Tuesday, 1 February 2011

ബ്ലഡ്‌കാന്‍സര്‍ !! (രണ്ടാംഭാഗം)


അവളുടെ വീടിന്‍റെ ഒരു വശത്തെ ജനല്‍ തുറന്നിട്ടിട്ടുണ്ട്. അത് അവളും അനുജനും ഉറങ്ങാന്‍ കിടക്കുന്ന മുറിയാണ്. ആ മുറിയിലൊരു കട്ടിലുമുണ്ട്. നല്ല വെയിലുള്ള നേരങ്ങളില്‍ സൈനയെ ഉമ്മ പുറത്തേക്ക് കളിക്കുവാന്‍ വിടാറില്ല. അങ്ങിനെയുള്ള സമയങ്ങളില്‍ അവള്‍ ആ കട്ടിലില്‍ കയറിയിരുന്ന് പഴയ മാസികകളിലെ ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ ഒരു പുസ്തകത്തില്‍ ഒട്ടിച്ചു വക്കാറുണ്ട്. അത്തരം അവസരങ്ങളില്‍ ചിലപ്പോഴൊക്കെ ആ തുറന്നിട്ട ജനാലയിലൂടെ ഞാന്‍ അവളോട്‌ സംസാരിച്ചിട്ടുമുണ്ട്.

ഞാന്‍ ജനാലക്കല്‍ എത്തി. ജനലിന്‍റെ അഴികളില്‍ പിടിച്ച് തൂങ്ങിനിന്ന് അകത്തേക്ക് നോക്കി. അകത്ത് കട്ടിലില്‍ പുറംതിരിഞ്ഞു സൈന കിടക്കുന്നു. ഞാന്‍ പതിയെ വിളിച്ചു,
 "സൈനൂ...."

 അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി നോക്കി. ജനാലക്കള്‍ എന്നെ കണ്ടതും വിതുമ്പി കരയുവാന്‍ തുടങ്ങി. പിന്നെ അവിടെത്തന്നെ ഒന്നുംകൂടെ ചുരുണ്ട് കിടന്നു. ഞാന്‍ അവളോട്‌ പതിയെ ചോദിച്ചു,
 " മാറീല്ല്യെ...?"
അല്പ്പംകൂടെ ഉച്ചത്തിലായ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കുന്നതിനായി തലക്കല്‍ വച്ചിരുന്ന പുതപ്പ് മുഖത്തിനോട് ചേര്‍ത്തു പിടിച്ചുക്കൊണ്ട് അവള്‍ പറഞ്ഞു, " ഇല്ല്യാ..."

ചെറിയ ശബ്ദത്തിലുള്ള സൈനയുടെ കരച്ചില്‍ തുടര്‍ന്നു. ഇനി മരിച്ചാലും വേണ്ടില്ല എന്ന മട്ടിലായി എന്‍റെ സ്ഥിതി. കാരണം സൈനയുടെ ഈ ദയനീയമായ അവസ്ഥ അത്രക്കണ്ട് എന്നെ വേദനിപ്പിക്കുന്നുണ്ട്.
അല്‍പ്പം കഴിഞ്ഞു അവള്‍ പതിയെ എഴുന്നേറ്റ്,അകത്തേക്ക് ഒന്ന് എത്തി നോക്കി, ഉമ്മയോ മറ്റാരേങ്കിലുമോ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ജനാലക്കലേക്ക് അല്‍പ്പം നിരങ്ങി നീങ്ങിയിരുന്നു. അവള്‍ എന്താണ് പറയുവാന്‍ ശ്രെമിക്കുന്നത് എന്നറിയുവാന്‍ ജിഞാസാപൂര്‍വ്വം കാത്തു നില്‍ക്കുന്ന എന്നെയൊന്നു നോക്കി, ശബ്ദം താഴ്ത്തി അവള്‍ പറയുവാന്‍ തുടങ്ങി...

"ഞാന്‍ മരിച്ചാ...കുട്ട്യോളും ടീച്ചര്‍മാരുമെല്ലാം അറിയും യ്ക്ക് ബ്ലഡ്‌ കാന്‍സര്‍ ആയിരുന്നൂന്ന്... കുട്ട്യോളൊക്കെ നിന്നോട് ചോദിക്കും എങ്ങിന്യാ ബ്ലഡ്‌ വന്നേന്ന്...അപ്പൊ നീ എന്തൂന്നാ പറയാ അവരോടു?
എന്ത്‌ന്നാ പറയാ.... എനിക്കാകെ കണ്‍ഫ്യൂഷ്യന്‍ ആയി. ഉണ്ടായത് പറഞ്ഞാല്‍ പ്പോരെ എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കുമ്പോള്‍ സൈന തന്നെ ഒരു സൊലൂഷ്യന്‍ ഇങ്ങോട്ട് പറഞ്ഞു,
 " ഏതില്യാ ചോരവന്നതെന്ന് ആരെങ്കിലും ചോദിക്ക്യാണെങ്കില്‍... മൂക്കില്‍ കൂട്യാന്നു പറഞ്ഞാല്‍ മതി... "
അല്‍പ്പമൊന്ന് നിര്‍ത്തിയതിനുശേഷം അവള്‍ തുടര്‍ന്നു,
" അല്ലാതെ ഇങ്ങനെ ചോരവന്നിട്ടാ മരിച്ചതെന്ന് കുട്ട്യോളും ടീച്ചര്‍മാരുമൊക്കെ അറിഞ്ഞാല്‍ യ്ക്ക് കൊറവാ..."
 പിന്നെ ദയനീയമായി എന്‍റെ മുഖത്തേക്കൊന്ന്‍ നോക്കിയിട്ട് ചോദിച്ചു,
 " നീ പറയോ...?'
നടന്നതൊന്നും ആരോടും പറയില്ലെന്നും, സൈന പറഞ്ഞ പോലെ തന്നെ എല്ലാവരോടും പറഞ്ഞെക്കാംഎന്നും ഞാന്‍ ഉറപ്പു നല്‍കി.                                                    

ഞങ്ങളിങ്ങനെ സംസാരിക്കുമ്പോള്‍ ആട്ടിന്‍കൂടിനടുത്തേക്ക് വന്ന സൈനയുടെ ഉമ്മ എന്നെ കണ്ട് ചോദിച്ചു,
 'ഈയെന്താ ചെക്കാ ജനാലക്കെ വന്നു നിക്കണെ?"
" സൈനൂനെ കാണാന്‍ വന്നതാ.." ഞാന്‍ പറഞ്ഞു.
"തമ്പുരാട്ടി അവടെ അകത്ത് കേറി കെടക്ക്ണ്ട്. മനുഷ്യനിവടെ നടു മടങ്ങണില്ല... ആ ആട്ടങ്ങളെ ഒന്ന് കൂട്ട്യെ കേറ്റാന്‍ പറഞ്ഞപ്പോ അവള്‍ക്ക് മേല് വയ്യാത്രേ.. എങ്ങിന്യാ വയ്യാണ്ടിരിക്ക്യാ ... വെയിലാന്നും, മഴ്യാന്നും ഭേധല്ല്യാണ്ട് ലോകായ ലോകം മുഴുവന്‍ ഓടീണ്ട് നടക്കല്ലേ.. ഉപ്പാടെ കയ്യീന്ന് ഇന്നലെ കിട്ടീതോന്നും പോരാ അവള്‍ക്ക്."
ആട്ടങ്ങളെ കൂട്ടില്‍ കയറ്റുന്നതിനിടയില്‍ ഉമ്മ ഇങ്ങനെയെല്ലാം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു,
 ' ഉപ്പേടെ വക കിട്ടീത് പോരെങ്കില്‍ ഇനി ഉമ്മാടെ വകേം കൂടി കൊടുത്തൂട് ഒരു പതിനാറ്... എന്തായാലും ഇന്നത്തേം കൂടിയല്ലേ ഉള്ളൂ.. ദ്രോഹികള്, പിള്ളേരെ കയ്യീ കിട്ട്യാ തല്ലണം തല്ലണം എന്ന വിചാരം മാത്രെ ഉള്ളു...
                      
രാത്രി ഒരു എട്ടു മണിയോട് കൂടി നടക്കുന്ന കുടുംബ പ്രാര്‍ത്ഥന എന്‍റെ വീട്ടില്‍ നിര്‍ബന്ധമാണ്. പഠനകാര്യങ്ങളില്‍ എന്തെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ പോലും, പ്രാര്‍ഥനാ കാര്യത്തില്‍ അമ്മയില്‍ നിന്നും യാതൊരു വിധത്തിലുമുള്ള ദാക്ഷ്ണ്ണൃവും പ്രതീക്ഷിക്കണ്ട. പനിപ്പിടിച്ചു കിടക്കുകയാണെങ്കില്‍ പോലും പ്രാര്‍ഥനാ സമയത്ത് അല്‍പ്പനേരം എഴുനേല്‍പ്പിച്ചിരുത്തും.കുറേ സമയം മുട്ടിന്മേല്‍ നിന്നും, കുറച്ചു സമയം ഇരുന്നുമെല്ലാം നടത്തുന്ന ഈ പ്രാര്‍ഥനാ പരിപാടി എനിക്ക് അല്‍പ്പം പോലും താത്പര്യമില്ലാത്ത ഒരു സംഗതി ആയിരുന്നു. അക്കാലത്ത് കളിക്കിടയിലുള്ള വീഴ്ചയിലോ മറ്റോ കാല്‍മുട്ടൊന്നു ഉരഞ്ഞു പൊട്ടിയാലും എനിക്ക് വലിയ വിഷമമൊന്നും തോന്നാറില്ല. കാരണം ആ വകുപ്പില്‍ ഒരു രണ്ടാഴ്ചയെങ്കിലും മുട്ടുക്കുത്തിയുള്ള പ്രാര്‍ഥനയില്‍ നിന്നും ഒഴിവാക്കി കിട്ടും.

പക്ഷെ ആ ദിവസത്തെ പ്രാര്‍ഥനാ സമയം, ഞാന്‍ മുട്ടിന്മേല്‍ നിന്നും ഇറങ്ങിയതെയില്ല. മുട്ടിപ്പായി, അവേശപൂര്‍വ്വമുള്ള പ്രാര്‍ത്ഥന. വീട്ടിലെല്ലാവരും എന്നെ ശ്രെദ്ധിക്കുന്നുണ്ട്, പക്ഷെ ഞാന്‍ അതൊന്നും അറിയുന്നില്ല. പ്രാര്‍ത്ഥനയില്‍ ഉടനീളം  ഒരേഒരു ആവശ്യമാണ്‌ ഞാന്‍ തമ്പുരാന് മുന്‍പില്‍ അവതരിപ്പിക്കുന്നത്, ഒരു കാരണവശാലും എന്‍റെ സൈനു  മരിക്കരുത്. കര്‍ത്താവ്‌ വിചാരിച്ചാല്‍ ഇമ്മാതിരി അസുഖങ്ങളെല്ലാം പുഷ്പ്പം പോലെ മാറ്റാമെന്ന് ഞായറാഴ്ച്ച നടക്കുന്ന വേദോപദേശ ക്ലാസ്സില്‍ നിന്നും അറിവുണ്ട്. ജാതീം മതോം ഒന്നും നോക്കാണ്ട് കര്‍ത്താവിതു മാറ്റിതന്നെ പറ്റൂ.അവേശപൂര്‍വ്വമുള്ള എന്‍റെ പ്രാര്‍ത്ഥന ക്രമേണെ എങ്ങലടിച്ചുള്ള കരച്ചിലായി. ആ കരച്ചില്‍ പിന്നീട് വാവിട്ടുള്ള നിലവിളിയിലേക്ക് ചുവടുമാറിയപ്പോള്‍ അമ്മ പ്രാര്‍ത്ഥന നിര്‍ത്തി. എല്ലാവരും പ്രാര്‍ത്ഥന നിര്‍ത്തി നിശബ്ധമായപ്പോള്‍ ഞാന്‍ കരച്ചിലും നിര്‍ത്തി.

എല്ലാവരും എന്നെ ശ്രദ്ധിക്കുന്ന കാര്യം അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്.
"എന്താ കാര്യം?"  അമ്മ എന്നോട് ചോദിച്ചു.
"എന്ത് കാര്യം?" എന്‍റെ തിരിച്ചുള്ള ചോദ്യം.
" നീ എന്തിനാ കരഞ്ഞേ?"
"വെഷമം വന്നിട്ട്."
"എന്തിനാ വെഷമം വന്നേ..?"
ഞാന്‍ മറുപടി പറഞ്ഞില്ല.
"എന്തിനാ വെഷമം വന്നെന്ന്‌?"
ഞാന്‍ വീണ്ടും മറുപടി പറയുന്നില്ല..അമ്മ കുരിശു വരച്ച് എഴുനേറ്റ്, അടുക്കളയില്‍ പോയി ചൂലുംക്കെട്ടു എടുത്തു. ചൂലും കെട്ട് എടുക്കല്‍ ഒരു മുന്നറിയിപ്പാണ്. അടിക്കൊള്ളാനും കൊള്ളാതിരിക്കാനുമുള്ള സാധ്യതയുണ്ട്. നമ്മളൊന്ന് മനസ് വച്ചാല്‍ അടി ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷെ ചൂലും കെട്ടില്‍ നിന്നും ഈര്‍ക്കിലി ഊരിയാല്‍ കളി തിരിഞ്ഞു. പിന്നെ നമുക്കൊരു ചോയ്സ് ഇല്ല, അടിപ്പൊട്ടും ഉറപ്പാ.ചൂലുമായി എന്‍റെ മുന്നില്‍ വന്നു നിന്ന് അമ്മ ചോദ്യം ആവര്‍ത്തിച്ചു. വെറുതെ ഈര്‍ക്കിലി ഊരി അമ്മയെ ബുദ്ധിമുട്ടിപ്പിക്കെണ്ടല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു,
 " സൈന ഇന്ന് മരിക്കും. ഇന്ന് മരിച്ചില്ലെങ്കില്‍ നാളെ മരിക്കും."
"എങ്ങിനെ?"
" അവള്‍ക്ക് ബ്ലഡ്‌ കാന്‍സര്‍ ആണ്."
"നിന്നോടാരാ പറഞ്ഞെ?"
" ഞാന്‍ കണ്ടു."
"കാണേ....." അമ്മക്കൊരു പിടിയും കിട്ടുന്നില്ല.

" ഈ ചെക്കന്‍ എന്തൊക്ക്യാ ഈ പറഞ്ഞു കൂട്ടണേ..." കാലു നീട്ടി വച്ച്, ചുമരും ചാരി, കൊന്ത കയ്യിലിട്ട് തിരിക്കുന്നതിനിടയില്‍ അമ്മൂമ്മ പറഞ്ഞു.
" ബ്ലഡ്‌ കാന്‍സറാന്ന്‍.... പറഞ്ഞാ മനസിലാവില്ലേ.." അല്‍പ്പം ഈര്‍ഷ്യത്തോട് കൂടിത്തന്നെ ഞാന്‍ അമ്മൂമ്മയെ നോക്കി പറഞ്ഞു.
                                    
ചൂല് അടുക്കളയില്‍ തിരിച്ചു കൊണ്ട് വച്ച്, എന്നെ വിളിച്ചു അടുത്തിരുത്തി അമ്മ നടന്ന സംഭവങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ചേച്ചിക്കും ഇളയമ്മക്കും അടക്കിപിടിച്ച ചിരി. അമ്മൂമ്മയാണെങ്കില്‍ കൈ ക്കൊട്ടി ലാവിഷ് ആയാണ് ചിരിക്കുന്നത്. ഒരു കുത്ത് വച്ച് കൊടുക്കാന്‍ തോന്നി എനിക്ക്. ആകെയുള്ള ഒരു കൂട്ടുക്കാരി അതീവ ഗുരുതരാവസ്ഥയില്‍ മരണാസന്നയായി കിടക്കുന്ന കാര്യം ഹൃദയം തകര്‍ന്നു ഞാന്‍ അറിയിച്ചപ്പം ഇരുന്നു കിണിക്ക്യാ..

ഭക്ഷണം കഴിച്ചു കിടന്നുറങ്ങാന്‍ എന്നോട് നിര്‍ദേശിച്ച് അമ്മ ഇളയമ്മയെയും കൂട്ടി സൈനയുടെ വീട്ടിലേക്കു പോയി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ മനസ് മുഴുവന്‍ സൈനയും, ഞങ്ങള്‍ ഒന്നിച്ചു കണ്ട കാഴ്ച്ചകളും, ഒന്ന് ചേര്‍ന്ന് കാണിച്ച കുസൃതികളും എല്ലാമായിരുന്നു. അതെല്ലാം എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സഹിക്കാനാകുന്നില്ല. ഏങ്ങലടിച്ചു കരയുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു, അടുത്ത പ്രാവശ്യം ആട് പ്രസവിക്കുമ്പോള്‍ ഉപ്പയോട് പറഞ്ഞ് ഒരു കുട്ടിയാടിനെ എനിക്ക് തരാമെന്നു സൈന ഉറപ്പു പറഞ്ഞിരുന്നു. ഇനിയിപ്പോ അതും കിട്ടാന്‍ പോകുന്നില്ല...അങ്ങിനെ എന്തൊക്കെയോ ഒര്‍ത്തുക്കൊണ്ട് ഞാന്‍ ഉറക്കത്തിലേക്കെത്തി.
തുടരും............


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

ബ്ലഡ്‌കാന്‍സര്‍ !! (ഒന്നാം ഭാഗം)


ഞാനും സൈനയും അന്ന് ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. അമ്മമാര്‍ ഞങ്ങളെ ഒരുമിച്ചു കൊണ്ടുപോയാണ്‌ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. അന്നുമുതലേ ഞങ്ങള്‍ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. സൈനയുടെ ഉപ്പാക്ക് ആടുവളര്‍ത്തലാണ്. വീട്ടില്‍ നിറയെ ആടുകള്‍.അതില്‍നിന്നും തിരഞ്ഞെടുത്തതും, പുറമേനിന്നും വാങ്ങുന്നതുമായ ആടുകളെ അയാള്‍ മാര്‍ക്കറ്റ്‌ നടുത്തുകൊണ്ടുപോയി അറത്തു വില്‍ക്കും. അതുകൂടാതെ ആടുകളെ ചവിട്ടിക്കാന്‍ അവിടെ ധാരാളം പേര്‍ വരാറുണ്ട്. കുട്ടിയാടുകളുടെ വില്‍പ്പനയും ഉണ്ട്. ഇത് രണ്ടും അവളുടെ ഉമ്മയുടെ വകുപ്പാണ്.

വീട്ടിലായിരിക്കുമ്പോഴും, എന്നോടൊപ്പം കളിക്കുവാന്‍ വരുമ്പോഴുമെല്ലാം സൈന ട്രവ്സറും, ഷര്‍ട്ടും ആണ് ധരിക്കാറ്. അതിനു കാരണം, അവളും അനുജനും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ. വലുപ്പത്തില്‍ രണ്ടുപേരും ഒരുപോലെയാണ്താനും. അതിനാല്‍ അവളുടെ ഉപ്പ ഒരു തുണിവാങ്ങി, അതുകൊണ്ട് തയിക്കാവുന്നതിന്‍റെ പരമാവുധി ട്രവ്സര്‍കള്‍ തയിപ്പിക്കും. അതുക്കൊണ്ടുതന്നെ അവളുടെ ട്രവ്സര്‍കള്‍ക്ക് എന്നും ഒരേ നിറമായിരുന്നു.

രാവിലെ ഞാന്‍ ബാഗുമായി അവളുടെ വീട്ടിലെത്തുമ്പോള്‍ അവള്‍ ആട്ടിന്‍കൂടിനടുത്ത് ഉമ്മയോടൊപ്പം എന്തെങ്കിലും പണികളിലായിരിക്കും. എന്നെകണ്ടാല്‍ ഉടനെ അവള്‍ ഓടി വീടിനകത്തുകയറി ഇട്ടിരിക്കുന്ന ട്രവ്സര്‍നു മുകളില്‍ത്തന്നെ പാവാടയെടുത്തിട്ടു, ഷര്‍ട്ടമാറി ബാഗെടുത്തു എന്നോടൊപ്പം പോരും. സ്കൂള്‍വിട്ടു കളികളെല്ലാംകഴിഞ്ഞു വീടെത്തിയാല്‍ കുളിക്കാറുണ്ട്‌ എന്നാണു അവള്‍ എന്നോട് പറയാറ്.

സ്കൂള്‍ വിട്ടുള്ള ഞങ്ങളുടെ വരവ് ഒരു ചടങ്ങായിരുന്നു. നേരിട്ടുള്ള വഴികളിലൂടെ ഒരിക്കലും വരാറേയില്ല. തോടുവക്കത്തുകൂടെ നടന്നു സാധിക്കാവുന്നയത്ത്ര പറമ്പ്കളില്‍ കയറി കിട്ടാവുന്നയത്ര പുളി, മാങ്ങ , ചാമ്പക്ക എന്നിവയെല്ലാം ശേഖരിച്ചാണ് വരവ്. തരംക്കിട്ടിയാല്‍ വരുന്നവഴിയിലെ അമ്പലക്കുളത്തിന്‍റെ ആഴമില്ലാത്ത ഭാഗത്ത് ഇറങ്ങിനിന്നുക്കൊണ്ട് ഞാനൊന്ന് മേല്കഴുകുകയും ചെയ്യും. ഈസമയം അതുവഴി ആരെങ്കിലും വരുന്നുണ്ടോ എന്നറിയുവാന്‍ അവള്‍ കാവല്‍നില്‍ക്കും. അഹിന്ദുക്കള്‍ ആണല്ലോ രണ്ടുപേരും......

രാവിലെ എഴുനേറ്റു കാപ്പികുടിച്ചുകഴിഞ്ഞാല്‍ ഒരുമണിക്കൂര്‍ ഇരുന്നു പഠിക്കണമെന്ന് അമ്മയുടെ കര്‍ശന നിര്‍ദേശമുണ്ട്. അവധിദിവസങ്ങളില്‍ അത് രണ്ടു മണിക്കൂറാകും. അത്രയുംസമയം ഞാനിരുന്നു പഠിക്കുന്നുണ്ടോ എന്ന് നോക്കുവാന്‍ ഇളയമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇളയമ്മ അമ്പിനും വില്ലിനും അടുക്കാത്ത ആളായതിനാല്‍ ആ സമയക്രമം ഞാന്‍ തെറ്റിക്കാറില്ല. സൈനയുടെ വീട്ടില്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നുംതന്നെയില്ല. ആര് ചത്താലും ജീവിച്ചാലും രാവിലെ ആടിന് കാടിയും പിണ്ണാക്കും കൊടുത്തിരിക്കണം. സ്കൂള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു ഉമ്മയെ സൈന സഹായിക്കുകയും വേണം. ഈയൊരു കാര്യത്തില്‍ മാത്രമേ അവളുടെ ഉപ്പാക്ക് നിര്‍ബന്ധമുള്ളു. ഭാഗ്യവതിയായ സൈന!!!!

അവധി ദിവസങ്ങളില്‍ അവളുടെ ജോലി തീര്‍ന്നാല്‍ അവള്‍ ഇടയ്ക്കിടെ ഞങ്ങളുടെ വേലിക്കരികില്‍നിന്നും വീട്ടിലെക്കെത്തിനോക്കും, എന്‍റെ പഠിപ്പ് തീര്‍ന്നുവോ എന്നറിയുവാന്‍. ഞാന്‍ പഠിക്കുന്ന സമയത്ത് അവളെ ആ പരിസരത്തെങ്ങാനും കണ്ടാല്‍ എന്‍റെ അമ്മ വഴക്കുപറയും എന്നതിനാല്‍ പതുങ്ങി നിന്നാണ് നോട്ടം.

ആ ശനിയാഴ്ച്ചയിലെ എന്‍റെ പഠനസമയം, ശ്..... ശ് ... എന്ന ശബ്ദം കേട്ട് ഞാന്‍ വേലിക്കലേക്ക് നോക്കി, സൈന. അങ്ങിനെ ശബ്ദം കേള്‍ക്കുമ്പോള്‍ അത് സൈനയാണെന്ന് എനിക്കറിയാം. ഞാന്‍ നോക്കിയില്ലെങ്കില്‍ വീട്ടില്‍ അമ്മയുണ്ടെന്നു അവള്‍ക്കും അറിയാം. അത് ഞങ്ങള്‍ തമ്മിലുള്ളൊരു ധാരണയാണ്.

" തീരാറായോ?" അവള്‍ പതിയെ ചോദിച്ചു. പടിക്കുന്നസമയത്തു ഒരു അമ്പതു തവണയെങ്കിലും ഞാന്‍ ക്ലോക്കില്‍ നോക്കാറുണ്ട്. ഞാന്‍ വീണ്ടും ക്ലോക്കില്‍ നോക്കി. ആറോ ഏഴോ മിനുട്ടുകള്‍ ബാക്കിയുണ്ട്. അമ്മയും ചേച്ചിയും വീട്ടിലില്ല, ഇളയമ്മ ഗോതമ്പ് വാങ്ങുന്നതിനായി റേഷന്‍ കടയില്‍ പോയിരിക്കുന്നു. കുറച്ചു നേരത്തെ പഠിത്തം അവസാനിപ്പിച്ചാലും അമ്മൂമ്മ പറഞ്ഞുകൊടുക്കില്ലെന്നു എനിക്കുറപ്പുണ്ട്. ബാഗ്‌ ഒതുക്കിവച്ച് ഞാന്‍ പുറത്തിറങ്ങി.

വീടിനടുത്തുള്ള വലിയൊരു കശുമാവിന്‍തോപ്പാണ് ഞങ്ങളുടെ ലോകം. കശുമാവിന്‍റെ ചാഞ്ഞുകിടക്കുന്ന കൊമ്പുകളില്‍ കയറിയിരുന്ന് കുലുങ്ങുക എന്നതാണ് പ്രധാന വിനോദം. ഇത്തരത്തില്‍ ഞങ്ങള്‍ക്ക് എളുപ്പം കയറിയിരുന്ന് കുലുങ്ങാവുന്ന കശുമാവ് തോപ്പിന്‍റെ മധ്യ ഭാഗത്തായാണ്‌ ഉള്ളത്.
ഞങ്ങള്‍ അങ്ങോട്ട്‌ നടന്നുക്കൊണ്ടിരിക്കുമ്പോള്‍ കുറച്ചുദൂരെ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്ത് വീടിനടുത്തുള്ള പരിചയക്കാരായ ഒരു ചേച്ചിയും ചേട്ടനും. അവര്‍ നിലത്തു കെട്ടിപ്പിടിച്ചുകിടന്നു പരസ്പരം ഉമ്മവക്കുന്നു!!! ഞാനും സൈനയും ഒന്നിച്ചാണ് ഈ കാഴ്ച്ച കണ്ടത്. നാലഞ്ചു നിമിഷങ്ങള്‍ ഞങ്ങള്‍ അത് നോക്കി നിന്നു. അതിനിടക്ക് ചേച്ചി ഞങ്ങളെകണ്ട് ചാടിപിടഞ്ഞെഴുന്നേറ്റ് വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലേക്ക്‌ മറഞ്ഞു. കൂടെയുള്ളയാള്‍ ആ പറമ്പിന്‍റെ സൂക്ഷിപ്പുക്കാരനും കൂടിയാണ്. അയാള്‍ ഞങ്ങളെ കണ്ട്,
" എന്താടാ ഇവിടെ.... ആരാ നിങ്ങളോട് ഇങ്ങോട്ട് കടക്കാന്‍ പറഞ്ഞെ...?."
എന്ന് ആക്രോശിച്ചു.

ഞങ്ങള്‍ തിരിച്ചു തോപ്പിനു പുറത്തേക്ക് ഓടി.
തോട്ടത്തിനു പുറത്തെത്തിയപ്പോഴാണ്‌ ഞങ്ങളുടെ ഓട്ടം നിന്നത്.
" കല്ല്യാണം കഴിഞ്ഞാലെ ഇങ്ങനെ ചെയ്യാന്‍ പാടുള്ളൂ"
സൈന അവളുടെ വിജ്ഞാനം പങ്കുവച്ചു. ഇനി ഞങ്ങളറിയാതെ അവരുടെ കല്ല്യാണം കഴിഞ്ഞോ....? ഞങ്ങള്‍ക്ക് സംശയമായി.

ഞങ്ങള്‍ പോകുന്ന വഴിക്കരികിലുള്ള ഒരു വലിയമരം ചിലര്‍ ചേര്‍ന്ന് മുറിക്കുന്നുണ്ട്. നാട്ടുക്കാരില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കുറച്ചു പേര്‍ അതും നോക്കി ആ സമയം അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍ത്തുല്ലസിച്ചുള്ള വരവുകണ്ട് അതിലൊരാള്‍ ചോദിച്ചു,
"രണ്ടാളും വല്ല്യ സന്തോഷത്തിലാണല്ലോ..?"
ഞങ്ങള്‍ രണ്ടുപേരെയും നന്നായി അറിയാവുന്ന ഒരാളാണ് അത് ചോതിച്ചത്.

തോപ്പില്‍ കണ്ട കാര്യങ്ങള്‍ വിശദമായിതന്നെ ഞാന്‍ അയാള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു. മരം വെട്ടു നിന്നു. കാഴ്ച്ചക്കാര്‍ ഞങ്ങള്‍ക്ക് ചുറ്റുമായി. തുടര്‍ന്നുള്ള അവരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയോ മറുപടിപറഞ്ഞു ഞങ്ങള്‍ മുന്നോട്ടു നടന്നു.

മനസ്സില്‍ വല്ലാത്തൊരു സന്തോഷവും അഭിമാനവും. ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാന്‍ ആകാംക്ഷാഭരിതരായി നാട്ടുക്കാര്‍ കൂടിനിന്നതിനെകുറിച്ചോര്‍ത്തപ്പോള്‍ ഞങ്ങള്‍ പുളകിതരായി. ആ പുളകത്തില്‍ നിന്നുമുണ്ടായ രോമാഞ്ചം അവസാനിക്കുന്നതിനുമുന്‍പേ , ദാ കിടക്കുന്നു വേറെയൊരു മുട്ടന്‍ ചാന്‍സ്.....!! ഞങ്ങള്‍ക്ക് നേരെയുള്ള മതിലില്‍ കയറിയിരിക്കുന്നു, ചേട്ടന്‍..... തോട്ടത്തില്‍ കണ്ട ചേച്ചിയുടെ സ്വന്തം ചേട്ടന്‍!! അതും ഒറ്റക്കൊന്നുമല്ല , കാശുവച്ച് ഗോലി കളിക്കുന്ന വേറെയും കുറച്ചു ചേട്ടന്മാര്‍ ഉണ്ട് കൂടെ

. ഞാന്‍ ആവേശപൂര്‍വ്വം ചെട്ടനടുത്തുചെന്നു, ശബ്ദം ഒന്ന് നേരെയാക്കി തോട്ടത്തില്‍ കണ്ടകാര്യങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ അവതരിപ്പിച്ചു.
ചേട്ടന്‍ മതിലില്‍നിന്നും ചാടിയിറങ്ങി. അതോ കെട്ടിമറിഞ്ഞ് വീണതോ..... എന്തായാലും ആള് താഴെയെത്തി. ഒപ്പം അവിടുത്തെ ഗോലി കളിയും നിന്നു. ഒട്ടും താമസിയാതെ ' ണേം......'എന്ന ശബ്ദത്തില്‍ എന്‍റെ തലയിലൊരു കിഴുക്ക്‌, ചേട്ടന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്‍റെ വല്ല്യമ്മയുടെ മകനില്‍ നിന്നും
കിട്ടി. ഒപ്പം ഒരു താക്കീതും,

" മിണ്ടരുത് ഒരാളോടും..." മിണ്ട്യാല്‍ എന്താ , കണ്ടതല്ലേ പറഞ്ഞുള്ളൂ.., എന്നുഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ കരുതി. എനിക്ക് കിഴുക്ക്‌ കിട്ടുന്നത് കണ്ടപ്പോഴേ സൈന വീട്ടിലേക്കു എത്താറായിരുന്നു. വഞ്ചകി...., എന്നെ ഒറ്റയ്ക്ക്ഇട്ടു പോയി.

നടക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ ഞാന്‍ തീരുമാനമെടുത്തു, ഇനി മുതല്‍ സൈനയുടെ കൂടെ സ്കൂളില്‍ പോകില്ല. രണ്ടാമത്, വല്ല്യമ്മയുടെ മകന്‍ ചെടി നനക്കുന്നതിനായി സഹായത്തിനു വിളിച്ചാലും പോകില്ല.
വൈകീട്ട് അമ്മ വന്നതും ഇറയില്‍ വച്ചിരിക്കുന്ന ചൂരലെടുത്തു എന്നെ പൊതിരെ തല്ലാന്‍ തുടങ്ങി. അഞ്ചാറു അടി കഴിഞ്ഞപ്പോഴേക്കും അമ്മൂമ്മ ഇടപ്പെട്ടു.
" വെറുതെ ഇരിക്കുന്ന കുട്ട്യോളെ പിടിച്ചു തല്ലാ? "

കാര്യമെന്താണെന്നു അറിയണമെന്നായി അമ്മൂമ്മ. കാര്യം എനിക്കും അമ്മയ്ക്കും നാട്ടുക്കാര്‍ക്ക്‌ മുഴുവനും അറിയാം, പക്ഷെ എന്‍റെ അമ്മൂമ്മക്കും സൈനയുടെ ഉമ്മക്കും മാത്രം അറിയില്ല. പക്ഷെ സൈനയുടെ ഉപ്പ എല്ലാം അറിഞ്ഞിട്ടാണ് വൈകീട്ട് വന്നത്. അതിനു ശേഷം അവള്‍ക്കു നിലത്തു നില്‍ക്കാന്‍ പറ്റിയിട്ടില്ല. പുരക്കുചുറ്റും ഓട്ടംതന്നെ ഓട്ടം. അവളെ കയ്യില്‍ കിട്ടുമ്പോള്‍ ആജാനുഭാഹുവായ അവളുടെ ഉപ്പ അവളെ മാനത്തെക്കുയര്‍ത്തിയാണ് തല്ലുന്നത്.ഇടക്കൊന്നു റസ്റ്റ്‌ ചെയ്യുവാന്‍ വേണ്ടി അയാള്‍ അവളെ താഴെ നിറുത്തിയാല്‍ ഉടനെ അവള്‍ ഓടാന്‍ തുടങ്ങും.

കിട്ടട്ടെ രണ്ടെണ്ണം.... എന്നെ ഒറ്റക്കിട്ടു പോയവളല്ലേ, ഞാന്‍ വിചാരിച്ചു.
രാത്രി കിടക്കുമ്പോള്‍ സൈനക്ക് അടി കിട്ടിയതിനെ കുറിച്ചോര്‍ത്തു എനിക്ക് വിഷമം തോന്നി.
നിറഞ്ഞുഒഴുകിയ എന്‍റെ കണ്ണ്നീര്‍തുടച്ചു എന്നെ അരികിലേക്ക്ചേര്‍ത്തു കിടത്തിക്കൊണ്ട് അമ്മ പറഞ്ഞു
" എന്തുകണ്ടാലും എന്തുകേട്ടാലും മനസ്സില്‍ വക്കുക, മറ്റാരോടും ഒരിക്കലും പറഞ്ഞു നടക്കരുത്".

പിറ്റേന്ന് എന്‍റെ പഠനം കഴിഞ്ഞു കുറെ കഴിഞ്ഞിട്ടും സൈനയെ വീട്ടിലേക്കു കണ്ടില്ല.കുറേനേരം കാത്തിരുന്നിട്ടും കാണാതായപ്പോള്‍ ഞാന്‍ അവളുടെ വീടിന്‍റെ പടിക്കലേക്കുച്ചെന്നു. അവിടെ നിന്ന് ഞാന്‍ കണ്ടു , തിണ്ണയില്‍ കയറിയിരുന്നു കാല്‍ നീട്ടി വച്ചു കാലിന്മേല്‍ എന്തോ പുരട്ടിക്കൊണ്ടിരിക്കുന്ന സൈനയെ. എന്നെ കണ്ടതും അവള്‍ അകത്തേക്ക്പോയി പാവാട എടുത്തിട്ടു പുറത്തേക്ക് വന്നു

വീട്ടില്‍നിന്നും ഒരല്‍പ്പം നീങ്ങി, നാഷണല്‍ ഹൈവേ കടന്നു പോകുന്ന പാലത്തിനടിയിലിരുന്ന് പാവാട ഉയര്‍ത്തി, ഉപ്പയുടെ തല്ലിന്‍റെ പാടുകള്‍ കാട്ടി തന്നു. ചോര കിനിഞ്ഞിരിക്കുന്ന ചില പാടുകളില്‍ അവള്‍ എന്തോ മരുന്നുകള്‍ പുരട്ടിയിരിക്കുന്നു. എനിക്ക് ആകെ വിഷമമായി. കശുമാവിന്തോപ്പില്‍ പോകുന്നതിനും, ഓടി കളിക്കുന്നതിനുമോന്നും വലിയ ഉത്സാഹം തോന്നാത്തതിനാല്‍ ഹൈവേ യുടെ മറുവശത്ത്‌ നില്‍ക്കുന്ന വലിയ മാവിന്‍റെ ചുവട്ടില്‍ പൊഴിഞ്ഞു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പണ്ട് ഒരാള്‍ ആ മാവില്‍ തൂങ്ങി മരിച്ചിട്ടുള്ളതിനാല്‍ ഞങ്ങള്‍ ആ ഭാഗം മാത്രം കളിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയായിരുന്നു. പക്ഷെ അന്നത്തെ നിവൃത്തികേട് ക്കൊണ്ട് ഞങ്ങള്‍ അവിടെ പോകാമെന്ന് തീരുമാനിച്ചു. നാട്ടുകാരുള്ള സ്ഥലത്തൊന്നും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കടക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ടായിരുന്നു.
.
ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ചെറിയ ചെറിയ പാറകള്‍ കടന്നു വേണം മാവിനടുത്തെത്താന്‍. ഞങ്ങള്‍ ഒരു പാറയില്‍ നിന്നും വേറെയൊരു പാറയിലേക്ക്‌, അതില്‍ നിന്നും മറ്റൊന്നിലേക്കു..... അങ്ങിനെ ചാടി ചാടി മാവിനടുത്തെത്തി. സൈനയുടെ പാവാടയില്‍ കണ്ണിമാങ്ങ മുഴുവന്‍ പെറുക്കിക്കൂട്ടി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു നടക്കുകയായിരുന്നു.

 ഞാന്‍ മുന്‍പിലും അവള്‍ പിറകിലുമായാണ് നടത്തം.
എന്തോ പറയുവാന്‍ ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നില്‍ക്കുന്നതിനിടയില്‍ കണ്ണിമാങ്ങയിട്ടു പൊക്കിപിടിച്ച് നില്‍ക്കുന്ന അവളുടെ പാവാടക്കടിയിലൂടെ കാണുന്ന ട്രൌസര്‍ന്‍റെ മുന്‍ഭാഗം ഞാന്‍ ശ്രദ്ധിച്ചു.
അവിടമാകെ ചുവപ്പ് നിറം!!!
കുറച്ചു ചോര അവളുടെ തുടയിലേക്ക് ഒലിച്ചു ഇറങ്ങിയിരിക്കുന്നു. ഉപ്പ തല്ലിയത് ആ ഭാഗത്ത് കൊണ്ടിട്ടില്ലെന്നു അവള്‍ ഉറപ്പിച്ചു പറയുന്നു. പിന്നെ എങ്ങിനെയാണ് ചോര വരുന്നത്.....

അടുത്തു തന്നെ ഒരു ടയര്‍ റീസോളിംഗ് കമ്പനിയുണ്ട്. ഞായറാഴ്ച്ച ആയതിനാല്‍ അതിനു അവധി ആയിരുന്നു. കമ്പനിയുടെ പുറകുവശത്തുള്ള പൈപ്പിനടുത്തെക്ക്‌ സൈന പോയി. കണ്ണി മാങ്ങ എന്‍റെ ഷര്‍ട്ടിനകത്തിട്ട് ഞാന്‍ മുന്‍ വശത്ത്‌ ഇരുന്നു.
കുറച്ചു കഴിഞ്ഞാണ് സൈന വന്നത്. വാവിട്ടു കരഞ്ഞു കൊണ്ടാണ് വരവ്. രണ്ടുമൂന്നു പ്രാവശ്യം കഴുകിയിട്ടും ചോര പിന്നെയും വന്നുക്കൊണ്ടിരിക്കുന്നുവെന്നു അവള്‍ കരച്ചിലിനിടയില്‍ പറഞ്ഞു. പിന്നെ ഒരു നിമിഷം കരച്ചില്‍ നിറുത്തി, എന്നിട്ട് പ്രഖ്യാപിച്ചു,
" എനിക്ക് ബ്ലഡ്‌ ക്യാന്‍സറാ........"

ഞാന്‍ ഞെട്ടി....... ഈശ്വരാ ബ്ലഡ്‌ ക്യാന്‍സറോ..!!!!!
എനിക്കോ അവള്‍ക്കോ ഇതിനുമുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല. ആര്‍ക്കും ഇങ്ങനെ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുമില്ല. വെറുതെ ഒരു കാരണവും ഇല്ലാതെ ചോര വരുന്നു. അപ്പോള്‍ ഇത് ബ്ലഡ്‌ കാന്‍സര്‍ തന്നെ , ഞാനും ഉറപ്പിച്ചു.

ബ്ലഡ്‌ ക്യാന്‍സര്‍ ന്‍റെ സാധ്യതയെ കുറിച്ച് അവള്‍ ചിന്തിക്കുവാനും, ഞാന്‍ വിശ്വസിക്കുവാനും ഒരു കാരണമുണ്ട്; അക്കാലത്ത് ഇറങ്ങുന്ന ഒരുമാതിരിപ്പെട്ട എല്ലാ സിനിമകളിലും കളിച്ചുചിരിച്ച് ഓടിച്ചാടി നടക്കുന്ന നായികക്കോ, പ്രണയാതുരനായ നായകനോ അവസാനം ബ്ലഡ്‌ ക്യാന്‍സര്‍ ആയിരിക്കും. അഥവാ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ബ്ലഡ്‌ ക്യാന്‍സര്‍ ഇല്ലെങ്ങില്‍ ഇവരുടെ വേണ്ടപ്പെട്ട ആര്‍ക്കെങ്ങിലും അതുണ്ടായിരിക്കും. ഇനി ആര്‍ക്കും ബ്ലഡ്‌ ക്യാന്‍സര്‍ ഇല്ലാത്ത ഒരു സിനിമയെങ്ങാനും കണ്ടുപോയാല്‍....
" ഇതെന്തൂട്ട് സിനിമ്യാ ഇത്" എന്നൊരു തോന്നലും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

അക്കാലത്ത് ബ്ലഡ്‌ ക്യാന്‍സറിനു അത്രത്തോളം സ്വാധീനം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നതിനാലും, ഈ സംഭവം എങ്ങിനെയിരിക്കും എന്നതിനെ കുറിച്ചു ഒരു രൂപവും ഇല്ലാതിരുന്നതിനാലുമാണ് ചോരയുമായി ബന്ധപ്പെട്ട സൈനയുടെ പ്രശ്നം ബ്ലഡ്‌ ക്യാന്‍സര്‍ തന്നെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചത്.

ഇടയ്ക്കിടെ സൈനയുടെ കരച്ചില്‍ ഉച്ച്ചത്തിലാകുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ് ഞാന്‍. ഞാന്‍ കരുതിയില്ല സൈനക്ക് ഇത്രവേഗം ബ്ലഡ്‌ ക്യാന്‍സര്‍ വരുമെന്ന്. കരച്ചിലിനിടക്കു അവള്‍ പറഞ്ഞു, "ഞാന്‍ മരിക്കട്ടെ എന്നാലെ എന്‍റെ ഉപ്പാക്ക് സന്തോഷം കിട്ടു...എന്നെ ഇഷ്ട്ടം ഇല്ല്യാത്തോണ്ടാല്ലേ ഇന്നലെ ഇത്ത്രക്കും എന്നെ തല്ല്യെ..ഞാന്‍ മരിച്ചാല്‍ ഉമ്മാനെ ഇനി ആരാ സഹായിക്കാന്നു കാണാല്ലോ.."
ഇക്കാര്യങ്ങളൊന്നും ആരോടും പറയില്ലെന്ന് അവള്‍ എന്നോട് സത്ത്യം ചെയ്തു വാങ്ങി .

സമയം സന്ധ്യയോടടുത്തു. എനിക്ക് വീട്ടിലിരിക്കാന്‍ ഒരു സമാധാനവും ഇല്ല. സൈന ഉച്ചക്ക് വീട്ടില്‍ പോയതാണ്, ഇതുവരെ ഒരു വിവരവും ഇല്ല.എന്തായാലും മരിച്ചു കാണാന്‍ വഴിയില്ല.. അങ്ങിനെയാണെങ്കില്‍ എല്ലാവരുടെയും കരച്ചില്‍ കേള്‍ക്കുമായിരുന്നു. പെട്ടെന്ന് എനിക്കൊരു തോന്നല്‍, അവള്‍ മരിച്ചു കിടക്കുകയാണെന്ന് അവളുടെ വീട്ടിലാരും അറിഞ്ഞിട്ടില്ലെങ്കിലോ..... അവള്‍ക്കു സംഭവിച്ചു പോയ ഈ മാരകമായ അസുഖത്തിന്‍റെ വിവരം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്ക് മാത്രമല്ലേ അറിയൂ... എന്തായാലും അവളുടെ വീടുവരെ ഒന്ന് പോയിനോക്കാന്‍ ഞാന്‍ തീരുമാനിച്ചു. 
(തുടരും.......)


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

ആത്മാക്കളെ മെനയുന്നവര്‍ (2nd part)


 “തിരാണിക്കാവ് അമ്പലത്തിലെ വെളിച്ചപ്പാട് എങ്ങന്യാ ചത്തതെന്ന് അറിയോ നെനക്ക്..?
ആ പുതിയ ചോദ്യം വീണ്ടുമെന്നെ അമ്മൂമ്മയുടെ അടുക്കലേക്കെത്തിച്ചു. വെളിച്ചപ്പാടിന്‍റെ മരണകാരണം അറിയുമെന്നോ, ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല. അമ്മൂമ്മ തുടര്‍ന്നു,

“ആമ്പല്ലൂര്‍ അടുത്ത്, റോഡരീലെന്നെ ഒരമ്പലണ്ട്. എന്തൂട്ടാണ് അതിന്‍റെ പേര്..... ചാലക്കുടീല് നിന്‍റെ അപ്പാപ്പന്‍റെ വീട്ടില്‍ക്ക് പോവുമ്പോ ഞാന്‍ നേരിട്ട് കണ്ടട്ട്ള്ളതാ ആ അമ്പലം. അതിന്‍റെ പേരുമാത്രം ഒരിക്കലും ഓര്‍മ്മേല് നിക്കില്ല്യ.....”
അമ്മൂമ്മ വീണ്ടും ആ അമ്പലത്തിന്‍റെ പേര് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടു, പിന്നെ തുടര്‍ന്നു,
“പേരെന്തൂട്ടെങ്കിലും ആവട്ടെ, റോട്ടീന്നു കൊറച്ച് താഴ്ത്തക്ക് എറങ്ങീട്ടണ് ആ അമ്പലം....... യെന്തൂട്ടാണ് അതിന്‍റെ പേര്പൊന്നേ........” വീണ്ടും പരാജയപ്പെടുവാന്‍ ഒരു ശ്രമം. ഇക്കുറി, പേര് ഓര്‍ത്തെടുക്കുവാനുള്ള ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ച് അമ്മൂമ്മ കഥയിലേക്ക്‌ കടന്നു.

“അമ്പലത്തിന്‍റെ അടുത്ത് ഒരാല്ണ്ട്......, ലോകായലോകം മുഴുക്കെള്ള വവ്വാലോള് അതുമ്മേവന്നു തൂങ്ങി കിടക്കും. അമ്പലത്തിന്‍റെ പൊറകില് ഒരു പാലീണ്ട്...നല്ല നെടുനീളത്തില്, വട്ടനെ പന്തലിച്ചൊരു പാല. ഏഴിലം പാല്യണത്. അതുമ്യാണ് യക്ഷീടെ വാസം!!! അസമയത്ത് അവടെ എത്തിപ്പെടുന്ന കൊറേപേരെ അവളൊരു വഴിക്കാക്കീട്ടുണ്ട്. ഈ വിവരങ്ങളൊക്കെ അറിഞ്ഞപ്പോ തിരാണിക്കാവിലെ വെളിച്ചപ്പാട്, ‘അവളെ ആ പാലേമ്മേ തളച്ചട്ടാ ഇനി മടങ്ങളോ’ന്നും പറഞ്ഞ് ആമ്പല്ലൂര്‍ക്ക് പൊറപ്പെട്ടു.
അയാള്‍ക്കതിന്‍റെ വല്ല കാര്യോം ഇണ്ടാര്‍ന്ന.....അതാ കാലന്‍റെ കളി. അവനു കൊണ്ടോണ്ട സമയാവുമ്പോ അവനിങ്ങനെ ഓരോ ബുദ്ധി ആള്‍ക്കാര്‍ക്ക് ഓതികൊടുക്കും..”

“വെളിച്ചപ്പാടിനെ യക്ഷി കൊന്നോ?” ഞാന്‍ അക്ഷമനായി.
“കൊന്നോന്നാ........ അവടിള്ള നാട്ടുക്കാര് ആവുന്നതും വെളിച്ചപാടിനെ തടയാന്‍ നോക്കി. പക്ഷെ വെളിച്ചപ്പാട്‌ണ്ടാ നിക്കണു .... നാട്ടാരെ വകവക്കാണ്ട് ആ യക്ഷിപാലേടെ ചോട്ടിലെന്നെ അയാള് രാത്രി കെടന്നോറങ്ങി. രാവിലെ പല്ലും നഖവും മാത്രാവും ഭാക്കി കിട്ടാന്നാ നാട്ടുക്കാര് കരുത്യെ....”
“വെളിച്ചപ്പാട് മരിച്ചില്ലേ..?” മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു നാട്ടുക്കാരുടെ കൂട്ട് ഞാനും കരുതീത്.

“ഇല്ല്യ, അപ്പൊ മരിച്ചില്ല. കാലത്തെണീറ്റ് ഒരു കൊഴപ്പോം ഇല്ല്യാണ്ട് ആള് തിരാണിക്കാവില്‍ക്ക് പോന്നു. പക്ഷേ, അവള് മേത്ത്കൂടീട്ട്ണ്ടായിരുന്നു. അവടന്നങ്ങട് ഒരു എട്ടാഴ്ച്ച അടുപ്പിച്ച് വെള്ളീം, ചോവ്വേം വന്നാ വെളിച്ചപ്പാടിനൊരു ദെണെണളക്കാ... മുറി അടച്ചിട്ട് ഒറ്റിരുപ്പാ..സ്വന്തം കെട്ട്യോള് ആ പരിസരത്ത് വരണതേ കണ്ടൂട. ഒക്കെ മേത്ത് കൂട്യെക്കണോള്‍ടെ കളീണ്.........
ഓരോ ആഴ്ച്ച കഴിയുംതോറും വെളിച്ചപ്പാട് ശോഷിച്ച്, ഇല്ല്യാണ്ടായി ഇല്ല്യാണ്ടായി വരാര്‍ന്നു. നല്ല ചൊകചോകാന്നു ഇരുന്നെര്‍ന്നാള് കറുത്ത് കരുവാളിച്ചു, കണ്ണൊക്കെ കുണ്ടില്‍ക്കായി ഒരു പ്രേതത്തിന്‍റെ കൂട്ടായി. കൃത്യം ഒന്‍പതാമ്മത്തെ വെള്ളിയാഴ്ച, ഒല്ലൂര് ചങ്ങലഗേറ്റ്ന്‍റെ അവിടെ, വെളിച്ചപ്പാടിന്‍റെ തലീല്ല്യാത്ത ശവം!!! സാമീടെ ഒട്ടലില്‍ക്ക് പുലര്‍ച്ചെ പണിക്ക് പോണോരണ് കണ്ടത്. റെയിലിന് തല വച്ചതാത്രേ...!!!!”
          
അമ്മൂമ്മ ദീര്‍ഘമായൊന്നുശ്വസിച്ചു. പിന്നെ, അങ്ങിങ്ങായി അടര്‍ന്നു നില്‍ക്കുന്ന ചുമരിന്മേല്‍ പറ്റിചേര്‍ന്നിരിക്കുന്ന, വല്യപ്പന്‍റെയും വല്ല്യമ്മയുടെയും വിവാഹ ഫോട്ടോയിലേക്ക് തല തിരിച്ച് നോക്കി. എന്‍റെ ശ്രദ്ധയും ആ ഫോട്ടോയിലേക്ക് ക്ഷണിച്ച്, ഫോട്ടോയില്‍നിന്നും കണ്ണെടുക്കാതെ അമ്മൂമ്മ എന്നോട് ചോദിച്ചു,
“നീയാ പോട്ടോലിരിക്കണ നിന്‍റെ വല്ല്യപ്പനൊന്നു നോക്ക്യേ... ആ പോട്ടോം, അവന്‍റെ ഇപ്പള്‍ത്തെ കൊലോം തമ്മില് വല്ല ചേര്‍ച്ചീം തോന്ന്ണ്ടാ”?

ഫോട്ടോയില്‍കാണുന്ന വല്യപ്പനെ ഞാന്‍ കണ്ണെടുക്കാതെ, വിസ്മയത്തോടെ നോക്കി. ഒതുക്കി വെട്ടിയ കറുത്ത തലമുടി മുകളിലേക്ക് ചീകി വച്ചിരിക്കുന്നു. വീതുളി പോലെ താഴേക്കിറങ്ങി, പറന്നു കിടക്കുന്ന കൃതാവ്. പ്രകാശം വിതറുന്ന കണ്ണുകള്‍. ചുണ്ടിന്‍റെ അരിക്ചേര്‍ന്നുപോകുന്ന കരമീശയ്ക്കു ഒരു ചന്തം തോന്നി. വെളുത്തു തുടുത്ത കവിളുകള്‍, സുന്ദരന്‍തന്നെ.
വല്യപ്പന്‍റെ നിലവിലുള്ള രൂപത്തെ ഞാന്‍ എന്‍റെ മനസിലൂടെ ആ ഫോട്ടോയോടു ചേര്‍ത്ത്നിര്‍ത്തി താരതമ്മ്യപ്പെടുത്തി; കഷണ്ടി ബാക്കിവച്ച തലമുടിയുടെ ഭൂരിഭാഗവും നര കയറിയിരിക്കുന്നു. മുഖത്തിനോട് ചേര്‍ന്ന് നില്‍ക്കാതെ ആഴങ്ങളിലേക്ക് ഇടറിവീണുകിടക്കുന്ന, ജീവനില്ലാത്ത കണ്ണുകള്‍. കരുവാളിപ്പ് പടര്‍ന്ന്, ചുളിവുകള്‍ വീണ മുഖം.

“നല്ല യോഗ്യനായിരുന്നവന്‍........” അമ്മൂമ്മ ഓര്‍മകളിലേക്ക് ഉറ്റുനോക്കി പറയുവാന്‍ തുടങ്ങി,
“കുടുംബത്തിലെ ഒരാള്‍ക്കും അവന്‍റെയാ ചന്തം കിട്ടിയിട്ടില്ല. നിങ്ങള്‍ക്കൊക്കെ കൊറേ വെളുപ്പുണ്ടന്നേളളൂ... അവന്‍ അങ്ങനല്ല്യ, എന്താ ഒരു മൊഖശ്രീ....സൂര്യനുദിച്ചോണം ആയിരുന്നു.
അവന്‍ ഞായറാഴ്ച്ച കുറുബാനക്ക് പോകുമ്പം, കുണ്ടായിരോടത്തെ റോസീം, പിന്നേ.... അവരടെ തെക്കേല് താമസിക്കണ ഒരു റപ്പായി ഇണ്ടാര്‍ന്നു, അയാള്‍ക്ക്‌ എഴുത്താപ്പീസിലണ് പണി... അവനൊരു മോളുണ്ട്, ഒരാട്ടക്കാരി.......മാത്തിരി......, അതന്നെ..... മാത്തിരീന്നാണ് അവള്‍ടെ പേര്. ഇവര് രണ്ടാളും അവന്‍ വരണത് നോക്കി നിക്കും..., അവന്‍റെ ഒപ്പം പള്ളിവരെ നടക്കാനായിട്ട്.. എന്നിട്ട് രണ്ടാളുംകൂടി ഇവന്‍റെ എടോം വലോം നടന്ന് ഓരോരോ കിന്നാരങ്ങളാ.... ‘വര്‍ഗീസേട്ടനെന്താ മിണ്ടാത്തെ.....,  വര്‍ഗീസേട്ടനെന്താ ചിരിക്കാത്തെ.........’
      
 ഒരുകാലത്ത് അന്നാട്ടിലെ പെണ്‍കിടാങ്ങളുടെ ആരാധനാപാത്രമായിരുന്ന, സര്‍വ്വയോഗ്യനായ ഒരു ചെറുപ്പക്കാരന്‍റെ അമ്മ എന്ന അഭിമാനം ഓര്‍ത്ത്ക്കൊണ്ടായിരുന്നോ എന്നറിയില്ല, നിലാവ് പെയ്യുന്ന മുഖത്തോടെ ആയിരുന്നു അമൂമ്മ ഇതെല്ലാം പറഞ്ഞുക്കൊണ്ടിരുന്നത്.

“അതുമാത്രാ.....,” അമ്മൂമ്മ ആവേശത്തോടെ വിവരണം തുടര്‍ന്നു,
“കൊല്ലന്മാര്ടെ എടോഴീല്‍ക്കന്‍ങ്ങട് അവനെറങ്ങ്യാ...... കൊല്ലത്തിപ്പെണണുങ്ങള് മുഴുവനും വേലിക്ക്‌വന്ന് നെരന്നുനിക്കും. പിന്നോരോ ലോഹ്യം പറച്ചിലോളാ....,ന്‍റെ വര്‍ഗീസ്‌നോട്.
ഒരു മൂളിച്ച..., അല്ലങ്ങേ, ഉവ്വാന്നോ ഇല്ല്യാന്നോആയി ഒരുവാക്ക്......., ഇതുവിട്ട് ഒരു നെല്ലിട കൂടുതല് അവന്‍റെ നാവുംമേല്‍ന്നു പൊറത്തക്ക് കിട്ടില്ല ഈ പെണ്ണുങ്ങള്‍ക്ക്. അവനറിയാം വയലേതാ വരമ്പേതാന്ന്.”
          
ഏതാനും നിമിഷത്തെ നിശബ്ദത അമ്മൂമ്മയുടെ മുഖത്തെ പ്രസന്നത തുടച്ചുമാറ്റി. ചുമരില്‍ ഇരിക്കുന്ന വല്യപ്പന്‍റെ ഫോട്ടോയില്‍ ഒരിക്കല്‍ക്കൂടി വാല്സല്ല്യപ്പൂര്‍വ്വം നോക്കുമ്പോള്‍ അമ്മൂമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അലക്കി, നീലംമുക്കി വെളുപ്പിച്ച മല്‍മ്മുണ്ടിന്‍റെ തുമ്പുയര്‍ത്തി കണ്ണുകള്‍ തുടച്ച്, മടിയിലിരിക്കുന്ന മുറത്തിലേക്ക് തലതാഴ്ത്തിയിട്ട് അമ്മൂമ്മ കപ്പ തൊണ്ട്കളയുവാന്‍ തുടങ്ങി.
          
എന്‍റെ ശ്രദ്ധ ചുമരിലെ ഫോട്ടോയിലേക്കായി. വല്യപ്പന്‍റെ മുഖം ഏതോ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമയില്‍ കണ്ട നായകനെ ഓര്‍മിപ്പിച്ചു.
“എന്തോരു നല്ല ചെക്കനായിരുന്നു എന്‍റെ വര്‍ഗീസ്‌. ഈ മന്തുകാലീനെ കേട്ടീതില്‍പിന്നെ എന്‍റെ ചെക്കന്‍ ഇങ്ങനെ വവ്വാല് ചപ്പ്യോണം ആയി. അതിനെങ്ങന്യാ...., ഒന്ന് സമാധാനായിട്ടിരുന്നു രണ്ട് വറ്റ് തിന്നാനോ, ഒന്ന് കെടന്ന് ഒറങ്ങാനോ ഈ താടക സമ്മതിക്കോ.........”

അമ്മൂമ്മയുടെ പരിഭവം തീരുന്നില്ല. അമ്മൂമ്മ പറയുന്നതില്‍ കാര്യമുണ്ട് എന്ന് എനിക്കുതോന്നി. വല്ല്യമ്മ അല്പ്പാല്‍പ്പമായി വല്യപ്പന്‍റെ ചോര കുടിച്ച്ക്കൊണ്ടിരിക്കുന്നതിനാലാണ് ഇത്രേം സുന്ദരനായിരുന്ന വല്യപ്പന്‍ ഇങ്ങനെ കൊലംക്കെട്ടു പോയതെന്ന് ഞാന്‍ ഉറപ്പിച്ചു. വല്ല്യമ്മ ഭയങ്കരിതന്നെ...!!!!
തലയിലെ, നടുവാച്ചിലിട്ടു ഒതുക്കി ചീകിവച്ചിരിക്കുന്ന മുടികള്‍ക്കിടയിലൂടെ ഏതുനിമിഷവും വല്യമ്മയ്ക്ക് കൊമ്പ് മുളച്ചേക്കാമെന്നും, രാത്രിയുടെ ഏതോ രഹസ്യവേളയില്‍ വല്യപ്പന്‍റെ ചുടുച്ചോരക്കായുള്ള ദാഹത്തോടെ വല്യമ്മയ്ക്ക് ദംഷ്ട്രകള്‍ ഉണ്ടാകാറുണ്ടെന്നും, ആ കാലുകള്‍ ഒരിക്കലും നിലം തൊടാറില്ലെന്നും ഞാന്‍ വിശ്വസിച്ചു.

പാവം വല്യപ്പന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് വിഷമം തോന്നി. ഓരോ ദിവസവും തന്‍റെ രക്തം അല്പ്പാല്‍പ്പം നഷ്ട്ടപ്പെടുന്നതറിയാതെ വല്യപ്പന്‍, വല്ല്യമ്മക്കടുത്ത് വിശ്വാസപൂര്‍വ്വം കിടന്നുറങ്ങുന്നു!!!! അധികം വൈകാതെതന്നെ വല്യപ്പന്‍ ഏതെങ്കിലും തീവണ്ടിക്ക് തല വച്ചേക്കാമെന്നും ഞാന്‍ സംശയിച്ചു. അമ്മൂമ്മപോലും ഈ വിവരങ്ങളൊന്നും വല്യപ്പനെ പറഞ്ഞു മനസിലാക്കുന്നില്ല എന്നതില്‍ ഞാന്‍ അതിശയിച്ചു. തരംകിട്ടുമ്പോള്‍ വല്യപ്പനെ ഈ വിവരങ്ങള്‍ അറിയിക്കണമെന്നും, എങ്ങിനെയെങ്കിലും രക്ഷപ്പെടുവാനായി പ്രേരിപ്പിക്കണമെന്നും ഞാന്‍ തീരുമാനിച്ചു.
                                                
അമ്മ വീട്ടിലില്ലാത്ത അവധി ദിവസങ്ങളില്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് ഒരു ഉറക്കം എനിക്ക് പതിവാണ്. അമ്മ വീട്ടിലുണ്ടെങ്കില്‍ ഒരിക്കലും അതിനു അനുവദിക്കാറില്ല. പഠിക്കുന്ന കുട്ടികള്‍ പകലുറങ്ങിയാല്‍ ക്ലാസ്സില്‍ ചെല്ലുമ്പോഴും ആ പതിവ് തുടരും എന്നാണു അമ്മയുടെ പക്ഷം.

അമ്മയുടെ അഭാവത്തില്‍ അന്ന് ഞാന്‍ നടത്തിയ ഉച്ചയുറക്കത്തിനിടയില്‍ കുറേയേറെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു; ഭയപ്പെടുത്തുന്നവ. അറ്റമില്ലാത്ത, വിജനമായ ഒരു പറമ്പില്‍ നിറയെ അഗാധമായ കിണറുകള്‍..... കിണറുകളുടെയെല്ലാം അടിത്തട്ടില്‍, മുകളില്‍ പാടക്കെട്ടിയ അല്‍പ്പം മലിനജലവും, കരിമ്പാറ കൂട്ടങ്ങളും..!! ഈ കിണറുകള്‍ക്കിടയിലൂടെ ഞാന്‍ ഭയപ്പെട്ട് എങ്ങോട്ടോ ഓടുന്നു. ചെന്നുമുട്ടുന്നിടതെല്ലാം ചുവന്ന പട്ടുടുത്തു, മുടി നീട്ടിവളര്‍ത്തി, കയ്യില്‍ ചിലമ്പുമായി ഒരു മദ്ധ്യവയസ്കന്‍ നിന്ന് തുള്ളുന്നു....., അലറുന്നു..!!

ഞാന്‍ എന്‍റെ ഓട്ടം തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. കാണെക്കാണെ കിണറുകള്‍ക്കിടയിലെ അകലം കുറഞ്ഞു വരുന്നു. അവസാനം രണ്ട് കിണറുകള്‍ക്കിടയിലെ അകലം ഒരു കാല്‍പാദത്തിന്‍റെ വീതിയിലേക്ക് ചുരുങ്ങി. രണ്ട് ചോയ്സ് ആണ് എനിക്കുള്ളത്. അതൊരിക്കലും എന്‍റെ രക്ഷപ്പെടലുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, എന്‍റെ ഇടതുഭാഗത്തെ കിണറ്റില്‍ വീഴണമോ അതോ, വലതുഭാഗത്തെ കിണറ്റില്‍ വീഴണമോ എന്നത് മാത്രമാണ്. ചിലമ്പിന്‍റെ അലര്‍ച്ച കാതോളം ചേര്‍ന്നുവരുന്നു. ചുവന്നപ്പട്ടുടുത്ത രൂപം എന്‍റെ തൊട്ടുപുറകെയുണ്ട് എന്നെനിക്കറിയാം. പക്ഷെ, തിരിഞ്ഞു നോക്കുവാന്‍ എനിക്ക് ധൈര്യം ലഭിക്കുന്നില്ല. ആരെങ്കിലും എന്‍റെ രക്ഷക്കെത്തും എന്നാ പ്രതീക്ഷയോടെ ഞാന്‍ ഉറക്കെ കരയുകയാണ്... ഉറക്കെ......വീണ്ടും വീണ്ടും ഉറക്കെ.......

“വിഷ്ണോ.....”

ഞാന്‍ ഉറക്കത്തില്നിന്നും ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്ത് കുതിര്‍ന്നിരിക്കുന്നു... ഞാന്‍ എവിടെയാണ് കിടക്കുന്നത് എന്നതിനെ കുറിച്ച് ഒരു വ്യക്തതയും ഇല്ല. ചുറ്റിനും പകച്ച് നോക്കി കിടക്കുമ്പോള്‍ വീണ്ടും ആരോ വിളിക്കുന്നു,
“വിഷ്ണോ.....ഡാ....”
വിഷ്ണു എന്ന് എന്നെവിളിക്കുന്നത്‌ വല്ല്യമ്മയാണ്, വല്യമ്മ മാത്രമാണ്. അവരെന്തിനാണ് എന്നെ ആ പേര്, പ്രത്യേകിച്ചും ഒരു ഹിന്ദു പേര് വിളിക്കുന്നത്‌ എന്നെനിക്ക് അക്കാലത്ത് തോന്നാറുണ്ട്. ആ പേര് എനിക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു.
ഞാന്‍ മുറിയില്‍ കിടന്ന് പുറത്തേക്ക് നോക്കി. പുറത്ത് ഉമ്മറപ്പടിയില്‍ വല്ല്യമ്മ നില്‍ക്കുന്നു.
(തുടരും............)

 ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

                 

ആത്മാക്കളെ മെനയുന്നവര്‍ ( 1st part)


വല്യമ്മയ്ക്ക് കാലിനു മന്താണ്. വല്യപ്പനും വല്യമ്മയും തമ്മിലുള്ള വിവാഹം നടക്കുന്നതിനും അല്‍പ്പം നാള്‍ മുന്‍പാണ് ഈ അസുഖവിവരം തിരിച്ചറിയുന്നത്‌. കാല്‍പാദം മുതല്‍ കാല്‍മുട്ടുവരെ വന്നുവീര്‍ത്ത നീര് മന്ത് തന്നെയെന്ന് ആശുപത്രി അധികൃധര്‍ സ്ഥിതീകരിച്ച അന്നുമുതല്‍ വല്യമ്മയ്ക്ക് തകൃതിയായ വിവാഹ ആലോചനകള്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ വല്യമ്മയുടെ കുടുംബ നിലവാരത്തിനോട് അല്പം താഴെ നില്‍ക്കുന്ന നമ്മുടെ തറവാട്ടില്‍ നിന്നും വല്യപ്പനെ അവര്‍ എറിഞ്ഞു പിടിച്ചു.
        
മനസുചോദ്യം നാള്‍, റോസ്യെകെട്ടാന്‍ സമ്മതമാണോ എന്ന പള്ളീലച്ചന്‍റെ ചോദ്യത്തിന്, പണ്ടേ സമ്മതമായിരുന്നു എന്ന് മറുപടിയും നല്‍കി ഇരു വീട്ടുക്കാരും പള്ളിക്ക് പുറത്തിറങ്ങിയപ്പോഴാണ് വല്യപ്പന്‍ വല്യമ്മയുടെ കാലിലെ നീര് ശ്രദ്ധിക്കുന്നത്. ഔചിത്യതിലെല്ലാം വലിയ വിശ്വാസമുള്ള വല്യപ്പന്‍ നേരിട്ടുള്ള അന്വേഷണം ഒഴിവാക്കി, വിവരം തിരക്കാന്‍ മൂത്ത സഹോദരിയെ ഏല്‍പ്പിച്ചു.
        
ദൈവഭയവും, കുടുംബ സ്നേഹവും, ദുശീലങ്ങള്‍ ഇല്ലാത്തവനും, സുന്ദരനും, ആരോഗ്യവാനുമായ ഭര്‍ത്താവിനെ ലഭിക്കുന്നതിനായി വല്യമ്മ സ്വയം സമര്‍പ്പിച്ച് ഒരു ധ്യാനകേന്ദ്രത്തില്‍ ഒരുമാസകാലത്തോളം പ്രേഷിത പ്രവര്‍ത്തനം ചെയ്തെന്നും, പുലര്ക്കാലം മുതല്‍ പാതിരാവു വരെ കഷ്ട്ടപ്പെട്ട് കര്‍ത്താവിനു വേണ്ടി വേല ചെയ്തതിനാലാണ് കാലില്‍ നീര് വന്നതെന്നുമുള്ള പെണ്ണ് വീട്ടുക്കാരുടെ മറുപടിയില്‍ നമ്മുടെ കുടുംബക്കാര്‍ ഹാപ്പിയോടു ഹാപ്പി. കഷ്ട്ടപ്പെട്ടാലും, കാലിനു നീര് വന്നാലുമെന്താ, ആഗ്രഹിച്ചപോലെയൊരു ഭര്‍ത്താവിനെതന്നെ കിട്ടിയില്ലേയെന്ന പെണ്ണുവീട്ടുക്കാരില്പ്പെട്ട ഒരു കാര്‍ന്നോരുടെ സാക്ഷ്യപ്പത്രം വല്യപ്പന് ഇശ്യങ്ങട് ബോധിക്കുകയും ചെയ്തു.
        
വിവാഹത്തിനു ശേഷം, കാലിലെ നീര് കര്‍ത്താവിനു വേല ചെയ്തട്ടല്ല, മന്താണ് എന്ന് നമ്മുടെ കുടുംബക്കാര്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ കാലിലെ നീര് കൂടുന്നതിനൊപ്പം വയറും വീര്‍ത്ത് വന്നിരുന്നതിനാല്‍ വല്യപ്പനും കുടുംബവും, ഇനി പറഞ്ഞിട്ടെന്താകാര്യം എന്നയൊരു നിലപാടിലേക്ക് നീങ്ങി. എന്തായാലും, ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പേതന്നെ വല്യമ്മ ആദ്യത്തെ പ്രസവിച്ചു. പിന്നീട് പലപ്പോഴായി മൂന്നുംകൂടെ.
        
ക്രമേണ മന്തിന്‍റെ പ്രശ്നം വീട്ടിലും നാട്ടിലും ഒരു പ്രശ്നമേ അല്ലാതായ് തീര്‍ന്നെങ്കിലും അമ്മൂമ്മയുടെ മനസ്സില്‍ മാത്രം ആ ചിതയോടുങ്ങാതെ നിന്നു. അമ്മൂമ്മയുടെ ഉണ്ടാക്കികഥകളും പഴബുരാണങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ഇരുന്നു കേള്‍ക്കുന്ന വീട്ടിലെ ഏക വ്യക്തിയെന്നനിലയില്‍ ഇടയ്ക്കിടെ ആ രോക്ഷം, അമ്മൂമ്മ രഹസ്യമായി എന്നോട് അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.അവയെല്ലാം നിശബ്ദം ഞാന്‍ കേള്‍ക്കാറുണ്ടെങ്കിലും “മന്തിക്കാലി..... എന്‍റെ ചെക്കന്‍റെ രക്തം ഊറ്റി കുടിക്കാന്‍ വന്ന യക്ഷീണ് അവള്..” എന്ന, ഇടയ്ക്കിടെ അമ്മൂമ്മ നടത്തുവാറുള്ള പ്രസ്താവനയോടുമാത്രം എനിക്കത്ര യോജിപ്പ് തോന്നിയില്ല. യക്ഷിയും ഗന്ധര്‍വനുമെല്ലാം മനുഷ്യര് പറഞ്ഞുണ്ടാക്കുന്ന തോന്ന്യാസങ്ങള്‍ ആണെന്നാണ്‌ അമ്മ പറഞ്ഞിട്ടുള്ളത്.പിന്നെ , ഇല്ലാത്ത യക്ഷിയാവാന്‍ വല്ല്യമ്മക്കെങ്ങിനെ കഴിയും....
        
 “നിന്റെ അമ്മക്ക് എന്തൂട്ടണ് അറിയാ...., ഒരു പൊട്ടി..” എന്‍റെ സംശയം കേട്ട്, കപ്പ കൊത്തിനുറുക്കി പാത്രം നിറക്കുവാനുള്ള ശ്രമത്തിന് അല്‍പ്പം വിശ്രമം നല്‍കി അമ്മൂമ്മ പറയുവാന്‍ തുടങ്ങി. “വെലൂപ്പാടന്‍റെ പൊറിഞ്ചേട്ടന്‍ മാസം ഒന്നാ പനിച്ച് വെറച്ച്, ചെമ്മീന്‍ ചുരുളണപോലെ ചുരുണ്ട് കെടന്നേര്‍ന്നത്.... എന്താ കാരണം?? ചോദ്യം എന്നോടാണ്.ഞാനാകെ വിഷണ്ണനായിപോയി. വേലൂപ്പാടന്‍ പൊറിഞ്ചു ആരാണെന്നു എനിക്കൊരു പിടിയുമില്ല, പിന്നെങ്ങിനെ അയാള്‍ക്ക്‌ പനി വന്നതിന്‍റെ കാരണം ഞാന്‍ അറിയും!!

എന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ അമ്മൂമ്മതന്നെ മറുപടി പറഞ്ഞു,
 “പോത്തുംകാല് കണ്ടട്ടാണ്.....”
“പോത്തുംകാല് കണ്ടതിന് എന്തിനാ പനിക്കണേ?” എന്‍റെ ന്യായമായ  സംശയം.
“മ്മ്മ്.... നല്ല ചോദ്യന്നെ....” എന്നും പറഞ്ഞ്, അമ്മൂമ്മ എന്‍റെ അടുത്തെക്കൊന്നു ചാഞ്ഞിരുന്ന്, കണ്ണുകളില്‍ ഭീതിനിറച്ച്, അല്‍പ്പം ശബ്ദം താഴ്ത്തി പറഞ്ഞു, “ചെക്കാ.... ഒടിയനണ്.., ഒടിയന്‍.”

എനിക്കാകെ കണ്‍ഫ്യൂഷനായി. കുറച്ചുമുന്‍പേ പറഞ്ഞു വേലൂപ്പാടന്‍ പൊറിഞ്ചു ആണെന്ന്, ഇപ്പോള്‍ പറയുന്നു ഏതോ ഒരു ഓടിയനാണെന്ന്. “അപ്പോള്‍ പൊറിഞ്ചുനല്ലേ പനിച്ചേ?” എന്‍റെ സംശയം ചോദ്യമായി.
“അയ്യടീ..... ഇതാപ്പോ നന്നായെ...” എന്നും പറഞ്ഞ് അമ്മൂമ്മ പഴയമട്ടില്‍ തന്നെ പുറകിലേക്ക് ചാഞ്ഞിരുന്ന് കപ്പ കൊത്തിനുറുക്കുവാന്‍ തുടങ്ങി.അമ്മൂമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി ഞാന്‍ മറുപടിക്കായ് കാത്തിരുന്നു.ഇത്തിരിപോന്ന ഒരു നിശബ്ദതക്ക് ശേഷം, കപ്പ കൊത്തിയരിയുന്ന കത്തി വീണ്ടും നിശ്ചലമാക്കി അമ്മൂമ്മ പറയുവാന്‍ തുടങ്ങി,

“പറയന്മാരടെ എടേലും, കൊല്ലന്‍കോളനീലെ ചെലോര്‍ക്കും  ഒടിയന്‍വിദ്യ നല്ല വശാ.... പൊറിഞ്ചേട്ടനന്ന് യൂണീസിറ്റീല്  (യൂണിവേഴ‌‍്സിറ്റീല്) എറിച്ചിവെട്ട്ള്ള കാലാ.... ഏതാണ്ട് പുലര്ച്യാവും അറവും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍..... ഒരീസം...., അന്നിത്തിരി നേരത്തീണ് പൊറിഞ്ചേട്ടന്‍റെ വരവ്. ഏതാണ്ട് പാതിരോടടുതായിട്ടുണ്ട്. കൊല്ലന്മാര്ടെ എടോഴീല്‍ക്ക് തിരിയണ മൂലയ്ക്ക് എത്തീപ്പ്ണ്ട്, അവടെ ഒരാള്, നല്ല പൊക്കത്തില്... തീപ്പട്ടി ഉണ്ടോന്ന് പൊറിഞ്ചേട്ടനോട് ഒരു ചോദ്യം. തീപ്പട്ടി കൊടുക്കണേന്‍റെ  എടേല് അതെങ്ങന്യോ നിലത്തക്ക് വീണു. പൊറിഞ്ചേട്ടന്‍ അത് കുനിഞ്ഞെടുത്ത് നിവരാന്‍ നേരം ഇയാള്‍ടെ കാലുമേല്‍ക്ക് ഒരു നോട്ടം നോക്കി...... യെന്‍റെ പൊന്നേ.......” എന്നും പറഞ്ഞ്, താടിക്ക് കൈക്കൊടുത്ത് അമ്മൂമ്മ തുടര്‍ന്നു, “ഒന്നേ നോക്കീളോ..കണ്ടതെന്താ....? മനുഷ്യന്‍റെ കാല് വേണ്ടോട്ത്ത് രണ്ട് പോത്തുംകാല്..!!!! ഈ കാഴ്ച്ചകണ്ടതും വാഴ വെട്ടിട്ടോണല്ലേ പൊറിഞ്ചേന്‍ തല്ല്യലച്ചു വീണത്‌.. പൊറിഞ്ചേട്ടന്‍ മോശക്കാരനോന്നും അല്ലാട്ടാ.... നല്ല അസ്സല്ല് ധീരനാ.. പക്ഷെ പറഞ്ഞട്ടു എന്താ കാര്യം,പ്രതീക്ഷിക്കാണ്ട് ഇങ്ങനൊരു കാഴ്ച്ചകണ്ടാല്‍ ആരാ ബോധം കേടാണ്ടിരിക്ക്യാ...”
          
ഞാന്‍ അല്‍പ്പംകൂടെ ആശയകുഴപ്പത്തിലായി. ഒരു കഥാപാത്രംകൂടെ രംഗത്തെത്തിയിരിക്കുന്നു. ശെരിക്കും പനിച്ചതാര്‍ക്കാണെന്നു എനിക്കപ്പോഴും വ്യക്തമല്ല.അപ്പോള്‍ ഒടിയന്‍ ആരായിരിക്കും?? അമ്മൂമ്മയോടുതന്നെ ചോദിച്ചു,
“അപ്പൊ, ആരാ ഇതില് ഒടിയന്‍?”
“നിന്‍റെ അപ്പന്‍.. എണീറ്റ് പോടചെക്കാ ഇവടന്ന്..” അമ്മൂമ്മയുടെ സഹിക്കെട്ടുള്ള മറുപടി. അതോടെ എനിക്കൊരു സമാധാനം കിട്ടി.
          
അമ്മൂമ്മ എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നു. അമ്മൂമ്മ പറയുന്ന കഥകള്‍ പൂര്‍ണ്ണമായും മനസിലാക്കാന്‍ എനിക്ക് സാധിക്കാറില്ല. എന്നുകരുതി സംശയ നിവാരണത്തിനായി ചോദ്യങ്ങളൊന്നും.ചോദിച്ചേക്കരുത്, ശുണ്ഡി കയറും. അമ്മൂമ്മ പറയുന്ന കാര്യങ്ങളെല്ലാം എനിക്കറിയാം, അല്ലെങ്കില്‍ അറിയണം.. എന്നതാണ് അമ്മൂമ്മയുടെ നിലപാട്. എന്‍റെ സംശയങ്ങളെന്നും അങ്ങിനെത്തന്നെ അവശേഷിക്കും. ഈ സംശയങ്ങളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്താണ് മിക്കരാത്രികളിലും ഞാനെന്‍റെ ഉറക്കത്തിലേക്ക് എത്താറ്.

ചായക്കടക്കാരി സീതമ്മ, വിറക് കച്ചവടക്കാരന്‍ കൊന്തരമാന്‍, പൊറാട്ടുനാടകക്കാരന്‍ വാറുണ്ണി.......ഇങ്ങനെ അമ്മൂമ്മയുടെ പരിചയക്കാരുടെയും സതീര്‍ത്യരുടെയും ലിസ്റ്റ് നീണ്ടു കിടക്കുന്നു.ഇവരെല്ലാവരുംതന്നെ ഞാന്‍ ജനിക്കുന്നതിനും, കുറഞ്ഞത് പതിനഞ്ച് വര്‍ഷം മുന്‍പെങ്കിലും മരിച്ചുപോയവര്‍ ആയിരിക്കും. പക്ഷെ, ഇവരെ ആരെയെങ്കിലും അറിയുകയില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി പറഞ്ഞാല്‍ അമ്മൂമ്മക്ക് അല്‍ഭുതമാണ്.
“എന്തൂട്ടാ ഈ ചെക്കന്‍ പറയണേ... പൊറാട്ടുനാടകകാരന്‍ വാറുണ്ണിനെ അറിയാത്തോരു ഈ തൃശ്ശൂര്‍ രാജ്യത്ത്ണ്ടാ....” എന്ന് അമ്മാമ്മ അതിശയപ്പെടും.
          
മുന്പത്തെതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ അമ്മൂമ്മ കപ്പ നന്നാക്കുന്നത്.ഞാന്‍, അനാവശ്യ ചോദ്യം കുറുകേയിട്ട് കഥയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതിനുള്ള നീരസം മുഖത്തുണ്ട്.

സവിശേഷമായ ചടുലതയോടെ, ഒരു പ്രത്യേക താളത്തില്‍ അമ്മൂമ്മ കപ്പയുടെ തൊലി നീക്കിക്കോണ്ടിരുന്നു. അഴിഞ്ഞിറങ്ങിയ, മണ്‍നിറവും, ഇളം വയലറ്റ്‌ നിറവും, ഇളം റോസ് നിറവുമെല്ലാം മിശ്രിതമായ മേലാവരണങ്ങള്‍ താഴേക്ക്, ഒരു ചുരുള്‍ രൂപത്തില്‍ തൂങ്ങി നില്‍ക്കുന്നു. അമ്മൂമ്മയുടെ കയ്യിലിരിക്കുന്ന കത്തിയുടെ ചലനമനുസരിച്ച് അവയ്ക്ക് നീളം കൂടിക്കൊണ്ടേയിരുന്നു. കപ്പയുടെ നഗ്നതയില്‍ അമ്മൂമ്മയുടെ കൈയ്യിലെ മണ്ണെല്ലാം പറന്നു കിടക്കുന്നു. ഇതെല്ലാംനോക്കി നിശബ്ദനായി ഞാന്‍ ഒരരികത്തിരുന്നു.

അല്‍പ്പം കഴിഞ്ഞ് അമ്മൂമ്മ കഥയിലേക്ക്‌ തിരികേയെത്തി.
“പറയന്‍മാര് മന്ത്രം ചെയ്താണ് ഓടിയന്മാരാവണത്. മന്ത്രത്തിന്‍റെ ശക്തീല് ഒരു രാത്രിമുഴുവന്‍ പോത്തുംകാല് വച്ച് അവര് ആള്‍ക്കാരെ പേടിപ്പിക്കും.”
എന്തിന്, എന്ന ചോദ്യം എന്‍റെ മനസ്സില്‍ തികട്ടിനിന്നു, ചോദിച്ചില്ല. അത് മനസിലാക്കിയിട്ടോയെന്തോ, അമ്മൂമ്മ അതിന്‍റെ കാരണവും വിശദീകരിച്ചു.
പോത്തുംകാലുക്ക‌‍‍ണ്ട്‌ പേടിച്ചു ബോധംക്കെട്ട് വീഴുന്നവരുടെ കയ്യിലുള്ള പൊന്നും, പണവുമെല്ലാം അവര്‍ അപഹരിക്കുമത്രേ..!!!
നല്ലകഥ. യക്ഷീം ഇങ്ങനെതന്ന്യാവോ?? എനിക്ക് വീണ്ടും കണ്‍ഫ്യൂഷ്യന്‍ ആയി.

പോത്തുംകാലുക്കാട്ടി ആളുകളെ ബോധംക്കെടുത്തി പൊന്നും പണവും കവരുന്ന ഒരു യക്ഷിയെ എനിക്ക് എത്രശ്രമിച്ചിട്ടും സങ്കല്‍പ്പത്തില്‍ വരുത്തുവാന്‍ സാധിക്കുന്നില്ല. ഇനി, ഇതൊക്കെതന്ന്യാണ് യക്ഷി എന്നെങ്കില്‍കൂടി, വല്ല്യമ്മ അത്തരക്കാരിയാവാന്‍ വഴിയില്ല. ഞായറാഴ്ച്ച കുറുബാനക്കല്ലാതെ വല്ല്യമ്മ വീടിനു പുറത്തിറങ്ങാറില്ല. പിന്നെയെങ്ങിനെ ആളുകളെ പേടിപ്പിച്ചു പൊന്നും പണവും കവരും? വല്യമ്മയുടെ ഒരു കാലില്‍ മന്തുണ്ട് എങ്കിലും, അതൊരിക്കലും പോത്തുംകാല്‍ അല്ലായെന്ന് എനിക്കറിയാം. അമ്മൂമ്മ പറയുന്നതില്‍ വല്ല വാസ്തവവും കാണോ.....? സംശയങ്ങള്‍ ഇങ്ങനെ എന്‍റെ മനസ്സില്‍ പെരുകിക്കൂടി.

“യക്ഷിക്ക് പോത്തുംകാലാണോ?” രണ്ടും കല്‍പ്പിച്ച് ഞാന്‍ അമ്മൂമ്മയോട് ചോദിച്ചു.
“ഹേയ്..... യക്ഷി ഇതുമാതിര്യോന്നും അല്ല.” അമ്മൂമ്മ ആവേശത്തോടെ, കണ്ണുകള്‍ വിടര്‍ത്തി, പദാനുപദങ്ങളുടെ കൈമുദ്രകള്‍ കാട്ടി, അനുയോജ്യ മുഖഭാവങ്ങള്‍ ചേര്‍ത്തുവച്ച് വര്‍ണ്ണിക്കുവാന്‍ തുടങ്ങി,
“ദുര്‍മ്മരണപ്പെടുന്ന വല്ല്യവല്ല്യ സുന്ദരികള് മാത്രേ യക്ഷി ആവുള്ളൂ. തീപ്പന്തം പോല്യാവും അവറ്റോള്‍ടെ കണ്ണുകള്. മുട്യാണെങ്കി..... കാലിന്‍റെ കൂച്ചി വരീണ്ടാവും. അതി......ങ്ങനെ അഴിച്ച് പരത്തീട്ട് നടക്കും. സാധാ സമയോം മുറുക്കലെന്നെ മുറുക്കല്.. അതോണ്ടെന്താ, ചുണ്ട് ഇങ്ങനെ.. ചോക ചോകാന്നിരിക്കും.”
'ഇവറ്റൊള്‍ക്ക് എവടന്നണാവോ ഇക്കണ്ട മുറുക്കാനൊക്കെ കിട്ടണത്?'  അതിനിടയില്‍ അമ്മൂമ്മയുടെ ആത്മഗതം.
“ഇത്ങ്ങളെ തിരിച്ചറിയാനായിട്ട് ഒരൊറ്റ മാര്‍ഗാ ഉള്ളോ..കാലുമ്മയ്ക്ക് നോക്കണം. നെലം തൊടാണ്ടാവും ഇവരടെ നടപ്പ്.”

“ഇത്രേം സുന്ദരികള്‍ ആണെങ്കില്‍ പിന്നെന്തിനാ ആള്‍ക്കാര് യക്ഷ്യോളെ പെടിക്കണേ?”   എന്നില്‍നിന്നും ആ ചോദ്യം പ്രതീക്ഷിച്ചെന്നോണം, ചോദ്യം തീരുംമുന്പേ അമ്മൂമ്മ മറുപടി തുടങ്ങി,
“ചെക്കാ, ഈ പൊറംമോട്യൊക്കെ അവര്ടെ സൂത്രങ്ങളണ്. ആണുങ്ങളെ വശത്താക്കാനുള്ള സൂത്രങ്ങള്!! ഇതൊക്കെ കാട്ടി ആണുങ്ങളെ വശീകരിച്ചെടുത്ത്, കൊറേശ്ശെ  കൊറേശ്ശ്യായി അവരുപോലും അറിയാണ്ട് അവര്ടെ ചോരേം നീരുമൊക്കെ ഊറ്റിയെടുത്ത് തീരുമ്പം യക്ഷ്യോള് തനി സ്വരൂപം പൊറത്തെടുക്കും. പിന്നെ ഇവറ്റോള് തനി പിശാച്ക്കളാവും, ചൊടല പിശാച്ക്കള്.”
 “ചൊടല പിശാച്ക്കള് എങ്ങന്യാ?” എന്‍റെ ആകാംക്ഷ.
“ചൊടലകളാ....  അവറ്റ ഒരു തെങ്ങോളം വലുപ്പം കാണും. അതിനൊത്ത കറുകറുത്ത തടീം... നീണ്ട പല്ലുണ്ടാവും, തലേല് രണ്ടു കൊമ്പും.. മുടി..., കമ്പി വളച്ചപോലെ  ഇങ്ങനെ പിര് പിരാന്നിരിക്കും.....,,
        
അമ്മൂമ്മ യക്ഷിയുടെ വിവരണങ്ങള്‍ തുടര്‍ന്നു. ഞാന്‍ എന്‍റെ ചിന്തകളുടെ ചിത്രശാലയില്‍ രണ്ട് യക്ഷികളെ മെനെഞ്ഞെടുക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. തീപ്പന്തം ആവാഹിച്ച കണ്ണുകളോടെ, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി ഇരയെ പ്രതീക്ഷിച്ച് നിലം തൊടാതെ നില്‍ക്കുന്ന സുന്ദരിയായ യക്ഷി. ആ സൗ‌ന്ദര്യോത്സവത്തില്‍ ആടിതിമിര്‍ക്കാന്‍ മയങ്ങിയെത്തുന്ന പുരുഷന്മാരുടെ ചോരയും നീരും അവര്‍പോലും അറിയാതെ ഊറ്റികുടിച്ച്, അലറിച്ചിരിച്ച്, ഒരു തെങ്ങോളം നിവര്‍ന്നു നില്‍ക്കുന്ന ഭീകരരൂപിയായ ചുടലയക്ഷി!!!
പക്ഷെ, ഇവക്ക് രണ്ടിനും അമ്മായിയുടെ മുഖച്ചായയും, സാദൃശ്യവും വരുന്നില്ല, വീണ്ടും വീണ്ടും ശ്രമിച്ച്നോക്കിയിട്ടും.
തുടരും....


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.ഈ സഹീര്‍നെകൊണ്ട് ഞാന്‍ തോറ്റു..... ( 1st part)ത്രിശൂര്‍ ജില്ലയില്‍ കാശ് പലിശക്ക് കൊടുക്കുന്ന തമിഴന്മാര്‍ ആരും സഹീര്‍നു കാശ് കൊടുക്കാറില്ല. കൊടുക്കാറില്ല എന്നു പറഞ്ഞാല്‍, ഒരിക്കല്‍ കൂടി കൊടുക്കാറില്ല. മിക്ക തമിഴന്മാരും ഓരോ പ്രാവശ്യം സഹീര്‍നു കാശ് കൊടുത്തവരായിരിക്കും. അവര്‍ക്കെല്ലാവര്‍ക്കുംതന്നെ ആ കൊടുക്കുന്ന സമയത്ത് മാത്രമാണ് സഹീര്‍നെ ദര്‍ശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുള്ളത്.

ഒരു മാതിരിപ്പെട്ട തമിഴന്‍ മാര്‍ക്കൊന്നും സഹീര്‍ന്‍റെ മുഖം ഓര്‍മ കാണില്ല. പക്ഷെ വീട് ക്രിത്യമായിട്ടറിയാം.
സ്വന്തം വീട് കാണിച്ചാല്‍ കാശ് കിട്ടാത്തതിനാല്‍, സഹീര്‍, കുറച്ചു ദൂരെയുള്ള ഒരു വീട് സ്വന്തം വീടാണെന്നും, അവിടുത്തെ കല്‍മേയിതാത്ത സ്വന്തം ഉമ്മയാണെന്നും പറഞ്ഞ് ഒരു പുതു പലിശക്കാരന്‍ തമിഴനില്‍ നിന്നും മുവായിരം രൂപ പലിശക്ക് വാങ്ങി.
                          
എല്ലാ ആഴ്ചയും കല്‍മേയിതാത്തയുടെ വീട്ടില്‍ തമിഴന്‍ കാശ് പിരിക്കുന്നതിനായി എത്തുകയും,  സഹീര്‍ അവിടെയില്ലെന്ന മറുപടി കേട്ട് മടങ്ങി പോകുകയും  പതിവാണ്.
 സഹിക്കെട്ട തമിഴന്‍ കാശ് കിട്ടിയിട്ടേ പോകു എന്ന് പ്രഖ്യാപിച്ച് കല്‍മേയിതാത്തയുടെ  വീട്ടില്‍ കുത്തിയിരുപ്പ് ആരംഭിച്ചപ്പോള്‍  ഇത്താത്തയുടെ മക്കള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു.
                              
കല്‍മേയിതാത്തയുടെ  നേതൃത്വത്തില്‍ കുടുംബക്കാര്‍ കൂട്ടം ചേര്‍ന്ന് സഹീര്‍ന്‍റെ വീട്ടിലെത്തി.
പെണ്ണുകാണാന്‍ പോയിടത്തു നിന്നും അന്വേഷിക്കാന്‍ വന്ന ആളാണെന്നും വിശ്വസിപ്പിച്ച്, സഹീര്‍നെ കുറിച്ചു തമിഴന്‍റെ അടുത്ത് നല്ല അഭിപ്രായം പറയിപ്പിച്ചത് മുതല്‍ക്കുള്ള കാര്യങ്ങള്‍ കല്‍മേയിതാത്ത വിസ്ത്തരിച്ചു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ സഹീര്‍ന്‍റെ ഉമ്മ, കൈമുദ്രകളോടൊപ്പം ഭാവാഭിനയവും മിക്സ് ചെയ്ത് പറഞ്ഞു,
" ഇതിപ്പോ..... തമിഴന്‍ ഇന്‍റെ ചെക്കന് പൈസ കൊടുത്തതും, നിങ്ങളതിനു വേണ്ടി ഓനെ റെക്കമെന്‍റ് ചെയ്തതൊന്നും കുടുംബക്കാരറിഞ്ഞട്ടുള്ള സംഭവങ്ങളല്ല. കാര്‍ന്നോര്‍മാരുള്ള ചെക്കന്, നിങ്ങള് റെക്കമെന്‍റ് ചെയ്ത് കാശ് വാങ്ങികൊടുക്കേണ്ട കാര്യെന്തിരിക്കണു... ...?  ഈ.., പിള്ളേര്‍ക്ക് കാശ് കൊടുക്കുമ്പോള്‍ അവരടെ വീട്ടിലോരുവാക്ക് ചോദിച്ചിട്ട് വേണ്ടേ കൊടുക്കാന്....  മിണ്ടും പറയും ചെയ്യാണ്ട് ഈ പൊടിപ്പിളെര്‍ക്ക് കാശ് കൊടുക്കും, എന്നിട്ട് കിട്ടാണ്ടാവുമ്പോ എല്ലാവരൂടെ വീട്ടിലിരിക്കനോര്ടെ മേക്കട്ടക്കാ കേറ്റം"

അവസാനമായി കല്‍മേയിതാത്തയെ ഒരു പാതി നോട്ടം നോക്കിയിട്ട് സഹീര്‍ ന്‍റെ ഉമ്മ ഇതുംകൂടെ പറഞ്ഞു,
" ആരൊക്കെ കൂട്യാ കാശ് വാങ്ങി കൊടുത്തതെങ്കില്‍ അവരൊക്കെ കൂടി തന്നെ തിരിച്ചു കൊടുത്തോളാ... അല്ലാതെ ഈ കുടുംബത്തീന്നു അണപൈ കിട്ടൂന്നു ആരും മോഹിക്കണ്ട...

 "പ്ഫാ.... അറുവാണിച്ചി...."
 ഉമ്മറ കോലായിലെ തിണ്ണയില്‍ ഇരുന്നിരുന്ന കല്‍മേയിതാത്ത അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. അകത്തേക്കുള്ള കട്ടിള പടിയിന്മേല്‍ ചാരി നിന്നിരുന്ന സഹീര്‍ന്‍റെ ഉമ്മ,  അല്പം പിന്നോട്ട് വലിഞ്ഞ്, അടുക്കളയോട് ചെര്‍ന്നാക്കി നില്‍പ്പിന്‍റെ പൊസിഷന്‍.

" ഈ കയ്യ് വീശി ഒന്നങ്ങട് തന്നാല്ണ്ടല്ലാ നിന്‍റെ ആ ഉന്തിനിക്കണ നാല് പല്ല് ഇവടെ താഴെ  കെടക്കും... ഹല്ലേ...കരിക്കിന്‍റെ മൂട് ചെത്ത്യോണള്ള മോന്തേം വച്ചു അവള് പറയണ വര്‍ത്താനം കേട്ടാ... നിന്‍റെ ചെക്കന്‍ വേടിച്ചു പറ്റ്യ കാശ് ഇപ്പോതന്നെ മര്യാദക്ക് തിരിച്ചു കൊടുത്തില്ലെങ്കില്‍..... നിന്നേം നിന്‍റെ ചെക്കനേം ഈ മിറ്റത്ത് കുഴിച്ചിടാന്‍ കല്‍മേയിക്ക് എന്‍റെ ആണ്‍മ്പിളെര്‍ടെ ആവശ്യല്ല്യ.. "   ഒരൊത്ത ആണ്നോളം പോന്ന കല്‍മേയിതാത്ത  കട്ടായമായി തന്നെ പറഞ്ഞു.
                            
കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്നു കണ്ടപ്പോള്‍, സഹീര്‍ന്‍റെ ഉപ്പ വിഷയത്തില്‍ ഇടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും അയാളൊരു മാന്യനാണ് കേട്ടോ.. സഹീര്‍ന്‍റെ ഉപ്പയാണെന്ന് പറയില്ല.
 കെട്ടിച്ചുവിട്ട മൂത്തമോള്‍ടെ ഭര്‍ത്താവിനു വിസക്ക് കൊടുക്കുവാനായി വച്ചിരുന്ന കാശില്‍ നിന്നും, മുതലും പലിശയും ചേര്‍ത്ത് 4500 രൂപ അയാള്‍ തമിഴനു കൊടുത്തു. ഒപ്പം തന്നെ വീട്ടുക്കാര്‍ക്ക് പ്രയോജനപ്രദവും, നാട്ടുക്കാര്‍ക്ക് മുള്ളുംക്കെട്ടും ആകുന്നവിധത്തിലൊരു പ്രഖ്യാപനവും നടത്തി, 4500 രൂപ ഉപ്പക്കു കൊടുത്ത് തീര്‍ക്കുന്നവരെ സഹീര്‍ വീട്ടില്‍ കടക്കരുത്.
                              
സഹീര്‍ന്‍റെ കാര്യം ആകെ പരുങ്ങലിലായി. നല്ലൊരു ബ്യുട്ടീഷ്യന്‍ ആണവന്‍. പക്ഷെ, വീട്ടില്‍ നിന്നും സമൃദ്ധമായ ഫുഡും, ഉമ്മയില്‍ നിന്നും അത്യാവശ്യത്തിനു കാശും ലഭിക്കുന്നതിനാല്‍ തൊഴില്‍വാര്‍ത്തയുടെ പരസ്യം പോലെയാണ് അവന്‍റെ ജീവിതം. ജോലിക്ക് പോകുന്നവരോട് ഒരുതരം പുച്ഛം!!

എങ്ങിനെയെങ്കിലും വീട്ടില്‍ കയറികൂടിയേ പറ്റൂ. അല്ലെങ്കില്‍ ജോലിക്കുപോകാന്‍ നിര്‍ബന്ധിതനാകും.
ഇതിന്‍റെപേരില്‍ അഞ്ചുപൈസ തരില്ലെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു. അവസാനം നിവൃത്തി കേടുക്കൊണ്ട് സഹീര്‍ പഠിച്ച പണിക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.  എന്‍റെ വീട്ടില്‍ ഞാനും അമ്മയും മാത്രമേ ഉള്ളു എന്നതിനാല്‍ സഹീര്‍ കിടപ്പ് എന്നോടൊപ്പമാക്കി.
                          
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, ഒരാള്‍ കുറച്ചു കാശ് തരാമെന്നു സമ്മതിച്ചിട്ടുള്ളതിനാല്‍ അത് പോയി വാങ്ങുന്നതിനായി വണ്ടിയോന്നു വേണമെന്ന് സഹീര്‍ എന്നോട് ആവശ്യപ്പെട്ടു.
 മുന്‍പൊരിക്കല്‍ ഒരു സുഹൃത്ത് സഹീര്‍നു വണ്ടി കൊടുത്ത് വിടുകയും, വഴിക്കുവച്ച് സഹീര്‍ കാശ് കൊടുക്കുവാനുള്ള ഏതോ ഒരാള്‍ ആ വണ്ടി പിടിച്ചു വക്കുകയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് പോലീസും, നാട്ടുക്കാരുമെല്ലാം ഇടാപ്പെട്ടാണ് ആ വണ്ടി തിരിച്ചു കിട്ടിയത്. ഈ കാര്യം എനിക്കറിയാവുന്നതിനാല്‍, സഹീര്‍നെ   കാണെണ്ടയാളിനടുത്തു വണ്ടിയില്‍ കൊണ്ടെത്തിക്കുന്നതിനും തിരിച്ചു വീട്ടില്‍ കൊണ്ടാക്കുന്നതിനുമായിവീടിനടുത്തുള്ള ഒരു പയ്യനെ ഞാന്‍ ഏല്‍പ്പിച്ചു.
                          
സഹീറും പയ്യനും ചേര്‍ന്ന് കാശ് തരാമെന്നു ഏറ്റിരുന്ന ആളെ കാണുന്നതിനായി പോയി. പക്ഷെ അയാള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറി. നാട്ടുക്കാര്‍ സഹീര്‍ന്‍റെ നല്ല സ്വഭാവത്തെ കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്തിയത് കൊണ്ടാണോ, അതൊ, ധന നഷ്ട്ടവും മാനഹാനിയും സംഭവിക്കാന്‍ ജാതകവശാല്‍ അയാള്‍ക്ക്‌ സമയമാകാത്തത് കൊണ്ടാണോ എന്നറിഞ്ഞു കൂടാ.

എന്തായാലും പെട്ടെന്ന് തന്നെ വീട്ടില്‍ തിരിച്ചു കയറാം എന്ന സഹീര്‍ന്‍റെ മോഹത്തിന് താത്കാലിക വിരാമമായി.
അയാളുടെ വീട്ടില്‍ നിന്നും, അങ്ങേരും കുടുംബവും പണ്ടാരടങ്ങി പോവുകയേ ഉള്ളു എന്ന് പരസ്യമായി പ്രഖ്യാപിച്ച് തിരിച്ചു പോരുമ്പോള്‍, സഹീറും പയ്യനും ചേര്‍ന്ന് മയൂരബാറില്‍ കയറി ദുഖഭാരം മുഴുവന്‍ ഒരു ജോഹര്‍ പയിന്‍റ്ല്‍ ഇറക്കിവച്ചു.

ദോഷം പറയരുതല്ലോ, മദ്യപിച്ച് കഴിഞ്ഞാല്‍ സഹീര്‍ ആളൊരു പരോപകാരിയാണ്. ഏക്കര്‍ കണക്കിന് വിസ്താരമുള്ള ഒരു മനസും ആസമയത്തു അവനു സ്വന്തമായി കാണും. ആ ഒരു മനസും വച്ചാണ് അവന്‍ ബാറില്‍ വച്ച് കണ്ട ഞങ്ങളുടെ നാട്ടുകാരന്‍ ചേട്ടനെ തിരിച്ചുള്ള യാത്രയില്‍ കൂടെ കൂട്ടിയത്.
                            
അങ്ങിനെ സഹീറും പയ്യനും, സഹീര്‍നാല്‍ ക്ഷണിക്കപ്പെട്ട്‌ മൂന്നാമതായി ബൈക്കില്‍ അകപ്പെട്ട നാട്ടുക്കാരന്‍ ചേട്ടനും ചേര്‍ന്ന് മദ്യത്തിന്‍റെ നിലവാര തകര്‍ച്ചയെ കുറിച്ചും, മദ്യപന്മാര്‍, മനസാക്ഷിയില്ലാത്ത ഈ സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന അവഗണനയെ കുറിച്ചുമെല്ലാം കുലന്കുഷമായി ചര്‍ച്ച ചെയ്ത് യാത്ര തുടരുമ്പോള്‍, കുറച്ചു മുന്നില്‍ റോഡിന്‍റെ അരികു ചേര്‍ന്ന് നിന്നുകൊണ്ട് ഒരു പാവം പോലീസുകാരന്‍ ബൈക്കിനു കൈ കാണിച്ചു.

മദ്യപാനത്തിനു ശേഷം ബൈക്കിന്‍റെ സാരഥിയായി മാറിയ സഹീര്‍, വളരെ മര്യാദയോടെ പോലീസുകാരന് മുന്‍പില്‍ ബൈക്കിന്‍റെ വേഗത കുറച്ച്, സൌഹാര്‍ദപൂര്‍വ്വം അയാളോട് പറഞ്ഞു,
" ഇനി ഇതിന്മേല്‍ സ്ഥലമില്ല സാറേ.." എന്ന്!!!
 പോലീസ്കാരന്‍ കൈ കാണിച്ചപ്പോള്‍ അവന്‍ കരുതിയത്രേ അയാള്‍ ലിഫ്റ്റ്‌ ചോദിച്ചതാണെന്ന്.

എന്നാല്‍ സഹീര്‍ന്‍റെ തോന്നലിനെ മുഖവിലക്ക്എടുക്കാത്തതിനാല്‍, റോഡരുകില്‍ ഒതുക്കിയിട്ടിരുന്ന ജീപ്പില്‍ നിന്നും ചാടി ഇറങ്ങിയ എസ്‌.ഐ. അടക്കമുള്ള പോലീസുകാര്‍ ചേര്‍ന്ന്, ബൈക്കിനൊപ്പം ചേര്‍ത്ത് സഹീര്‍ നെയും മറ്റു രണ്ടു പേരേയും, പൊക്കി സ്റ്റേഷനില്‍ എത്തിച്ചു.
പരാതികാരെ പോലും തരം കിട്ടിയാല്‍ തല്ലുന്ന സ്വഭാവമുള്ള ഒരു വൃത്തിക്കെട്ട പോലീസുകാരന്‍ ആ സ്റ്റേഷനില്‍ ഉണ്ട്. അയാളില്‍ നിന്നും ചെവിക്കല്ല് ഇളകുന്ന വിധത്തില്‍ മൂന്നുപേര്‍ക്കും ഓരോന്ന് കിട്ടി. എസ്‌. ഐ. യില്‍ നിന്നും ആഘോഷമായ ഒരു പാട്ടുകുര്‍ബാനയും കേട്ടു.
                          
പരിചയമില്ലാത്ത ഒരു ലാന്‍റ്ലയിന്‍ നമ്പറില്‍ നിന്നും തുടര്‍ച്ചയായി രണ്ടുമൂന്ന് തവണ കോള്‍ വന്നുകൊണ്ടിരുന്നപ്പോള്‍, തൊട്ടടുത്തവീട്ടില്‍ സുഹൃത്തുമായി സംസാരിച്ച്കൊണ്ടിരിക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് അമ്മ മൊബൈലുമായി വന്നു. അടുത്ത കോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്ത്, നീട്ടിപിടിച്ച് ഒരു ഹലോ വച്ചപ്പോള്‍ അങ്ങേ തലക്കല്‍നിന്നും തെക്കന്‍ ച്ചുവയില്‍ അല്‍പ്പം പരുഷമായ ഒരു ചോദ്യം,
 " എന്തുവാടെയ് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ മേലെ..?"
 ഏതെങ്കിലും സുഹൃത്തുക്കളുടെ കളിപ്പീരായിരിക്കും എന്ന് കരുതി,
 " നിന്‍റെ അപ്പന് സ്ത്രീധനം കിട്ട്യ കാശോണ്ടല്ല ഞാന്‍ മൊബൈല്‍ വാങ്ങീത്... നീ വിളിക്കുംബോഴേക്കും ചാടിയെടുക്കാന്‍." എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.
 കണ്ടകശനി കൊണ്ടെപോകുന്നല്ലേ....

രണ്ട് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം വിളിച്ചയാള്‍ ഫോണ്‍ കട്ടാക്കി. ഒരു പത്തു മിനിറ്റ്‌ നു ശേഷം വീണ്ടും ആ നമ്പറില്‍ നിന്നും ഒരു കോള്‍. ഇത്തവണ മറ്റൊരാളായിരുന്നു എന്നോട് സംസാരിച്ചത്. അല്‍പ്പം പ്രായമായ ഒരു ശബ്ദം. എന്‍റെ പേരും, വിലാസവും, തൊഴിലുമെല്ലാം ഇങ്ങോട്ട് പറഞ്ഞതിനുശേഷം അദ്ദേഹം മണ്ണുത്തി പോലിസ്‌ സ്റ്റേഷനില്‍ നിന്നാണ്  വിളിക്കുന്നത്‌ എന്നെന്നെ അറിയിച്ചു. ഒപ്പം ഒരു ചോദ്യവും,
" KL8 W  8806 എന്ന നമ്പറില്‍ ഉള്ള ബ്ലാക്ക് ഹീറോഹോണ്ട സ്പ്ലെണ്ടര്‍ നിങ്ങളുടെ വണ്ടിയാണോ?"

'സപ്തനാഡികള്‍ തളര്‍ന്നു' എന്ന് കഥകളില്‍ വായിച്ച് മാത്രമാണ് എനിക്ക് പരിചയം. തളര്‍ച്ച ഈ വിധമാണെന്ന് അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്.
തുടര്‍ന്ന് വണ്ടിയുടെ ഒറിജിനല്‍ രേഖകളും, എന്‍റെ ഡ്രൈവിംഗ് ലൈസന്‍സുമായി സ്റ്റേഷനില്‍ എത്തുവാനും, ഒപ്പം സഹീര്‍നെയും കൂട്ടരേയും ജാമ്യത്തില്‍ എടുക്കുന്നതിന് രണ്ടു ജാമ്യക്കാരെ കൂടെ കൂട്ടുവാനും  അദ്ദേഹം ആവശ്യപ്പെട്ടു. സംഭാഷണം അവസാനിപ്പിക്കുന്നതിന് മുന്‍പായി അങ്ങേരെന്നോട് ചോദിച്ചു,
" നേരത്തെ ഇവിടെ നിന്നും വിളിച്ച സാറിന്‍റെ, അപ്പന് നിങ്ങള്‍ വിളിച്ചെന്ന് കേട്ടു, ശെരിയാണോ?"
ഞാന്‍ വളരെ ദയനീയമായി പറഞ്ഞു," അത് സാറേ....ഞാന്‍ കരുതി... കൂട്ടുകാര്‍ ആരെങ്കിലും ആയിരിക്കൂന്ന്.."
"കൂട്ടുക്കാരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്?" അടുത്ത ചോദ്യം.
"അല്ല.... തമാശയ്ക്ക്...."
 അത് മുഴുമുപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേര്, ചില സിനിമകളില്‍ പോലിസ്‌ വേഷത്തിലുള്ള ഭീമന്‍രഘു പേടിച്ചരണ്ടു നില്‍ക്കുന്ന നായികമാരോട് പറയുന്ന പോലെ ഒരു പ്രത്യേക ടോണില്‍ എന്നോട് പറഞ്ഞു,
 "ങ്ങും..... സ്റ്റെഷനിലേക്ക് വാ.... ബാക്കി ഇവിടെ വന്നിട്ടാകാം.."

അങ്ങിനെ എന്‍റെ കാര്യത്തിലൊരു തീരുമാനമായി.
 മേല്‍പറഞ്ഞ സാധന സാമഗ്രികളുമായി സ്റ്റേഷനില്‍ എത്തിയാല്‍ ജാമ്യം കിട്ടിയില്ലെങ്കിലും 'നടയടി ' കിട്ടുമെന്നുറപ്പ്.
                          
 പ്രമാണങ്ങളും, ജാമ്യക്കാരും തയ്യാര്‍. നടയടി ഒഴിവാക്കാന്‍ എന്ത് ചെയ്യുമെന്ന് കൂട്ടുക്കാരുമായി കൂടിയാലോചിച്ചപ്പോള്‍ ഒരുത്തന്‍ നിര്‍ദേശിച്ചു, "നമുക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നെ വിളിക്കാം."
സ്വന്തം പാര്‍ട്ടിക്കാരനെ തെറി വിളിച്ച എസ്.ഐ. യെ പറഞ്ഞ സമയം കൊണ്ട് പുല്ലുപോലെ കാസര്‍ഗോട്ടെക്ക് സ്ഥലം മാറ്റി കരുത്ത് തെളിയിച്ചയാളാണ് ഞങ്ങളുടെ പ്രസിഡന്‍ന്‍റ്. കക്ഷിയാണെങ്കില്‍ എന്ത് ആവശ്യത്തിനും വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ തന്നതിനുശേഷം എപ്പോള്‍ കണ്ടാലും ചോദിക്കും, എന്താ വിളിക്കാത്തെയെന്നു...

പാടത്ത് വച്ച് സ്മാള്‍ അടിക്കുമ്പം ഇടയ്ക്കുവച്ച് സോഡാ തീര്‍ന്നാല്‍ പോയി വാങ്ങാന്‍ ഒരാള്, ഇനി ബാറില്‍ വച്ചാണ് കുടിയെങ്കില്‍ ബില്‍ കൊടുക്കാന്‍ കാശ് തികയാതെവന്നാല്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു കൊണ്ടുവരാന്‍ ഒരാള്.... ഇത്തരത്തിലാണ് അക്കാലത്തെ നമ്മുടെ ഓരോ ആവശ്യങ്ങള്‍. ഇതിനെല്ലാം പ്രസിഡണ്ട്‌ നെ വിളിക്കാന്‍ പറ്റില്ലല്ലോ.. പുള്ളിക്കാരന്‍റെ റേഞ്ച്നു ചേരുന്നൊരു ആവശ്യം വന്നുപെടുന്നത് ഇപ്പോഴാണ്. എന്തായാലും അങ്ങേരുടെ പരാതി തീര്‍ക്കാന്‍ തന്നെ തീരുമ്മാനിച്ചു.
                          
 പ്രസിഡണ്ട്‌ ന്‍റെ ശുഷ്ക്കാന്തിയുടെ കാര്യം ഇവിടെ പറയാതെ വയ്യ..., ഞാന്‍ വിളിച്ചു കാര്യം പറഞ്ഞ് അഞ്ചു മിനിറ്റ്‌ നകം ആളെന്നെ തിരിച്ചു വിളിച്ചു. നേരിട്ടുപോയി എസ്.ഐ. നെ കണ്ടുകൊള്ളാനും, എല്ലാം പറഞ്ഞ് ശെരിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

പ്രസിഡണ്ട്‌ ന്‍റെ ധൈര്യത്തില്‍ ജാമ്യക്കാരുമായി ഞാന്‍ സ്റ്റേഷനില്‍ എത്തി. അസമയത് ബസ്‌ സ്റ്റാന്‍ഡില്‍ കാണുന്ന സ്ത്രീകളെ ഓരോ അവന്മമാര് നോക്കുന്ന ഭാവത്തിലാണ് പോലീസുകാര്‍ എന്നെ നോക്കുന്നത്. അല്പ്പസമയത്തിനുശേഷം ഞാന്‍ എസ്.ഐ. യുടെ മുറിയിലേക്ക് ആനയിക്കപ്പെട്ടു.
 ഹോ... എന്താ ആ മഹാമനുഷ്യന്‍റെ ഒരു ഭാഷാ നൈപുണ്യം!!!!
ആ ആഴ്ച റിലീസ്‌ ചെയ്ത പച്ചത്തെറികള്‍ കോര്‍ത്തിണക്കിയാണ് അയാള്‍ എന്നോട് ഭരണിപ്പാട്ട് പാടുന്നത്. അതെങ്ങാനും കേള്‍ക്കേണ്ടവര്‍ കേട്ടാല്‍ അങ്ങേരെ പിടിച്ച് വല്ല ദേവസ്വം മന്ത്രിയോ മറ്റോ ആക്കികളയും.

ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും താങ്ങാനാകാത്ത തരത്തിലുള്ള ഈ തെറിയഭിഷേകം സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാ പാരായണം കേള്‍ക്കുന്ന ഭാവത്തിലാണ് ഞാന്‍ നിന്ന് കേള്‍ക്കുന്നത്.... ബൈക്ക് വിട്ടുകിട്ടിയല്ലേ പറ്റൂ.                                                            

എന്തായാലും എനിക്കുള്ളത് അതില്‍ തീര്‍ന്നു. ഭേദ്യം ചെയ്യല്‍ ഉണ്ടായില്ല.
സഹീര്‍ നു ISI മാര്‍ക്കുള്ള നല്ല നാല് തല്ല് ഒരു പോലീസ്‌ കാരനില്‍ നിന്നും കിട്ടിയെന്നറിഞ്ഞു. ഒരു തല്ലില്‍ അവസാനിക്കേണ്ടതായിരുന്നു, എന്നാല്‍ വായനാശാല സെക്രട്ടറിയും താനും തമ്മിലുള്ള ഇരിപ്പുവശം  പറഞ്ഞ് അയാളെ വിരട്ടാന്‍ ശ്രമിച്ചതാണ് അടി നാലാവാന്‍ കാരണം. നാട്ടിലെ വായനശാലാ സെക്രട്ടറി , ഒരു "വായനശാലാ സെക്രട്ടറിയുടെ" സ്വാധീന മേഖലകളെ കുറിച്ച് വിസ്തരിച്ച് സഹീര്‍ നെ ശെരിക്കും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന കാര്യം വളരെ വ്യക്തം!!

ഇതൊന്നും കൂടാതെ സഹീര്‍ ന്‍റെ പേരില്‍ ഏതാണ്ട് മൂവായിരത്തോളം രൂപ കോടതിയില്‍ പിഴയൊടുക്കേണ്ട വിധത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഒരു പെറ്റികേസും ചാര്‍ജ്‌ ചെയ്യപ്പെട്ടു. ഒരു പത്ത്മുന്നൂറ് രൂപക്കുള്ള പണി എനിക്കും കിട്ടി, മദ്യപന്മാരുടെ കൈവശം വണ്ടി കൊടുത്ത് വിട്ടതിന്.
                      
 എന്തായാലും, ഇതില്‍ തീര്‍ന്നല്ലോ എന്നാശ്വസിച്ച്ബൈക്കെടുത്തു പുറത്തിറങ്ങിയപ്പോള്‍ സഹീര്‍ ന്‍റെ വക ഒരു പ്രഖ്യാപനം വന്നു, അവനെ തല്ലിയ പോലീസുകാരനെ തിരിച്ച് തല്ലാതെ, കുറഞ്ഞപക്ഷം നാല് തെറിയെങ്കിലും വിളിക്കാതെ അവന്‍ തിരിച്ച് വീട്ടിലേക്കില്ലഎന്ന്... (തുടരും.)


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.
എന്‍റെ സ്വന്തം തുടയും, പിന്നെ ചില ചൂരലുകളും.. (part2)


 സ്കൂള്‍ കാലഘട്ടത്തിലെ അവസാനത്തേതും, ആഘോഷപൂര്‍വ്വവുമായ അടി കിട്ടുന്നത് പത്താംക്ലാസ്സ് ഏതാണ്ട് അവസാനിക്കാറായ നാളുകളിലാണ്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ ചേച്ചി വിവാഹിതയാകുന്നത്. ചേച്ചിയെ വിവാഹം ചെയ്ത് അയച്ചതിനു ശേഷം വീട്ടിലെ സ്ഥിതി അങ്ങേയറ്റം ദയനീയമായിരുന്നു.
                          
ആ സമയത്ത് ഞാന്‍ പഠിക്കുന്നത്, നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് നിന്നു പഠിക്കുന്നതിനായി ക്രിസ്ത്യന്‍ സഭ നടത്തുന്ന ഒരു ബോയ്സ് ഹോമില്‍ താമസിച്ചായിരുന്നു. ഇടയ്ക്കിടെ എന്നെ കാണുന്നതിനായി അമ്മ അവിടെ എത്തും. വരുമ്പോള്‍ കയ്യിലൊരു പൊതി കാണും. പലതരം ചിപ്സുകള്‍, വ്യത്യസ്തമായ വറവു പലഹാരങ്ങള്‍, മധുരാഹാരങ്ങള്‍, ഇവയെല്ലാം ചേര്‍ന്ന ഒരു പൊതി.
                            
അതില്‍ പലതിനും എണ്ണ കാറിയ മണമുണ്ടായിരിക്കും. അതിനു കാരണം, പല വീടുകളില്‍നിന്ന് അമ്മക്ക് കഴിക്കുവാന്‍ നല്‍കുന്നതും, എവിടെനിന്നൊക്കെയോ അമ്മക്ക് ലഭിക്കുന്നതുമായ എല്ലാ പലഹാരങ്ങളും അമ്മ എനിക്കായി സൂക്ഷിച്ച് വയ്ക്കും. ഒരിക്കല്‍ അമ്മ വന്നു പോയാല്‍, അടുത്ത വരവിന് എനിക്ക് കൊണ്ടുവരേണ്ട പലഹാരങ്ങള്‍ കൂട്ടിവക്കാന്‍ ആരംഭിക്കും. അവ എന്‍റെയടുക്കല്‍ എത്തുമ്പോഴേക്കും ആദ്യമാദ്യം സംഭരിച്ചവയെല്ലാം  പഴകിയിരിക്കും.
പക്ഷെ, ഞാനത് കാത്തിരിക്കാറുണ്ടായിരുന്നു.
                            
ഈ പൊതി എനിക്ക് നല്‍കുന്നതിനോപ്പംതന്നെ വീട്ടിലെ കഷ്ട്ടപ്പാടുകളെ കുറിച്ചും, ഒരു സാധു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറം അമ്മ തോളിലേറ്റി നടക്കുന്ന പ്രാരബ്ദങ്ങളെ കുറിച്ചും, ജീവിതത്തില്‍  നിലനില്‍ക്കുന്നതിനായി നടത്തുന്ന നിശബ്ദ പോരാട്ടങ്ങളെ കുറിച്ചുമെല്ലാം അമ്മ പതിഞ്ഞ ശബ്ദത്തില്‍ വിവരിക്കും. മോഹങ്ങള്‍ക്ക് യാതോരുവിത പ്രസക്തിയും ഇല്ലാത്ത അമ്മയുടെ ജീവിതത്തിലെ ഏക പ്രതീക്ഷ ഞാനാണെന്ന് എന്നെ ഓര്‍മിപ്പിക്കും. അമ്മ പറയുന്ന ഓരോ വാക്കും ഞാന്‍ എന്‍റെ ഹൃദയംക്കൊണ്ട് ശ്രവിച്ചിരുന്നതിനാല്‍ പത്താംക്ലാസ്സില്‍ ഞാന്‍ എന്‍റെ പഠന വിഷയങ്ങളെ അതീവ ഗൌരവത്തോട്ക്കൂടിതന്നെ സമീപിച്ചു.
                            
പത്താംക്ലാസ്സില്‍, സ്കൂള്‍ അധികൃതര്‍ എനിക്ക് തീരുമാനിച്ച ക്ലാസ്സില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഞാന്‍ മറ്റൊരു ക്ലാസ്സിലേക്ക് മാറി. അതിനു കാരണം, ഹരിനാരായണന്‍ എന്നാ മലയാളം അദ്ധ്യാപകന്‍ ആയിരുന്നു.
മലയാളമായിരുന്നു എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട വിഷയം. കണക്കില്‍ ആയിരുന്നു ഞാന്‍ ഏറ്റവും മോശം. കണക്കില്‍ ഞാന്‍ പലപ്പോഴും സം"പൂജ്യന്‍" ആയി ആദരിക്കപ്പെട്ടിട്ടുണ്ട്.
                              
ഹരിനാരായണന്‍ മാഷടെ മലയാളം ക്ലാസ്സ്‌, കാവ്യഭംങ്ങിയുടെ ആഴങ്ങളും, മഹത്തായ സാഹിത്യദര്‍ശനങ്ങളും, ഒപ്പം തീവ്രമായ മനുഷ്യസ്നേഹവും പകര്‍ന്നു നല്‍കുന്നതായിരുന്നു. അദ്ദേഹം സര്‍വ്വസമ്മനും, വിദ്യാര്‍ഥികാളാലും, സഹപ്രവര്‍ത്തകരാലും ആദരിക്കപ്പെടുന്നവനും ആയിരുന്നു.
                              
നിര്‍ഭാഗ്യവശാല്‍ ഒന്‍പതാം ക്ലാസ്സ്‌ വരെ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയാകുവാന്‍ എനിക്ക് സാധിച്ചില്ല. പലപ്പോഴും അദ്ദേഹത്തിന്‍റെ ക്ലാസ്സിനരികത്ത്കൂടെ എനിക്ക് പോകുവാന്‍ സാധിക്കുകയാണെങ്കില്‍, അല്‍പ്പസമയം അവിടെ ഒതുങ്ങിനിന്ന് അദ്ദേഹത്തിന്‍റെ വാഗ്ധോരണിയില്‍ ഞാന്‍ വിസ്മയിക്കാറുണ്ട്.
                              
പത്താംക്ലാസ്സില്‍ സാധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും ഹരിനാരായണന്‍ മാഷുടെ വിദ്യാര്‍ഥിയാകുവാന്‍ എനിക്ക് സാധിക്കില്ലെന്ന് ഓര്‍ത്തപ്പോള്‍, അദ്ദേഹമില്ലാത്ത മറ്റൊരു ക്ലാസ്സില്‍ ഉള്‍പ്പെട്ടത്തില്‍ എനിക്ക് രോക്ഷം തോന്നി. അത് ഞാന്‍ സ്റ്റാഫ്‌ റൂമില്‍ ചെന്ന് പ്രകടിപ്പിക്കുകയും ചെയ്തു. ഹരിനാരായണന്‍ മാഷടെ ക്ലാസ്സിലേക്ക് മാറിയെതീരൂ എന്ന് ഞാന്‍ വാശി പിടിച്ചു. ബഹിഷ്ക്കരണ ഭീഷണിയും ശ്രമിച്ചു നോക്കി, പക്ഷെ ഏറ്റില്ല.
അധ്യാപകര്‍ ആരുംതന്നെ എന്‍റെ ആവശ്യം അംഗീകരിക്കുവാന്‍ തയ്യാറായില്ല. പക്ഷെ, സംഭവമറിഞ്ഞ ഹരിനാരായണന്‍ മാഷ്‌ ഇടപ്പെട്ട് എന്നെ അദ്ദേഹത്തിന്‍റെ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി.
                          
ആ അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭം മുതല്‍ക്കേ ക്ലാസ്സില്‍ ഒരു പ്രത്യേക പരിഗണന ഹരിനാരായണന്‍ മാഷില്‍ നിന്നും എനിക്ക് ലഭിച്ചിരുന്നു. ഏതൊരു പാഠഭാഗവും ഒരു സംശയവും ഭാക്കിവക്കാതെ ഞാന്‍ മനസിലാക്കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അദ്ദേഹം അവസാനിപ്പിചിരുന്നുള്ളൂ... കണക്ക്, ഹിന്ദി തുടങ്ങി, എനിക്ക് പ്രയാസമുള്ള എല്ലാ വിഷയങ്ങളുടേയും അധ്യാപകര്‍ ഹരിനാരായണന്‍ മാഷടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എന്‍റെ പഠനക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുവാന്‍ തുടങ്ങി.
സ്കൂളില്‍ മൊത്തത്തിലുള്ള എന്‍റെ പെരുമാറ്റവും, സഹ വിദ്യാര്‍ത്ഥികളോടുള്ള എന്‍റെ സമീപനങ്ങളും അദ്ദേഹം സദാ വിലയിരുത്തുകയും, തിരുത്തപ്പെടേണ്ടവാ അപ്പാപ്പോള്‍ ചൂണ്ടി കാണിക്കുകയും ചെയ്തുപോന്നു. ഇതുകൂടാതെ എന്നെ കാണുന്നതിനായി അമ്മ വരുന്ന ദിവസങ്ങളില്‍ അമ്മയോട് വീട്ടുക്കാര്യങ്ങള്‍ തിരക്കാനും, അധികം വൈകാതെതന്നെ, കുടുംബത്തിനെ നിലവിലെ ദുരിതകയത്തില്‍ നിന്നും ഞാന്‍ പിടിച്ചു കയറ്റും എന്ന അമ്മയുടെ ശുഭവിശ്വാസത്തിനു കരുത്ത് പകരാനും അദ്ദേഹം തയ്യാറായി.
                          
മറ്റു അധ്യാപരെല്ലാം, വിദ്യാര്‍ഥികള്‍ എഴുതി എടുക്കേണ്ടതായ പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളും പറഞ്ഞു നല്‍കി വിദ്യാര്‍ഥികളെക്കൊണ്ട് എഴുതിക്കുകയാണ് പതിവ്. എന്നാല്‍ ഹരിനരയന്‍ മാഷ്‌ ഇത്തരം കാര്യങ്ങളെല്ലാം ആദ്യാവസാനം, നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ബോര്‍ഡില്‍ നിറച്ചെഴുതും. വിദ്യാര്‍ത്ഥികള്‍ അവ തങ്ങളുടെ ബുക്കിലേക്ക് പകര്‍ത്തി എഴുതണം.

മാഷ്‌ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും വിദ്യാര്‍ഥികള്‍ എഴുതുവാന്‍ പാടില്ല. എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം ഓരോ വാക്കുകളും വളരെ സ്പഷ്ട്ടമായ ശബ്ദത്തില്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വായിച്ചു നല്‍കും. പിന്നീട് ഏതെങ്കിലുംതരത്തിലുള്ള സംശയങ്ങള്‍ ഉള്ളവര്‍ക്ക് നിവൃത്തി വരുത്തുന്നതിനുള്ള അവസരമാണ്. ഇവയെല്ലാം തീര്‍ന്നതിനു ശേഷം ക്ലാസ്സിനൊന്നടങ്കം പകര്‍ത്തി എഴുത്ത് തുടങ്ങാം. ഇങ്ങനെ പകര്‍ത്തി എഴുതുന്നതില്‍ എന്തെങ്കിലും അക്ഷരത്തെറ്റ് സംഭവിച്ചാല്‍ അടി ഉറപ്പ്.
                          
അന്ന്, പാഠഭാഗ വിശദീകരണങ്ങള്‍ക്കു ശേഷം മാഷ്‌ ബോര്‍ഡിലെ എഴുത്ത് പരിപാടികളിലേക്ക് തിരിഞ്ഞു. ഞാന്‍, ബോര്‍ഡില്‍ പുതുതായി രൂപമെടുക്കുന്ന വാക്കുകളിലേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കുന്നു. പൈന്‍ വശത്തെ ഡെസ്കില്‍ ചാരിയിരിക്കുന്ന എന്നോട്, എനിക്ക് പുറകിലായിരിക്കുന്ന സലിം പതിയെ ചോദിച്ചു, "ഒരു കഥ കേള്‍ക്കണോ?"
കുറെ വര്‍ഷങ്ങളായി പല ക്ലാസ്സുകളില്‍ തോറ്റുതോറ്റ്...... തട്ടിതടഞ്ഞ് എങ്ങിനെയോ പത്താംക്ലാസ്സില്‍ എത്തിപ്പെട്ടയാളാണ് സലിം. ഉപ്പാപ്പ എന്നാണ് ഞങ്ങളെല്ലാം അവനെ വിളിക്കാറ്.
കഥ കേള്‍ക്കണമെന്നോ, കേള്‍ക്കെണ്ടെന്നോ ഞാന്‍ പറഞ്ഞില്ല. സലിം ശബ്ദം താഴ്ത്തി കഥ പറയുവാന്‍ ആരംഭിച്ചു, ഒരു ചെറുകഥ.
                          
അവന്‍ പറഞ്ഞ ചെറുകഥ അതിനേക്കാള്‍ ചെറുതാക്കി ഞാന്‍ ഇവിടെ അവതരിപ്പിക്കാം. ആദ്യമേ ഒരു മുന്നറിയിപ്പ് തരാം, ഈ കഥ തികഞ്ഞ അശ്ലീലമാണ്. അതിനാല്‍ സദാചാരവാധികള്‍ ഈ കഥയ്ക്ക് ശേഷമുള്ള പാരഗ്രാഫ്‌ മുതല്‍ വായന തുടരുക. ഇനി, കഥ വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കഥയിലെ അശ്ലീലം ഒഴിവാക്കി നര്‍മ്മം മാത്രം സ്വീകരിക്കുക.
                        
 'രാജാവിന്, പരപുരുഷന്മാരുമായി ബന്ധപെടുത്തി രാജ്ഞിയെ സംശയം. രാജാവിന്‍റെ സംശയത്തില്‍ പൊരുള്‍ ഉണ്ട്താനും. വേട്ടയ്ക്ക് പോകുന്നതിനു മുന്‍പ്‌, രാജാവ് രാജ്ഞിയുടെ -------------------------- ല്‍ ഒരു ബ്ലേഡ് വച്ചു. കുറച്ചു നാളത്തെ വേട്ടയാടലിനുശേഷം തിരിച്ചെത്തിയ രാജാവ് കൊട്ടാരക്കെട്ടിലെ എല്ലാ പുരുഷന്മാരെയും നിരത്തി നിര്‍ത്തി അവരുടെ സുന പരിശോധിച്ചു. മന്ത്രിയുടേതൊഴിച്ചു ഭാക്കി എല്ലാവരുടേയും മുറിഞ്ഞിരിക്കുന്നു. മന്ത്രിയെ ആശ്ലേഷിച്ച് രാജാവ് പറഞ്ഞു
," പ്രിയ്യ മന്ത്രി..... താങ്കള്‍ ഒരാളെങ്കിലും ഉണ്ടല്ലോ എനിക്ക് വിശ്വസിക്കാവുന്നവനായി....താങ്കളെ ഞാന്‍ എന്‍റെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നു,"
 സന്തോഷവാനായ മന്ത്രി രാജാവിനോട് നന്ദി പ്രകടിപ്പിച്ചു,
 " സ്ലാങ്ക്യു സര്‍..."
മന്ത്രിയുടെ നാവാണ് മുറിഞ്ഞിരുന്നത്.
                            
കഥ കേട്ട് ഞാന്‍ പെട്ടെന്ന് ചിരിച്ചു പോയി. ചിരി അല്‍പ്പം ഉച്ചത്തിലായുംപോയ്. ബോര്‍ഡിലെ എഴുത്ത് മതിയാക്കി മാഷ്‌ തിരിഞ്ഞു നോക്കി. എന്‍റെ മുഖത്ത് അപ്പോഴും ചിരി ബാക്കി. എഴുന്നേറ്റു നില്‍ക്കുവാനായി മാഷ്‌ എന്നോട് ആംഗ്യം കാണിച്ചു. ഞാന്‍ അനുസരിച്ചു.

" ബിജു ചിരിച്ചതിന്‍റെ ശബ്ദമാണോ ഞാന്‍ അല്‍പ്പം മുന്‍പ്‌ കേട്ടത്?" അല്‍പ്പം ഗൌരവത്തോടെയുള്ള മാഷടെ ചോദ്യത്തിന് ഞാന്‍ 'അതെ' എന്ന് ഉത്തരം നല്‍കി.
"എന്തായിരുന്നു ഈ സമയത്ത് ചിരിക്കുവാനുള്ള പ്രേരണ?" എന്‍റെ മുഖത്തേക്ക് രൂക്ഷതയോടെ  ഉറ്റുനോക്കിക്കൊണ്ട് അടുത്ത ചോദ്യം.

എന്ത് പറയണമെന്ന് ഒരു പിടിയും ഇല്ലാത്തതിനാല്‍ ഞാന്‍ നിശബ്ദത പാലിച്ചു.
"വേഗം മറുപടി പറയു.... മറ്റു കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സമയമാണ് നഷ്ട്ടപ്പെട്ടുക്കൊണ്ടിരിക്കുന്നത്. എന്‍റെ ക്ലാസ്സ്‌ റൂമില്‍ ഇത്തരത്തില്‍ പൊട്ടിചിരിക്കത്തക്കവണ്ണം എന്ത് തമാശയാണ് സംഭവിച്ചത് എന്ന് ഞാന്‍ അറിയണ്ടെ..?.....പറയു....."

ഞാന്‍ വിയര്‍ക്കുവാന്‍ തുടങ്ങി. കൈയ്യും കാലും തളരുന്ന പോലെ. അടിയും ചീത്തയുമൊന്നും എനിക്കൊരു പ്രശ്നമേ അല്ല. ഹരിനാരായണന്‍ മാഷടെ മുന്നില്‍ ഇങ്ങനെ ഒരു അപരാധിയായി നില്‍ക്കേണ്ടി വന്നല്ലോ എന്നാ ചിന്ത മാത്രമാണ് മനസ്സില്‍.
" നിങ്ങള്‍ എന്തിനാണ് ചിരിച്ചതെന്ന് പറയുന്നുണ്ടോ?" അതൊരു അലര്‍ച്ചയായിരുന്നു.
"ഓരോന്നോര്‍ത്ത്....വെറുതെ..ചിരിച്ചതാ..." ഞാന്‍ പറഞ്ഞൊപ്പിച്ചു.
" ഓഹോ.... വെറുതേ പഴയ തമാശകളെല്ലാം ഓര്‍ത്തു ചിരിച്ചതാണല്ലേ...അത് കൊള്ളാം.... ഒരു കാര്യം ചെയ്യ്, ചിന്തിച്ചു കൂട്ടിയ തമാശകള്‍ എന്തൊക്കെയാണെന്ന് ഒന്ന് പറയ്‌...കേള്‍ക്കട്ടെ. എല്ലാവര്‍ക്കുംകൂടെ ചിരിക്കാലോ.. മാഷ്‌ നിയന്ത്രാതീതമായ ദേഷ്യത്തോടെ പറഞ്ഞു.

ഞാന്‍ എന്‍റെ നിശബ്ദത തുടര്‍ന്നു.
"ആറും ഏഴും പിരീഡ് ഇങ്ങനെ നിങ്ങള്‍ക്ക് മുന്നില്‍നിന്ന് തൊണ്ട കീറുന്നതിന്‍റെ സുഖം എന്താണെന്നറിയോ തനിക്ക്....?"
കൈയ്യിലിരിക്കുന്ന ചോക്ക്‌ എന്‍റെ നേരെ വലിച്ചെറിഞ്ഞ് തുടര്‍ന്നു,
"ദാ..... അതെടുത്ത്‌ ഈ ബോര്‍ഡു നിറയെ ഒന്ന് എഴുതി തീര്‍ക്ക്. അപ്പോളറിയാം അതിന്‍റെ സുഖമെന്താണെന്ന്. ചിലരൊക്കെ ചെയ്യുന്നപോലെ കസേരയിലിരുന്ന് പാഠം വായിച്ച്, ബാക്കി സമയം സ്വയമിരുന്നു പഠിക്കുവാന്‍ പറയാന്‍ എനിക്കും അറിയാം. ഞാനത് ചെയ്യാത്തത് നീയൊന്നും ഭാവീല് പെഴച്ചു പോകരുതല്ലോ എന്ന് കരുതീട്ടാണ്." മാഷ്‌ കോപത്തിന്‍റെ പാരമ്യത്തില്‍ നിന്ന് വിറക്കുകയാണ്.
"ഒരിക്കല്‍കൂടെ ഞാന്‍ തന്നോട് പറയുന്നു, ചിരിച്ചത്‌ എന്തിനാണെന്നുള്ള കൃത്യമായ മറുപടി തരിക."
എന്താണ് പറയേണ്ടത്‌ എന്ന് ഒരു പിടിയുമില്ലാതെ ഞാന്‍ നില്‍ക്കുകയാണ്. എന്‍റെ മറുപടിക്കായി അല്‍പ്പസമയം കാത്തു നിന്ന മാഷ്, അത് ലഭിക്കാതായപ്പോള്‍ തിടുക്കത്തില്‍ ക്ലാസ്സിനു പുറത്തേക്കു പോയി.

മാഷ് പുറത്തിറങ്ങിയ ഉടന്‍ സലിം എന്നോട് കെഞ്ചുവാന്‍ തുടങ്ങി,
" ഡാ .. നീയെന്‍റെ പേര് പറയോ?......പറയല്ലടാ....പ്ലീസ്..... പറയോ?
                          
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഒരു കൊടുംകാറ്റ് പോലെ മാഷ്‌ ക്ലാസ്സിലേക്ക് കയറിവന്നു. കയ്യില്‍ സാമാന്യം ഭേദപ്പെട്ട വലുപ്പമുള്ള ഒരു ചൂരല്‍ ഇരുന്നു വിറക്കുന്നു. വന്നപ്പാടെ എന്‍റെ തോളിനു താഴെയായി കയ്യില്‍ മാഷ്‌ വീശിയടിച്ചു. എന്‍റെ ചുറ്റുവട്ടത്തിരിക്കുന്ന കുട്ടികളെല്ലാം ഒതുങ്ങിമാറി ക്ലാസ്സിന്‍റെ ഒരു മൂലയിലേക്ക് നിന്നു. നീളന്‍ ചൂരല്‍ ദേഹത്താകമാനം വരിഞ്ഞു. അടി മുഖത്ത് കൊള്ളാതിരിക്കാന്‍ ഞാന്‍ പരമാവുധി ശ്രമിക്കുന്നുണ്ട്.
എണ്ണമില്ലാത്ത അടികള്‍ക്ക് ശേഷം, ചൂരല്‍ വലിച്ചെറിഞ്ഞ് എന്തൊക്കെയോ പുലമ്പിക്കൊണ്ട് മാഷ്‌ പുറത്തേക്കിറങ്ങി പൊയി
                          
കിടപ്പ് വിരിക്കു മുകളില്‍, എന്‍റെ അമ്മയുടെ ഒരു പഴയ സാരി വിരിച്ച്, അതില്‍കിടന്നാണ് ഞാന്‍ എന്നും രാത്രി ഉറങ്ങാറുള്ളത്. ബോയ്സ് ഹോമില്‍ നിന്നും ആദ്യ വെക്കേഷന് വീട്ടിലെത്തി തിരിച്ച് വരുമ്പോള്‍, തണുപ്പിന് പുതക്കുവാന്‍ എന്ന കാരണം പറഞ്ഞ്  അമ്മയോട് ചോദിച്ചു വാങ്ങിക്കൊണ്ടുവന്നതാണ് ആ സാരി. അതില്‍ കിടക്കുമ്പോള്‍ എനിക്ക് എന്‍റെ അമ്മയുടെ സാമിപ്യം ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. എത്രയോ രാത്രികളില്‍ ആ സാരി നെഞ്ചോട്‌ ചേര്‍ത്ത്പ്പിടിച്ച് ഞാന്‍ നിശബ്ദമായി കരഞ്ഞിരിക്കുന്നു.....
                            
അന്ന് രാത്രിയും ഞാന്‍ ഒരുപാട് കരഞ്ഞു. അതൊരിക്കലും അമ്മയെകുറിച്ചോര്‍ത്തായിരുന്നില്ല. ഞാന്‍ ഏറെ ബഹുമാനിക്കുന്ന, എന്നോട് അത്രയേറെ കരുതലും വാത്സല്യവും പ്രകടിപ്പിക്കുന്ന ആ മഹാനായ അധ്യാപകന് മുന്‍പില്‍  ഒരു കുറ്റവാളിയായി തീര്‍ന്നല്ലോ എന്നോര്‍ത്തായിരുന്നു.

പുലര്‍ച്ചെ ജനാല വഴി വീശിയടിച്ച തണുപ്പില്‍കിടന്ന്  ഞാന്‍ വിറക്കുവാന്‍ തുടങ്ങി. എനിക്ക് കടുത്ത പനി. പുലര്‍ച്ചെ കൃത്യം 5: 55 നു ബോയ്സ് ഹോമിലെ കുട്ടികള്‍ക്ക് ഉണരുന്നതിനായുള്ള മണിയടിക്കും. കൃത്ത്യം ആറിന് ആ മണി ഒരിക്കല്‍കൂടെ അടിക്കും. എന്നിട്ടും എഴുന്നേല്‍ക്കാത്തവര്‍ക്കായി മൂന്നാമതൊരു മണിയടി ഇല്ല. അവരെ ഉണര്‍ത്തുവാന്‍ ഒരു നീളന്‍ ചൂരലുമായി ഡയരക്ടര്‍ അച്ഛന്‍ വരും. സാധാരണ ഒന്നാമത്തെ മണിയടിയില്‍ ഞാന്‍ ഉണരുകയും, രണ്ടാമത്തെ മണിയടിയില്‍ എഴുന്നെല്‍ക്കുകയുമാണ് പതിവ്. അന്ന് ഞാന്‍ എഴുന്നേറ്റില്ല. എന്‍റെ പുതപ്പിനകത്തെക്ക് കൂടുതല്‍ കൂടുതല്‍ ചുരുണ്ടു.

തലേന്നാള്‍ ഞാന്‍ വാങ്ങികൂട്ടിയ തല്ലുകളെ കുറിച്ചു അറിഞ്ഞിരുന്നതിനാലാണെന്നുതോന്നുന്നു, വടിയുമായി എത്തിയ അച്ഛന്‍ എന്നെ അടിച്ച് ഉണര്‍ത്തുവാനായി മുതിര്‍ന്നില്ല. എന്‍റെ മുഖത്ത്നിന്നും പുതപ്പെടുത്തുമാറ്റി, അദ്ധേഹംഎന്നെ രണ്ടുമൂന്നു തവണ പേര് വിളിച്ചു. ഒരു ഞെരക്കം മാത്രമായിരുന്നു എന്‍റെ മറുപടി. എന്‍റെ കഴുത്തിലും നെറ്റിയിലും കൈവച്ചു നോക്കിയ അച്ഛന്‍, ഞാന്‍ പനിയുടെ ഏതാണ്ട് മൂര്‍ദ്ധന്യതയില്‍ ആണെന്ന് മനസിലാക്കിയ ഉടന്‍ എന്നെ ആശുപ്പത്രിയില്‍ എത്തിച്ചു.
                          
ഏതാണ്ട് പതിനൊന്ന് മണിയോടെ ഞാന്‍ ആശുപ്പത്രിയില്‍നിന്നും തിരിച്ച് ബോയ്സ് ഹോമില്‍ എത്തി. ആശുപ്പത്രിയില്‍ നിന്നും ലഭിച്ച ഇഞ്ചക്ഷനും മരുന്നുകളും എന്‍റെ വിറയല്‍ പാടെ നിര്‍ത്തുകയും, പനിയുടെ കാഠിന്യം കുറക്കുകയും ചെയ്തിരുന്നു. അത്രയധികം മരുന്നുകള്‍ കുറഞ്ഞ സമയത്തിനകം ശരീരത്തില്‍ എത്തിയതിനാലാണെന്നു തോന്നുന്നു, ബോയ്സ് ഹോമില്‍ എത്തി അല്‍പ്പം കഴിയുന്നതിനുമുന്‍പേ ഞാന്‍ ബോധമില്ലാത്ത ഉറക്കം ആരംഭിച്ചു. ഇടക്കെപ്പോഴോ ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ അരികില്‍ ഹരിനാരായണന്‍ മാഷ്‌ ഇരിക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല. ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു കിടന്നു. മാഷ്‌ എന്‍റെ മൂര്‍ദ്ധാവില്‍ പതിയെ തലോടിക്കൊണ്ടിരുന്നു. ഞാന്‍ വീണ്ടും ഉറങ്ങിപോയ്‌. പിന്നീട് ഉണരുമ്പോള്‍ മാഷ്‌ അരികത്തുണ്ടായിരുന്നില്ല. ഏതൊക്കെയോ പഴവര്‍ഗ്ഗങ്ങള്‍ നിറഞ്ഞ ഒരു പ്ലാസ്റ്റിക്‌ കൂട് എന്‍റെയടുത്തു ഇരിപ്പുണ്ടായിരുന്നു.                    
                        
പിന്നീട് ആ സ്കൂള്‍ ജീവിതത്തിന്‍റെ അവസാനം വരെ ഹരിനാരായണന്‍ മാഷോട് പഴയ അടുപ്പം കാണിക്കുന്നതിനായി എനിക്ക് സാധിച്ചിട്ടില്ല, മാഷ്ക്ക് തിരിച്ചും. പാഠഭാഗങ്ങള്‍ വിശദീകരിച്ചു തീരുമ്പോള്‍, ഒരുപാട് സംശയങ്ങളുമായി എഴുനേറ്റു നില്‍ക്കുവാനോ, ചോദ്യങ്ങള്‍ ചോദിച്ച് തീരും മുന്‍പേ ആവേശത്തോടെ അതിനു മറുപടി നല്‍കുവാനോ ഞാന്‍ ശ്രമിച്ചില്ല.

അന്ന് ക്ലാസ്സ്‌റൂമില്‍ എന്നില്‍ നിന്നും സംഭവിച്ച തെറ്റ്, ആ സ്കൂളിലെ മറ്റേതെങ്കിലും വിദ്യാര്‍ഥിയില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കില്‍ ഹരിനാരായണന്‍ മാഷ്‌ അതൊരിക്കലും ശ്രദ്ധിക്കുമായിരുന്നില്ലെന്നും, എന്നില്‍നിന്നും അത്തരത്തില്‍ നിരുത്തരവാദപരമായ ഒരു പെരുമാറ്റം മാഷ്‌ ചിന്തിചിട്ടെയില്ല എന്നതിനാല്‍ അത്തരത്തില്‍ സംഭവിച്ചപ്പോള്‍ നിയന്ത്രിക്കാനാവാതെപോയതാണെന്ന്, ബോയ്സ് ഹോംന്‍റെ ഡയരക്ടര്‍ അച്ഛനോട് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു.
                        
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, മറ്റൊരു സ്ഥലത്തും കാണിക്കാത്ത മര്യാദയോടെ, ശാന്തതയോടെ, ചിട്ടകളെല്ലാം പാലിച്ചുക്കൊണ്ട് ബിവറേജസ്‌ കോര്‍പ്പറഷന്‍റെ മണ്ണുത്തി ശാഖയിലെ നീണ്ട ക്യു വിനിടയില്‍ ഞാന്‍ നില്‍ക്കുന്നു. അല്പ്പസമയത്തിനു ശേഷമാണ്  ക്യു വില്‍ എന്‍റെ മുന്‍പില്‍ സ്ഥാനംപിടിച്ചിട്ടുള്ള വ്യക്തിയെ ഞാന്‍ ശ്രദ്ധിക്കുന്നത്, സ്കൂളില്‍ എന്‍റെ ഹിസ്റ്ററി അധ്യാപകനായിരുന്ന ജോസഫ്‌ മാഷ്‌!!!!

കാഴ്ച്ചയില്‍ മാഷ്ക്ക് എന്നെ മനസില്ലായില്ല. പക്ഷെ വിശദീകരിച്ചപ്പോള്‍ ഞാനെന്ന വിദ്യാര്‍ഥി ഓര്‍മയില്‍ എത്തി. അടുത്ത വര്‍ഷം മാഷ്‌ റിട്ടയേര്‍ഡ്‌ ആവും. വിരമിക്കലിനുശേഷം വീട്ടില്‍ വെറുതെ ഇരിക്കേണ്ടല്ലോ എന്ന് കരുതി അദ്ദേഹം ഇപ്പോഴേ നാട്ടില്‍ ചെറിയതോതില്‍ പൂചെടികളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. ആ ആവശ്യത്തിലേക്കായി കുറെ ചെടികള്‍ വാങ്ങുന്നതിനായാണ്  മാഷ്‌ മണ്ണുത്തിയില്‍  എത്തിയത്.

അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളില്‍നിന്നും ഏതാണ്ട് 35 കിലോമീറ്റര്‍കള്‍ക്കിപ്പുറം ഒരുനാട്ടിലെ, ബീവറേജസ്‌ കോര്‍പ്പറേഷന്‍റെ ക്യുവില്‍  ഒരു പൂര്‍വ്വ വിദ്യാര്‍ഥിയെ കണ്ട്മുട്ടുമെന്നു മാഷ്‌ ഒരിക്കലും കരുതിക്കാണില്ല.

"കുറച്ച് പണിക്കാര് കൂടെ ഇണ്ടേ.... അവര്‍ക്ക് കുടിക്കാനായിട്ട് എന്തെങ്കിലും വാങ്ങിക്കൊടുക്കാന്നു കരുത്യാ...... ഈ ബ്രാണ്ടി... വിസ്കി...ന്നൊക്കെ പറയണത്  ഒരു പോലത്തെ സാധനങ്ങള് തന്ന്യാണോ...?" മാഷ്‌ എന്നോട്;
'ഉവ്വ, മനസിലായി....' എന്നമട്ടില്‍ ഞാന്‍ തലകുലുക്കി.
അവസാനമാണ് മാഷ്‌ എന്നെ അറിയിച്ചത്, സ്കൂളിന്‍റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ അദ്ദേഹമാണെന്ന്. ആ സമയത്ത് എനിക്ക് ജോലി സംബന്ധമായി സ്കൂളില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ന്‍റെ ആവശ്യം ഉണ്ടായിരുന്നു. അക്കാര്യം ഞാന്‍ അറിയിച്ചപ്പോള്‍, ഏറ്റവും അടുത്തദിവസം സ്കൂളിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ്മായി തിരിച്ചു പോരാമെന്ന് അദ്ദേഹം എനിക്കുറപ്പുനല്‍കി.
                          
മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ സ്കൂളില്‍ എത്തുന്നത്. സ്കൂളില്‍ എത്തിയപ്പോഴാണ്, സ്കൂള്‍ മാനേജ്‌മന്‍റ് എന്നോടും, എന്‍റെ ബാച്ച് ലെ സഹവിദ്യാര്‍ഥികളോടും ചെയ്ത കൊടും ചതിയുടെ യഥാര്‍ത്ഥ ചിത്രം എനിക്ക് വ്യക്തമാകുന്നത്. ഞങ്ങള്‍ പത്താംക്ലാസ് കഴിഞ്ഞ്‌ സ്കൂളിനോട് വിടപറഞ്ഞതിന്‍റെ തൊട്ടടുത്ത വര്‍ഷം മുതല്‍ ആ ബോയ്സ് സ്കൂള്‍ ലേക്ക് പെണ്‍ക്കുട്ടികള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട്, നേരും നെറിവുംക്കെട്ട സ്കൂള്‍ മാനേജ്‌മന്‍റ് അതൊരു മിക്സ്‌ഡ് സ്കൂള്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നു.
'നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലടാ....' എന്ന് മാനേജ്‌മന്‍റ്നെ മൊത്തം മനസ്സില്‍ പ്രാകിക്കൊണ്ടാണ് ഞാന്‍ സ്കൂളിലേക്ക് കയറിച്ചെന്നത്
                          
 ജോസഫ്‌മാഷ്‌തന്നെ പ്രത്യേക താത്പര്യമെടുത്തു ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ശെരിയാക്കി തന്നു. മണ്ണുത്തിയിലെ ഏതു ആവശ്യത്തിനും ബന്ധപ്പെട്ടാല്‍ മതിയെന്ന് അറിയിച്ച്, മാഷിനു എന്‍റെ നമ്പര്‍ നല്‍കി തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ അദേഹത്തോട് ഹരിനാരായണന്‍ മാഷേക്കുറിച്ചു അന്വേഷിച്ചു. ഹരിനാരായണന്‍ മാഷ്‌ റിട്ടയേഡ് ആയെന്നും, പെന്‍ഷന്‍ സംബന്ധമായ എന്തോ കാര്യത്തിനായി അദ്ദേഹം അന്ന് സ്കൂളില്‍ എത്തിയിട്ടുണ്ടെന്നും ജോസഫ്‌മാഷ്‌ എന്നെ അറിയിച്ചു.
                            
സ്കൂള്‍ ഗ്രൌണ്ട്നോട് ചേര്‍ന്നുള്ള സ്റ്റേജ് ന്‍റെ  സമീപത്തായാണ് ഞാന്‍ ഹരിനാരായണന്‍ മാഷെ കണ്ട്മുട്ടിയത്‌, ഒരു നിയോഗം പോലെ. അന്ന് ഞാന്‍ അദ്ദേഹത്തെ കണ്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ, പിന്നീട് എപ്പോഴെങ്കിലും അദ്ദേഹത്തെ കാണുവാന്‍ എനിക്ക് സാധിക്കുമായിരുന്നോ എന്നത് സംശയമായിരുന്നു.

ഒരൊറ്റനോട്ടത്തില്‍തന്നെ അദ്ദേഹംഎന്നെ തിരിച്ചറിഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു. എന്നെ കുറിച്ച് നിരന്തരം ബോയ്സ് ഹോംന്‍റെ ഡയരക്ടര്‍ അച്ഛനോട് അന്വേഷിക്കാറുണ്ടായിരുന്നെന്നും, അവിടെനിന്നും ലഭിച്ച എന്‍റെ വിലാസത്തിലേക്ക്  ചില എഴുത്തുകള്‍ അയച്ചിരുന്നുവെന്നും മാഷ്‌ എന്നെ അറിയിച്ചു. എന്നാല്‍ ആ വിലാസത്തില്‍നിന്നും ഞങ്ങള്‍ മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നതിനാല്‍ അവ എനിക്ക് കൈപ്പറ്റുവാന്‍ സാധിച്ചിരുന്നില്ല.

"ആയിരകണക്കിന് വിദ്യാര്‍ത്ഥികളെ ഈ ഔദ്യോകിക ജീവിതത്തിന്‍റെ കാലയളവിനിടയില്‍ പഠിപ്പിച്ചിട്ടുണ്ടാകും. അതില്‍ കുറേപ്പേരെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്. കുറച്ചു പേര്‍ കണ്ടില്ലെങ്കിലും ഓര്‍മകളില്‍ ഉണ്ടാകും. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഹൃദയത്തെ സ്പര്‍ശിക്കാറുള്ളു. അതില്‍ ഒന്നാമനാണ് നീ....."
തുടിക്കുന്ന ഹൃദയത്തോടെ, നിറകണ്ണുകളോടെ ഞാന്‍ ഹരിനാരായണന്‍ മാഷ്ടെ ഈ വാക്കുകള്‍ കേട്ടിരുന്നു.

ഞങ്ങള്‍ക്കിടയില്‍ രൂപംക്കൊണ്ട ആലപ്പ നേരത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ മാഷ്‌ നോട് പറഞ്ഞു,
"എനിക്കൊരു കാര്യം പറയാന്‍ഉണ്ടായിരുന്നു..."
"ഉം..?"  മാഷ്‌ അന്വേഷിച്ചു.
"ക്ലാസ്സില്‍ എന്‍റെ പുറകു ബഞ്ചില്‍ ഇരുന്നിരുന്ന സലിംനെ ഓര്‍ക്കുന്നുണ്ടോ മാഷ്‌?"
" പിന്നേ..... അവന്‍ നമ്മുടെ നാട്ടുക്കാരനല്ലേ... ഇപ്പൊ ആള് ഗള്‍ഫില്‍ എവിടെയോ ആണ്. അവധിക്കു നാട്ടിലെത്തുന്ന സമയത്ത് റോഡിലൊക്കെ വച്ചു വല്ലപ്പോഴും കാണേം വിശേഷം പറയേം ഒക്കെ ഉണ്ടാവാറുണ്ട്.."
'എന്താ ചോദിച്ചത്'  എന്ന ഭാവത്തില്‍ മാഷ്‌ എന്നെ നോക്കി.
" അവന്‍ പറഞ്ഞ കഥകേട്ടു ചിരിച്ചതിനാണ് മാഷെന്നെ പണ്ട് ക്ലാസ്സില്‍ വച്ച് കുറെ തല്ലിയത്"

മാഷ്‌ അല്‍പ്പസമയം നിശബ്ദനായി. മാഷടെ മനസ്സ്‌ അന്നത്തെ ആ ഓര്‍മകളില്‍ആണ് എന്ന് വ്യക്തം.
" താന്‍ ആരെയോ സംരക്ഷിക്കുകയാണെന്ന് എനിക്കുറപ്പായിരുന്നു. കാരണം..., എന്‍റെ ക്ലാസിനിടയില്‍ താന്‍ മറ്റൊരു ചിന്തയുമായി ഇരിക്കില്ല എന്ന കാര്യത്തില്‍ എനിക്ക് യാതൊരുവിധ സംശയവും ഇല്ല. മറ്റേതോ ഒരാള്‍ക്ക്‌ വേണ്ടി എന്നെ ധിക്കരിക്കുവാനും, എന്‍റെ ചോദ്യങ്ങളെ അവഗണിക്കുവാനും താന്‍ തയ്യാറായപ്പോള്‍ ..., ഞാന്‍ ബിജുവിനോട് കാണിച്ച സ്നേഹത്തിനും ആത്മാര്‍ത്ഥതക്കും എന്ത് അര്‍ത്ഥമാണ് ഉള്ളത് എന്ന തോന്നലാണ് അന്നെന്നെ ചൊടിപ്പിച്ചത്.... എന്നോട് അതിന്‍റെ വിരോധം തനിക്കിപ്പോഴും മനസിലുണ്ടോ?"
"ഹേയ്....ഇല്ല്യ മാഷേ... മാഷിനോട് ഒരുക്കാര്യം ഒളിച്ചുവക്കേണ്ടിവന്നല്ലോ എന്ന കുറ്റബോധം മാത്രേ ഉള്ളൂ." ഞാന്‍ ആത്മാര്‍ഥമായിതന്നെ പറഞ്ഞു.

" കൌമാരത്തിന്‍റെ ഓരോ വികൃതികള്.....ആട്ടെ.., എന്ത് കഥയായിരുന്നു സലിം അന്ന് പറഞ്ഞു തന്നത്?"
മാഷടെ ആകാംക്ഷകണ്ട് ഞാന്‍ ആദ്യമൊന്നു ചിരിച്ചു. പിന്നെ അല്‍പ്പം ചമ്മലോടെ പറഞ്ഞു,
"A യാ...."
"A യോ...... എന്ന് വച്ചാല്‍...?
"ഈ അടല്‍ട്ട്സ് ഒണ്‍ലി എന്നൊക്കെ പറയില്ലേ.... അതില്‍പ്പെടുന്നത്.."
അത് കേട്ടപ്പോള്‍ മാഷ്‌ന്‍റെ മുഖത്തൊരു ചിരി തെളിഞ്ഞു. പിന്നെ, ആംഗ്യങ്ങളോടെ പറഞ്ഞു,
" ഈ വൃത്തമിട്ട് അതിനകത്ത് എഴുതുന്ന A അല്ലേ...?"
 വീണ്ടുമൊരു ചിരി.പിന്നെ തുടര്‍ന്നു,
"സാരല്ല്യ... ഒന്ന് മയപ്പെടുത്തി പറഞ്ഞാല്‍ മതി."
മാഷടെ അനുവാദം ലഭിച്ചു. ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു. പക്ഷെ, ഒട്ടും മയപ്പെടുത്തിയില്ല. വിശദമായിതന്നെ പറഞ്ഞു. കഥകേട്ടു മാഷ്‌ അല്‍പ്പനേരം അന്തിച്ചിരുന്നുപോയ്‌. പിന്നെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
"കുട്ട്യോള് ഈ പ്രായത്തില് ഇങ്ങന്യൊക്കെ ചിന്തിക്കേം പറയേം ചെയ്യുന്നുണ്ടല്ലോ ന്‍റെ കൃഷ്ണാ...." എന്ന് മാഷ്‌ ആദിശയപ്പെട്ടു.
                        
 സ്റ്റേജ് ന്‍റെ പുറകുവശത്തേക്ക് മാറിനിന്ന്, സിഗരറ്റ്‌ പുക ഊതി വിട്ടുക്കൊണ്ട്, മാഷ്‌ ഒരുപാട് വിശേഷങ്ങള്‍ എന്നോട് ചോദിക്കുകയും പറയുകയും ചെയ്തു. റിട്ടയര്‍മെന്‍റ് ജീവിതത്തെകുറിച്ച് പറയുമ്പോള്‍ അദ്ദേഹം വികാരാധീനന്‍ ആയിരുന്നു, കണ്ണുകള്‍ നിറഞ്ഞിരുന്നു.
"ഏതെങ്കിലും പാരലെല്‍ കോളേജ്‌കളില്‍ ഒന്ന് ശ്രമിക്കണം. അദ്ധ്യാപനം ജീവിതത്തില്‍ ഇല്ല്യാണ്ടാവണ അവസ്ഥ സഹിക്കാനാവണില്ലടോ...
ഏറ്റവും വെഷമം, ഇത്രയേറെ വര്‍ഷങ്ങള് എന്‍റെ സ്വന്തമെന്നോണം ഞാന്‍ കൊണ്ട് നടന്ന ഈ സ്കൂളില് ഇങ്ങനെ ഒരു അപരിചിതനായി വന്നു നില്‍ക്കേണ്ട അവസ്ഥയാ...."

ഗോള്‍ഡ്‌ ഫ്ലൈക്‌ സിഗരറ്റിന്‍റെ കട്ടിപുകയും, നര കയറിയ കനത്ത നീണ്ട മീശയും, ഇവയോട് ഒട്ടും ചേരാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഹരിനാരായണന്‍ മാഷ്‌ ഏതോഒരു അവാര്‍ഡ്‌ സിനിമയിലെ പേര് ഓര്‍മയില്ലാത്ത ഒരു കഥാപാത്രത്തെ എന്നെ ഓര്‍മിപ്പിച്ചു.


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

എന്‍റെ സ്വന്തം തുടയും, പിന്നെ ചില ചൂരലുകളും... (part 1)


ചൂരലും എന്‍റെ തുടയും പഠിക്കുന്നകാലത്ത് ഒരു നല്ല കോമ്പിനേഷന്‍  ആയിരുന്നു. ചാറി ചാറി വല്ലപ്പോഴും കിട്ടുന്ന അടികള്‍ കൂടാതെ ത്രിശൂര്‍ പൂര വെടിക്കെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ പോലെയുള്ള തല്ലും എനിക്ക് ഇടക്കൊക്കെ കിട്ടാറുണ്ട്. അങ്ങിനെ ചില ഉശിരന്‍ തല്ലുകളെ കുറിച്ചു പറയാം.
                          
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കേരള പ്രൈവറ്റ് എക്സാമിനേഷന്‍  ബോര്‍ഡ് ന്‍റെ പരീക്ഷയില്‍ എനിക്ക് ഒന്നാം റാങ്ക്. തൃശൂരില്‍ നിന്നും സ്കൂള്‍ വക കാറില്‍ ടീച്ചര്‍ മാരോടും അമ്മയോടും ഒപ്പം ഏറണാംകുളത്ത്  വന്നു, ടൌണ്‍ ഹാള്‍ ളില്‍ വച്ച്  കോട്ടിട്ട ഏതോ കക്ഷിയില്‍ നിന്നും സമ്മാനം വാങ്ങി. അന്നാണ് ആദ്യമായി ഞാന്‍ റ്റൈ  കെട്ടിയത്. റ്റൈ  കെട്ടി, തലയനക്കാതെയുള്ള എന്‍റെ നടപ്പുക്കണ്ട് അമ്മ പറഞ്ഞു,
" പേടിക്കണ്ട, അഴിഞ്ഞു പോകില്ല."

തിരിച്ചു സ്കൂളില്‍ എത്തിയതുമുതല്‍ ഞാന്‍ സ്റ്റാര്‍ ആയി.അസംബ്ലിയിലും , ഓരോ ക്ലാസ് കളിലും എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തുന്നു. കുട്ടികള്‍ക്കെല്ലാം വല്ലാത്ത ആദരവ്. ടീച്ചര്‍മാര്‍ക്കാണെങ്കില്‍   ഒടുക്കത്തെ സ്നേഹവും.

അങ്ങിനെ വിളങ്ങി നില്‍ക്കുന്ന കാലത്താണ് ക്ലാസ് ടീച്ചര്‍ ഷേര്‍ലി , ഒരു നല്ല ചൂരലിന്‍റെ  ആവശ്യകതയെ കുറിച്ചും ക്ലാസ്സില്‍ അതിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും വാചാലയായത്.
 നമ്മുടെ സ്വന്തം ടീച്ചര്‍..... പോരാത്തതിന് ടീച്ചറോട് എനിക്ക് മുടിഞ്ഞ പ്രേമവും, സത്യം!!
ഒന്ന് സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. അഗ്രികള്‍ച്ചര്‍ യുനിവേഴ്സിറ്റിയില്‍ നിന്നും നല്ല നാല് ചൂരലുകള്‍  വെട്ടി ടീച്ചര്‍ക്ക് അഭിമാനപൂര്‍വ്വം നല്‍കി. ടീച്ചര്‍ തോളില്‍ ചേര്‍ത്തു പിടിച്ചു പറഞ്ഞു, മിടുക്കന്‍.....
                        
ക്ലാസ്സിലെ കുട്ടികളെ നാല് ടീമുകളായി തിരിച്ചിരിക്കുകയാണ്. ഒരു ടീമിന്‍റെ ലീഡര്‍ ഞാനാണ്. സ്കൂളിലെ ഓരോ ക്ലാസ്സിലെയും ഓരോ ടീമുകളും എന്തോ ആവശ്യത്തിന്‍റെ പേരില്‍ ആ സമയത്ത് ഒരു ഫണ്ട് സ്വരൂപിക്കണ മായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞുള്ള ഇത്തരം പിരിവുകള്‍ ഒന്നിനുപുറകെ ഒന്നായി സ്കൂളില്‍ ധാരാളം ഉണ്ടാവാറുണ്ട്. ഏറ്റവും അധികം ഫണ്ട് പിരിക്കുന്ന ടീമിന്‍റെ ലീഡര്‍ക്ക് ഹെഡ് മിസ്ട്രെസ്സ്  അസംബ്ലിയില്‍ വച്ച്  ഷര്‍ട്ടില്‍, റോസ് റിബണ്‍ കെട്ടിയ മെഡല്‍ കുത്തിതരും.
                        
അന്ന് ഉച്ച കഴിഞ്ഞുള്ള ആദ്യ പിരീഡില്‍ ഷേര്‍ളി ടീച്ചര്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു ടീമിന്‍റെ ലീഡര്‍ ആയ  പ്രിന്‍സ് ന്‍റെ വക ഒരു പരാതി കിട്ടി. അവനും ടീം അംഗങ്ങളും  ചേര്‍ന്ന് പിരിച്ചെടുത്ത ഫണ്ടില്‍  നിന്നും അഞ്ചു രൂപ കാണ്മാനില്ല.
 ശിവ.. ശിവ.... എന്തായീ കേള്‍ക്കണേ... എന്ന മട്ടിലായി ഞാനടക്കമുള്ള എല്ലാവരും. തകര്‍തിയായ അന്വേഷണം. ആരില്‍നിന്നും നഷ്ട്ടപ്പെട്ട അഞ്ചു രൂപ കണ്ടെത്താനായില്ല. മറ്റു  മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഷേര്‍ളി ടീച്ചര്‍ ഒരു ഓഫര്‍ മുന്നോട്ടു വച്ചു. കാശ് എടുത്തത് ആരാണെന്ന് സത്യം പറഞ്ഞാല്‍ അടി ഒഴിവാക്കിക്കൊണ്ട് രണ്ടു നാരങ്ങ മുട്ടായി തികച്ചും ഫ്രീ ...!!!

നാരങ്ങാ മുട്ടായിയെ കുറിച്ച് കേട്ടതോടെ ക്ലാസ്സിലെ ഒരുതടിയന്‍ സത്യം പറയുവാന്‍ തീരുമാനിച്ചു മുന്നോട്ടു വന്നു. അവന്‍ എന്നെയൊന്നു ഒളിക്കന്നിട്ട്  നോക്കിയതിനുശേഷം ടീച്ചറോട് പറഞ്ഞു,
 "കാശെടുത്തത് ബിജു.എം.ജി  യാണ്. ഞാന്‍  കണ്ടു."
 ഞാനൊഴിച്ച്‌  മറ്റെല്ലാവരും  അതുകേട്ടു ഞെട്ടി. എനിക്കാണെങ്കില്‍ അവന്‍ എഴുനേറ്റപ്പോഴേ തലയില്‍ ഇരുട്ട് കയറിയിരുന്നതിനാല്‍ ഞെട്ടാനുള്ള അവസരം കിട്ടിയ്യില്ല.   അവന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമായ ഒരു ആരോപണം എന്ന  രീതിയില്‍ ടീച്ചര്‍ എന്നോട്  ചോദിച്ചു, "
എന്താ ബിജുവിന്‍റെ  മറുപടി?

" അവന്‍ പറഞ്ഞത് ശര്യാ, കാശെടുത്തത് ഞാനാ..." ഞാന്‍ പറഞ്ഞു. സമ്മതിക്കാതെ നിവൃത്തിയില്ല . കൂട്ട് പ്രതിയാണ് മാപ്പുസാക്ഷി ആയിരിക്കുന്നത്.
 ടീച്ചറുടെ മുഖത്തു  അപ്പോഴും ഒരു അവിശ്വാസം.

 കഴിഞ്ഞയാഴ്ചത്തെ കണക്കു പ്രകാരം പ്രിന്‍സി ന്‍റെ ടീമിനു ഞങ്ങളുടെ ടീമിനേക്കാള്‍  4.25  രൂപ കൂടുതല്‍ ആയിരുന്നു..  എന്‍റെ  ടീമിലാണെങ്കില്‍  ഞാന്‍ എത്ര പറഞ്ഞിട്ടും കുട്ടികളാരും കാശ്  പിരിച്ച് ക്കൊണ്ട്  വരുന്നുമില്ല. ഫണ്ട്‌ സ്കൂളില്‍ ഏല്‍പ്പിക്കേണ്ട അവസാന ദിവസം അടുത്തിരിക്കുന്നു. ഹെഡ് മിസ്ട്രെസ്സ് ന്‍റെ കയ്യില്‍നിന്നും മെഡല്‍ വാങ്ങാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഞാനും ആ തടിയനും ചേര്‍ന്ന് ഈ കാശ് അടിച്ചുമാറ്റല്‍   ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.

പിറ്റെന്നു എന്‍റെ അമ്മയെ വിളിച്ചുവരുത്തി, എന്‍റെ ക്ലാസ്സില്‍ വച്ച്, ഞാന്‍ പ്രണയപൂര്‍വ്വം ടീച്ചര്‍ക്ക്  സമ്മാനിച്ച ചൂരല്‍ക്കൊണ്ട്  ആഘോഷപൂര്‍വ്വ്വം ഹെഡ്മിസ്റ്റ്രെസ്സ്ന്‍റെ കയ്യില്‍ നിന്നും എനിക്കു അടി കിട്ടി.
                        
അന്നു രാത്രിയില്‍ എന്‍റെ അമ്മ ഉറങിയിട്ടില്ല. ഇടയ്ക്കിടെ ജനാലക്കല്‍ പോയി നില്‍ക്കുന്നതും, മുറിയുടെ മൂലക്കല്‍ ചാരിയിരിക്കുന്നതും , അടുക്കളയില്‍ ചെന്ന് വെള്ളം കുടിക്കുന്നതുമെല്ലാം എനിക്ക് കാണാം.

പിറ്റേന്ന് രാവിലെ അമ്മ എന്നെയും കൊണ്ട് പള്ളിയിലേക്ക് പോയി. പള്ളിയിലെ അമ്മസംഘം എന്നൊരു സംഘടനയില്‍  അമ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘത്തില്‍ പെട്ടവരില്‍നിന്നും,  കുറുബാനക്ക് വന്ന മറ്റു ചിലരില്‍നിന്നുമായി അമ്മയെനിക്കു കുറെ പൈസ പിരിച്ചു തന്നു. കുറച്ചു പൈസ അമ്മയും തന്നു.
                      
കണക്കെടുപ്പ് ദിവസം സ്കൂള്‍ അസംബ്ലിക്ക് മുന്നില്‍ വച്ചു ഞാന്‍ ഹെഡ് മിസ്ട്രെസ്സില്‍ നിന്നും മെഡല്‍ വാങ്ങി. ഒപ്പം ഒരു ചെറിയ പാക്കെറ്റ് മിഠായിയും   ലഭിച്ചു. ആ മിഠായി പാക്കെറ്റ് അമ്മയുടെ നിര്‍ദ്ദേശം പോലെ ഞാന്‍ പ്രിന്‍സിനു നല്‍കി. എന്നിട്ട് അമ്മ വാങ്ങി തന്നിരുന്ന മിഠായി  ഞാന്‍ ടീമിലെ എല്ലാവര്‍ക്കുമായി വീതിച്ചു.  തടിയന് ഒരു മിഠായി  കുറവേ കൊടുത്തുള്ളൂ. അവന്‍ അതുംപോയി ടീച്ചറോട് പറഞ്ഞു.
                      
ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും സ്കൂളില്‍ നിന്നുമുള്ള അടിതടകളെ എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ഞാനൊരു എക്സ്പെര്‍ട്ട്  ആയി മാറിയിരുന്നു. അധ്യാപകര്‍ ചൂരല്‍ ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ കൈ മുകളിലേക്കുയര്‍ത്തി  അടിയുടെ കാഠിന്യം കുറക്കുക്ക, ചില അധ്യാപകര്‍ അടിക്കുവാന്‍ ഓങ്ങ്മ്പോഴേക്കും അവരെ വട്ടനെ കെട്ടിപ്പിടിക്കുക....
അങ്ങിനെയങ്ങിനെ ഒരുപാട് രീതികള്‍ ഞാന്‍ പരീക്ഷിച്ചു പോന്നിരുന്നു.

പക്ഷെ ഒന്‍പതാം ക്ലാസ്സിന്‍റെ മധുവിധു നാളുകളില്‍ മലയാളം മാഷിന്‍റെ തല്ലില്‍ നിന്നും രക്ഷപ്പെടുവാന്‍ കാണിച്ച നമ്പര്‍ അല്‍പ്പം സാഹസമായിപ്പോയി.
മാഷ് ചൂരലുമായി എന്‍റെയടുക്കല്‍   എത്തിയതും ഞാന്‍ അഴികളില്ലാത്ത ജനല്‍ വഴി പുറത്തേക്ക് ചാടി, ഓടി, കി ണറിന്‍റെ യടുത്തു നിലയുറപ്പിച്ചു . വടിയുമായി മാഷ്‌ പുറകെ. കിണറി ന്‍റെ  ഒരു വശത്ത്‌ ഞാന്‍ , മറു വശത്ത്‌ മാഷ്‌. എന്നെ തല്ലിയാല്‍ കിണറ്റിലേക്ക് ചാടുമെന്നു ഞാന്‍, ഇനി തല്ലുക്കൊള്ല്ളുന്നതിനെക്കാള്‍ നിനക്ക് നല്ലത് കിണറ്റില്‍ ചാടുന്നതായിരിക്കുമെന്നു മാഷ്‌......,.
മാഷിനെ ഞാന്‍ കിണറിനു ചുറ്റും ഓടിക്കുകയാണ്. കാഴ്ച്ചക്കാരായി ക്ലാസിലെ കുട്ടികള്‍ വാതില്‍ക്കലും ജനലിലും നില്‍ക്കുന്നു.
ഒറ്റയ്ക്ക് എന്നെ പിടിക്കുവാന്‍ സാധിക്കില്ലെന്ന് മനസിലായപ്പോള്‍ മാഷ്‌ ക്ലാസ്സിലെ കുട്ടികളെ വിളിച്ചു. ക്ലാസ് ലീഡറും , തടിമിടുക്കുള്ള വേറെ രണ്ടുക്കുട്ടികളും കൂടെ എന്നെ പിടിക്കുവാന്‍ തയ്യാറായി വന്നു. വര്‍ഗ്ഗവഞ്ചകന്മാര്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1......................................,......!!

ഇനി നിന്നാല്‍ പണി പാളുമെന്നു മനസിലായപ്പോള്‍ ഞാന്‍ സ്കൂള്‍ മതില്‍ എടുത്തു ചാടി, അടുത്തുള്ള സെമിനാരിയുടെ വളപ്പിലേക്ക് ഓടി. പിന്നാലെ ലവന്‍മാരും . എല്ലാവരുടെയും കണ്ണുവെട്ടിച്ചു ഞാനൊരു മാവിന് മുകളില്‍ കയറിയിരുപ്പായി.
 മാവില്‍ പുളിയുറുംബുകളുടെ  സംസ്ഥാന, ദേശീയമോന്നുമല്ല.... വിശ്വ മഹാ സമ്മേളനമാണ്‌ നടക്കുന്നത്. എന്‍റെ അസ്ഥാനത്തെല്ലാം ഉറുന്പ് കയറി കടിക്കുവാന്‍ തുടങ്ങി.
അല്‍പ്പം കൂടെ കഴിഞ്ഞാല്‍ ഞാന്‍ കുട്ടപ്പെട്ടന്‍റെ  അവസ്ഥയിലാകുമെന്നു എനിക്ക് മനസിലായി.

കുട്ടപ്പേട്ട ന്‍റെ അവസ്ഥ എന്താണെന്നല്ലേ, പറയാം
 കുട്ടപ്പെട്ടനെയും അവിടെത്തന്നെ കടന്നല് കുത്തി. നീരുവന്നു വീര്‍ത്തു. ഭാര്യയോടൊപ്പം ഡോക്ട്ടരുടെ അടുത്തെത്തിയപ്പോള്‍ അങ്ങേരു രണ്ടു ഗുളികകള്‍ നല്‍കി, ഒന്ന് വേദന മാറുവാന്‍, ഒന്ന് നീര് വറ്റുവാന്‍.  ഭാര്യ ഡോക്ട്ടരോട് പറഞ്ഞു, തത്കാലം വേദന മാറുവാനുള്ള ഗുളിക മാത്രം മതി.

ഉറുമ്പുകടി അസഹ നീയം ആയപ്പോള്‍ ഞാന്‍ മാവില്‍നിന്നും ഊര്‍ന്നു താഴെയിറങ്ങി. എന്‍റെ സഹപാഠികള്‍ എന്നെ കയ്യോടെ പിടികൂടി മാഷിന്‍റെ മുന്നില്‍ എത്തിച്ചു. ഒരു ചൂരലി ന്‍റെ മൊത്തം ആയുസ്സ് അയാളെന്‍റെ ദേഹത്തു തീര്‍ത്തു.
                        
ഒന്‍പതാം ക്ലാസ്സിലെ ഓണ പരീക്ഷ. അന്ന് ഫിസിക്സ് ആയിരുന്നു. സിനിമാ സംവിധായകനാവാന്‍ ഫിസിക്സ് പഠി ക്കേണ്ടതില്ലെന്ന്  ആരോ എന്നോട് പറഞ്ഞിരുന്നതിനാല്‍ ആ വിഷയത്തിനും  മറ്റുള്ള വിഷയങ്ങളെ പോലെതന്നെ ഞാന്‍ അത്രയ്ക്ക് ശ്രെദ്ധ കൊടുത്തിരുന്നില്ല. അതിനാല്‍ പരീക്ഷക്ക്‌ വിശേഷിച്ചൊന്നും എഴുതുവാനും ഉണ്ടായിരുന്നില്ല.
15 മിനിട്ട് കൊണ്ട് അറിയാവുന്നതെല്ലാം എഴുതി തീര്‍ത്ത്‌ വെറുതെയിരിക്കുമ്പോള്‍ എനിക്കൊരു തോന്നല്‍ ,
ഫിസിക്സ് മാഷിനു ഒരു ഓണാശംസ നെര്‍ന്നാലോ.....

പെയ്പ്പറി ന്‍റെ പുറകുവശത്തു കുത്ത് കുത്തുക്കള്‍ ഇട്ടു ഞാന്‍ എഴുതിവച്ചു, കരടിക്ക് ഓണാശംസകള്‍!!
 കരടിയെന്നാണ് മാഷിന്‍റെ ഇരട്ട പേര്.

ഓണ അവധിക്കു ശേഷം സ്കൂളിലെത്തി. ഫിസിക്സുമാഷ്‌  മാര്‍ക്ക് അനുസരിച്ചു ഉത്തരകടലാസ് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. കൂടുതല്‍ മാര്‍ക്കുള്ളവന് ആദ്യം പെയ്പ്പര്‍ നല്‍കും, പിന്നെ ക്രമമായി കുറവുള്ളവര്‍ക്ക് നല്‍കി പോരും . ഇതാണ് പതിവ്.

ഏറ്റവും  അവസാനത്തില്‍ എന്‍റെ പേര് വിളിച്ചപ്പോഴും എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല, മുന്‍പും അങ്ങിനെയൊക്കെ തന്നെയാണ് പതിവ്. പെയ്പ്പര്‍ എന്‍റെ കയ്യില്‍ തരാതെ , സ്റ്റാഫ് റൂമില്‍ പോയി ഒരു ചൂരല്‍ വാങ്ങി വരുവാന്‍ മാഷ്‌ എന്നോട് പറഞ്ഞു. സാധാരണയായി പരീക്ഷയില്‍ തോറ്റതിന് മാഷ്‌ ഒരിക്കലും തല്ലാറില്ല. ആ ഒരു ധൈര്യത്തില്‍ സ്റ്റാഫ്  റൂമില്‍ ചെന്ന് കിട്ടാവുന്നതില്‍ വച്ചും ഏറ്റവും നല്ല വടിതന്നെ തിരഞ്ഞെടുത്തു ഞാന്‍ മാഷിനു കൊടുത്തു.

മാഷ്‌ എല്ലാവര്‍ക്കും എന്‍റെ പെയ്പ്പര്‍ കാണിച്ചു കൊടുത്തപ്പോഴാണ്‌ ഓണാശംസ യുടെ കാര്യം എനിക്ക് ഓര്‍മ വന്നത്. അവധിക്കിടയില്‍ ഞാനത് മറന്നു പോയിരുന്നു.

അടിക്കാന്‍ വരുമ്പോള്‍ ഞാന്‍ ഇറങ്ങി ഓടാറുണ്ട് എന്നാ കാര്യം മാഷ്‌ അറിഞ്ഞിരുന്നു എന്ന് തോന്നുന്നു, എന്‍റെ കയ്യില്‍ മുറുകെ പിടിച്ചാണ് മാഷെന്നെ പൊതിരെ തല്ലുന്നത്. അന്നുമുതല്‍ ഫിസിക്സ് ക്ലാസ്സില്‍ നിന്നും ഞാന്‍ ഔട്ട്‌. ക്രിസ്ത്തുമസ്സ് പരീക്ഷയുടെ മുന്‍പുള്ള മിഡ് ടേം പരീക്ഷവരെ ഇത് തുടര്‍ന്നു. പക്ഷെ അപ്പോഴേക്കും എന്‍റെ മനസിലൊരു വാശി കയറിയിരുന്നതിനാല്‍ ഞാന്‍ മിനക്കെട്ടു പഠിച്ചാണ് ഫിസിക്സ് പരീക്ഷ എഴുതിയത്.
                        
പരീക്ഷക്ക്‌ എന്‍റെ തൊട്ടടുത്തു ഇരിക്കുന്നത് ക്ലാസ്സിലെ വന്‍കിട പഠിപ്പിസ്റ്റ്. ഒന്നാമത് കിടക്കുന്ന ചോദ്യത്തിന്‍റെതൊഴിച്ചു ബാക്കിയെല്ലാ ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം അറിയാം. ഒന്നാമത്തെ ചോദ്യത്തിന് ഒരു മാര്‍ക്കാണ്.ബ്രായ്ക്കെറ്റില്‍   3 ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നു. അതില്‍ ഒരു ഉത്തരം അതിന്‍റെ തല്ലെന്നു എനിക്കറിയാം. ബാക്കി രണ്ടെണത്തില്‍  ഞാന്‍ ഉടക്കി നില്‍ക്കുകയാണ്. ആ സമയം പഠിപ്പിസ്റ്റ് എന്‍റെ സഹായത്തിനെത്തി. ബ്രായ്ക്കെറ്റില്‍  കൊടുത്തതിലെ രണ്ടാമത്തെ  ഉത്തരമെന്ന് അവന്‍ ആന്ഗ്യത്തിലൂടെ എന്നോട് പറഞ്ഞു. അവന്‍ പറഞ്ഞപോലെ ഞാന്‍ എഴുതി.
                          
ഒരാഴ്ച്ചക്കു ശേഷം മൂല്യ നിര്‍ണ്ണയം കഴിഞ്ഞു ഉത്തര പെയ്പ്പര്‍ ലഭിച്ചു. ഫിസിക്സില്‍ ഒന്നാമത് പതിവുപോലെ, എനിക്ക് ഉത്തരം പറഞ്ഞു തന്നു സഹായിച്ച മഹാനുഭാവന്‍.. അമ്പതില്‍ അമ്പതു മാര്‍ക്ക്.
 തുടര്‍ന്ന്  എന്‍റെതൊഴിച്ച് മറ്റെല്ലാവരുടെയും ഉത്തര കടലാസുകള്‍ നല്‍കി. ഈശ്വരാ...!!! ഇപ്പ്രാവശ്യവും ഞാന്‍ ലാസ്റ്റോ .....? ഇതെന്തു കഥ എന്നായി ഞാന്‍..

അവസാനം എന്‍റെ പേര് വിളിക്കുന്നതിനു മുന്‍പായി എല്ലാവരോടും എഴുന്നേറ്റു നിന്ന് കയ്യടിക്കാന്‍ മാഷ്‌ ആവശ്യപ്പെട്ടു. ആ കയ്യടികള്‍ക്കിടയിലൂടെ മാഷെന്നെ മേശക്കരികിലേക്ക് വിളിച്ചു. പെയ്പ്പര്‍ കയ്യില്‍ തന്നു. 49 മാര്‍ക്ക്.

ഒരു മാര്‍ക്ക് എവിടെ  പോയി, ഞാന്‍ നോക്കി. പഠിപ്പിസ്റ്റി ന്‍റെ  നിര്‍ദ്ദേശപ്രകാരം എഴുതിയ ഉത്തരം തെറ്റ്!!!! അതെ ചോദ്യത്തിന് അവന്‍ ശെരിയായി ഉത്തരം എഴുതുകയും ചെയ്തു.... വൃത്തിക്കെട്ടവന്‍...

മാഷ്‌ എനിക്ക് ഷെഐക്ക് ഹാന്‍ഡ്‌ നല്‍കുന്നതിനായി കൈ  നീട്ടി. ഞാന്‍ മാഷിനു കൈ നല്‍കാതെ ബഞ്ചില്‍ പോയി ഇരുന്നു. ഒട്ടും നീരസം പ്രകടിപ്പിക്കാതെ വളരെ സ്നേഹപ്പൂര്‍വ്വം മാഷ് എന്നോട് ചോദിച്ചു,
 എന്താ കൈ തരാത്തെ?  "

 മാഷുക്ക് കൈ തരേണ്ട കാര്യം എനിക്കില്ല. മാഷ്‌ പഠിപ്പിച്ചത് എഴുതിയല്ല ഞാന്‍ മാര്‍ക്ക് വാങ്ങിയത്. എന്‍റെ വീട്ടുക്കാര്‍ വാങ്ങിതന്ന ബുക്ക് നോക്കി പഠിച്ചാണ് ഞാന്‍ മാര്‍ക്ക് വാങ്ങിയത്."
ഇത്രയും പറഞ്ഞു ഞാന്‍ എന്തിനും തയ്യാറായി നിന്നു. അടിക്കുവാന്‍ വരികയാണെങ്കില്‍ ജനല്‍ വഴി ചാടി ഓടുവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. കുറച്ചു നേരം കസേരയില്‍ എന്തോ ചിന്തിച്ചിരുന്നതിനുശേഷം മാഷ്‌ പുറത്തെക്കി റങ്ങി പോയി . ആ പിരീഡു ഞങ്ങള്‍ക്ക് ഒഴിവായിരുന്നു.

(തുടരാം.....)
      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.