Thursday, 20 January 2011

പിന്നേയും ഒരു പ്രവാസിയുടെ കഥ,


ഒരുക്കാലത്ത് ഞാന്‍ കരുതിയിരുന്നത് ഗള്‍ഫ്‌ വലിയൊരു സംഭവം തന്നെയാണെന്നാണ്.

 എന്‍റെ വല്യമ്മയുടെ മകനും, അടുത്ത സുഹൃത്തുമായ ഒരു ചേട്ടന്‍ ഗള്‍ഫില്‍ നിന്നും കറുത്ത കൂളിംഗ് ഗ്ലാസ് വച്ച്, വലിയ കറുത്തപ്പെട്ടിയും ഉരുട്ടി നാട്ടില്‍ ലീവിന് എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചു പോയി.
 കാണാന്‍ എത്തിയ പുരുഷന്മാര്‍ക്കെല്ലാം, ഉമ്മറത്തിരുന്നു തീ കൊളുത്തിയാല്‍ തീ എരിയുന്ന തലഭാഗം പടിക്കല്‍ വരെയെത്തുന്ന തരത്തില്‍ വലുപ്പമുള്ള സിഗരറ്റ്‌ സമ്മാനിച്ചു.
കാജ ബീഡിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ മാരായ പാവം നാട്ടുക്കാര്‍ അതുക്കണ്ട് വാ പൊളിച്ചു.
നാട്ടിലെ തരുണീ മണികള്‍ക്ക് വല്ലാത്ത ഗന്ധമുള്ള അത്തറും,
 കുട്ടികള്‍ക്ക് വര്‍ണകടലാസില്‍ പൊതിഞ്ഞ മിഠായിയും നല്‍കി.
രാത്രിയില്‍, റൂമില്‍ എസി ഇല്ലാത്തതിനാല്‍ ഉറക്കം വരാത്തതില്‍ ആകുലതപ്പെട്ട് വയലരികത്ത്‌ കാറ്റുകൊള്ളാന്‍ പോയ് നിന്നു. 
സര്‍വ്വീസ്സില്‍ നിന്നും പിരിഞ്ഞു പോന്ന പട്ടാളക്കാരെപോലെ, കാണുന്നവരോടെല്ലാം ഗള്‍ഫിലെ മാനംമുട്ടെ നില്‍ക്കുന്ന കെട്ടിടങ്ങളെ കുറിച്ചും,
 താമസിക്കുന്നതിനകത്ത്‌ ബാത്‌റൂമില്‍ പോലും സ്ഥാപിച്ചിരിക്കുന്ന എസിയുടെ തണുപ്പിനെ കുറിച്ചും,
 കഴിച്ച് മടുത്ത വൈവിധ്യമാര്‍ന്ന ആഹാര സാധനങ്ങളെ കുറിച്ചും,
 കാണുമ്പോള്‍ കാണുമ്പോള്‍ കെട്ടിപ്പുണരുന്ന അറബിയുടെ സ്നേഹത്തെകുറിച്ചും വിവരിച്ചു.
"
എന്നിട്ടും വല്ലാത്ത ക്ഷീണമാണല്ലോ" എന്ന് സംശയം പ്രകടിപ്പിച്ചവരോട്,
 ഡെയിലി മൂന്ന് മണിക്കൂര്‍ യോഗ ചെയ്ത് ക്ഷീണിപ്പിച്ചതാണെന്ന് മറുപടിയും നല്‍കി.
പിന്നീട് ഒരു രാത്രിയില്‍, കുമാരന്‍ ചേട്ടന്‍റെ വാറ്റുച്ചാരായ ലഹരിക്കിടയില്‍ ഞങ്ങള്‍ തനിച്ചായപ്പോള്‍,
ഉണക്കപ്പുല്ലും കുറ്റിച്ചെടികളും അങ്ങിങ്ങായി നില്‍ക്കുന്ന മരുഭൂമിക്കിടയിലൂടെ ഒരുപറ്റം ചെമ്മരിയാടുകളും, കുറെ ഒട്ടകങ്ങളുമായി മല്ലിട്ട് ദിവസം തീര്‍ക്കുന്ന അവന്‍റെ ജീവിതത്തോടൊപ്പം എന്നെയും കൂട്ടി.
ഉണങ്ങി വരണ്ട രണ്ടു കുബ്ബൂസ്, കറന്നെടുത്ത ഒട്ടക പാലില്‍ നനച്ച് ഒരു ദിവസത്തെ വിശപ്പടക്കുന്ന അവനെക്കണ്ട് എന്‍റെ ഹൃദയം കരഞ്ഞു.
ബാത്‌റൂമിലും, ആട്ടിന്‍കൂടിന്‍റെ ഇരുള്‍ മറവുകളിലുംവച്ച് ഫിലിപ്പീന്‍ സ്വദേശിയായ വീട്ടുവേലക്കാരി വല്ലപ്പോഴും,ശബ്ധമടക്കി പകര്‍ന്നു നല്‍കുന്ന ശരീരത്തിന്‍റെ ചൂടാണ് അവന്‍റെ ഏക സന്തോഷമെന്നരിഞ്ഞപ്പോള്‍,
 അതില്‍ നൂറുശതമാനം  ന്യായമുണ്ട് എന്ന്  ഞാന്‍ ഉറപ്പിച്ചു.
 തിരിച്ചു നാട്ടില്‍ പോരുന്നതിനും മുന്‍പ്‌ ശമ്പളബാക്കി ചോദിച്ച മഹാ അപരാധത്തിന് തുകല്‍വാറുക്കൊണ്ടുള്ള അറബിയുടെ അടിയേറ്റു മുറിഞ്ഞു ഉണങ്ങിയ പാട് എനിക്ക് കാട്ടിത്തന്ന് അവന്‍ പൊട്ടിക്കരഞ്ഞ ആ നിമിഷം മുതല്‍
 ഞാന്‍ പ്രവാസികളെ ബഹുമാനിക്കാന്‍ ആരംഭിച്ചു......