Sunday 14 August 2011

അവിഹിതം. (A)


(തികഞ്ഞ അശ്ലീലവും, സദാചാരവിരുദ്ധവും ആയതിനാല്‍ ഈ പോസ്റ്റിന്‍റെ വായന പ്രായപ്പൂര്‍ത്തിയായ സദാചാരവിരുദ്ധര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.)

രാത്രിയില്‍ അന്യ വീടിന്‍റെ മതില്‍ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജെയിന്‍ ചേച്ചിയാണ്. പള്ളിയില്‍നിന്നും മടങ്ങിവരുന്ന ജെയിന്‍ ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ് പുണ്ണ്യവാളന്‍റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളില്‍ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകാറുണ്ട്.
സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താല്‍ എങ്ങനെയിരിക്കും, അതാണ് ജെയിന്‍ ചേച്ചി. കൃത്യതയോടെ വരിഞ്ഞ്ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നില്‍ക്കുന്ന, പാല്‍പോലുള്ള വയറിന്‍റെ ദര്‍ശനം നല്‍കുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായില്‍നോക്കികള്‍ കപ്പേളക്ക് മുന്‍പില്‍ വരിയിട്ടിരിക്കുന്നത്.
അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജെയിന്‍ ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൌഹൃദം എനിക്കുണ്ടാകുമെന്ന്. ഒരു പ്രത്യേക കാരണത്താല്‍ പരിചയപ്പെട്ട അവരോട്, പല കാരണമില്ലായ്മയും കാരണമാക്കി എന്തും പറയാവുന്ന ഒരു സൌഹൃദ തലത്തിലേക്ക് ഞാന്‍ എത്തിച്ചേരുകയായിരുന്നു.

രാത്രിയില്‍ സാധിക്കാവുന്നയത്രനേരം ഫോണില്‍ സംസാരിക്കുന്നതാണ് ഞങ്ങളുടെ പ്രധാന കലാപരിപാടി.
മരണത്തിനും അപ്പുറത്തെ നിത്യജീവന്‍, സാന്മാര്‍ഗികതയുടെ നിര്‍ബന്ധകത,റോമിലിരിക്കുന്ന പോപ്പ്‌, ഇറാക്കും ജോര്‍ജ്ജ് ബുഷും,  യുദ്ധഭൂമിയിലെ വിലാപങ്ങള്‍, വൈദേശിക കുത്തകകള്‍, ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോള്‍,
സാനിയ മിര്‍സയുടെ തുട, രേഷ്മയുടെ പെര്‍ഫോമന്‍സ്‌, വൈവിധ്യ അനുഭൂതികള്‍, സ്വയം ഭോഗത്തിന്‍റെ ആവശ്യകത എന്നിങ്ങനെ വികാരവല്ക്കരിക്കപ്പെടുകയാണ് പതിവ്‌.
അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള ജെയിന്‍ ചേച്ചിയുടെ വര്‍ണനാ മികവ് എടുത്ത് പറയേണ്ടതാണ്.
ആ മികവില്‍ ലയിച്ച്, മൂലളുകള്‍ക്ക് കനം കുറഞ്ഞ്, ശ്വാസഗതി വര്‍ദ്ധിച്ച അവസ്ഥയില്‍ ഞാന്‍ എത്തിച്ചേരുമ്പോള്‍ പൊടുന്നന്നെ ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജെയിന്‍ചേച്ചി പറയും,
“ ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊന്നുമോനെങ്കില്‍ അതിന്‍റെ ക്രെഡിറ്റ്‌ എനിക്ക് വേണ്ട. തന്നത്താനങ്ങ് ചെയ്താല്‍ മതി.”
പിന്നീട്, “ പ്ലീസ്‌...” എന്ന്പോലും പറയുവാനുള്ള സമയം എനിക്ക്തരാതെ ഫോണ്‍ കട്ടാക്കി സ്വിച്ച് ഓഫ്‌ ആക്കുകയും ചെയ്യും.
ഞാന്‍ എന്തോപ്പോയ അണ്ണാന്‍റെ കൂട്ട് ഹിറ്റ്ലര്‍ സിനിമയില്‍ മച്ചാന്‍ വര്‍ഗീസ്‌ കിടക്കുന്നപ്പോലെ മേലോട്ട്നോക്കി കിടക്കും.

നല്ല തണുപ്പുള്ള ഒരു മഴക്കാല രാത്രിയില്‍ ജെയിന്‍ചേച്ചിയുടെ സംസാരംകേട്ട് ചൂടുപ്പിടിച്ച് കിടക്കുമ്പോള്‍ അപ്രതീക്ഷിതമായി ജെയിന്‍ചേച്ചിയില്‍നിന്നും ആ ചോദ്യമുണ്ടായി,
“ നീയിങ്ങോട്ട് വരുന്നോ?”
ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്ന ചോദ്യം. എങ്ങിനെ അങ്ങോട്ട്‌ ചോദിക്കും എന്നതിനെക്കുറിച്ച് നിരന്തരം ആകുലപ്പെട്ടിരുന്ന ചോദ്യം. ഇപ്പോഴിതാ ഒട്ടുംഅങ്ങട് നിരീക്കാത്ത നേരത്ത് മുന്‍പിലവതരിച്ചിരിക്കുണു.
ആ ചോദ്യം കേട്ടനിമിഷം മുതല്‍ മണ്ണുത്തിയിലെ നേഴ്സറികളില്‍, ചെടികള്‍ക്ക് വളമിടാനായി ആട്ടിന്‍ക്കാട്ടം വല്ല്യ കല്ലൊരലുകളില്‍ ഇട്ട് ഇടിക്കുന്ന കൂട്ടാണ് എന്‍റെ നെഞ്ച് ഇടിക്കുന്നത്. എങ്കിലും ഒന്നുമേ മനസ്സിലാകാത്തപോലെ നിഷ്കളങ്കമായി ഞാന്‍ ചോദിച്ചു, “എങ്ങോട്ട്?

ഈ ചോദ്യംചോദിച്ച സമയംക്കൊണ്ട് ഞാന്‍, വീട്ടുക്കാരറിയാതെ ബൈക്ക് ഉന്തി പുറത്തേക്ക് ഇറക്കുന്നതുമുതല്‍ ജെയിന്‍ ചേച്ചിയുടെ വീട്ടില്‍ എത്തിച്ചേരുന്നവരേക്കുള്ള കര്‍മ്മപരിപാടികളുടെ കാര്യത്തില്‍ ഏകദേശധാരണയില്‍ എത്തിയിരുന്നു.
“അതിവേഗം ബഹുദൂരം” എന്ന ഉമ്മന്‍ചാണ്ടി ലെയനില്‍ ആ സമയത്ത് പെട്ടെന്നൊരു വിശ്വാസം തോന്നിയതിനാല്‍, സാധാരണ രീതിയില്‍ ആവശ്യമായി വരുന്നതിന്‍റെ നാലിലൊന്ന് സമയംക്കൊണ്ട് ഞാന്‍ ജെയിന്‍ചേച്ചിയുടെ വീടിനടുത്തെത്തി.

അസമയത്ത് റോഡ്‌സൈഡില്‍ ബൈക്ക്കണ്ട് ആളുകള്‍ സംശയിക്കെണ്ടെന്നു കരുതി, റോഡിനിരുവശവും പരന്നുകിടക്കുന്ന പാടത്തിനരികിലായുള്ള ഒരു വൈക്കോല്‍ കൂനയില്‍ ബൈക്ക്‌ ചാരിയിട്ട് അതില്‍ വൈക്കോല്‍ ഇട്ട് മൂടിക്കൊണ്ടിരിക്കുമ്പോള്‍ ജെയിന്‍ചേച്ചി വിളിച്ചു.
“നീ വരുന്നില്ലേ?”
വീടിനടുത്തുതന്നെ ഉണ്ടെന്നും, ബൈക്ക്‌ വൈക്കോല്‍ക്കൊണ്ട് മൂടുകയാണെന്നും ഞാന്‍ അറിയിച്ചു.
“പിന്നേ..., വരുമ്പം മുന്‍വശത്തെ റോട്ടിലൂടെ വരരുത്, ആ വര്‍ക്ക് ഷോപ്പില് ചെലപ്പോ ആളുകളുണ്ടാകും.”
“പിന്നെ എതിലൂടെ വരും?”
“പിന്‍വശത്തൂടെ, പാടം വഴി വന്നാല്‍ മതി.”
“പാടത്ത് മുഴുവന്‍ വെള്ളല്ലേ? ആകെ ചളിക്കെട്ടി കെടക്കായിരിക്കും”
“നീ വേണോങ്കില്‍ വാ, അല്ലേല്‍ തിരിച്ച്പ്പൊക്കോ...”

കുറെയേറെ കഷ്ട്ടപ്പെട്ടാലും ജെയിന്‍ചേച്ചിയുടെ അടുത്ത് എത്തണം എന്നുതന്നെ ഞാന്‍ തീരുമാനിച്ചു. കാരണം, ഈ ശുഷ്ക്കാന്തിയുംക്കൊണ്ട് നടക്കാന്‍ തുടങ്ങീട്ട് ഇശ്ശി കാലായി.
ഇതൊന്ന് എവിടേലുംക്കൊണ്ട് പ്രയോഗിക്കാന്‍ ഇക്കാലമത്രയും തരപ്പെട്ടിരുന്നില്ല.
ഈ ഫോണ്‍ സംസാരവും ഈങ്ക്വിലാബ് വിളിയും മാത്രമായി എത്രക്കാലംന്നച്ചാ... എന്ന്‍ ചിന്തിക്കാന്‍ തുടങ്ങീട്ട് കുറച്ചായിരുന്നു. അപ്പോഴാണ്‌ നേര്‍ക്ക്നേര്‍ ഏറ്റുമുട്ടാന്‍ ഇങ്ങനെ ഒരു അവസരം ഒത്തത്. അത് പ്രയോചനപ്പെടുത്താതിരിക്കരുതല്ലോ.

നിലാവെളിച്ചത്തില്‍ പാടംമൊത്തമായി ഞാന്‍ ഒന്ന് വിലയിരുത്തി. ഉഴുതുമറിച്ച് നല്ല വൃത്തിയായി വരമ്പ് കെട്ടിയിട്ടിരിക്കുന്നു.
വരമ്പിലൂടെ നേരെ കുറേ നടന്ന്, പിന്നെ വലത്തോട്ട്തിരിഞ്ഞ് വീണ്ടും കുറേ നടന്നാല്‍ ജെയിന്‍ചേച്ചിയുടെ വീടിന് പുറകുവശം എത്താം. പക്ഷേ, വരമ്പ്‌ ഒഴിവാക്കി പാടം മുറിച്ചുകടന്നാല്‍ ഇതിന്‍റെ പകുതി സമയംമതി എന്നതിനാല്‍ ഞാന്‍ ആ വഴി തീര്‍ച്ചപ്പെടുത്തി.

റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കല്‍ഭിത്തിയില്‍ കയറിനിന്ന്, മൊബൈല്‍ഫോണില്‍ നിന്നുമുള്ള അല്പ്പ പ്രകാശത്തിന്‍റെ സഹായത്താല്‍ ഇഴജന്തുക്കള്‍ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി, ഞാന്‍ പാടത്തെക്കിറങ്ങി.

വളരെ അടുത്തദിവസങ്ങളിലാണ് പാടം ഉഴുതിരിക്കുന്നത്. മണ്ണെല്ലാം ഇളകിക്കിടക്കുന്നു.
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്. ഞാന്‍ ഓരോ കാല്‍വൈപ്പും വളരെ ശ്രദ്ധാപൂര്‍വ്വമാണ് നടത്തുന്നത്. എന്നിട്ടും ഒരുപാടിടങ്ങളില്‍ കാല്‍ ചെളിയില്‍ പൂഴ്ന്നു. അവ വലിചെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ ഞാന്‍ ചെളിവെള്ളത്തില്‍ കുളിക്കുകയും ചെയ്തു.

“എന്തായി?” പാടം ഏതാണ്ട് തീരാറായപ്പോള്‍ ജെയിന്‍ചേച്ചിയുടെ അന്വേഷണം.
 ‘കള്ളി, ഞാന്‍ എത്താണ്ട് തിരക്കായി....’ എന്ന് ഒരു ഉള്‍ക്കുളിരോടെ ചിന്തിച്ചുക്കൊണ്ട് ഞാന്‍ മറുപടി കൊടുത്തു, “പാടം തീരാറായി. ഇപ്പൊ എത്തും.”

“പാടം കഴിഞ്ഞാല്‍ പിന്നങ്ങട്, കൊറച്ച് ഭാഗം നെറയെ പൊന്ത്യാ...”
“വല്ല പാമ്പും ഇണ്ടാവോ?” അല്‍പ്പം ശങ്കയോടെ ഞാന്‍ അന്വേഷിച്ചു.
“ഇണ്ടാവാണ്ടിരിക്കില്ല്യ.” ജെയിന്‍ചേച്ചിയുടെ വളരെ കൂള്‍ ആയുള്ള മറുപടി.
“പിന്നേ.....,” ജെയിന്‍ചേച്ചി തുടര്‍ന്നു.
“ പൊറകിലെ മതിലിന്‍റെ അടുത്തായിട്ട് ഒരു കിണറ്‌ണ്ട്”
“കിണറോ.....??” ഞാന്‍ നടത്തം നിര്‍ത്തി ചോദിച്ചു.
“ആ... കിണറ്. ഇങ്ങനെ വട്ടത്തില്, നല്ല ആഴായിട്ട്.... ആളുകള് അതീന്ന് വെള്ളോംക്കെ കോരി എടുക്കും......”
“വിസ്തരിക്കണ്ട, കിണറ് എന്താണെന്ന് എനിക്കറിയാം. അതിവടെക്കൊണ്ട് പണ്ടാറടങ്ങീത് എന്തിനാന്നാ ചോദിച്ചത്?” അല്‍പ്പം ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു.
“അവടെ കിണറ് കുഴിച്ചേന്‍റെ കാരണം പറയാനല്ല ഞാന്‍ വിളിച്ചത്. കിണറിനു ചുറ്റുമതിലില്ല, ആ ഭാഗത്ത്‌ നെറയെ പൊന്ത്യായതോണ്ട് അത് പെട്ടന്ന് കാണേം ഇല്ല. അതില് ചെന്ന്ചാടി ആ വെള്ളം നാശാക്കണ്ട.”
“അപ്പൊ എങ്ങനെ മനസ്സിലാകും കെണറാണോ അല്ലയോഎന്ന്?” ഞാന്‍ ആശങ്കപ്പെട്ടു.
“അതിനൊരു വഴീണ്ട്... നീ നേരങ്ങട് നടക്കാ.. അതിനെടക്ക് കാല് നെലത്തൊറക്കാണ്ട് ഒരു കുഴീല്‍ക്ക് ‘പൊതോം’ ന്നന്നെ വീഴണപോലെ തോന്ന്യാ, ഒറപ്പിച്ചോ കെണറന്യാ..”

അതിന് മറുപടിയായി BIS 916 മുദ്രയുള്ള നല്ല ലേറ്റസ്റ്റ് ഒരു തെറിയാണ് എന്‍റെ വായില്‍ വന്നത്. പക്ഷേ അങ്ങേതലയ്ക്കല്‍ ജെയിന്‍ചേച്ചി ആയതിനാല്‍ അത് ഞാന്‍ വായില്‍ ഒതുക്കി.
ജെയിന്‍ചേച്ചി തുടര്‍ന്നു:
“വീടിന്‍റെ പിന്‍ഭാഗത്തിന്‍റെ മേപ്പ്‌ ഇണ്ടാക്കി, അതില് കെണറിരിക്കണ സ്പോട്ട് അടയാളപ്പെടുത്തിട്ട് നിന്‍റെ കയ്യില് കൊണ്ട്തരാന്‍ ഇപ്പൊ എനിക്ക് സൌകര്യപ്പെടില്ല. നീയാ കെണറ്റില് വീഴാണ്ട് ഇവിടെ എത്താണെങ്കില്‍ നമുക്ക് കാണാം. അല്ലെങ്കീ, ഞാന്‍ നാളെ വീട്ടിലോ, പള്ളീലോ വന്ന് കണ്ടോളാം.”

ചുറ്റുമതിലില്ലാത്ത കിണറില്‍ വീഴാതെ, പാമ്പിന് കടിക്കൊടുക്കാതെ ഞാന്‍ ജെയിന്‍ചേച്ചിയുടെ വീടിന്‍റെ മതിലെടുത്ത് ചാടി.

ജെയിന്‍ചേച്ചിയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ ഈ വീട്ടില്‍തന്നെയാണ് താമസം.
ഭര്‍ത്താവിന്‍റെ അപ്പന്‍ ആജാനുബാഹുവായ ഒരു എക്സ് മിലിട്ടറിക്കാരനാണ്. മാത്രവുമല്ല, അയാള്‍ക്ക്‌ രാത്രിയില്‍ ഉറക്കമില്ലെന്നും വീടിനകത്തും പുറത്തുമായി റോന്തുചുറ്റലാണ് സ്ഥിരമായ ഏര്‍പ്പാടെന്നും ജെയിന്‍ചേച്ചി പറഞ്ഞ് അറിവുണ്ട്.
നല്ല ഒന്നാന്തരം ഒരു തോക്ക് കൈവശമുള്ള അയാള്‍ടെ മുന്‍പിലെങ്ങാനും ചെന്നുപ്പെട്ടാല്‍,
“പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് മീശമാധവന്‍ സിനിമയില്‍ ജഗതി പറയുന്നപോലെ ഡയലോഗടിക്കാന്‍ ചിലപ്പോള്‍ സമയം കിട്ടിയെന്ന് വരില്ല.
അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം, പതിഞ്ഞ കാല്‍വൈപ്പുകളോടെ ഞാന്‍ വീടിന്‍റെ വര്‍ക്കേരിയക്കടുത്ത് ഏതാണ്ട് എത്തിയതും, അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു.

വെടിപ്പൊട്ടുന്നതിന് മുന്‍പേ മതിലിനപ്പുറം എത്തിപ്പെടുന്നതിനായി ഞാന്‍ ജീവനുംക്കൊണ്ട് തിരിച്ചോടി. ഓട്ടത്തിനിടക്ക് എന്‍റെ ഒരു ചെരുപ്പ് എവിടെയോ പോയി.
പോയ ചെരുപ്പ് എടുക്കുവാന്‍ ശ്രമിക്കാതെ ഞാന്‍ മതിലില്‍ കഷ്ട്ടപ്പെട്ട് വലിഞ്ഞു കയറി.
ഇങ്ങോട്ട് ചാടാനായി മതിലില്‍ കയറിയപ്പോള്‍ മതിലിനു ഇത്രയും വലുപ്പം തോന്നിയിരുന്നില്ല. മതിലില്‍നിന്നും ഞാന്‍ താഴേക്ക് ചാടി.പക്ഷേ, നിലംത്തൊട്ടില്ല. മതിലിന്മുകളില്‍ ഉയര്‍ന്ന്നില്‍ക്കുന്ന കമ്പിയില്‍ മുണ്ട് കുരുങ്ങി ഞാന്‍ തൂങ്ങിക്കിടന്നു.
അരക്കെട്ടില്‍നിന്നും മുണ്ടിന്‍റെ കുത്തഴിച്ച്മാറ്റിയപ്പോള്‍ മാത്രമാണ് ഞാന്‍ ആ നിലയില്‍നിന്നും സ്വതന്ത്രനായത്. മുണ്ട് നടുഭാഗം മൊത്തം കീറിപോയിരിക്കുന്നു. എന്നാലും സാരല്ല്യ, വെടിക്കൊണ്ടില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ജെയിന്‍ചേച്ചിയുടെ കോള്‍ വന്നു.
“നീയെന്തേ തിരിച്ചോടി പോയത്?”
“നിങ്ങളെന്നെക്കണ്ടോ?” ഞാന്‍ ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു.
“പിന്നല്ലാതെ, നീ വരുന്നത്ക്കണ്ടല്ലേ ഞാന്‍ ലൈറ്റ് ഇട്ടത്.”

ഞാന്‍ ഒന്നും മിണ്ടിയില്ല.ഫോണ്‍ കട്ട്ചെയ്ത്, മതിലില്‍ ചാരി കുറച്ച്സമയം ഇരുന്ന് കിതപ്പണച്ചു. ജെയിന്‍ചേച്ചി ഇങ്ങനെ ലൈറ്റ്ഇട്ട് വരവേല്‍ക്കും എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

സിനിമകളിലെല്ലാം കാണുന്നപ്പോലെ,  അതി നിഗൂഡവും, കൂരിരുട്ടും, ചീവീടുകളുടെ വൃത്തിക്കെട്ട ശബ്ദവും ഇടയ്ക്കിടെ വിദൂരതയില്‍നിന്നും കേള്‍ക്കുന്ന തെരുവ് നായ്ക്കളുടെ ഓരിയിടലും എല്ലാം ചേര്‍ന്ന ഒരു സിനിമാറ്റിക് പശ്ചാത്തലത്തില്‍ ഇലയനക്കാതെ മന്ദംമന്ദം പ്രവേശിക്കുന്ന ജാരന്‍.  ഇരുട്ടിന്‍റെ മറവുപ്പറ്റി, അവനായി വാതില്‍ താഴുതിടാതെ കാത്തിരിക്കുന്ന ജാരി. ഇതായിരുന്നു എന്‍റെ മനസ്സില്‍ രാത്രിക്കാലങ്ങളിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചുണ്ടായിരുന്ന ഒരു പിക്ച്ചര്‍. അതിന്‍റെ ഇടയിലാണ്, കപ്പലനിടക്ക് കൈലുംകണാ എന്ന് പറഞ്ഞകൂട്ട് ലൈറ്റ്ക്കൊണ്ട് വിതാനിച്ചിരിക്കണത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഏതു പോലീസുക്കാരനയാലും കരുതിപ്പോകും, സ്വന്തമായി തോക്കുള്ള ജാരിയുടെ അമ്മാനപ്പനാണ് ലൈറ്റ് ഇട്ടതെന്ന്.

കിതപ്പണഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും മതിലെടുത്ത്ചാടി, ശബ്ദമുണ്ടാക്കാതെ വീടിന് പുറകുവശത്തായുള്ള പൈപ്പില്‍നിന്നും കാലും മുഖവും കഴുകി, പുറകിലെ ഗ്രില്‍ ഡോര്‍നരികില്‍ നിലയുറപ്പിച്ചു.

അടുക്കളയുടെ വാതില്‍ പാതിതുറന്ന് ജെയിന്‍ചേച്ചി നിന്നു. അടുക്കളയില്‍ തെളിച്ചിട്ടിരിക്കുന്ന ബള്‍ബിന്‍റെ പ്രകാശത്തില്‍ അവരുടെ പാതിമുഖം ജ്വലിച്ച്നിന്നു. അവരെക്കാള്‍ സുന്ദരിയായ മറ്റൊരു സ്ത്രീയെ ഞാന്‍ ഇതിനുംമുന്‍പേ കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി.

അടുക്കളവാതിലിന്‍റെ കട്ടിളപ്പടിയില്‍ ചാരിനിന്ന് ജെയിന്‍ചേച്ചിയും ഗ്രില്ലിനോട് ചേര്‍ന്ന്നിന്ന് ഞാനും പരസ്പരം അല്‍പ്പസമയം നോക്കിനിന്നു.
“അവസാനം എത്തി, അല്ലേ?” അവര്‍ ചോദിച്ചു.
എത്തിപ്പെട്ടതിനെക്കുറിച്ച് ഒരു ലഘുവിവരണം ഞാന്‍ അവര്‍ക്ക് നല്‍കി. അമ്മാനപ്പനും അമ്മായിയമ്മയും വീട്ടിലില്ല എന്ന വിവരം അറിഞ്ഞപ്പോള്‍ എനിക്കൊരു സമാധാനം തോന്നി. ഒപ്പം ഞാനൊന്ന് ഉഷാറാവുകയും ചെയ്തു. ഗ്രില്ലിന് അപ്പുറവും ഇപ്പുറവുമായിനിന്ന് സംസാരം പുരോഗമിക്കവേ, ഇനിയുള്ള സംസാരം അകത്തിരുന്നാവാം എന്നൊരു നിര്‍ദേശം ഞാന്‍ മുന്നോട്ട് വച്ചു.
“അകത്തിരുന്ന് സംസാരിക്കാറായില്ല. ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം. എന്നിട്ടാവാം അകത്തിരുന്ന്.” ജെയിന്‍ചേച്ചി പുഞ്ചിരിയോടെ പറഞ്ഞു.
ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റുംനോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു,
“ഇവിടെ എവിടിരിക്കും?”
“ദാ അതുമ്മേ കേറി ഇരുന്നോ..” അരികത്തായി കിടക്കുന്ന അമ്മി ചൂണ്ടിക്കാട്ടിക്കൊണ്ട് ജെയിന്‍ചേച്ചി പറഞ്ഞു.
“ഇതിന്മേലോ!!” ഞാന്‍ ആശ്ചര്യപ്പെട്ടു.
“ ആ.. അതെ. അമ്മീമ്മേ ഇരുന്നാ എന്താ കുഴപ്പം? നിന്‍റെ ഈ ശരീരം താങ്ങാനുള്ള കെല്‍പ്പൊക്കെ അതിന്ണ്ട്. പിന്നെ, മുണ്ട് കീറീട്ട്ണ്ടെങ്കില്‍ സൂക്ഷിക്കണം. മൊളകരച്ച അമ്മ്യാ...”

വര്‍ക്ക്‌ ഏരിയയില്‍ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തെക്ക് നീക്കിയിട്ട്, അതില്‍ ഇരുന്ന് ജെയിന്‍ചേച്ചിയും, ഗ്രില്ലിനിപ്പുറം അമ്മിക്ക് മുകളില്‍ കയറിയിരുന്ന് ഞാനും ഏറെനേരം സംസാരിച്ചു. ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാന്‍ പാടിക്കൊടുക്കാറുള്ള ചില പാട്ടുക്കള്‍ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു. ഒരു പാട്ടിന്‍റെ നാല് വരി എനിക്കും പാടിത്തന്നു.

കഥപ്പറച്ചിലും പാട്ടുംചേര്‍ന്ന് സമയം ഏറെ കഴിഞ്ഞപ്പോള്‍ ജെയിന്‍ചേച്ചി ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റു. എന്‍റെ മനസ്സില്‍ ലഡുപ്പൊട്ടി. ഞാനും അമ്മിയുടെ മുകളില്‍നിന്നും എഴുനേറ്റ്, ഗ്രില്ലിന്‍റെ വാതില്‍ ജെയിന്‍ചേച്ചി തുറന്ന്തരുമ്പോള്‍ അകത്തേക്ക് കടക്കുവാന്‍ തയ്യാറായി നിന്നു.
“എന്നാ ഇനി പിരിയല്ലേ?”
“പിരിയേ?” ജെയിന്‍ചേച്ചി പറഞ്ഞത്കേട്ട് ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
“ആ... കെടന്നൊറങ്ങണ്ടേ.., നേരം എന്തോരായിന്നാ വിചാരം?”
“അപ്പോ..... ലൈഗീക ബന്ധം... ഇല്ലേ?” എങ്ങാനും വര്‍ത്തമാനത്തിനിടക്ക് ജെയിന്‍ചേച്ചി അക്കാര്യം മറന്നുപോയതാണെങ്കിലോ എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു.
“എന്ത്!!!” വലിയൊരു അതിശയം കേട്ടപോലെ ജെയിന്‍ചേച്ചി എന്നോട് ചോദിച്ചു.
“അല്ല, ഈ ലൈഗീക ബന്ധം...... ശാരീരികമായി... ബന്ധപ്പെടണ്ടേ നമുക്ക്...” ഞാന്‍ അല്‍പ്പം മടിച്ച്മടിച്ച് വിശദമാക്കി.
അത്ക്കേട്ട് അല്‍പ്പം ഉറക്കെത്തന്നെ അവര്‍ ചിരിച്ചു.
“അയ്യടാ... ചെക്കന്‍റെ പൂതിക്കൊള്ളാം... നീ ഇതും മനസ്സില്ലിട്ടാണോ ഇങ്ങട് വന്നത്?”
“പിന്നെ ഈ പാതിരാത്രി നിങ്ങളെന്നെ വിളിച്ച് വരുത്തീത് ഒരുമിച്ചിരുന്ന് കൊന്തചൊല്ലാനാണോ?” ഞാന്‍ അല്‍പ്പം അരിശപ്പെട്ട് ചോദിച്ചു.
“ഞാന്‍ പറഞ്ഞോ നിന്നോട് നിന്നെ എന്‍റെ കൂടെ കിടത്താന്ന്? ഇങ്ങോട്ട് വന്നാ കാണാന്ന് പറഞ്ഞു. നമ്മള് കണ്ടു, ഇത്രേം നേരം മിണ്ടി. ഇനി എന്‍റെ പൊന്നുമോന്‍ പോയിക്കിടന്ന് ഒറങ്ങാന്‍ നോക്ക്.”

“ഇത് ഭയങ്കര കഷ്ട്ടാണെ ചേച്ചി... ഞാന്‍ എത്ര പ്രതീക്ഷയോടെ ആണെന്നറിയാമോ ഇങ്ങോട്ട് വന്നത്. ഇനി പോയിക്കിടന്നാല്‍ എനിക്ക് ഉറക്കോം വരില്ല.” ഞാന്‍ ദയനീയമായി പറഞ്ഞു.
ജെയിന്‍ചേച്ചി അല്‍പ്പംകൂടി എന്‍റെ അരികിലെക്കായിനിന്ന് ചോദിച്ചു,
“നിനക്ക് ‘ചാഞ്ചാടിയാടി ഉറങ്ങുനീ’ എന്ന പാട്ട് അറിയോ?”
“എന്തിനാ?” ഞാന്‍ അല്‍പ്പം സംശയത്തോടെ ചോദിച്ചു.
“മുഴുവന്‍ അറിയോ? അത് പറയ്‌..”
“അറിയാം.” ഇനിയൊരു പാട്ടുംക്കൂടെ പാടിക്കൊടുത്താലും വേണ്ടില്ല കാര്യം നടക്കട്ടെ എന്ന് കരുതി ഞാന്‍ പറഞ്ഞു.
“ആ എന്നാലേ..., വല്ല്യ തെരക്ക് ക്കൂട്ടാണ്ട്, ആ പാട്ട് ആദ്യംത്തൊട്ട് സാവധാനം പാടീട്ട് ഒരരൂത്തോടെ നടന്നാ ബൈക്കിന്‍റെ അടുത്തെത്തും. ബൈക്ക്‌എടുത്ത് കത്തിച്ചുവിട്ടാ പാട്ട് തീരണെക്കാട്ടുംമുന്‍പ്‌ വീട്ടിലെത്താം. എന്നിട്ട് കേറിക്കിടന്നോ, നല്ല ഒറക്കം കിട്ടും.”
“മനുഷ്യന്‍ ഇവടെ ചൂട്പ്പിടിച്ച് നിക്കണനേരത്ത് തമാശിക്കല്ലേ....” ഞാന്‍ അല്‍പ്പം ദേഷ്യത്തോടെ പറഞ്ഞു.

“പോയിക്കിടന്ന് ഒറങ്ങടാ ചെക്കാ” എന്ന് എന്നോട് പറഞ്ഞ്, അടുക്കളയില്‍നിന്നും അകത്തേക്കുള്ള വാതില്‍ തുറന്ന് ജെയിന്‍ചേച്ചി പോകാനൊരുങ്ങി.
“ജെയിന്‍ചേച്ചി, നിങ്ങളെന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു. ഞാന്‍ എന്നും നിങ്ങളെ സ്നേഹിച്ചിട്ടെയുള്ളൂ... നിങ്ങള്‍ക്ക് ഇഷ്ട്ടക്കേടുണ്ടാക്കുന്ന ഒരു വാക്ക് പോലും ഞാന്‍ ഇന്നേവരെ പറഞ്ഞിട്ടില്ല. നിങ്ങള്‍ക്കറിയോ, പട്ടാപ്പകല്പോലും ഞാന്‍ വല്ലോടത്തും നിക്കാണെങ്കില്‍ ഒരു മൂന്ന്വട്ടം ചുറ്റിനും നോക്കും, വല്ല പാമ്പും ഇണ്ടോന്ന്. പാമ്പിനെ അത്രേംപ്പേടിള്ള ഞാന്‍ ഈ കുറ്റാകൂരിരുട്ടത്ത് കാട്പ്പിടിച്ച് കെടക്കണ സ്ഥലത്തോടെ നടന്ന്വന്നു. എന്താ കാരണം..? നിങ്ങളോട് എനിക്ക് അത്രേം ഇഷ്ട്ടള്ളതോണ്ട്. ആ എന്നോട് നിങ്ങള് ഇങ്ങന്യല്ലേ കാട്ടണേ.....”
വളരെ ദയനീയത തുളുമ്പുന്ന ശബ്ദത്തില്‍ ഞാന്‍ ഇത്രേം പറഞ്ഞു.

വര്‍ക്ക് ഏരിയയില്‍നിന്നും അകത്തേക്ക് കടക്കുന്നതിനായി തുറന്നവാതില്‍ അടച്ച്, അതില്‍ ചാരിനിന്ന് ജെയിന്‍ചേച്ചി എന്നെ ഇമവെട്ടാതെ നോക്കി. ആ നോട്ടം നേരെ എന്‍റെ കണ്ണിലൂടെ ഹൃദയത്തില്‍ പ്രവേശിച്ച് ആത്മാവിനെ കുളിരണിയിച്ചു.
‘സംഗതി ഏറ്റിരിക്കുന്നു...’ ഞാന്‍ മനസ്സില്‍ കരുതി.
എന്നെ നിരാശപ്പെടുത്തുന്ന, അവഗണിക്കുന്ന ഒന്നുംതന്നെ ജെയിന്‍ചേച്ചി ചെയ്യുകയില്ല എന്ന എന്‍റെ വിശ്വാസത്തെ ഞാന്‍ ഒന്നുംക്കൂടെ ബലപ്പെടുത്തി.

കണ്ണിമയ്ക്കാതെയുള്ള ആ നോട്ടം ജെയിന്‍ചേച്ചി അല്‍പ്പംനേരം തുടര്‍ന്നു. ഞാനും ഒട്ടും മോശമാക്കിയില്ല. എന്നാല്‍ കഴിയാവുന്നയത്ര വികാരനിര്‍ഭരതയോടെതന്നെ ഞാനും പോസ് ചെയ്തു.

വാതില്‍ക്കല്‍നിന്നും എന്‍റെ അടുത്തെത്തിയ ജെയിന്‍ചേച്ചി, ഗ്രില്ലില്‍ പിടിച്ച നിലയിലിരിക്കുന്ന എന്‍റെ രണ്ട് കൈകള്‍ക്കുംമേലെ പതിയെപിടിച്ചമര്‍ത്തി, എന്‍റെ കണ്ണിലേക്കുള്ള കണക്ഷന്‍ വിടാതെ രണ്ടോ മൂന്നോ നിമിഷങ്ങള്‍ നിന്നു.

ഈ സമയം, തനിക്കുണ്ടെന്ന് രണ്ട്മൂന്ന് തവണ ജെയിന്‍ചേച്ചി അവകാശപ്പെട്ടിട്ടുള്ള, മീശമാധവന്‍ സിനിമയില്‍ കാവ്യമാധവന്‍ ധരിച്ചിരുന്നപോലത്തെ അരഞ്ഞാണം ചുറ്റിക്കിടക്കുന്ന ജെയിന്‍ചേച്ചിയുടെ അരക്കെട്ട്, വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാദസരം ഇട്ട കാല്, ചുമരിനോട് ചേര്‍ത്തിട്ടിരിക്കുന്ന മേശമേല്‍ അമര്‍ത്തിവച്ചിരിക്കുന്ന തടവളയിട്ട കൈകള്‍ ഇങ്ങനെ വളരെ സിമ്പോളിക്കായ ചില ചിത്രങ്ങള്‍ എന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു.

“വൈകീട്ട് നീ വിളിച്ചപ്പോള്‍ ഞാന്‍ എന്താ ഫോണ്‍ എടുക്കാതിരുന്നതെന്ന് അറിയാമോ?”
മനസ്സിലെ സിമ്പോളിക് ചിത്രപ്രദര്‍ശനം അവസാനിപ്പിച്ച്ക്കൊണ്ട്   ജെയിന്‍ചേച്ചിയുടെ തരളിതമായമായ ശബ്ദത്തിലുള്ള ചോദ്യം.
“ഇല്ല.” ഗ്രില്ലിനകത്ത്ക്കൂടെ ജെയിന്‍ചേച്ചിയുടെ കൈവിരലില്‍ പതിയെ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“വൈകീട്ട് ഈ ചുറ്റുവട്ടത്തുള്ള മുഴുവന്‍ ആണുങ്ങളും ഇവിടെ ഇണ്ടായിരുന്നു.”
“എന്തിന്” എനിക്ക് ജിജ്ഞാസയായി.
“ഏതാണ്ട് സന്ധ്യനേരത്ത്........ നമ്മടെ മാളൂണ് കണ്ടത്( മാളു എന്നത് ജെയിന്‍ചേച്ചിയുടെ മകളുടെ ചെല്ലപ്പേരാണ്)... നീ ഇപ്പൊ നിക്കണ അതേസ്ഥലത്ത്.... നല്ല മുട്ടനൊരു പാമ്പ്‌!”
“ഹെന്ത്!!” ഈ ചോദ്യം എന്നില്‍നിന്നും ഒരു അലര്‍ച്ചയായി പുറപ്പെട്ടു.
“ആന്നേ......”
“വല്ല ചേരയും ആവും” ഞാന്‍ ചുറ്റും കണ്ണോടിച്ചുക്കൊണ്ട് പറഞ്ഞു.
“കണ്ടോര് എല്ലാവരും പറഞ്ഞു......, ചേര്യല്ലാന്ന്.”
“ചെര്യല്ലേ...... പിന്നെ?” മൊബൈലില്‍നിന്നുമുള്ള ഇത്തിരി വെളിച്ചത്തില്‍ എന്‍റെ കാലിനുചുറ്റിലുംപരതിക്കൊണ്ട് ഞാന്‍ ചോദിച്ചു.
“ ചെലര്പറഞ്ഞു പുല്ലാനിമൂര്‍ഖനാന്ന്. പക്ഷെ ആ വര്‍ക്ക്ഷോപ്പിലെ പിള്ളേരൊക്കെ പറയണത് അണലിണ്ന്നാ...”
“എന്നിട്ട് കൊന്നില്ലേ?”
“ഇല്ല്യ. വന്നോരോക്കെ കൊറേ നോക്കി, പക്ഷെ.... പാമ്പിന് സമയില്ല്യാത്തോണ്ട് അത് നിന്നുക്കൊടുത്തില്ല കൊല്ലാന്‍.” ഇതും പറഞ്ഞ് ജെയിന്‍ ചേച്ചി വീണ്ടും അകത്തേക്കുള്ള ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി.

“ ദേ വിളിച്ച് വരുത്തീട്ടു ഒരുമാതിരി കോപ്പിലെ സ്വൊഭാവം കാണിക്കരുത്ട്ടാ. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ തോന്ന്യാസങ്ങള് പറഞ്ഞ് ഇണ്ടാക്ക്യാലുണ്ടല്ലോ... ഞാന്‍ ഇവിടെ നിക്കണത് നിങ്ങള്‍ക്ക് ഇഷ്ടല്ല്യ എങ്കില്‍ അത് പറഞ്ഞാമതി. ഞാന്‍ പൊയ്ക്കോളാം....” ഞാന്‍ പറഞ്ഞു. പറഞ്ഞത് ഇങ്ങനെ ആണെങ്കിലും അത് ഏതാണ്ട് കരച്ചില് പോലെ ആയിരിക്കും കേള്‍ക്കുന്നവര്‍ക്ക് ഫീല്‍ ചെയ്യുക.

ജെയിന്‍ ചേച്ചി, തിരിഞ്ഞ്നിന്ന് എന്തോ പറയാനായിതുടങ്ങിയത് നിര്‍ത്തി എന്നോട് ചോദിച്ചു, “നീയിത് എന്തുന്നാ കാണിക്കണേ?”
ഒരുകാല്‍ അമ്മിക്കല്ലിനു മുകളിലും മറ്റെകാല്‍ പരമാവുധി അകത്തി ചുമരിന്‍റെ ഒരു മൂലക്കലും ചവിട്ടി, ഗ്രില്ലില്‍ തൂങ്ങി, സണ്‍ ഷെയ്ട്ന്‍റെ ഉയരത്തോളം തലയുയര്‍ത്തിനില്‍ക്കുന്ന എന്നെക്കണ്ട് ചിരിയോടെ ജെയിന്‍ചേച്ചി വീണ്ടും ചോദിച്ചു,
“അല്ല, ചേട്ടന്‍ നേരംവെളുക്കുംവരെ ഇവടെഇങ്ങനെ തൂങ്ങിനില്‍ക്കാനാണോ ഉദ്ദേശം?”
“പോയൊരു ടോര്‍ച്ച് എടുത്തിട്ട് വാ, നിന്ന് കിണിക്ക്യാണ്ട്” കുറച്ചു ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.
“ ടോര്‍ച്ചും, പെട്രോള്‍മാക്സൊന്നും ഇവടില്ല്യ. വന്നത് എങ്ങന്യാണെങ്കില്‍ അങ്ങനെന്നെ തിരിച്ചുപോയാമതി. പിന്നെ, എങ്ങാനും ഇവിടെവച്ച് നിന്നെ പാമ്പ്‌ കടിക്കാണെങ്കില്‍ പൊന്നുമോന്‍ എത്രേംപ്പെട്ടെന്നു മതില്ചാടി പുറത്തേക്ക് കടക്കണെ..... നീയെങ്ങാനും ഇവിടെകെടന്ന് അടിച്ച്പോയാ..... ഹോ എനിക്കത് ഓര്‍ക്കാനേവയ്യ! കെട്ട്യോനും പിള്ളേരും ഒക്കെയായി ജീവിക്കുന്ന ഒരു പാവം വീട്ടമ്മയാണെ ഞാന്‍...”

ഇത്രയും പറഞ്ഞ് ആ ദുഷ്ട്ട അകത്ത്കയറി വാതിലും ലോക്ക്ചെയ്ത് പോയി....

എന്‍റെ കാര്യം ആകെ എടങ്ങേറായി. നേരം വെളുക്കുന്നവരെ ഈ സ്ഥിതിയില്‍ തുടരാനാകില്ലല്ലോ. ഞാന്‍ താഴെയിറങ്ങി, ഇരുകാലുകളുടെയും തള്ളവിരല്‍ മാത്രം നിലത്ത്ക്കുത്തി, മൊബൈല്‍ഫോണ്‍ന്‍റെ ഉള്ള വെളിച്ചത്തില്‍ ചുറ്റുവട്ടത്തായി വിഷജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പ്വരുത്തി.

ശേഷം, കളരിദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ലോകനാര്‍കാവിലമ്മയെ നമിച്ച്, വലത്തുവച്ച് ഇടത്ത്മാറി കറങ്ങിതിരിഞ്ഞ് ഓതിരം കടകം മറുകടകം ഇവയെല്ലാം മിക്സ്ചെയ്ത് ഒരു പിടിപ്പിടിച്ച് ബൈക്കില്‍ ചെന്ന് വീണു.
കുറച്ചുംക്കൂടെ വിശദമായി പറഞ്ഞാല്‍, മണിച്ചിത്രത്താഴ് സിനിമയില്‍ വെള്ളം വെള്ളം എന്ന് കേള്‍ക്കുമ്പോള്‍ കുതിരവട്ടം പപ്പു ചാടുന്നപ്പോലെ ചാടിചാടി ബൈക്കിനടുത്തെത്തി. മരിക്കാതെ വീടെത്തുകയും ചെയ്തു.


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.