Thursday 20 January 2011

പിന്നേയും ഒരു പ്രവാസിയുടെ കഥ,


ഒരുക്കാലത്ത് ഞാന്‍ കരുതിയിരുന്നത് ഗള്‍ഫ്‌ വലിയൊരു സംഭവം തന്നെയാണെന്നാണ്.

 എന്‍റെ വല്യമ്മയുടെ മകനും, അടുത്ത സുഹൃത്തുമായ ഒരു ചേട്ടന്‍ ഗള്‍ഫില്‍ നിന്നും കറുത്ത കൂളിംഗ് ഗ്ലാസ് വച്ച്, വലിയ കറുത്തപ്പെട്ടിയും ഉരുട്ടി നാട്ടില്‍ ലീവിന് എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചു പോയി.
 കാണാന്‍ എത്തിയ പുരുഷന്മാര്‍ക്കെല്ലാം, ഉമ്മറത്തിരുന്നു തീ കൊളുത്തിയാല്‍ തീ എരിയുന്ന തലഭാഗം പടിക്കല്‍ വരെയെത്തുന്ന തരത്തില്‍ വലുപ്പമുള്ള സിഗരറ്റ്‌ സമ്മാനിച്ചു.
കാജ ബീഡിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ മാരായ പാവം നാട്ടുക്കാര്‍ അതുക്കണ്ട് വാ പൊളിച്ചു.
നാട്ടിലെ തരുണീ മണികള്‍ക്ക് വല്ലാത്ത ഗന്ധമുള്ള അത്തറും,
 കുട്ടികള്‍ക്ക് വര്‍ണകടലാസില്‍ പൊതിഞ്ഞ മിഠായിയും നല്‍കി.
രാത്രിയില്‍, റൂമില്‍ എസി ഇല്ലാത്തതിനാല്‍ ഉറക്കം വരാത്തതില്‍ ആകുലതപ്പെട്ട് വയലരികത്ത്‌ കാറ്റുകൊള്ളാന്‍ പോയ് നിന്നു. 
സര്‍വ്വീസ്സില്‍ നിന്നും പിരിഞ്ഞു പോന്ന പട്ടാളക്കാരെപോലെ, കാണുന്നവരോടെല്ലാം ഗള്‍ഫിലെ മാനംമുട്ടെ നില്‍ക്കുന്ന കെട്ടിടങ്ങളെ കുറിച്ചും,
 താമസിക്കുന്നതിനകത്ത്‌ ബാത്‌റൂമില്‍ പോലും സ്ഥാപിച്ചിരിക്കുന്ന എസിയുടെ തണുപ്പിനെ കുറിച്ചും,
 കഴിച്ച് മടുത്ത വൈവിധ്യമാര്‍ന്ന ആഹാര സാധനങ്ങളെ കുറിച്ചും,
 കാണുമ്പോള്‍ കാണുമ്പോള്‍ കെട്ടിപ്പുണരുന്ന അറബിയുടെ സ്നേഹത്തെകുറിച്ചും വിവരിച്ചു.
"
എന്നിട്ടും വല്ലാത്ത ക്ഷീണമാണല്ലോ" എന്ന് സംശയം പ്രകടിപ്പിച്ചവരോട്,
 ഡെയിലി മൂന്ന് മണിക്കൂര്‍ യോഗ ചെയ്ത് ക്ഷീണിപ്പിച്ചതാണെന്ന് മറുപടിയും നല്‍കി.
പിന്നീട് ഒരു രാത്രിയില്‍, കുമാരന്‍ ചേട്ടന്‍റെ വാറ്റുച്ചാരായ ലഹരിക്കിടയില്‍ ഞങ്ങള്‍ തനിച്ചായപ്പോള്‍,
ഉണക്കപ്പുല്ലും കുറ്റിച്ചെടികളും അങ്ങിങ്ങായി നില്‍ക്കുന്ന മരുഭൂമിക്കിടയിലൂടെ ഒരുപറ്റം ചെമ്മരിയാടുകളും, കുറെ ഒട്ടകങ്ങളുമായി മല്ലിട്ട് ദിവസം തീര്‍ക്കുന്ന അവന്‍റെ ജീവിതത്തോടൊപ്പം എന്നെയും കൂട്ടി.
ഉണങ്ങി വരണ്ട രണ്ടു കുബ്ബൂസ്, കറന്നെടുത്ത ഒട്ടക പാലില്‍ നനച്ച് ഒരു ദിവസത്തെ വിശപ്പടക്കുന്ന അവനെക്കണ്ട് എന്‍റെ ഹൃദയം കരഞ്ഞു.
ബാത്‌റൂമിലും, ആട്ടിന്‍കൂടിന്‍റെ ഇരുള്‍ മറവുകളിലുംവച്ച് ഫിലിപ്പീന്‍ സ്വദേശിയായ വീട്ടുവേലക്കാരി വല്ലപ്പോഴും,ശബ്ധമടക്കി പകര്‍ന്നു നല്‍കുന്ന ശരീരത്തിന്‍റെ ചൂടാണ് അവന്‍റെ ഏക സന്തോഷമെന്നരിഞ്ഞപ്പോള്‍,
 അതില്‍ നൂറുശതമാനം  ന്യായമുണ്ട് എന്ന്  ഞാന്‍ ഉറപ്പിച്ചു.
 തിരിച്ചു നാട്ടില്‍ പോരുന്നതിനും മുന്‍പ്‌ ശമ്പളബാക്കി ചോദിച്ച മഹാ അപരാധത്തിന് തുകല്‍വാറുക്കൊണ്ടുള്ള അറബിയുടെ അടിയേറ്റു മുറിഞ്ഞു ഉണങ്ങിയ പാട് എനിക്ക് കാട്ടിത്തന്ന് അവന്‍ പൊട്ടിക്കരഞ്ഞ ആ നിമിഷം മുതല്‍
 ഞാന്‍ പ്രവാസികളെ ബഹുമാനിക്കാന്‍ ആരംഭിച്ചു......



16 comments:

  1. എന്റെ മരുഭൂമികളിലൂടെ എന്ന ബ്ലോഗില്‍ എഴുതിയ ജോലി ഗള്‍ഫിലാണോ ?അയ്യേ !വിട്ടുകള
    എന്ന ലേഖനത്തിനു ബിജു എഴുതിയ കമന്റ് ആണിത് .ഒരു പോസ്റ്റ് ആക്കാന്‍ യോഗ്യതയുള്ള ഈ കമന്റിനു നൂറു മാര്‍ക്ക് :)

    ReplyDelete
  2. അംഗീകാരത്തിനു വളരെ നന്ദി രമേശ്‌ ചേട്ടാ....

    ReplyDelete
  3. രമേശിന്റെ പോസ്റ്റിന് ബിജ്ജു എഴുതിയ കമന്റ് കണ്ട് ആ ലിങ്കിൽ പിടിച്ച് ചെന്നപ്പോഴാണ് ഞാൻ ആദ്യമായി ചാമ്പ്യ്ക്ക എന്ന ഈ ബ്ലോഗിൽ ഇന്നു ചെന്നെത്തിയത്.

    അതിലെ രണ്ടു പോസ്റ്റ് വാ‍യന അത്യന്തം ആസ്വാദ്യകരവുമായിരുന്നു. ഇപ്പോൽ രമേശിന്റെ പോസ്റ്റിൽ കണ്ട കമന്റ് തന്നെ ഒരു പോസ്റ്റായി വന്നിരിക്കുന്നു. രമേശ് അഭിപ്രായപ്പെട്ടതുപോലെ സ്വയം ഒരു പോസ്റ്റാകാനുള്ള സർവ്വയോഗ്യതയും ഇതിനുണ്ട്.

    ഏതാനും വരികളിൽ ഒരു ജീവിതം തുടിക്കുന്നത് അനുഭവവേദ്യമാകുന്നുണ്ട്.

    ഈ എഴുത്തിനു ഭാവുകങ്ങൾ.

    ReplyDelete
  4. പള്ളിക്കര ചേട്ടാ..... അഭിവാദ്യങ്ങള്‍!!!

    ReplyDelete
  5. "ഉണങ്ങി വരണ്ട രണ്ടു കുബ്ബൂസ് കറന്നെടുത്ത ഒട്ടക പാലില്‍ നനച്ച് ഒരു ദിവസത്തെ വിശപ്പടക്കുന്ന അവനെക്കണ്ട് എന്‍റെ ഹൃദയം കരഞ്ഞു."

    തീവ്രം ഈ പ്രവാസക്കുറിപ്പ്...
    പ്രവാസത്തിന്റെ ചില അധ്യായങ്ങൾ ഇങ്ങിനെയും...
    നല്ല എഴുത്ത് മാഷേ....

    ReplyDelete
  6. രമേശ്‌ ചേട്ടന്റെ ബ്ലോഗില്‍ കണ്ട കമന്റ്‌
    നോക്കി ചാമ്പക്ക ഇതൊരു പോസ്റ്റ്‌ ആക്കു.വളരെ നല്ലത്
    എന്ന് അഭിപ്രായം പറയാന്‍ ആണ് ഇവിടെ വന്നത്.
    വന്നപ്പോള്‍ ദേ അത് പോസ്റ്റ്‌ ആകി.അഭിനന്ദനങ്ങള്‍ ബിജു.
    ചാമ്പങ്ങ ഒന്ന് ഓടിച്ചു നോക്കി.നല്ല പുളിയും മധുരവും
    ഉണ്ട്.പല ഭാഗങ്ങള്‍ ആയി എഴുതുന്ന പോസ്റ്റ്‌ അല്പം
    ചുരുക്കിയാലും കുഴപ്പം ഇല്ല.കൂടുതല്‍ വായന സുഖം കിട്ടും.
    ആശംസകള്‍.

    ReplyDelete
  7. രഞ്ജിത് സാബ്.... നന്ദി.
    എന്‍റെയും ലോകമേ....നന്ദി. ഇനിയുള്ള എല്ലാ പോസ്റ്റുകളും ചുരുക്കുന്നതിനായി ശ്രമിക്കാം.

    ReplyDelete
  8. ഞാനും രമേശ്‌ സാറിന്‍റെ ബ്ലോഗില്‍ കണ്ടു വന്നു.
    ഇഷ്ടപ്പെട്ടു.ഫോളോ ചെയ്തു,ഇനിയെന്നും വരാമെന്നും നിശ്ചയിച്ച് മടങ്ങുന്നു.

    ReplyDelete
  9. എക്സ്- പ്രവാസിനി.... എന്തേ പ്രവാസം മതിയാക്കിയെ? ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. എന്നും വിരുന്നെത്താമെന്ന വാഗ്ദാനം എനിക്കൊരുപാടിഷ്ട്ടായി.

    ReplyDelete
  10. ഒരു താങ്ക്സ് ഇവിടെയും തരൂ .......!!!

    ReplyDelete
  11. ഫൈസൂന് താങ്ക്സ് ഇല്ല... പകരം ഒരുകൊട്ട നന്ദി.!!

    ReplyDelete
  12. എല്ലാ ഗള്‍ഫുകാര്‍ക്കും ഉള്ളത് ഈ പുറം പകിട്ടാണ്.അതിലവര്‍ പൊതിഞ്ഞു വെക്കുന്നു എല്ലാ സങ്കടങ്ങളും വിരഹവും..

    ReplyDelete
  13. നല്ല കുറിപ്പ്.

    അഭിനന്ദനങ്ങൾ!

    ReplyDelete
  14. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete
  15. നന്നായിരിക്കുന്നു...

    ആശംസകളോടെ..

    ReplyDelete
  16. Valare aakasmikamaayi aanu ivide ethyathu... Ippol ellam vaayikkathe pokan thonnunnilla..ezhuthunna reethi valare nannayittund

    ReplyDelete