ്ട് കിടന്നു. ഞാന്‍ അവളോട്‌ പതിയെ ചോദിച്ചു,
 " മാറീല്ല്യെ...?"
അല്പ്പംകൂടെ ഉച്ചത്തിലായ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കുന്നതിനായി തലക്കല്‍ വച്ചിരുന്ന പുതപ്പ് മുഖത്തിനോട് ചേര്‍ത്തു പിടിച്ചുക്കൊണ്ട് അവള്‍ പറഞ്ഞു, " ഇല്ല്യാ..."

ചെറിയ ശബ്ദത്തിലുള്ള സൈനയുടെ കരച്ചില്‍ തുടര്‍ന്നു. ഇനി മരിച്ചാലും വേണ്ടില്ല എന്ന മട്ടിലായി എന്‍റെ സ്ഥിതി. കാരണം സൈനയുടെ ഈ ദയനീയമായ അവസ്ഥ അത്രക്കണ്ട് എന്നെ വേദനിപ്പിക്കുന്നുണ്ട്.
അല്‍പ്പം കഴിഞ്ഞു അവള്‍ പതിയെ എഴുന്നേറ്റ്,അകത്തേക്ക് ഒന്ന് എത്തി നോക്കി, ഉമ്മയോ മറ്റാരേങ്കിലുമോ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ജനാലക്കലേക്ക് അല്‍പ്പം നിരങ്ങി നീങ്ങിയിരുന്നു. അവള്‍ എന്താണ് പറയുവാന്‍ ശ്രെമിക്കുന്നത് എന്നറിയുവാന്‍ ജിഞാസാപൂര്‍വ്വം കാത്തു നില്‍ക്കുന്ന എന്നെയൊന്നു നോക്കി, ശബ്ദം താഴ്ത്തി അവള്‍ പറയുവാന്‍ തുടങ്ങി...

"ഞാന്‍ മരിച്ചാ...കുട്ട്യോളും ടീച്ചര്‍മാരുമെല്ലാം അറിയും യ്ക്ക് ബ്ലഡ്‌ കാന്‍സര്‍ ആയിരുന്നൂന്ന്... കുട്ട്യോളൊക്കെ നിന്നോട് ചോദിക്കും എങ്ങിന്യാ ബ്ലഡ്‌ വന്നേന്ന്...അപ്പൊ നീ എന്തൂന്നാ പറയാ അവരോടു?
എന്ത്‌ന്നാ പറയാ.... എനിക്കാകെ കണ്‍ഫ്യൂഷ്യന്‍ ആയി. ഉണ്ടായത് പറഞ്ഞാല്‍ പ്പോരെ എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കുമ്പോള്‍ സൈന തന്നെ ഒരു സൊലൂഷ്യന്‍ ഇങ്ങോട്ട് പറഞ്ഞു,
 " ഏതില്യാ ചോരവന്നതെന്ന് ആരെങ്കിലും ചോദിക്ക്യാണെങ്കില്‍... മൂക്കില്‍ കൂട്യാന്നു പറഞ്ഞാല്‍ മതി... "
അല്‍പ്പമൊന്ന് നിര്‍ത്തിയതിനുശേഷം അവള്‍ തുടര്‍ന്നു,
" അല്ലാതെ ഇങ്ങനെ ചോരവന്നിട്ടാ മരിച്ചതെന്ന് കുട്ട്യോളും ടീച്ചര്‍മാരുമൊക്കെ അറിഞ്ഞാല്‍ യ്ക്ക് കൊറവാ..."
 പിന്നെ ദയനീയമായി എന്‍റെ മുഖത്തേക്കൊന്ന്‍ നോക്കിയിട്ട് ചോദിച്ചു,
 " നീ പറയോ...?'
നടന്നതൊന്നും ആരോടും പറയില്ലെന്നും, സൈന പറഞ്ഞ പോലെ തന്നെ എല്ലാവരോടും പറഞ്ഞെക്കാംഎന്നും ഞാന്‍ ഉറപ്പു നല്‍കി.                                                    

ഞങ്ങളിങ്ങനെ സംസാരിക്കുമ്പോള്‍ ആട്ടിന്‍കൂടിനടുത്തേക്ക് വന്ന സൈനയുടെ ഉമ്മ എന്നെ കണ്ട് ചോദിച്ചു,
 'ഈയെന്താ ചെക്കാ ജനാലക്കെ വന്നു നിക്കണെ?"
" സൈനൂനെ കാണാന്‍ വന്നതാ.." ഞാന്‍ പറഞ്ഞു.
"തമ്പുരാട്ടി അവടെ അകത്ത് കേറി കെടക്ക്ണ്ട്. മനുഷ്യനിവടെ നടു മടങ്ങണില്ല... ആ ആട്ടങ്ങളെ ഒന്ന് കൂട്ട്യെ കേറ്റാന്‍ പറഞ്ഞപ്പോ അവള്‍ക്ക് മേല് വയ്യാത്രേ.. എങ്ങിന്യാ വയ്യാണ്ടിരിക്ക്യാ ... വെയിലാന്നും, മഴ്യാന്നും ഭേധല്ല്യാണ്ട് ലോകായ ലോകം മുഴുവന്‍ ഓടീണ്ട് നടക്കല്ലേ.. ഉപ്പാടെ കയ്യീന്ന് ഇന്നലെ കിട്ടീതോന്നും പോരാ അവള്‍ക്ക്."
ആട്ടങ്ങളെ കൂട്ടില്‍ കയറ്റുന്നതിനിടയില്‍ ഉമ്മ ഇങ്ങനെയെല്ലാം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു,
 ' ഉപ്പേടെ വക കിട്ടീത് പോരെങ്കില്‍ ഇനി ഉമ്മാടെ വകേം കൂടി കൊടുത്തൂട് ഒരു പതിനാറ്... എന്തായാലും ഇന്നത്തേം കൂടിയല്ലേ ഉള്ളൂ.. ദ്രോഹികള്, പിള്ളേരെ കയ്യീ കിട്ട്യാ തല്ലണം തല്ലണം എന്ന വിചാരം മാത്രെ ഉള്ളു...
                      
രാത്രി ഒരു എട്ടു മണിയോട് കൂടി നടക്കുന്ന കുടുംബ പ്രാര്‍ത്ഥന എന്‍റെ വീട്ടില്‍ നിര്‍ബന്ധമാണ്. പഠനകാര്യങ്ങളില്‍ എന്തെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ പോലും, പ്രാര്‍ഥനാ കാര്യത്തില്‍ അമ്മയില്‍ നിന്നും യാതൊരു വിധത്തിലുമുള്ള ദാക്ഷ്ണ്ണൃവും പ്രതീക്ഷിക്കണ്ട. പനിപ്പിടിച്ചു കിടക്കുകയാണെങ്കില്‍ പോലും പ്രാര്‍ഥനാ സമയത്ത് അല്‍പ്പനേരം എഴുനേല്‍പ്പിച്ചിരുത്തും.കുറേ സമയം മുട്ടിന്മേല്‍ നിന്നും, കുറച്ചു സമയം ഇരുന്നുമെല്ലാം നടത്തുന്ന ഈ പ്രാര്‍ഥനാ പരിപാടി എനിക്ക് അല്‍പ്പം പോലും താത്പര്യമില്ലാത്ത ഒരു സംഗതി ആയിരുന്നു. അക്കാലത്ത് കളിക്കിടയിലുള്ള വീഴ്ചയിലോ മറ്റോ കാല്‍മുട്ടൊന്നു ഉരഞ്ഞു പൊട്ടിയാലും എനിക്ക് വലിയ വിഷമമൊന്നും തോന്നാറില്ല. കാരണം ആ വകുപ്പില്‍ ഒരു രണ്ടാഴ്ചയെങ്കിലും മുട്ടുക്കുത്തിയുള്ള പ്രാര്‍ഥനയില്‍ നിന്നും ഒഴിവാക്കി കിട്ടും.

പക്ഷെ ആ ദിവസത്തെ പ്രാര്‍ഥനാ സമയം, ഞാന്‍ മുട്ടിന്മേല്‍ നിന്നും ഇറങ്ങിയതെയില്ല. മുട്ടിപ്പായി, അവേശപൂര്‍വ്വമുള്ള പ്രാര്‍ത്ഥന. വീട്ടിലെല്ലാവരും എന്നെ ശ്രെദ്ധിക്കുന്നുണ്ട്, പക്ഷെ ഞാന്‍ അതൊന്നും അറിയുന്നില്ല. പ്രാര്‍ത്ഥനയില്‍ ഉടനീളം  ഒരേഒരു ആവശ്യമാണ്‌ ഞാന്‍ തമ്പുരാന് മുന്‍പില്‍ അവതരിപ്പിക്കുന്നത്, ഒരു കാരണവശാലും എന്‍റെ സൈനു  മരിക്കരുത്. കര്‍ത്താവ്‌ വിചാരിച്ചാല്‍ ഇമ്മാതിരി അസുഖങ്ങളെല്ലാം പുഷ്പ്പം പോലെ മാറ്റാമെന്ന് ഞായറാഴ്ച്ച നടക്കുന്ന വേദോപദേശ ക്ലാസ്സില്‍ നിന്നും അറിവുണ്ട്. ജാതീം മതോം ഒന്നും നോക്കാണ്ട് കര്‍ത്താവിതു മാറ്റിതന്നെ പറ്റൂ.അവേശപൂര്‍വ്വമുള്ള എന്‍റെ പ്രാര്‍ത്ഥന ക്രമേണെ എങ്ങലടിച്ചുള്ള കരച്ചിലായി. ആ കരച്ചില്‍ പിന്നീട് വാവിട്ടുള്ള നിലവിളിയിലേക്ക് ചുവടുമാറിയപ്പോള്‍ അമ്മ പ്രാര്‍ത്ഥന നിര്‍ത്തി. എല്ലാവരും പ്രാര്‍ത്ഥന നിര്‍ത്തി നിശബ്ധമായപ്പോള്‍ ഞാന്‍ കരച്ചിലും നിര്‍ത്തി.

എല്ലാവരും എന്നെ ശ്രദ്ധിക്കുന്ന കാര്യം അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്.
"എന്താ കാര്യം?"  അമ്മ എന്നോട് ചോദിച്ചു.
"എന്ത് കാര്യം?" എന്‍റെ തിരിച്ചുള്ള ചോദ്യം.
" നീ എന്തിനാ കരഞ്ഞേ?"
"വെഷമം വന്നിട്ട്."
"എന്തിനാ വെഷമം വന്നേ..?"
ഞാന്‍ മറുപടി പറഞ്ഞില്ല.
"എന്തിനാ വെഷമം വന്നെന്ന്‌?"
ഞാന്‍ വീണ്ടും മറുപടി പറയുന്നില്ല..അമ്മ കുരിശു വരച്ച് എഴുനേറ്റ്, അടുക്കളയില്‍ പോയി ചൂലുംക്കെട്ടു എടുത്തു. ചൂലും കെട്ട് എടുക്കല്‍ ഒരു മുന്നറിയിപ്പാണ്. അടിക്കൊള്ളാനും കൊള്ളാതിരിക്കാനുമുള്ള സാധ്യതയുണ്ട്. നമ്മളൊന്ന് മനസ് വച്ചാല്‍ അടി ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷെ ചൂലും കെട്ടില്‍ നിന്നും ഈര്‍ക്കിലി ഊരിയാല്‍ കളി തിരിഞ്ഞു. പിന്നെ നമുക്കൊരു ചോയ്സ് ഇല്ല, അടിപ്പൊട്ടും ഉറപ്പാ.ചൂലുമായി എന്‍റെ മുന്നില്‍ വന്നു നിന്ന് അമ്മ ചോദ്യം ആവര്‍ത്തിച്ചു. വെറുതെ ഈര്‍ക്കിലി ഊരി അമ്മയെ ബുദ്ധിമുട്ടിപ്പിക്കെണ്ടല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു,
 " സൈന ഇന്ന് മരിക്കും. ഇന്ന് മരിച്ചില്ലെങ്കില്‍ നാളെ മരിക്കും."
"എങ്ങിനെ?"
" അവള്‍ക്ക് ബ്ലഡ്‌ കാന്‍സര്‍ ആണ്."
"നിന്നോടാരാ പറഞ്ഞെ?"
" ഞാന്‍ കണ്ടു."
"കാണേ....." അമ്മക്കൊരു പിടിയും കിട്ടുന്നില്ല.

" ഈ ചെക്കന്‍ എന്തൊക്ക്യാ ഈ പറഞ്ഞു കൂട്ടണേ..." കാലു നീട്ടി വച്ച്, ചുമരും ചാരി, കൊന്ത കയ്യിലിട്ട് തിരിക്കുന്നതിനിടയില്‍ അമ്മൂമ്മ പറഞ്ഞു.
" ബ്ലഡ്‌ കാന്‍സറാന്ന്‍.... പറഞ്ഞാ മനസിലാവില്ലേ.." അല്‍പ്പം ഈര്‍ഷ്യത്തോട് കൂടിത്തന്നെ ഞാന്‍ അമ്മൂമ്മയെ നോക്കി പറഞ്ഞു.
                                    
ചൂല് അടുക്കളയില്‍ തിരിച്ചു കൊണ്ട് വച്ച്, എന്നെ വിളിച്ചു അടുത്തിരുത്തി അമ്മ നടന്ന സംഭവങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ചേച്ചിക്കും ഇളയമ്മക്കും അടക്കിപിടിച്ച ചിരി. അമ്മൂമ്മയാണെങ്കില്‍ കൈ ക്കൊട്ടി ലാവിഷ് ആയാണ് ചിരിക്കുന്നത്. ഒരു കുത്ത് വച്ച് കൊടുക്കാന്‍ തോന്നി എനിക്ക്. ആകെയുള്ള ഒരു കൂട്ടുക്കാരി അതീവ ഗുരുതരാവസ്ഥയില്‍ മരണാസന്നയായി കിടക്കുന്ന കാര്യം ഹൃദയം തകര്‍ന്നു ഞാന്‍ അറിയിച്ചപ്പം ഇരുന്നു കിണിക്ക്യാ..

ഭക്ഷണം കഴിച്ചു കിടന്നുറങ്ങാന്‍ എന്നോട് നിര്‍ദേശിച്ച് അമ്മ ഇളയമ്മയെയും കൂട്ടി സൈനയുടെ വീട്ടിലേക്കു പോയി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ മനസ് മുഴുവന്‍ സൈനയും, ഞങ്ങള്‍ ഒന്നിച്ചു കണ്ട കാഴ്ച്ചകളും, ഒന്ന് ചേര്‍ന്ന് കാണിച്ച കുസൃതികളും എല്ലാമായിരുന്നു. അതെല്ലാം എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സഹിക്കാനാകുന്നില്ല. ഏങ്ങലടിച്ചു കരയുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു, അടുത്ത പ്രാവശ്യം ആട് പ്രസവിക്കുമ്പോള്‍ ഉപ്പയോട് പറഞ്ഞ് ഒരു കുട്ടിയാടിനെ എനിക്ക് തരാമെന്നു സൈന ഉറപ്പു പറഞ്ഞിരുന്നു. ഇനിയിപ്പോ അതും കിട്ടാന്‍ പോകുന്നില്ല...അങ്ങിനെ എന്തൊക്കെയോ ഒര്‍ത്തുക്കൊണ്ട് ഞാന്‍ ഉറക്കത്തിലേക്കെത്തി.
തുടരും............


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

ബ്ലഡ്‌കാന്‍സര്‍ !! (ഒന്നാം ഭാഗം)


ഞാനും സൈനയും അന്ന് ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. അമ്മമാര്‍ ഞങ്ങളെ ഒരുമിച്ചു കൊണ്ടുപോയാണ്‌ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. അന്നുമുതലേ ഞങ്ങള്‍ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. സൈനയുടെ ഉപ്പാക്ക് ആടുവളര്‍ത്തലാണ്. വീട്ടില്‍ നിറയെ ആടുകള്‍.അതില്‍നിന്നും തിരഞ്ഞെടുത്തതും, പുറമേനിന്നും വാങ്ങുന്നതുമായ ആടുകളെ അയാള്‍ മാര്‍ക്കറ്റ്‌ നടുത്തുകൊണ്ടുപോയി അറത്തു വില്‍ക്കും. അതുകൂടാതെ ആടുകളെ ചവിട്ടിക്കാന്‍ അവിടെ ധാരാളം പേര്‍ വരാറുണ്ട്. കുട്ടിയാടുകളുടെ വില്‍പ്പനയും ഉണ്ട്. ഇത് രണ്ടും അവളുടെ ഉമ്മയുടെ വകുപ്പാണ്.

വീട്ടിലായിരിക്കുമ്പോഴും, എന്നോടൊപ്പം കളിക്കുവാന്‍ വരുമ്പോഴുമെല്ലാം സൈന ട്രവ്സറും, ഷര്‍ട്ടും ആണ് ധരിക്കാറ്. അതിനു കാരണം, അവളും അനുജനും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ. വലുപ്പത്തില്‍ രണ്ടുപേരും ഒരുപോലെയാണ്താനും. അതിനാല്‍ അവളുടെ ഉപ്പ ഒരു തുണിവാങ്ങി, അതുകൊണ്ട് തയിക്കാവുന്നതിന്‍റെ പരമാവുധി ട്രവ്സര്‍കള്‍ തയിപ്പിക്കും. അതുക്കൊണ്ടുതന്നെ അവളുടെ ട്രവ്സര്‍കള്‍ക്ക് എന്നും ഒരേ നിറമായിരുന്നു.

രാവിലെ ഞാന്‍ ബാഗുമായി അവളുടെ വീട്ടിലെത്തുമ്പോള്‍ അവള്‍ ആട്ടിന്‍കൂടിനടുത്ത് ഉമ്മയോടൊപ്പം എന്തെങ്കിലും പണികളിലായിരിക്കും. എന്നെകണ്ടാല്‍ ഉടനെ അവള്‍ ഓടി വീടിനകത്തുകയറി ഇട്ടിരിക്കുന്ന ട്രവ്സര്‍നു മുകളില്‍ത്തന്നെ പാവാടയെടുത്തിട്ടു, ഷര്‍ട്ടമാറി ബാഗെടുത്തു എന്നോടൊപ്പം പോരും. സ്കൂള്‍വിട്ടു കളികളെല്ലാംകഴിഞ്ഞു വീടെത്തിയാല്‍ കുളിക്കാറുണ്ട്‌ എന്നാണു അവള്‍ എന്നോട് പറയാറ്.

സ്കൂള്‍ വിട്ടുള്ള ഞങ്ങളുടെ വരവ് ഒരു ചടങ്ങായിരുന്നു. നേരിട്ടുള്ള വഴികളിലൂടെ ഒരിക്കലും വരാറേയില്ല. തോടുവക്കത്തുകൂടെ നടന്നു സാധിക്കാവുന്നയത്ത്ര പറമ്പ്കളില്‍ കയറി കിട്ടാവുന്നയത്ര പുളി, മാങ്ങ , ചാമ്പക്ക എന്നിവയെല്ലാം ശേഖരിച്ചാണ് വരവ്. തരംക്കിട്ടിയാല്‍ വരുന്നവഴിയിലെ അമ്പലക്കുളത്തിന്‍റെ ആഴമില്ലാത്ത ഭാഗത്ത് ഇറങ്ങിനിന്നുക്കൊണ്ട് ഞാനൊന്ന് മേല്കഴുകുകയും ചെയ്യും. ഈസമയം അതുവഴി ആരെങ്കിലും വരുന്നുണ്ടോ എന്നറിയുവാന്‍ അവള്‍ കാവല്‍നില്‍ക്കും. അഹിന്ദുക്കള്‍ ആണല്ലോ രണ്ടുപേരും......

രാവിലെ എഴുനേറ്റു കാപ്പികുടിച്ചുകഴിഞ്ഞാല്‍ ഒരുമണിക്കൂര്‍ ഇരുന്നു പഠിക്കണമെന്ന് അമ്മയുടെ കര്‍ശന നിര്‍ദേശമുണ്ട്. അവധിദിവസങ്ങളില്‍ അത് രണ്ടു മണിക്കൂറാകും. അത്രയുംസമയം ഞാനിരുന്നു പഠിക്കുന്നുണ്ടോ എന്ന് നോക്കുവാന്‍ ഇളയമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇളയമ്മ അമ്പിനും വില്ലിനും അടുക്കാത്ത ആളായതിനാല്‍ ആ സമയക്രമം ഞാന്‍ തെറ്റിക്കാറില്ല. സൈനയുടെ വീട്ടില്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നുംതന്നെയില്ല. ആര് ചത്താലും ജീവിച്ചാലും രാവിലെ ആടിന് കാടിയും പിണ്ണാക്കും കൊടുത്തിരിക്കണം. സ്കൂള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു ഉമ്മയെ സൈന സഹായിക്കുകയും വേണം. ഈയൊരു കാര്യത്തില്‍ മാത്രമേ അവളുടെ ഉപ്പാക്ക് നിര്‍ബന്ധമുള്ളു. ഭാഗ്യവതിയായ സൈന!!!!

അവധി ദിവസങ്ങളില്‍ അവളുടെ ജോലി തീര്‍ന്നാല്‍ അവള്‍ ഇടയ്ക്കിടെ ഞങ്ങളുടെ വേലിക്കരികില്‍നിന്നും വീട്ടിലെക്കെത്തിനോക്കും, എന്‍റെ പഠിപ്പ് തീര്‍ന്നുവോ എന്നറിയുവാന്‍. ഞാന്‍ പഠിക്കുന്ന സമയത്ത് അവളെ ആ പരിസരത്തെങ്ങാനും കണ്ടാല്‍ എന്‍റെ അമ്മ വഴക്കുപറയും എന്നതിനാല്‍ പതുങ്ങി നിന്നാണ് നോട്ടം.

ആ ശനിയാഴ്ച്ചയിലെ എന്‍റെ പഠനസമയം, ശ്..... ശ് ... എന്ന ശബ്ദം കേട്ട് ഞാന്‍ വേലിക്കലേക്ക് നോക്കി, സൈന. അങ്ങിനെ ശബ്ദം കേള്‍ക്കുമ്പോള്‍ അത് സൈനയാണെന്ന് എനിക്കറിയാം. ഞാന്‍ നോക്കിയില്ലെങ്കില്‍ വീട്ടില്‍ അമ്മയുണ്ടെന്നു അവള്‍ക്കും അറിയാം. അത് ഞങ്ങള്‍ തമ്മിലുള്ളൊരു ധാരണയാണ്.

" തീരാറായോ?" അവള്‍ പതിയെ ചോദിച്ചു. പടിക്കുന്നസമയത്തു ഒരു അമ്പതു തവണയെങ്കിലും ഞാന്‍ ക്ലോക്കില്‍ നോക്കാറുണ്ട്. ഞാന്‍ വീണ്ടും ക്ലോക്കില്‍ നോക്കി. ആറോ ഏഴോ മിനുട്ടുകള്‍ ബാക്കിയുണ്ട്. അമ്മയും ചേച്ചിയും വീട്ടിലില്ല, ഇളയമ്മ ഗോതമ്പ് വാങ്ങുന്നതിനായി റേഷന്‍ കടയില്‍ പോയിരിക്കുന്നു. കുറച്ചു നേരത്തെ പഠിത്തം അവസാനിപ്പിച്ചാലും അമ്മൂമ്മ പറഞ്ഞുകൊടുക്കില്ലെന്നു എനിക്കുറപ്പുണ്ട്. ബാഗ്‌ ഒതുക്കിവച്ച് ഞാന്‍ പുറത്തിറങ്ങി.

വീടിനടുത്തുള്ള വലിയൊരു കശുമാവിന്‍തോപ്പാണ് ഞങ്ങളുടെ ലോകം. കശുമാവിന്‍റെ ചാഞ്ഞുകിടക്കുന്ന കൊമ്പുകളില്‍ കയറിയിരുന്ന് കുലുങ്ങുക എന്നതാണ് പ്രധാന വിനോദം. ഇത്തരത്തില്‍ ഞങ്ങള്‍ക്ക് എളുപ്പം കയറിയിരുന്ന് കുലുങ്ങാവുന്ന കശുമാവ് തോപ്പിന്‍റെ മധ്യ ഭാഗത്തായാണ്‌ ഉള്ളത്.
ഞങ്ങള്‍ അങ്ങോട്ട്‌ നടന്നുക്കൊണ്ടിരിക്കുമ്പോള്‍ കുറച്ചുദൂരെ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്ത് വീടിനടുത്തുള്ള പരിചയക്കാരായ ഒരു ചേച്ചിയും ചേട്ടനും. അവര്‍ നിലത്തു കെട്ടിപ്പിടിച്ചുകിടന്നു പരസ്പരം ഉമ്മവക്കുന്നു!!! ഞാനും സൈനയും ഒന്നിച്ചാണ് ഈ കാഴ്ച്ച കണ്ടത്. നാലഞ്ചു നിമിഷങ്ങള്‍ ഞങ്ങള്‍ അത് നോക്കി നിന്നു. അതിനിടക്ക് ചേച്ചി ഞങ്ങളെകണ്ട് ചാടിപിടഞ്ഞെഴുന്നേറ്റ് വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലേക്ക്‌ മറഞ്ഞു. കൂടെയുള്ളയാള്‍ ആ പറമ്പിന്‍റെ സൂക്ഷിപ്പുക്കാരനും കൂടിയാണ്. അയാള്‍ ഞങ്ങളെ കണ്ട്,
" എന്താടാ ഇവിടെ.... ആരാ നിങ്ങളോട് ഇങ്ങോട്ട് കടക്കാന്‍ പറഞ്ഞെ...?."
എന്ന് ആക്രോശിച്ചു.

ഞങ്ങള്‍ തിരിച്ചു തോപ്പിനു പുറത്തേക്ക് ഓടി.
തോട്ടത്തിനു പുറത്തെത്തിയപ്പോഴാണ്‌ ഞങ്ങളുടെ ഓട്ടം നിന്നത്.
" കല്ല്യാണം കഴിഞ്ഞാലെ ഇങ്ങനെ ചെയ്യാന്‍ പാടുള്ളൂ"
സൈന അവളുടെ വിജ്ഞാനം പങ്കുവച്ചു. ഇനി ഞങ്ങളറിയാതെ അവരുടെ കല്ല്യാണം കഴിഞ്ഞോ....? ഞങ്ങള്‍ക്ക് സംശയമായി.

ഞങ്ങള്‍ പോകുന്ന വഴിക്കരികിലുള്ള ഒരു വലിയമരം ചിലര്‍ ചേര്‍ന്ന് മുറിക്കുന്നുണ്ട്. നാട്ടുക്കാരില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കുറച്ചു പേര്‍ അതും നോക്കി ആ സമയം അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍ത്തുല്ലസിച്ചുള്ള വരവുകണ്ട് അതിലൊരാള്‍ ചോദിച്ചു,
"രണ്ടാളും വല്ല്യ സന്തോഷത്തിലാണല്ലോ..?"
ഞങ്ങള്‍ രണ്ടുപേരെയും നന്നായി അറിയാവുന്ന ഒരാളാണ് അത് ചോതിച്ചത്.

തോപ്പില്‍ കണ്ട കാര്യങ്ങള്‍ വിശദമായിതന്നെ ഞാന്‍ അയാള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു. മരം വെട്ടു നിന്നു. കാഴ്ച്ചക്കാര്‍ ഞങ്ങള്‍ക്ക് ചുറ്റുമായി. തുടര്‍ന്നുള്ള അവരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയോ മറുപടിപറഞ്ഞു ഞങ്ങള്‍ മുന്നോട്ടു നടന്നു.

മനസ്സില്‍ വല്ലാത്തൊരു സന്തോഷവും അഭിമാനവും. ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാന്‍ ആകാംക്ഷാഭരിതരായി നാട്ടുക്കാര്‍ കൂടിനിന്നതിനെകുറിച്ചോര്‍ത്തപ്പോള്‍ ഞങ്ങള്‍ പുളകിതരായി. ആ പുളകത്തില്‍ നിന്നുമുണ്ടായ രോമാഞ്ചം അവസാനിക്കുന്നതിനുമുന്‍പേ , ദാ കിടക്കുന്നു വേറെയൊരു മുട്ടന്‍ ചാന്‍സ്.....!! ഞങ്ങള്‍ക്ക് നേരെയുള്ള മതിലില്‍ കയറിയിരിക്കുന്നു, ചേട്ടന്‍..... തോട്ടത്തില്‍ കണ്ട ചേച്ചിയുടെ സ്വന്തം ചേട്ടന്‍!! അതും ഒറ്റക്കൊന്നുമല്ല , കാശുവച്ച് ഗോലി കളിക്കുന്ന വേറെയും കുറച്ചു ചേട്ടന്മാര്‍ ഉണ്ട് കൂടെ

. ഞാന്‍ ആവേശപൂര്‍വ്വം ചെട്ടനടുത്തുചെന്നു, ശബ്ദം ഒന്ന് നേരെയാക്കി തോട്ടത്തില്‍ കണ്ടകാര്യങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ അവതരിപ്പിച്ചു.
ചേട്ടന്‍ മതിലില്‍നിന്നും ചാടിയിറങ്ങി. അതോ കെട്ടിമറിഞ്ഞ് വീണതോ..... എന്തായാലും ആള് താഴെയെത്തി. ഒപ്പം അവിടുത്തെ ഗോലി കളിയും നിന്നു. ഒട്ടും താമസിയാതെ ' ണേം......'എന്ന ശബ്ദത്തില്‍ എന്‍റെ തലയിലൊരു കിഴുക്ക്‌, ചേട്ടന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്‍റെ വല്ല്യമ്മയുടെ മകനില്‍ നിന്നും
കിട്ടി. ഒപ്പം ഒരു താക്കീതും,

" മിണ്ടരുത് ഒരാളോടും..." മിണ്ട്യാല്‍ എന്താ , കണ്ടതല്ലേ പറഞ്ഞുള്ളൂ.., എന്നുഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ കരുതി. എനിക്ക് കിഴുക്ക്‌ കിട്ടുന്നത് കണ്ടപ്പോഴേ സൈന വീട്ടിലേക്കു എത്താറായിരുന്നു. വഞ്ചകി...., എന്നെ ഒറ്റയ്ക്ക്ഇട്ടു പോയി.

നടക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ ഞാന്‍ തീരുമാനമെടുത്തു, ഇനി മുതല്‍ സൈനയുടെ കൂടെ സ്കൂളില്‍ പോകില്ല. രണ്ടാമത്, വല്ല്യമ്മയുടെ മകന്‍ ചെടി നനക്കുന്നതിനായി സഹായത്തിനു വിളിച്ചാലും പോകില്ല.
വൈകീട്ട് അമ്മ വന്നതും ഇറയില്‍ വച്ചിരിക്കുന്ന ചൂരലെടുത്തു എന്നെ പൊതിരെ തല്ലാന്‍ തുടങ്ങി. അഞ്ചാറു അടി കഴിഞ്ഞപ്പോഴേക്കും അമ്മൂമ്മ ഇടപ്പെട്ടു.
" വെറുതെ ഇരിക്കുന്ന കുട്ട്യോളെ പിടിച്ചു തല്ലാ? "

കാര്യമെന്താണെന്നു അറിയണമെന്നായി അമ്മൂമ്മ. കാര്യം എനിക്കും അമ്മയ്ക്കും നാട്ടുക്കാര്‍ക്ക്‌ മുഴുവനും അറിയാം, പക്ഷെ എന്‍റെ അമ്മൂമ്മക്കും സൈനയുടെ ഉമ്മക്കും മാത്രം അറിയില്ല. പക്ഷെ സൈനയുടെ ഉപ്പ എല്ലാം അറിഞ്ഞിട്ടാണ് വൈകീട്ട് വന്നത്. അതിനു ശേഷം അവള്‍ക്കു നിലത്തു നില്‍ക്കാന്‍ പറ്റിയിട്ടില്ല. പുരക്കുചുറ്റും ഓട്ടംതന്നെ ഓട്ടം. അവളെ കയ്യില്‍ കിട്ടുമ്പോള്‍ ആജാനുഭാഹുവായ അവളുടെ ഉപ്പ അവളെ മാനത്തെക്കുയര്‍ത്തിയാണ് തല്ലുന്നത്.ഇടക്കൊന്നു റസ്റ്റ്‌ ചെയ്യുവാന്‍ വേണ്ടി അയാള്‍ അവളെ താഴെ നിറുത്തിയാല്‍ ഉടനെ അവള്‍ ഓടാന്‍ തുടങ്ങും.

കിട്ടട്ടെ രണ്ടെണ്ണം.... എന്നെ ഒറ്റക്കിട്ടു പോയവളല്ലേ, ഞാന്‍ വിചാരിച്ചു.
രാത്രി കിടക്കുമ്പോള്‍ സൈനക്ക് അടി കിട്ടിയതിനെ കുറിച്ചോര്‍ത്തു എനിക്ക് വിഷമം തോന്നി.
നിറഞ്ഞുഒഴുകിയ എന്‍റെ കണ്ണ്നീര്‍തുടച്ചു എന്നെ അരികിലേക്ക്ചേര്‍ത്തു കിടത്തിക്കൊണ്ട് അമ്മ പറഞ്ഞു
" എന്തുകണ്ടാലും എന്തുകേട്ടാലും മനസ്സില്‍ വക്കുക, മറ്റാരോടും ഒരിക്കലും പറഞ്ഞു നടക്കരുത്".

പിറ്റേന്ന് എന്‍റെ പഠനം കഴിഞ്ഞു കുറെ കഴിഞ്ഞിട്ടും സൈനയെ വീട്ടിലേക്കു കണ്ടില്ല.കുറേനേരം കാത്തിരുന്നിട്ടും കാണാതായപ്പോള്‍ ഞാന്‍ അവളുടെ വീടിന്‍റെ പടിക്കലേക്കുച്ചെന്നു. അവിടെ നിന്ന് ഞാന്‍ കണ്ടു , തിണ്ണയില്‍ കയറിയിരുന്നു കാല്‍ നീട്ടി വച്ചു കാലിന്മേല്‍ എന്തോ പുരട്ടിക്കൊണ്ടിരിക്കുന്ന സൈനയെ. എന്നെ കണ്ടതും അവള്‍ അകത്തേക്ക്പോയി പാവാട എടുത്തിട്ടു പുറത്തേക്ക് വന്നു

വീട്ടില്‍നിന്നും ഒരല്‍പ്പം നീങ്ങി, നാഷണല്‍ ഹൈവേ കടന്നു പോകുന്ന പാലത്തിനടിയിലിരുന്ന് പാവാട ഉയര്‍ത്തി, ഉപ്പയുടെ തല്ലിന്‍റെ പാടുകള്‍ കാട്ടി തന്നു. ചോര കിനിഞ്ഞിരിക്കുന്ന ചില പാടുകളില്‍ അവള്‍ എന്തോ മരുന്നുകള്‍ പുരട്ടിയിരിക്കുന്നു. എനിക്ക് ആകെ വിഷമമായി. കശുമാവിന്തോപ്പില്‍ പോകുന്നതിനും, ഓടി കളിക്കുന്നതിനുമോന്നും വലിയ ഉത്സാഹം തോന്നാത്തതിനാല്‍ ഹൈവേ യുടെ മറുവശത്ത്‌ നില്‍ക്കുന്ന വലിയ മാവിന്‍റെ ചുവട്ടില്‍ പൊഴിഞ്ഞു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പണ്ട് ഒരാള്‍ ആ മാവില്‍ തൂങ്ങി മരിച്ചിട്ടുള്ളതിനാല്‍ ഞങ്ങള്‍ ആ ഭാഗം മാത്രം കളിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയായിരുന്നു. പക്ഷെ അന്നത്തെ നിവൃത്തികേട് ക്കൊണ്ട് ഞങ്ങള്‍ അവിടെ പോകാമെന്ന് തീരുമാനിച്ചു. നാട്ടുകാരുള്ള സ്ഥലത്തൊന്നും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കടക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ടായിരുന്നു.
.
ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ചെറിയ ചെറിയ പാറകള്‍ കടന്നു വേണം മാവിനടുത്തെത്താന്‍. ഞങ്ങള്‍ ഒരു പാറയില്‍ നിന്നും വേറെയൊരു പാറയിലേക്ക്‌, അതില്‍ നിന്നും മറ്റൊന്നിലേക്കു..... അങ്ങിനെ ചാടി ചാടി മാവിനടുത്തെത്തി. സൈനയുടെ പാവാടയില്‍ കണ്ണിമാങ്ങ മുഴുവന്‍ പെറുക്കിക്കൂട്ടി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു നടക്കുകയായിരുന്നു.

 ഞാന്‍ മുന്‍പിലും അവള്‍ പിറകിലുമായാണ് നടത്തം.
എന്തോ പറയുവാന്‍ ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നില്‍ക്കുന്നതിനിടയില്‍ കണ്ണിമാങ്ങയിട്ടു പൊക്കിപിടിച്ച് നില്‍ക്കുന്ന അവളുടെ പാവാടക്കടിയിലൂടെ കാണുന്ന ട്രൌസര്‍ന്‍റെ മുന്‍ഭാഗം ഞാന്‍ ശ്രദ്ധിച്ചു.
അവിടമാകെ ചുവപ്പ് നിറം!!!
കുറച്ചു ചോര അവളുടെ തുടയിലേക്ക് ഒലിച്ചു ഇറങ്ങിയിരിക്കുന്നു. ഉപ്പ തല്ലിയത് ആ ഭാഗത്ത് കൊണ്ടിട്ടില്ലെന്നു അവള്‍ ഉറപ്പിച്ചു പറയുന്നു. പിന്നെ എങ്ങിനെയാണ് ചോര വരുന്നത്.....

അടുത്തു തന്നെ ഒരു ടയര്‍ റീസോളിംഗ് കമ്പനിയുണ്ട്. ഞായറാഴ്ച്ച ആയതിനാല്‍ അതിനു അവധി ആയിരുന്നു. കമ്പനിയുടെ പുറകുവശത്തുള്ള പൈപ്പിനടുത്തെക്ക്‌ സൈന പോയി. കണ്ണി മാങ്ങ എന്‍റെ ഷര്‍ട്ടിനകത്തിട്ട് ഞാന്‍ മുന്‍ വശത്ത്‌ ഇരുന്നു.
കുറച്ചു കഴിഞ്ഞാണ് സൈന വന്നത്. വാവിട്ടു കരഞ്ഞു കൊണ്ടാണ് വരവ്. രണ്ടുമൂന്നു പ്രാവശ്യം കഴുകിയിട്ടും ചോര പിന്നെയും വന്നുക്കൊണ്ടിരിക്കുന്നുവെന്നു അവള്‍ കരച്ചിലിനിടയില്‍ പറഞ്ഞു. പിന്നെ ഒരു നിമിഷം കരച്ചില്‍ നിറുത്തി, എന്നിട്ട് പ്രഖ്യാപിച്ചു,
" എനിക്ക് ബ്ലഡ്‌ ക്യാന്‍സറാ........"

ഞാന്‍ ഞെട്ടി....... ഈശ്വരാ ബ്ലഡ്‌ ക്യാന്‍സറോ..!!!!!
എനിക്കോ അവള്‍ക്കോ ഇതിനുമുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല. ആര്‍ക്കും ഇങ്ങനെ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുമില്ല. വെറുതെ ഒരു കാരണവും ഇല്ലാതെ ചോര വരുന്നു. അപ്പോള്‍ ഇത് ബ്ലഡ്‌ കാന്‍സര്‍ തന്നെ , ഞാനും ഉറപ്പിച്ചു.

ബ്ലഡ്‌ ക്യാന്‍സര്‍ ന്‍റെ സാധ്യതയെ കുറിച്ച് അവള്‍ ചിന്തിക്കുവാനും, ഞാന്‍ വിശ്വസിക്കുവാനും ഒരു കാരണമുണ്ട്; അക്കാലത്ത് ഇറങ്ങുന്ന ഒരുമാതിരിപ്പെട്ട എല്ലാ സിനിമകളിലും കളിച്ചുചിരിച്ച് ഓടിച്ചാടി നടക്കുന്ന നായികക്കോ, പ്രണയാതുരനായ നായകനോ അവസാനം ബ്ലഡ്‌ ക്യാന്‍സര്‍ ആയിരിക്കും. അഥവാ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ബ്ലഡ്‌ ക്യാന്‍സര്‍ ഇല്ലെങ്ങില്‍ ഇവരുടെ വേണ്ടപ്പെട്ട ആര്‍ക്കെങ്ങിലും അതുണ്ടായിരിക്കും. ഇനി ആര്‍ക്കും ബ്ലഡ്‌ ക്യാന്‍സര്‍ ഇല്ലാത്ത ഒരു സിനിമയെങ്ങാനും കണ്ടുപോയാല്‍....
" ഇതെന്തൂട്ട് സിനിമ്യാ ഇത്" എന്നൊരു തോന്നലും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

അക്കാലത്ത് ബ്ലഡ്‌ ക്യാന്‍സറിനു അത്രത്തോളം സ്വാധീനം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നതിനാലും, ഈ സംഭവം എങ്ങിനെയിരിക്കും എന്നതിനെ കുറിച്ചു ഒരു രൂപവും ഇല്ലാതിരുന്നതിനാലുമാണ് ചോരയുമായി ബന്ധപ്പെട്ട സൈനയുടെ പ്രശ്നം ബ്ലഡ്‌ ക്യാന്‍സര്‍ തന്നെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചത്.

ഇടയ്ക്കിടെ സൈനയുടെ കരച്ചില്‍ ഉച്ച്ചത്തിലാകുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ് ഞാന്‍. ഞാന്‍ കരുതിയില്ല സൈനക്ക് ഇത്രവേഗം ബ്ലഡ്‌ ക്യാന്‍സര്‍ വരുമെന്ന്. കരച്ചിലിനിടക്കു അവള്‍ പറഞ്ഞു, "ഞാന്‍ മരിക്കട്ടെ എന്നാലെ എന്‍റെ ഉപ്പാക്ക് സന്തോഷം കിട്ടു...എന്നെ ഇഷ്ട്ടം ഇല്ല്യാത്തോണ്ടാല്ലേ ഇന്നലെ ഇത്ത്രക്കും എന്നെ തല്ല്യെ..ഞാന്‍ മരിച്ചാല്‍ ഉമ്മാനെ ഇനി ആരാ സഹായിക്കാന്നു കാണാല്ലോ.."
ഇക്കാര്യങ്ങളൊന്നും ആരോടും പറയില്ലെന്ന് അവള്‍ എന്നോട് സത്ത്യം ചെയ്തു വാങ്ങി .

സമയം സന്ധ്യയോടടുത്തു. എനിക്ക് വീട്ടിലിരിക്കാന്‍ ഒരു സമാധാനവും ഇല്ല. സൈന ഉച്ചക്ക് വീട്ടില്‍ പോയതാണ്, ഇതുവരെ ഒരു വിവരവും ഇല്ല.എന്തായാലും മരിച്ചു കാണാന്‍ വഴിയില്ല.. അങ്ങിനെയാണെങ്കില്‍ എല്ലാവരുടെയും കരച്ചില്‍ കേള്‍ക്കുമായിരുന്നു. പെട്ടെന്ന് എനിക്കൊരു തോന്നല്‍, അവള്‍ മരിച്ചു കിടക്കുകയാണെന്ന് അവളുടെ വീട്ടിലാരും അറിഞ്ഞിട്ടില്ലെങ്കിലോ..... അവള്‍ക്കു സംഭവിച്ചു പോയ ഈ മാരകമായ അസുഖത്തിന്‍റെ വിവരം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്ക് മാത്രമല്ലേ അറിയൂ... എന്തായാലും അവളുടെ വീടുവരെ ഒന്ന് പോയിനോക്കാന്‍ ഞാന്‍ തീരുമാനിച്ചു. 
(തുടരും.......)


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

ആത്മാക്കളെ മെനയുന്നവര്‍ (2nd part)


 “തിരാണിക്കാവ് അമ്പലത്തിലെ വെളിച്ചപ്പാട് എങ്ങന്യാ ചത്തതെന്ന് അറിയോ നെനക്ക്..?
ആ പുതിയ ചോദ്യം വീണ്ടുമെന്നെ അമ്മൂമ്മയുടെ അടുക്കലേക്കെത്തിച്ചു. വെളിച്ചപ്പാടിന്‍റെ മരണകാരണം അറിയുമെന്നോ, ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല. അമ്മൂമ്മ തുടര്‍ന്നു,

“ആമ്പല്ലൂര്‍ അടുത്ത്, റോഡരീലെന്നെ ഒരമ്പലണ്ട്. എന്തൂട്ടാണ് അതിന്‍റെ പേര്..... ചാലക്കുടീല് നിന്‍റെ അപ്പാപ്പന്‍റെ വീട്ടില്‍ക്ക് പോവുമ്പോ ഞാന്‍ നേരിട്ട് കണ്ടട്ട്ള്ളതാ ആ അമ്പലം. അതിന്‍റെ പേരുമാത്രം ഒരിക്കലും ഓര്‍മ്മേല് നിക്കില്ല്യ.....”
അമ്മൂമ്മ വീണ്ടും ആ അമ്പലത്തിന്‍റെ പേര് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടു, പിന്നെ തുടര്‍ന്നു,
“പേരെന്തൂട്ടെങ്കിലും ആവട്ടെ, റോട്ടീന്നു കൊറച്ച് താഴ്ത്തക്ക് എറങ്ങീട്ടണ് ആ അമ്പലം....... യെന്തൂട്ടാണ് അതിന്‍റെ പേര്പൊന്നേ........” വീണ്ടും പരാജയപ്പെടുവാന്‍ ഒരു ശ്രമം. ഇക്കുറി, പേര് ഓര്‍ത്തെടുക്കുവാനുള്ള ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ച് അമ്മൂമ്മ കഥയിലേക്ക്‌ കടന്നു.

“അമ്പലത്തിന്‍റെ അടുത്ത് ഒരാല്ണ്ട്......, ലോകായലോകം മുഴുക്കെള്ള വവ്വാലോള് അതുമ്മേവന്നു തൂങ്ങി കിടക്കും. അമ്പലത്തിന്‍റെ പൊറകില് ഒരു പാലീണ്ട്...നല്ല നെടുനീളത്തില്, വട്ടനെ പന്തലിച്ചൊരു പാല. ഏഴിലം പാല്യണത്. അതുമ്യാണ് യക്ഷീടെ വാസം!!! അസമയത്ത് അവടെ എത്തിപ്പെടുന്ന കൊറേപേരെ അവളൊരു വഴിക്കാക്കീട്ടുണ്ട്. ഈ വിവരങ്ങളൊക്കെ അറിഞ്ഞപ്പോ തിരാണിക്കാവിലെ വെളിച്ചപ്പാട്, ‘അവളെ ആ പാലേമ്മേ തളച്ചട്ടാ ഇനി മടങ്ങളോ’ന്നും പറഞ്ഞ് ആമ്പല്ലൂര്‍ക്ക് പൊറപ്പെട്ടു.
അയാള്‍ക്കതിന്‍റെ വല്ല കാര്യോം ഇണ്ടാര്‍ന്ന.....അതാ കാലന്‍റെ കളി. അവനു കൊണ്ടോണ്ട സമയാവുമ്പോ അവനിങ്ങനെ ഓരോ ബുദ്ധി ആള്‍ക്കാര്‍ക്ക് ഓതികൊടുക്കും..”

“വെളിച്ചപ്പാടിനെ യക്ഷി കൊന്നോ?” ഞാന്‍ അക്ഷമനായി.
“കൊന്നോന്നാ........ അവടിള്ള നാട്ടുക്കാര് ആവുന്നതും വെളിച്ചപാടിനെ തടയാന്‍ നോക്കി. പക്ഷെ വെളിച്ചപ്പാട്‌ണ്ടാ നിക്കണു .... നാട്ടാരെ വകവക്കാണ്ട് ആ യക്ഷിപാലേടെ ചോട്ടിലെന്നെ അയാള് രാത്രി കെടന്നോറങ്ങി. രാവിലെ പല്ലും നഖവും മാത്രാവും ഭാക്കി കിട്ടാന്നാ നാട്ടുക്കാര് കരുത്യെ....”
“വെളിച്ചപ്പാട് മരിച്ചില്ലേ..?” മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു നാട്ടുക്കാരുടെ കൂട്ട് ഞാനും കരുതീത്.

“ഇല്ല്യ, അപ്പൊ മരിച്ചില്ല. കാലത്തെണീറ്റ് ഒരു കൊഴപ്പോം ഇല്ല്യാണ്ട് ആള് തിരാണിക്കാവില്‍ക്ക് പോന്നു. പക്ഷേ, അവള് മേത്ത്കൂടീട്ട്ണ്ടായിരുന്നു. അവടന്നങ്ങട് ഒരു എട്ടാഴ്ച്ച അടുപ്പിച്ച് വെള്ളീം, ചോവ്വേം വന്നാ വെളിച്ചപ്പാടിനൊരു ദെണെണളക്കാ... മുറി അടച്ചിട്ട് ഒറ്റിരുപ്പാ..സ്വന്തം കെട്ട്യോള് ആ പരിസരത്ത് വരണതേ കണ്ടൂട. ഒക്കെ മേത്ത് കൂട്യെക്കണോള്‍ടെ കളീണ്.........
ഓരോ ആഴ്ച്ച കഴിയുംതോറും വെളിച്ചപ്പാട് ശോഷിച്ച്, ഇല്ല്യാണ്ടായി ഇല്ല്യാണ്ടായി വരാര്‍ന്നു. നല്ല ചൊകചോകാന്നു ഇരുന്നെര്‍ന്നാള് കറുത്ത് കരുവാളിച്ചു, കണ്ണൊക്കെ കുണ്ടില്‍ക്കായി ഒരു പ്രേതത്തിന്‍റെ കൂട്ടായി. കൃത്യം ഒന്‍പതാമ്മത്തെ വെള്ളിയാഴ്ച, ഒല്ലൂര് ചങ്ങലഗേറ്റ്ന്‍റെ അവിടെ, വെളിച്ചപ്പാടിന്‍റെ തലീല്ല്യാത്ത ശവം!!! സാമീടെ ഒട്ടലില്‍ക്ക് പുലര്‍ച്ചെ പണിക്ക് പോണോരണ് കണ്ടത്. റെയിലിന് തല വച്ചതാത്രേ...!!!!”
          
അമ്മൂമ്മ ദീര്‍ഘമായൊന്നുശ്വസിച്ചു. പിന്നെ, അങ്ങിങ്ങായി അടര്‍ന്നു നില്‍ക്കുന്ന ചുമരിന്മേല്‍ പറ്റിചേര്‍ന്നിരിക്കുന്ന, വല്യപ്പന്‍റെയും വല്ല്യമ്മയുടെയും വിവാഹ ഫോട്ടോയിലേക്ക് തല തിരിച്ച് നോക്കി. എന്‍റെ ശ്രദ്ധയും ആ ഫോട്ടോയിലേക്ക് ക്ഷണിച്ച്, ഫോട്ടോയില്‍നിന്നും കണ്ണെടുക്കാതെ അമ്മൂമ്മ എന്നോട് ചോദിച്ചു,
“നീയാ പോട്ടോലിരിക്കണ നിന്‍റെ വല്ല്യപ്പനൊന്നു നോക്ക്യേ... ആ പോട്ടോം, അവന്‍റെ ഇപ്പള്‍ത്തെ കൊലോം തമ്മില് വല്ല ചേര്‍ച്ചീം തോന്ന്ണ്ടാ”?

ഫോട്ടോയില്‍കാണുന്ന വല്യപ്പനെ ഞാന്‍ കണ്ണെടുക്കാതെ, വിസ്മയത്തോടെ നോക്കി. ഒതുക്കി വെട്ടിയ കറുത്ത തലമുടി മുകളിലേക്ക് ചീകി വച്ചിരിക്കുന്നു. വീതുളി പോലെ താഴേക്കിറങ്ങി, പറന്നു കിടക്കുന്ന കൃതാവ്. പ്രകാശം വിതറുന്ന കണ്ണുകള്‍. ചുണ്ടിന്‍റെ അരിക്ചേര്‍ന്നുപോകുന്ന കരമീശയ്ക്കു ഒരു ചന്തം തോന്നി. വെളുത്തു തുടുത്ത കവിളുകള്‍, സുന്ദരന്‍തന്നെ.
വല്യപ്പന്‍റെ നിലവിലുള്ള രൂപത്തെ ഞാന്‍ എന്‍റെ മനസിലൂടെ ആ ഫോട്ടോയോടു ചേര്‍ത്ത്നിര്‍ത്തി താരതമ്മ്യപ്പെടുത്തി; കഷണ്ടി ബാക്കിവച്ച തലമുടിയുടെ ഭൂരിഭാഗവും നര കയറിയിരിക്കുന്നു. മുഖത്തിനോട് ചേര്‍ന്ന് നില്‍ക്കാതെ ആഴങ്ങളിലേക്ക് ഇടറിവീണുകിടക്കുന്ന, ജീവനില്ലാത്ത കണ്ണുകള്‍. കരുവാളിപ്പ് പടര്‍ന്ന്, ചുളിവുകള്‍ വീണ മുഖം.

“നല്ല യോഗ്യനായിരുന്നവന്‍........” അമ്മൂമ്മ ഓര്‍മകളിലേക്ക് ഉറ്റുനോക്കി പറയുവാന്‍ തുടങ്ങി,
“കുടുംബത്തിലെ ഒരാള്‍ക്കും അവന്‍റെയാ ചന്തം കിട്ടിയിട്ടില്ല. നിങ്ങള്‍ക്കൊക്കെ കൊറേ വെളുപ്പുണ്ടന്നേളളൂ... അവന്‍ അങ്ങനല്ല്യ, എന്താ ഒരു മൊഖശ്രീ....സൂര്യനുദിച്ചോണം ആയിരുന്നു.
അവന്‍ ഞായറാഴ്ച്ച കുറുബാനക്ക് പോകുമ്പം, കുണ്ടായിരോടത്തെ റോസീം, പിന്നേ.... അവരടെ തെക്കേല് താമസിക്കണ ഒരു റപ്പായി ഇണ്ടാര്‍ന്നു, അയാള്‍ക്ക്‌ എഴുത്താപ്പീസിലണ് പണി... അവനൊരു മോളുണ്ട്, ഒരാട്ടക്കാരി.......മാത്തിരി......, അതന്നെ..... മാത്തിരീന്നാണ് അവള്‍ടെ പേര്. ഇവര് രണ്ടാളും അവന്‍ വരണത് നോക്കി നിക്കും..., അവന്‍റെ ഒപ്പം പള്ളിവരെ നടക്കാനായിട്ട്.. എന്നിട്ട് രണ്ടാളുംകൂടി ഇവന്‍റെ എടോം വലോം നടന്ന് ഓരോരോ കിന്നാരങ്ങളാ.... ‘വര്‍ഗീസേട്ടനെന്താ മിണ്ടാത്തെ.....,  വര്‍ഗീസേട്ടനെന്താ ചിരിക്കാത്തെ.........’
      
 ഒരുകാലത്ത് അന്നാട്ടിലെ പെണ്‍കിടാങ്ങളുടെ ആരാധനാപാത്രമായിരുന്ന, സര്‍വ്വയോഗ്യനായ ഒരു ചെറുപ്പക്കാരന്‍റെ അമ്മ എന്ന അഭിമാനം ഓര്‍ത്ത്ക്കൊണ്ടായിരുന്നോ എന്നറിയില്ല, നിലാവ് പെയ്യുന്ന മുഖത്തോടെ ആയിരുന്നു അമൂമ്മ ഇതെല്ലാം പറഞ്ഞുക്കൊണ്ടിരുന്നത്.

“അതുമാത്രാ.....,” അമ്മൂമ്മ ആവേശത്തോടെ വിവരണം തുടര്‍ന്നു,
“കൊല്ലന്മാര്ടെ എടോഴീല്‍ക്കന്‍ങ്ങട് അവനെറങ്ങ്യാ...... കൊല്ലത്തിപ്പെണണുങ്ങള് മുഴുവനും വേലിക്ക്‌വന്ന് നെരന്നുനിക്കും. പിന്നോരോ ലോഹ്യം പറച്ചിലോളാ....,ന്‍റെ വര്‍ഗീസ്‌നോട്.
ഒരു മൂളിച്ച..., അല്ലങ്ങേ, ഉവ്വാന്നോ ഇല്ല്യാന്നോആയി ഒരുവാക്ക്......., ഇതുവിട്ട് ഒരു നെല്ലിട കൂടുതല് അവന്‍റെ നാവുംമേല്‍ന്നു പൊറത്തക്ക് കിട്ടില്ല ഈ പെണ്ണുങ്ങള്‍ക്ക്. അവനറിയാം വയലേതാ വരമ്പേതാന്ന്.”
          
ഏതാനും നിമിഷത്തെ നിശബ്ദത അമ്മൂമ്മയുടെ മുഖത്തെ പ്രസന്നത തുടച്ചുമാറ്റി. ചുമരില്‍ ഇരിക്കുന്ന വല്യപ്പന്‍റെ ഫോട്ടോയില്‍ ഒരിക്കല്‍ക്കൂടി വാല്സല്ല്യപ്പൂര്‍വ്വം നോക്കുമ്പോള്‍ അമ്മൂമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അലക്കി, നീലംമുക്കി വെളുപ്പിച്ച മല്‍മ്മുണ്ടിന്‍റെ തുമ്പുയര്‍ത്തി കണ്ണുകള്‍ തുടച്ച്, മടിയിലിരിക്കുന്ന മുറത്തിലേക്ക് തലതാഴ്ത്തിയിട്ട് അമ്മൂമ്മ കപ്പ തൊണ്ട്കളയുവാന്‍ തുടങ്ങി.
          
എന്‍റെ ശ്രദ്ധ ചുമരിലെ ഫോട്ടോയിലേക്കായി. വല്യപ്പന്‍റെ മുഖം ഏതോ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമയില്‍ കണ്ട നായകനെ ഓര്‍മിപ്പിച്ചു.
“എന്തോരു നല്ല ചെക്കനായിരുന്നു എന്‍റെ വര്‍ഗീസ്‌. ഈ മന്തുകാലീനെ കേട്ടീതില്‍പിന്നെ എന്‍റെ ചെക്കന്‍ ഇങ്ങനെ വവ്വാല് ചപ്പ്യോണം ആയി. അതിനെങ്ങന്യാ...., ഒന്ന് സമാധാനായിട്ടിരുന്നു രണ്ട് വറ്റ് തിന്നാനോ, ഒന്ന് കെടന്ന് ഒറങ്ങാനോ ഈ താടക സമ്മതിക്കോ.........”

അമ്മൂമ്മയുടെ പരിഭവം തീരുന്നില്ല. അമ്മൂമ്മ പറയുന്നതില്‍ കാര്യമുണ്ട് എന്ന് എനിക്കുതോന്നി. വല്ല്യമ്മ അല്പ്പാല്‍പ്പമായി വല്യപ്പന്‍റെ ചോര കുടിച്ച്ക്കൊണ്ടിരിക്കുന്നതിനാലാണ് ഇത്രേം സുന്ദരനായിരുന്ന വല്യപ്പന്‍ ഇങ്ങനെ കൊലംക്കെട്ടു പോയതെന്ന് ഞാന്‍ ഉറപ്പിച്ചു. വല്ല്യമ്മ ഭയങ്കരിതന്നെ...!!!!
തലയിലെ, നടുവാച്ചിലിട്ടു ഒതുക്കി ചീകിവച്ചിരിക്കുന്ന മുടികള്‍ക്കിടയിലൂടെ ഏതുനിമിഷവും വല്യമ്മയ്ക്ക് കൊമ്പ് മുളച്ചേക്കാമെന്നും, രാത്രിയുടെ ഏതോ രഹസ്യവേളയില്‍ വല്യപ്പന്‍റെ ചുടുച്ചോരക്കായുള്ള ദാഹത്തോടെ വല്യമ്മയ്ക്ക് ദംഷ്ട്രകള്‍ ഉണ്ടാകാറുണ്ടെന്നും, ആ കാലുകള്‍ ഒരിക്കലും നിലം തൊടാറില്ലെന്നും ഞാന്‍ വിശ്വസിച്ചു.

പാവം വല്യപ്പന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് വിഷമം തോന്നി. ഓരോ ദിവസവും തന്‍റെ രക്തം അല്പ്പാല്‍പ്പം നഷ്ട്ടപ്പെടുന്നതറിയാതെ വല്യപ്പന്‍, വല്ല്യമ്മക്കടുത്ത് വിശ്വാസപൂര്‍വ്വം കിടന്നുറങ്ങുന്നു!!!! അധികം വൈകാതെതന്നെ വല്യപ്പന്‍ ഏതെങ്കിലും തീവണ്ടിക്ക് തല വച്ചേക്കാമെന്നും ഞാന്‍ സംശയിച്ചു. അമ്മൂമ്മപോലും ഈ വിവരങ്ങളൊന്നും വല്യപ്പനെ പറഞ്ഞു മനസിലാക്കുന്നില്ല എന്നതില്‍ ഞാന്‍ അതിശയിച്ചു. തരംകിട്ടുമ്പോള്‍ വല്യപ്പനെ ഈ വിവരങ്ങള്‍ അറിയിക്കണമെന്നും, എങ്ങിനെയെങ്കിലും രക്ഷപ്പെടുവാനായി പ്രേരിപ്പിക്കണമെന്നും ഞാന്‍ തീരുമാനിച്ചു.
                                                
അമ്മ വീട്ടിലില്ലാത്ത അവധി ദിവസങ്ങളില്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് ഒരു ഉറക്കം എനിക്ക് പതിവാണ്. അമ്മ വീട്ടിലുണ്ടെങ്കില്‍ ഒരിക്കലും അതിനു അനുവദിക്കാറില്ല. പഠിക്കുന്ന കുട്ടികള്‍ പകലുറങ്ങിയാല്‍ ക്ലാസ്സില്‍ ചെല്ലുമ്പോഴും ആ പതിവ് തുടരും എന്നാണു അമ്മയുടെ പക്ഷം.

അമ്മയുടെ അഭാവത്തില്‍ അന്ന് ഞാന്‍ നടത്തിയ ഉച്ചയുറക്കത്തിനിടയില്‍ കുറേയേറെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു; ഭയപ്പെടുത്തുന്നവ. അറ്റമില്ലാത്ത, വിജനമായ ഒരു പറമ്പില്‍ നിറയെ അഗാധമായ കിണറുകള്‍..... കിണറുകളുടെയെല്ലാം അടിത്തട്ടില്‍, മുകളില്‍ പാടക്കെട്ടിയ അല്‍പ്പം മലിനജലവും, കരിമ്പാറ കൂട്ടങ്ങളും..!! ഈ കിണറുകള്‍ക്കിടയിലൂടെ ഞാന്‍ ഭയപ്പെട്ട് എങ്ങോട്ടോ ഓടുന്നു. ചെന്നുമുട്ടുന്നിടതെല്ലാം ചുവന്ന പട്ടുടുത്തു, മുടി നീട്ടിവളര്‍ത്തി, കയ്യില്‍ ചിലമ്പുമായി ഒരു മദ്ധ്യവയസ്കന്‍ നിന്ന് തുള്ളുന്നു....., അലറുന്നു..!!

ഞാന്‍ എന്‍റെ ഓട്ടം തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. കാണെക്കാണെ കിണറുകള്‍ക്കിടയിലെ അകലം കുറഞ്ഞു വരുന്നു. അവസാനം രണ്ട് കിണറുകള്‍ക്കിടയിലെ അകലം ഒരു കാല്‍പാദത്തിന്‍റെ വീതിയിലേക്ക് ചുരുങ്ങി. രണ്ട് ചോയ്സ് ആണ് എനിക്കുള്ളത്. അതൊരിക്കലും എന്‍റെ രക്ഷപ്പെടലുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, എന്‍റെ ഇടതുഭാഗത്തെ കിണറ്റില്‍ വീഴണമോ അതോ, വലതുഭാഗത്തെ കിണറ്റില്‍ വീഴണമോ എന്നത് മാത്രമാണ്. ചിലമ്പിന്‍റെ അലര്‍ച്ച കാതോളം ചേര്‍ന്നുവരുന്നു. ചുവന്നപ്പട്ടുടുത്ത രൂപം എന്‍റെ തൊട്ടുപുറകെയുണ്ട് എന്നെനിക്കറിയാം. പക്ഷെ, തിരിഞ്ഞു നോക്കുവാന്‍ എനിക്ക് ധൈര്യം ലഭിക്കുന്നില്ല. ആരെങ്കിലും എന്‍റെ രക്ഷക്കെത്തും എന്നാ പ്രതീക്ഷയോടെ ഞാന്‍ ഉറക്കെ കരയുകയാണ്... ഉറക്കെ......വീണ്ടും വീണ്ടും ഉറക്കെ.......

“വിഷ്ണോ.....”

ഞാന്‍ ഉറക്കത്തില്നിന്നും ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്ത് കുതിര്‍ന്നിരിക്കുന്നു... ഞാന്‍ എവിടെയാണ് കിടക്കുന്നത് എന്നതിനെ കുറിച്ച് ഒരു വ്യക്തതയും ഇല്ല. ചുറ്റിനും പകച്ച് നോക്കി കിടക്കുമ്പോള്‍ വീണ്ടും ആരോ വിളിക്കുന്നു,
“വിഷ്ണോ.....ഡാ....”
വിഷ്ണു എന്ന് എന്നെവിളിക്കുന്നത്‌ വല്ല്യമ്മയാണ്, വല്യമ്മ മാത്രമാണ്. അവരെന്തിനാണ് എന്നെ ആ പേര്, പ്രത്യേകിച്ചും ഒരു ഹിന്ദു പേര് വിളിക്കുന്നത്‌ എന്നെനിക്ക് അക്കാലത്ത് തോന്നാറുണ്ട്. ആ പേര് എനിക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു.
ഞാന്‍ മുറിയില്‍ കിടന്ന് പുറത്തേക്ക് നോക്കി. പുറത്ത് ഉമ്മറപ്പടിയില്‍ വല്ല്യമ്മ നില്‍ക്കുന്നു.
(തുടരും............)

 ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

                 

ആത്മാക്കളെ മെനയുന്നവര്‍ ( 1st part)


വല്യമ്മയ്ക്ക് കാലിനു മന്താണ്. വല്യപ്പനും വല്യമ്മയും തമ്മിലുള്ള വിവാഹം നടക്കുന്നതിനും അല്‍പ്പം നാള്‍ മുന്‍പാണ് ഈ അസുഖവിവരം തിരിച്ചറിയുന്നത്‌. കാല്‍പാദം മുതല്‍ കാല്‍മുട്ടുവരെ വന്നുവീര്‍ത്ത നീര് മന്ത് തന്നെയെന്ന് ആശുപത്രി അധികൃധര്‍ സ്ഥിതീകരിച്ച അന്നുമുതല്‍ വല്യമ്മയ്ക്ക് തകൃതിയായ വിവാഹ ആലോചനകള്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ വല്യമ്മയുടെ കുടുംബ നിലവാരത്തിനോട് അല്പം താഴെ നില്‍ക്കുന്ന നമ്മുടെ തറവാട്ടില്‍ നിന്നും വല്യപ്പനെ അവര്‍ എറിഞ്ഞു പിടിച്ചു.
        
മനസുചോദ്യം നാള്‍, റോസ്യെകെട്ടാന്‍ സമ്മതമാണോ എന്ന പള്ളീലച്ചന്‍റെ ചോദ്യത്തിന്, പണ്ടേ സമ്മതമായിരുന്നു എന്ന് മറുപടിയും നല്‍കി ഇരു വീട്ടുക്കാരും പള്ളിക്ക് പുറത്തിറങ്ങിയപ്പോഴാണ് വല്യപ്പന്‍ വല്യമ്മയുടെ കാലിലെ നീര് ശ്രദ്ധിക്കുന്നത്. ഔചിത്യതിലെല്ലാം വലിയ വിശ്വാസമുള്ള വല്യപ്പന്‍ നേരിട്ടുള്ള അന്വേഷണം ഒഴിവാക്കി, വിവരം തിരക്കാന്‍ മൂത്ത സഹോദരിയെ ഏല്‍പ്പിച്ചു.
        
ദൈവഭയവും, കുടുംബ സ്നേഹവും, ദുശീലങ്ങള്‍ ഇല്ലാത്തവനും, സുന്ദരനും, ആരോഗ്യവാനുമായ ഭര്‍ത്താവിനെ ലഭിക്കുന്നതിനായി വല്യമ്മ സ്വയം സമര്‍പ്പിച്ച് ഒരു ധ്യാനകേന്ദ്രത്തില്‍ ഒരുമാസകാലത്തോളം പ്രേഷിത പ്രവര്‍ത്തനം ചെയ്തെന്നും, പുലര്ക്കാലം മുതല്‍ പാതിരാവു വരെ കഷ്ട്ടപ്പെട്ട് കര്‍ത്താവിനു വേണ്ടി വേല ചെയ്തതിനാലാണ് കാലില്‍ നീര് വന്നതെന്നുമുള്ള പെണ്ണ് വീട്ടുക്കാരുടെ മറുപടിയില്‍ നമ്മുടെ കുടുംബക്കാര്‍ ഹാപ്പിയോടു ഹാപ്പി. കഷ്ട്ടപ്പെട്ടാലും, കാലിനു നീര് വന്നാലുമെന്താ, ആഗ്രഹിച്ചപോലെയൊരു ഭര്‍ത്താവിനെതന്നെ കിട്ടിയില്ലേയെന്ന പെണ്ണുവീട്ടുക്കാരില്പ്പെട്ട ഒരു കാര്‍ന്നോരുടെ സാക്ഷ്യപ്പത്രം വല്യപ്പന് ഇശ്യങ്ങട് ബോധിക്കുകയും ചെയ്തു.
        
വിവാഹത്തിനു ശേഷം, കാലിലെ നീര് കര്‍ത്താവിനു വേല ചെയ്തട്ടല്ല, മന്താണ് എന്ന് നമ്മുടെ കുടുംബക്കാര്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ കാലിലെ നീര് കൂടുന്നതിനൊപ്പം വയറും വീര്‍ത്ത് വന്നിരുന്നതിനാല്‍ വല്യപ്പനും കുടുംബവും, ഇനി പറഞ്ഞിട്ടെന്താകാര്യം എന്നയൊരു നിലപാടിലേക്ക് നീങ്ങി. എന്തായാലും, ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പേതന്നെ വല്യമ്മ ആദ്യത്തെ പ്രസവിച്ചു. പിന്നീട് പലപ്പോഴായി മൂന്നുംകൂടെ.
        
ക്രമേണ മന്തിന്‍റെ പ്രശ്നം വീട്ടിലും നാട്ടിലും ഒരു പ്രശ്നമേ അല്ലാതായ് തീര്‍ന്നെങ്കിലും അമ്മൂമ്മയുടെ മനസ്സില്‍ മാത്രം ആ ചിതയോടുങ്ങാതെ നിന്നു. അമ്മൂമ്മയുടെ ഉണ്ടാക്കികഥകളും പഴബുരാണങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ഇരുന്നു കേള്‍ക്കുന്ന വീട്ടിലെ ഏക വ്യക്തിയെന്നനിലയില്‍ ഇടയ്ക്കിടെ ആ രോക്ഷം, അമ്മൂമ്മ രഹസ്യമായി എന്നോട് അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.അവയെല്ലാം നിശബ്ദം ഞാന്‍ കേള്‍ക്കാറുണ്ടെങ്കിലും “മന്തിക്കാലി..... എന്‍റെ ചെക്കന്‍റെ രക്തം ഊറ്റി കുടിക്കാന്‍ വന്ന യക്ഷീണ് അവള്..” എന്ന, ഇടയ്ക്കിടെ അമ്മൂമ്മ നടത്തുവാറുള്ള പ്രസ്താവനയോടുമാത്രം എനിക്കത്ര യോജിപ്പ് തോന്നിയില്ല. യക്ഷിയും ഗന്ധര്‍വനുമെല്ലാം മനുഷ്യര് പറഞ്ഞുണ്ടാക്കുന്ന തോന്ന്യാസങ്ങള്‍ ആണെന്നാണ്‌ അമ്മ പറഞ്ഞിട്ടുള്ളത്.പിന്നെ , ഇല്ലാത്ത യക്ഷിയാവാന്‍ വല്ല്യമ്മക്കെങ്ങിനെ കഴിയും....
        
 “നിന്റെ അമ്മക്ക് എന്തൂട്ടണ് അറിയാ...., ഒരു പൊട്ടി..” എന്‍റെ സംശയം കേട്ട്, കപ്പ കൊത്തിനുറുക്കി പാത്രം നിറക്കുവാനുള്ള ശ്രമത്തിന് അല്‍പ്പം വിശ്രമം നല്‍കി അമ്മൂമ്മ പറയുവാന്‍ തുടങ്ങി. “വെലൂപ്പാടന്‍റെ പൊറിഞ്ചേട്ടന്‍ മാസം ഒന്നാ പനിച്ച് വെറച്ച്, ചെമ്മീന്‍ ചുരുളണപോലെ ചുരുണ്ട് കെടന്നേര്‍ന്നത്.... എന്താ കാരണം?? ചോദ്യം എന്നോടാണ്.ഞാനാകെ വിഷണ്ണനായിപോയി. വേലൂപ്പാടന്‍ പൊറിഞ്ചു ആരാണെന്നു എനിക്കൊരു പിടിയുമില്ല, പിന്നെങ്ങിനെ അയാള്‍ക്ക്‌ പനി വന്നതിന്‍റെ കാരണം ഞാന്‍ അറിയും!!

എന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ അമ്മൂമ്മതന്നെ മറുപടി പറഞ്ഞു,
 “പോത്തുംകാല് കണ്ടട്ടാണ്.....”
“പോത്തുംകാല് കണ്ടതിന് എന്തിനാ പനിക്കണേ?” എന്‍റെ ന്യായമായ  സംശയം.
“മ്മ്മ്.... നല്ല ചോദ്യന്നെ....” എന്നും പറഞ്ഞ്, അമ്മൂമ്മ എന്‍റെ അടുത്തെക്കൊന്നു ചാഞ്ഞിരുന്ന്, കണ്ണുകളില്‍ ഭീതിനിറച്ച്, അല്‍പ്പം ശബ്ദം താഴ്ത്തി പറഞ്ഞു, “ചെക്കാ.... ഒടിയനണ്.., ഒടിയന്‍.”

എനിക്കാകെ കണ്‍ഫ്യൂഷനായി. കുറച്ചുമുന്‍പേ പറഞ്ഞു വേലൂപ്പാടന്‍ പൊറിഞ്ചു ആണെന്ന്, ഇപ്പോള്‍ പറയുന്നു ഏതോ ഒരു ഓടിയനാണെന്ന്. “അപ്പോള്‍ പൊറിഞ്ചുനല്ലേ പനിച്ചേ?” എന്‍റെ സംശയം ചോദ്യമായി.
“അയ്യടീ..... ഇതാപ്പോ നന്നായെ...” എന്നും പറഞ്ഞ് അമ്മൂമ്മ പഴയമട്ടില്‍ തന്നെ പുറകിലേക്ക് ചാഞ്ഞിരുന്ന് കപ്പ കൊത്തിനുറുക്കുവാന്‍ തുടങ്ങി.അമ്മൂമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി ഞാന്‍ മറുപടിക്കായ് കാത്തിരുന്നു.ഇത്തിരിപോന്ന ഒരു നിശബ്ദതക്ക് ശേഷം, കപ്പ കൊത്തിയരിയുന്ന കത്തി വീണ്ടും നിശ്ചലമാക്കി അമ്മൂമ്മ പറയുവാന്‍ തുടങ്ങി,

“പറയന്മാരടെ എടേലും, കൊല്ലന്‍കോളനീലെ ചെലോര്‍ക്കും  ഒടിയന്‍വിദ്യ നല്ല വശാ.... പൊറിഞ്ചേട്ടനന്ന് യൂണീസിറ്റീല്  (യൂണിവേഴ‌‍്സിറ്റീല്) എറിച്ചിവെട്ട്ള്ള കാലാ.... ഏതാണ്ട് പുലര്ച്യാവും അറവും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍..... ഒരീസം...., അന്നിത്തിരി നേരത്തീണ് പൊറിഞ്ചേട്ടന്‍റെ വരവ്. ഏതാണ്ട് പാതിരോടടുതായിട്ടുണ്ട്. കൊല്ലന്മാര്ടെ എടോഴീല്‍ക്ക് തിരിയണ മൂലയ്ക്ക് എത്തീപ്പ്ണ്ട്, അവടെ ഒരാള്, നല്ല പൊക്കത്തില്... തീപ്പട്ടി ഉണ്ടോന്ന് പൊറിഞ്ചേട്ടനോട് ഒരു ചോദ്യം. തീപ്പട്ടി കൊടുക്കണേന്‍റെ  എടേല് അതെങ്ങന്യോ നിലത്തക്ക് വീണു. പൊറിഞ്ചേട്ടന്‍ അത് കുനിഞ്ഞെടുത്ത് നിവരാന്‍ നേരം ഇയാള്‍ടെ കാലുമേല്‍ക്ക് ഒരു നോട്ടം നോക്കി...... യെന്‍റെ പൊന്നേ.......” എന്നും പറഞ്ഞ്, താടിക്ക് കൈക്കൊടുത്ത് അമ്മൂമ്മ തുടര്‍ന്നു, “ഒന്നേ നോക്കീളോ..കണ്ടതെന്താ....? മനുഷ്യന്‍റെ കാല് വേണ്ടോട്ത്ത് രണ്ട് പോത്തുംകാല്..!!!! ഈ കാഴ്ച്ചകണ്ടതും വാഴ വെട്ടിട്ടോണല്ലേ പൊറിഞ്ചേന്‍ തല്ല്യലച്ചു വീണത്‌.. പൊറിഞ്ചേട്ടന്‍ മോശക്കാരനോന്നും അല്ലാട്ടാ.... നല്ല അസ്സല്ല് ധീരനാ.. പക്ഷെ പറഞ്ഞട്ടു എന്താ കാര്യം,പ്രതീക്ഷിക്കാണ്ട് ഇങ്ങനൊരു കാഴ്ച്ചകണ്ടാല്‍ ആരാ ബോധം കേടാണ്ടിരിക്ക്യാ...”
          
ഞാന്‍ അല്‍പ്പംകൂടെ ആശയകുഴപ്പത്തിലായി. ഒരു കഥാപാത്രംകൂടെ രംഗത്തെത്തിയിരിക്കുന്നു. ശെരിക്കും പനിച്ചതാര്‍ക്കാണെന്നു എനിക്കപ്പോഴും വ്യക്തമല്ല.അപ്പോള്‍ ഒടിയന്‍ ആരായിരിക്കും?? അമ്മൂമ്മയോടുതന്നെ ചോദിച്ചു,
“അപ്പൊ, ആരാ ഇതില് ഒടിയന്‍?”
“നിന്‍റെ അപ്പന്‍.. എണീറ്റ് പോടചെക്കാ ഇവടന്ന്..” അമ്മൂമ്മയുടെ സഹിക്കെട്ടുള്ള മറുപടി. അതോടെ എനിക്കൊരു സമാധാനം കിട്ടി.
          
അമ്മൂമ്മ എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നു. അമ്മൂമ്മ പറയുന്ന കഥകള്‍ പൂര്‍ണ്ണമായും മനസിലാക്കാന്‍ എനിക്ക് സാധിക്കാറില്ല. എന്നുകരുതി സംശയ നിവാരണത്തിനായി ചോദ്യങ്ങളൊന്നും.ചോദിച്ചേക്കരുത്, ശുണ്ഡി കയറും. അമ്മൂമ്മ പറയുന്ന കാര്യങ്ങളെല്ലാം എനിക്കറിയാം, അല്ലെങ്കില്‍ അറിയണം.. എന്നതാണ് അമ്മൂമ്മയുടെ നിലപാട്. എന്‍റെ സംശയങ്ങളെന്നും അങ്ങിനെത്തന്നെ അവശേഷിക്കും. ഈ സംശയങ്ങളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്താണ് മിക്കരാത്രികളിലും ഞാനെന്‍റെ ഉറക്കത്തിലേക്ക് എത്താറ്.

ചായക്കടക്കാരി സീതമ്മ, വിറക് കച്ചവടക്കാരന്‍ കൊന്തരമാന്‍, പൊറാട്ടുനാടകക്കാരന്‍ വാറുണ്ണി.......ഇങ്ങനെ അമ്മൂമ്മയുടെ പരിചയക്കാരുടെയും സതീര്‍ത്യരുടെയും ലിസ്റ്റ് നീണ്ടു കിടക്കുന്നു.ഇവരെല്ലാവരുംതന്നെ ഞാന്‍ ജനിക്കുന്നതിനും, കുറഞ്ഞത് പതിനഞ്ച് വര്‍ഷം മുന്‍പെങ്കിലും മരിച്ചുപോയവര്‍ ആയിരിക്കും. പക്ഷെ, ഇവരെ ആരെയെങ്കിലും അറിയുകയില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി പറഞ്ഞാല്‍ അമ്മൂമ്മക്ക് അല്‍ഭുതമാണ്.
“എന്തൂട്ടാ ഈ ചെക്കന്‍ പറയണേ... പൊറാട്ടുനാടകകാരന്‍ വാറുണ്ണിനെ അറിയാത്തോരു ഈ തൃശ്ശൂര്‍ രാജ്യത്ത്ണ്ടാ....” എന്ന് അമ്മാമ്മ അതിശയപ്പെടും.
          
മുന്പത്തെതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ അമ്മൂമ്മ കപ്പ നന്നാക്കുന്നത്.ഞാന്‍, അനാവശ്യ ചോദ്യം കുറുകേയിട്ട് കഥയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതിനുള്ള നീരസം മുഖത്തുണ്ട്.

സവിശേഷമായ ചടുലതയോടെ, ഒരു പ്രത്യേക താളത്തില്‍ അമ്മൂമ്മ കപ്പയുടെ തൊലി നീക്കിക്കോണ്ടിരുന്നു. അഴിഞ്ഞിറങ്ങിയ, മണ്‍നിറവും, ഇളം വയലറ്റ്‌ നിറവും, ഇളം റോസ് നിറവുമെല്ലാം മിശ്രിതമായ മേലാവരണങ്ങള്‍ താഴേക്ക്, ഒരു ചുരുള്‍ രൂപത്തില്‍ തൂങ്ങി നില്‍ക്കുന്നു. അമ്മൂമ്മയുടെ കയ്യിലിരിക്കുന്ന കത്തിയുടെ ചലനമനുസരിച്ച് അവയ്ക്ക് നീളം കൂടിക്കൊണ്ടേയിരുന്നു. കപ്പയുടെ നഗ്നതയില്‍ അമ്മൂമ്മയുടെ കൈയ്യിലെ മണ്ണെല്ലാം പറന്നു കിടക്കുന്നു. ഇതെല്ലാംനോക്കി നിശബ്ദനായി ഞാന്‍ ഒരരികത്തിരുന്നു.

അല്‍പ്പം കഴിഞ്ഞ് അമ്മൂമ്മ കഥയിലേക്ക്‌ തിരികേയെത്തി.
“പറയന്‍മാര് മന്ത്രം ചെയ്താണ് ഓടിയന്മാരാവണത്. മന്ത്രത്തിന്‍റെ ശക്തീല് ഒരു രാത്രിമുഴുവന്‍ പോത്തുംകാല് വച്ച് അവര് ആള്‍ക്കാരെ പേടിപ്പിക്കും.”
എന്തിന്, എന്ന ചോദ്യം എന്‍റെ മനസ്സില്‍ തികട്ടിനിന്നു, ചോദിച്ചില്ല. അത് മനസിലാക്കിയിട്ടോയെന്തോ, അമ്മൂമ്മ അതിന്‍റെ കാരണവും വിശദീകരിച്ചു.
പോത്തുംകാലുക്ക‌‍‍ണ്ട്‌ പേടിച്ചു ബോധംക്കെട്ട് വീഴുന്നവരുടെ കയ്യിലുള്ള പൊന്നും, പണവുമെല്ലാം അവര്‍ അപഹരിക്കുമത്രേ..!!!
നല്ലകഥ. യക്ഷീം ഇങ്ങനെതന്ന്യാവോ?? എനിക്ക് വീണ്ടും കണ്‍ഫ്യൂഷ്യന്‍ ആയി.

പോത്തുംകാലുക്കാട്ടി ആളുകളെ ബോധംക്കെടുത്തി പൊന്നും പണവും കവരുന്ന ഒരു യക്ഷിയെ എനിക്ക് എത്രശ്രമിച്ചിട്ടും സങ്കല്‍പ്പത്തില്‍ വരുത്തുവാന്‍ സാധിക്കുന്നില്ല. ഇനി, ഇതൊക്കെതന്ന്യാണ് യക്ഷി എന്നെങ്കില്‍കൂടി, വല്ല്യമ്മ അത്തരക്കാരിയാവാന്‍ വഴിയില്ല. ഞായറാഴ്ച്ച കുറുബാനക്കല്ലാതെ വല്ല്യമ്മ വീടിനു പുറത്തിറങ്ങാറില്ല. പിന്നെയെങ്ങിനെ ആളുകളെ പേടിപ്പിച്ചു പൊന്നും പണവും കവരും? വല്യമ്മയുടെ ഒരു കാലില്‍ മന്തുണ്ട് എങ്കിലും, അതൊരിക്കലും പോത്തുംകാല്‍ അല്ലായെന്ന് എനിക്കറിയാം. അമ്മൂമ്മ പറയുന്നതില്‍ വല്ല വാസ്തവവും കാണോ.....? സംശയങ്ങള്‍ ഇങ്ങനെ എന്‍റെ മനസ്സില്‍ പെരുകിക്കൂടി.

“യക്ഷിക്ക് പോത്തുംകാലാണോ?” രണ്ടും കല്‍പ്പിച്ച് ഞാന്‍ അമ്മൂമ്മയോട് ചോദിച്ചു.
“ഹേയ്..... യക്ഷി ഇതുമാതിര്യോന്നും അല്ല.” അമ്മൂമ്മ ആവേശത്തോടെ, കണ്ണുകള്‍ വിടര്‍ത്തി, പദാനുപദങ്ങളുടെ കൈമുദ്രകള്‍ കാട്ടി, അനുയോജ്യ മുഖഭാവങ്ങള്‍ ചേര്‍ത്തുവച്ച് വര്‍ണ്ണിക്കുവാന്‍ തുടങ്ങി,
“ദുര്‍മ്മരണപ്പെടുന്ന വല്ല്യവല്ല്യ സുന്ദരികള് മാത്രേ യക്ഷി ആവുള്ളൂ. തീപ്പന്തം പോല്യാവും അവറ്റോള്‍ടെ കണ്ണുകള്. മുട്യാണെങ്കി..... കാലിന്‍റെ കൂച്ചി വരീണ്ടാവും. അതി......ങ്ങനെ അഴിച്ച് പരത്തീട്ട് നടക്കും. സാധാ സമയോം മുറുക്കലെന്നെ മുറുക്കല്.. അതോണ്ടെന്താ, ചുണ്ട് ഇങ്ങനെ.. ചോക ചോകാന്നിരിക്കും.”
'ഇവറ്റൊള്‍ക്ക് എവടന്നണാവോ ഇക്കണ്ട മുറുക്കാനൊക്കെ കിട്ടണത്?'  അതിനിടയില്‍ അമ്മൂമ്മയുടെ ആത്മഗതം.
“ഇത്ങ്ങളെ തിരിച്ചറിയാനായിട്ട് ഒരൊറ്റ മാര്‍ഗാ ഉള്ളോ..കാലുമ്മയ്ക്ക് നോക്കണം. നെലം തൊടാണ്ടാവും ഇവരടെ നടപ്പ്.”

“ഇത്രേം സുന്ദരികള്‍ ആണെങ്കില്‍ പിന്നെന്തിനാ ആള്‍ക്കാര് യക്ഷ്യോളെ പെടിക്കണേ?”   എന്നില്‍നിന്നും ആ ചോദ്യം പ്രതീക്ഷിച്ചെന്നോണം, ചോദ്യം തീരുംമുന്പേ അമ്മൂമ്മ മറുപടി തുടങ്ങി,
“ചെക്കാ, ഈ പൊറംമോട്യൊക്കെ അവര്ടെ സൂത്രങ്ങളണ്. ആണുങ്ങളെ വശത്താക്കാനുള്ള സൂത്രങ്ങള്!! ഇതൊക്കെ കാട്ടി ആണുങ്ങളെ വശീകരിച്ചെടുത്ത്, കൊറേശ്ശെ  കൊറേശ്ശ്യായി അവരുപോലും അറിയാണ്ട് അവര്ടെ ചോരേം നീരുമൊക്കെ ഊറ്റിയെടുത്ത് തീരുമ്പം യക്ഷ്യോള് തനി സ്വരൂപം പൊറത്തെടുക്കും. പിന്നെ ഇവറ്റോള് തനി പിശാച്ക്കളാവും, ചൊടല പിശാച്ക്കള്.”
 “ചൊടല പിശാച്ക്കള് എങ്ങന്യാ?” എന്‍റെ ആകാംക്ഷ.
“ചൊടലകളാ....  അവറ്റ ഒരു തെങ്ങോളം വലുപ്പം കാണും. അതിനൊത്ത കറുകറുത്ത തടീം... നീണ്ട പല്ലുണ്ടാവും, തലേല് രണ്ടു കൊമ്പും.. മുടി..., കമ്പി വളച്ചപോലെ  ഇങ്ങനെ പിര് പിരാന്നിരിക്കും.....,,
        
അമ്മൂമ്മ യക്ഷിയുടെ വിവരണങ്ങള്‍ തുടര്‍ന്നു. ഞാന്‍ എന്‍റെ ചിന്തകളുടെ ചിത്രശാലയില്‍ രണ്ട് യക്ഷികളെ മെനെഞ്ഞെടുക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. തീപ്പന്തം ആവാഹിച്ച കണ്ണുകളോടെ, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി ഇരയെ പ്രതീക്ഷിച്ച് നിലം തൊടാതെ നില്‍ക്കുന്ന സുന്ദരിയായ യക്ഷി. ആ സൗ‌ന്ദര്യോത്സവത്തില്‍ ആടിതിമിര്‍ക്കാന്‍ മയങ്ങിയെത്തുന്ന പുരുഷന്മാരുടെ ചോരയും നീരും അവര്‍പോലും അറിയാതെ ഊറ്റികുടിച്ച്, അലറിച്ചിരിച്ച്, ഒരു തെങ്ങോളം നിവര്‍ന്നു നില്‍ക്കുന്ന ഭീകരരൂപിയായ ചുടലയക്ഷി!!!
പക്ഷെ, ഇവക്ക് രണ്ടിനും അമ്മായിയുടെ മുഖച്ചായയും, സാദൃശ്യവും വരുന്നില്ല, വീണ്ടും വീണ്ടും ശ്രമിച്ച്നോക്കിയിട്ടും.
തുടരും....


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.