Monday, 18 January 2010

താത്ത!!!!!!

3 പെഗ്ഗുവരെ സാധാരണരീതിയില്‍ ഞാന്‍ ഓവര്‍ ആവാറില്ല. പക്ഷെ നാലാമത്തെ പെഗ്ഗുമുതല്‍ ഞാന്‍പോലുമറിയാതെ എന്നില്‍ ചിലമാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങും.. അതിന്‍റെഭാഗമായി പുതിയചില കണ്ടുപ്പിടുത്തങ്ങള്‍ നടത്തുക, ചില വെളിപ്പാടുകള്‍ ഉണ്ടാവുക, വിചിത്രമായ ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുക, മള്‍ട്ടി നാഷണല്‍ പ്രശ്നങ്ങളില്‍ ഇടപെടുക എന്നിവയെല്ലാം ഉണ്ടായേക്കാം.

നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ത്രിശൂര്‍ പുത്തന്‍പള്ളിയിലെ പെരുനാളുധിനത്തില്‍ അത്തരമൊരു വെളിപാടെനിക്കുണ്ടായി . പെരുനാളുംകണ്ട് വളരെ സമാധാനപരമായി നടന്നുപോകുന്ന യുവാക്കളുടെയോ, കുടുമ്പങ്ങളുടെയോ കൂട്ടത്തിലെക്കുകയറി, വളരെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ഒരു പീപീ അവരുടെ ചെവിയോടുപിടിചൂതിയാല്‍ അവര്‍ വളരെഅധികം സന്തോഷിക്കും എന്നതായിരുന്നു എനിക്ക് എങ്ങിനെയോ ലഭിച്ച വെളിപ്പാട് .

ആരീതിയില്‍ ,ഒരുകൂട്ടംയുവാക്കളെ ഞങ്ങള്‍ സന്തോഷിപ്പിക്കാന്‍ ശ്രെമിച്ചപ്പോള്‍, പോലീസ് ലാത്തിയെക്കാള്‍ വലുപ്പമുള്ള കരിമ്പ് കൊണ്ട് അവര്‍ എന്‍റെയും മറ്റുചില സുഹൃത്തുക്കളുടെയും മുതുകത്തു നടത്തിയ നന്ദിപ്രകടനത്തിന്‍റെ വേദന ഇപ്പോഴും പനി, ജലദോഷം മുതലായ അസുഖങ്ങള്‍ വരുമ്പോള്‍ ചെറുതായി അനുഭവപ്പെടാറുണ്ട്.

ഈ സംഭവം കഴിഞ്ഞു കുറച്ച് നാളുകള്‍ക്കു ശേഷം നാലാമത്തെ പെഗ്ഗും കഴിച്ച്‌ ധ്യാനനിമഗ്നനായി വയലിനോട്‌ ചേര്‍ന്ന തെങ്ങിന്‍തോപ്പില്‍ കിടക്കുമ്പോള്‍ എനിക്കൊരു ആഗ്രഹമുണ്ടായി, തമിഴ്നാട്ടില്‍ പോകണം!!!

അങ്ങിനെ, ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് മറ്റൊരു സുഹൃത്തിന്‍റെ ഇന്നോവ കാര്‍ വാടകക്കുവിളിച്ചു യാത്ര ആരംഭിച്ചു. എന്‍റെയൊരു കസിന്‍ മാനേജര്‍ ആയിരിക്കുന്ന ബാറില്‍ കയറി വയറുനിറയെ എല്ലാവരും വീണ്ടും കുടിച്ചു, വഴിചിലവിനായി നാല് ഫുള്‍കുപ്പി വൈറ്റ്മിസ്ചീഫ് ബ്രാണ്ടിയും വാങ്ങി കടം പറഞ്ഞു.

രാവിലെ ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ഊട്ടിയില്‍. ഒരു റൂം അറേഞ്ച് ചെയ്യുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച്പ്പോഴാണ് ആരുടേയും കയ്യില്‍ കാശ് ഇല്ലെന്ന സത്യം വളരെ കൂള്‍ ആയി ഞങ്ങള്‍ തിരിച്ചറിഞ്ഞത്. സഹൃദയനായ ഞങ്ങളുടെ ഡ്രൈവര്‍ സുഹൃത്തിന്‍റെ കൈവശം തലേനാള്‍ ഏതോ ഓട്ടം പോയവകയില്‍ കിട്ടിയതടക്കം ഒരു ആറായിരത്തോളം രൂപ ഉണ്ടായിരുന്നതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ തിരിച്ചെത്തി.

പക്ഷെ, പറയാന്‍ വന്നത് ഇതൊന്നുമല്ല. ഈ പോക്കിനും വരവിനും ഇടയിലുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ്. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ കോയമ്പത്തൂര്‍ കഴിഞ്ഞു. അധികം പരിഷ്കാരങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാ തമിഴ് ഗ്രാമത്തിലൂടെ കാര്‍ മുന്നോട്ടു പോകുന്നു. എന്‍റെ പ്രിയ്യപ്പെട്ട സുഹൃത്ത്‌ ഉണ്ണിബിജുവിന്‍റെ പാട്ടിനു ഞങ്ങള്‍ താളമിട്ടുക്കൊണ്ടിരിക്കുമ്പോള്‍ കുറച്ചകലെ ഒരു ആള്‍ക്കൂട്ടം, ഉച്ചത്തിലുള്ള മേളം, ഡപ്പാന്‍കുത്തു ഡാന്‍സ്.
ഇത് കണ്ടതും മുന്‍സീറ്റില്‍ ഇരിക്കുന്ന സഹീര്‍ അലറി. " വണ്ടി നിറുത്ത്............"

സഹീര്‍നെകുറിച്ചു രണ്ടു വാക്ക് : അവന്‍ ഞങ്ങളുടെ ആശയാണ്, ആവേശമാണ്, പ്രചോധനമാണ്, അഹങ്കാരമാണ്, നല്ല ഇടി മാനത്തുകൂടെ പോവുകയാണെങ്കില്‍ കോണിവച്ചിട്ടാണെങ്കിലും കയറി വാങ്ങും. അത്രയ്ക്ക് മര്യാദകാരനുമാണ്.
ആള്‍ക്കൂട്ട ത്തിനോടുചെര്‍ന്നു വണ്ടി നിറുത്തുന്നതിന് മുന്‍പേ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങുന്നത്പോലെ സഹീര്‍ ചാടി ഇറങ്ങി അവരോടൊപ്പം തുള്ളാന്‍ ആരംഭിച്ചു.

ഒരു വീടിന്‍റെ മുന്‍പിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. വീടിന്‍റെ മുന്‍വശത്ത് കെട്ടിയിരിക്കുന്ന കൊച്ചു പന്തലില്‍ ഒരു മൃതശരീരം കിടത്തിയിരിക്കുന്നു. വളരെയധികം പ്രായമായ ഒരു മനുഷ്യ‌ന്‍റെത്. അതിനടുത്തിരുന്നു ചില സ്ത്രീകളൊക്കെ മൂക്കുതുടക്കുകയും കണ്ണുനീര്‍ ഒലിപ്പിക്കുകയും ചെയ്യുന്നുണ്ട്. രംഗം പന്തിയല്ലെന്ന്കണ്ടപ്പോള്‍ ഞങ്ങള്‍ സഹീര്‍നോട് പറഞ്ഞു," പോകാം... ഇത് ആരോ മരിച്ച വീടാണ്. നമ്മള്‍ വിചാരിച്ചപോലെ ഉല്സാഹമല്ല"

മരണവീടാണെന്നു അറിഞ്ഞതും സഹീര്‍ വികാരാധീനനായി. കൂടെ തുള്ളിക്കൊണ്ടിരിക്കുന്ന ഒരു പാണ്ടി പയ്യനോട് അറിയാവുന്ന തമിഴില്‍ ചോദിച്ചു, " യാരാ മരിച്ചത്? " പയ്യന്‍ മറുപടി പറഞ്ഞു, "താത്ത".

എന്നാല്‍ താത്തയെ അവസാനമായി ഒരുനോക്കു കാണെണമെന്നായി സഹീര്‍. അതിന്‍റെ ആവശ്യമില്ലെന്ന് ഞങ്ങളും.മൃതദേഹത്തോട് കാണിക്കേണ്ട ആദരവിനെകുറിച്ചും, ജീവിതത്തിന്‍റെ നിരര്‍ത്ഥതയെ കുറിച്ചും സഹീര്‍ ഒരു ലഘു പ്രഭാഷണം നടത്തി. നമ്മളും ഇതുപോലെ ഒരുനാള്‍ മരിക്കുമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. അത്രയും കേട്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി, മണ്ണിലേക്ക് മടങ്ങുന്ന മനുഷ്യന്‍....... അവസാനമായി ഒന്ന് കണ്ടേക്കാം.      

മൃതശരീരത്തിനടുത്ത് അങ്ങിങ്ങായി ഇരിക്കുന്ന അസ്സല്‍ പാണ്ടികള്‍ക്കിടയിലേക്ക്, ബര്‍മൂഡായും, ടി ഷര്‍ട്ടും ധരിച്ചു ഞങ്ങള്‍ കയറിചെന്നപ്പോള്‍ എല്ലാവരുടെയും മുഖത്ത് വിസ്മയം!!! കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ എഴുനേറ്റുവന്ന് , പുറംനാട്ടില്‍ നിന്നുവന്ന ബന്ധുക്കള്‍ എന്ന രീതിയില്‍ അഭിമാനപൂര്‍വ്വം ഞങ്ങളെ വരവേറ്റു. താത്ത മരിച്ചതിനെകുറിച്ച് എന്തൊക്കെയോ തമിഴില്‍ പറഞ്ഞു.

ചന്ദനതിരിയുടെയും മറ്റും ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ എനിക്ക് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.ഞാന്‍ പുറത്തേക്കു കുറച്ചുമാറിനിന്നു. അതെ പ്രശ്നം അനുഭവപ്പെട്ടതിനാല്‍ സഹീര്‍ ഒഴിച്ച് ഭാക്കിയുള്ളവരും കുറച്ചു പുറകിലെക്കുമാറി.

മരിച്ചുകിടക്കുന്ന താത്തക്ക്‌ മുന്‍പില്‍ കൂപ്പുകൈകളോടെ നില്‍ക്കുകയാണ് സഹീര്‍. അവന്‍റെ മുഖത്തിന്‍റെ ഒരുഭാഗം എനിക്ക് വ്യക്തമായി കാണാം. ആസമയത്തെ അവന്‍റെ മുഖഭാവം അഭിനയത്തിന്‍റെ മൊത്തക്കച്ചവടക്കാരായ രാഷ്ട്രീയ, സിനിമാ നടന്മാര്‍ക്കുപോലും പ്രതിഫലിപ്പിക്കുക അസാധ്യമായിരിക്കും.

ആനില്‍പ്പു കുറച്ചുസമയംകൂടെ അവന്‍ തുടര്‍ന്നു. അതിനുശേഷം മൃതദേഹത്തിന്‍റെ കാല്‍തൊട്ടു വന്ദിക്കുന്നതിനായി പതിയെ കുനിഞ്ഞു. സഹീര്‍ ഒന്ന് തേങ്ങി.... സഹീര്‍ തകര്‍ക്കുന്നുണ്ട്, മികച്ചപ്രകടനം...ഞാന്‍ മനസ്സില്‍ കരുതി. അടുത്തനിമിഷം സഹീര്‍ ഒരു അലര്‍ച്ചയോടെ പാവം താത്തയുടെ ദേഹത്തേക്ക് ശര്‍ദ്ദിച്ചു.

വാള്‍.......... വാളെന്നുപറഞ്ഞാല്‍, കൊടുവാള്‍....... താത്തയുടെ മുഖത്തേക്ക് എത്തിയില്ലയെന്നെയുള്ളൂ .
ഒരുനിമിഷം എല്ലാവരും സ്തബ്ധരായി....

പുളിമരത്തില്‍ കെട്ടിയിട്ടു പട്ടമടല്‍ ഉപയോഗിച്ച് പാണ്ടികള്‍ ഞങ്ങളെ തല്ലുന്നൊരു ദൃശ്യം എന്‍റെ മനസിലൂടെ ഇരമ്പിപാഞ്ഞു .

ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല, സഹീര്‍നെയുംകൊണ്ട് വണ്ടിയില്‍കയറുവാന്‍ വിളിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ ആദ്യം ചാടി വണ്ടിയില്‍ കയറി.ഡോര്‍ന്‍റെ വശങ്ങളില്‍ ഇരുന്നാല്‍ വലിച്ചുപുറത്തേക്കിട്ടു കുനിച്ചുനിര്‍ത്തി മുതുകത്തിടിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്‍കാലഅനുഭവങ്ങളില്‍നിന്നും ഞാന്‍ മനസിലാക്കിയിരുന്നു. അതിനാല്‍ നേരെ ലഗേജുസ്പെയ്സില്‍ കടന്ന്‌ അവിടെ കിടന്നു.

പാണ്ടികളുടെ ഡേയ്...........ഡേയ് ..........എന്നവിളികള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
എല്ലാവരും വണ്ടിയില്‍ കയറി. സഹീര്‍ന്‍റെ അരക്ക്നിന്നും മേല്‍പ്പോട്ടുള്ള ഭാഗം വണ്ടിക്കകത്ത് ഞങ്ങളുടെ കയ്യില്‍, കീഴ്പ്പോട്ടുള്ള ഭാഗം പുറത്ത് പാണ്ടികളുടെ കയ്യിലും.... അവര്‍ കാലില്‍പിടിച്ച് അവനെ പുറത്തേക്കും, ഞങ്ങള്‍ അകത്തേക്കും വലിച്ചുക്കൊണ്ടിരിക്കുന്നു.

നൂറ്റിപ്പത്തു കിലോയോളം വെയ്റ്റ് ഉള്ള രാജേഷിന്‍റെ പവര്‍ ഈ സമയം ഞങ്ങള്‍ക്ക് തുണയായി. പുറത്തുനിന്നു സഹീര്‍നെ വലിക്കുന്ന പാണ്ടികളെ അവന്‍ കാറിലിരുന്നു ചവിട്ടിവീഴ്ത്തി. സഹീര്‍ന്‍റെ കുറച്ചുഭാഗം വെളിയിലായിരിക്കുന്ന അവസ്ഥയില്‍ത്തന്നെ കാറ് പാഞ്ഞു പോയി......
അതിനുശേഷം എത്ര മദ്യപിച്ചാലും എനിക്ക് തമിഴ്നാട്ടില്‍ പോകണമെന്ന് തോന്നാറില്ല.................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.