Friday 1 April 2011

എത്തിപ്പെടേണ്ടയിടം..


അമ്മയുടെ വാക്കുകള്‍ കേട്ടാണ് ഞാന്‍ ആദ്യമായി മരണത്തെ ഭയപ്പെട്ടത്.
മദ്യപിച്ച്, ദിനവും അമ്മയെ മൃഗീയമായി ഉപദ്രവിക്കുന്ന അപ്പച്ചനില്‍ നിന്നും രക്ഷക്കായി അമ്മ ആദ്യം എത്തിയത് അമ്മയുടെ സ്വന്തം വീട്ടിലായിരുന്നു.
അമ്മയുടെ സഹോദരഭാര്യയുടെ അനിഷ്ട്ടത്താല്‍ ആ വീടുവിട്ടു ഞങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നു.
ആ സമയത്ത് എന്‍റെ ചേച്ചി ഞങ്ങളുടെ ഒരു കുഞ്ഞമ്മായിയുടെ വീട്ടില്‍ നിന്ന് പഠിക്കുന്നു.
ഒരു പൊടികുഞ്ഞായ എന്നെയുംകൊണ്ട് ബന്ധുത്വം അവകാശപ്പെടാവുന്ന എല്ലാ വീടുകളിലും അമ്മ, ഒരു അഭയാര്‍ഥിയെ പോലെ താമസിച്ചു, അവരുടെ മുഖത്ത്നിന്നും ചിരിമായുന്നവരെ.

ഉച്ചകഴിഞ്ഞ ഒരു നേരത്ത്, ചെറിയച്ഛന്‍റെ വീട്ടിലെ അടുക്കള വരാന്തയില്‍ ഇരുന്നുക്കൊണ്ട് അമ്മ എന്നോട് മരണത്തെക്കുറിച്ച് പറഞ്ഞു.
എന്‍റെ മരണം പ്രഖ്യാപിച്ച്, എന്നെ മൊത്തമായി മണ്ണിട്ട്‌ മൂടുവാന്‍ വരുന്നവരെ ഞാന്‍ ചവിട്ടി വീഴ്ത്തും എന്ന് പ്രഖ്യാപിച്ചപ്പോള്‍ അമ്മയില്‍ നിന്നും ഞാന്‍ അറിഞ്ഞു, മരണം കണ്ണിമപോലും അനക്കുവാന്‍ ആകാത്ത നിശ്ചലാവസ്ഥയാണെന്ന്....
ആ അറിവില്‍നിന്നും ഞാന്‍ മരണത്തെ ഭയപ്പെടുവാന്‍ ആരംഭിച്ചു.
ഒന്നനങ്ങുവാന്‍ പോലുമാകാത്ത, ചുറ്റുമുള്ള ലോകത്തെ കാണുവാനാകാത്ത അവസ്ഥ എനിക്ക് ഭീകരമായിരുന്നു...
കാരണം, പണ്ടാരന്മാരുടെ വീടുമുതല്‍ വെള്ളയും പിങ്കും നിറത്തിലുള്ള കടലാസുപൂ ചെടികള്‍ ഭ്രാന്തമായി പടര്‍ന്നുകയറിയ മാഞ്ചുവട് വരെ എനിക്ക് ഇടയ്ക്കിടെ ഓടണം..,
ജോണ്‍ചേട്ടന്‍റെ വീട്ടിലെ വലിയ അക്വേറിയത്തിലെ കുഞ്ഞു ഗോള്‍ഡ്‌ഫിഷ്‌കള്‍ നീന്തി തുടിക്കുന്നത് രഹസ്യമായി പോയി നോക്കണം...,
ഗോസായിക്കുന്നിന്‍റെ മുകളിലിരുന്ന് താഴെ ടാറിട്ട റോട്ടിലൂടെ തിരക്കിട്ട് പോകുന്ന വണ്ടികള്‍ എണ്ണി തിട്ടപ്പെടുത്തണം....
അതിനാല്‍ അന്നുമുതല്‍, സോഫക്ക് അടിയിലും, അലമാരയുടെ മൂലക്കലും, അമ്മൂമ്മയുടെ പിറകിലും മറഞ്ഞിരിക്കുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടു, മരണത്തിന്‍റെ കണ്ണില്‍ പെടാതെ ജീവിക്കുവാന്‍....

മരണഭയം, പ്രളയജലം പോലെ എന്‍റെ വളര്‍ച്ചക്കൊപ്പം പെരുകിക്കൊണ്ടേയിരുന്നു... ഉടല്‍നിവര്‍ത്തി ഉയരുവാനുള്ള എന്‍റെ ഓരോ ശ്രമങ്ങളെയും പാഴാക്കിക്കൊണ്ട് എന്‍റെ കാല്‍പ്പടികളില്‍  അത് ചുഴികള്‍ തീര്‍ത്തു. ആ ചുഴികളില്‍ അകപ്പെട്ട ഞാന്‍ വൃത്തമിട്ട് കറങ്ങി, മുങ്ങിതാണ്, അവശേഷിക്കുന്ന പ്രാണന് വേണ്ടി ഓരോ പുല്‍നാമ്പുകളിലും ഇറുകെ പിടിച്ച്, കാലുറക്കുന്നിടത്ത് നിവര്‍ന്നുനിന്ന്‍ ശ്വാസമെടുത്ത്‌ എന്‍റെ പാതി ജീവന്‍ നഷ്ട്ടം വരാതിരിക്കാന്‍ ശ്രമിച്ചു.
ഭൂമിയിലെ എന്‍റെ ഓരോ ബന്ധങ്ങളും, സ്നേഹവും, പ്രണയവും, നേട്ടങ്ങളും മരണത്തോടെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുന്നു എന്നോര്‍ത്തപ്പോള്‍, ‘മരിക്കുവാന്‍ വേണ്ടിയെങ്കില്‍ പിന്നെന്തിന് ദൈവങ്ങളേ നിങ്ങളെന്നെ സൃഷ്ട്ടിച്ചു’ എന്ന് ഞാന്‍ വിലപിച്ചു.
ജനിക്കേണ്ടിയിരുന്നില്ലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ആയിടക്കാണ് എന്‍റെ പ്രിയ്യ സ്നേഹിതന്‍ നൈബി ഒരു അപകടത്തില്‍പ്പെട്ട് മരിക്കുന്നത്.
ബാല്യത്തില്‍, ഭ്രാന്തന്‍റെ മകനെന്ന് ആക്ഷേപിച്ച് സമകാലികര്‍ എന്നെ കളിക്കളത്തില്‍നിന്ന് അകറ്റിനിര്‍ത്തിയപ്പോള്‍, ഉണക്കമടലില്‍നിന്നും ചെത്തിയെടുത്ത ബാറ്റും, കൊന്നവടി മുനകൂര്‍പ്പിച്ച സ്റ്റമ്പും തയ്യാറാക്കിവച്ച് സ്വന്തം വീട്ടിലേക്ക് എന്നെ കളിക്കുവാന്‍ ക്ഷണിച്ച, എന്‍റെ കൈക്കോര്‍ത്ത്പിടിച്ച് “നീ തനിച്ചല്ല” എന്ന് എന്നോട് ആദ്യമായി പറഞ്ഞ എന്‍റെ സതീര്‍ത്യന്‍ആണ് നൈബി.

പുഷ്പാലന്കൃതമായ അവന്‍റെ ശവമഞ്ചത്തിനു അരികില്‍ നില്‍ക്കുമ്പോള്‍പോലും അവന്‍ മരിച്ചിട്ടില്ലെന്നും, അവന്‍ കാണിക്കുന്ന കുറേ കുസൃതികളില്‍ ഒന്നുമാത്രമാണ് ഇതെന്നും ഞാന്‍ വിശ്വസിച്ചു.
പിന്നീട് ഒരുപാട് രാത്രികളില്‍ അവന്‍റെ പുത്തന്‍ യമഹാ ബൈക്കിന്‍റെ ശബ്ദം എന്‍റെ വീട്ടുവഴിയില്‍ എത്തിയതിനാല്‍, ഉമ്മറത്തെ ലൈറ്റ് തെളിച്ച്, വരാത്ത അവനെ കാണുന്നതിനായി ഞാന്‍ പടിക്കലേക്ക് ചെന്നു.

നിലാ രാത്രികളില്‍ എന്‍റെ വീടിനോട് ചേര്‍ന്ന പാടത്തിന്‍റെ കരയിലെ കലുങ്കിന്‍റെ മുകളില്‍ മാനംനോക്കി കിടന്ന്, അവന്‍റെ പ്രണയത്തെക്കുറിച്ച് വാചാലനാകുവാന്‍ അവന്‍ വരുമെന്ന് ഞാന്‍ ഉറപ്പിച്ചു.
ആ വിശ്വാസത്താല്‍ ഇടവകപള്ളിയില്‍ ആളൊഴിയുന്ന നട്ടുച്ചകളില്‍ അവന്‍റെ കല്ലറക്കരികില്‍ ഞാന്‍ കാത്തിരുന്നു.

അവനെ ഞാന്‍ മറന്നുകഴിഞ്ഞപ്പോള്‍ മറ്റൊന്നും ഓര്‍ക്കാനില്ലാത്ത എന്‍റെ ചിന്തകളില്‍ മരണഭയം വീണ്ടും സജീവമായി.
ആ ഭയത്താല്‍ കണ്ണ് തുറന്ന് വെളിച്ചം കാണാനാവാതെ, ഹൃദയം കരയുന്ന ഒരു സന്ദര്‍ഭത്തില്‍ എനിക്ക് തോന്നി, മരണം ഒരു ആരംഭം ആണെങ്കിലോ....
ഭൂമിയിലെ മരണം നമ്മളെ കൊണ്ടെത്തിക്കുന്നത് ഭൂമിയെക്കാള്‍ കളര്‍ഫുള്‍ ആയ മറ്റൊരു ലോകത്തായിക്കൂടെ... അവിടെ എന്നെ സ്വീകരിക്കുവാന്‍ നൈബിയും, എന്‍റെ ചെറുപ്പത്തില്‍ത്തന്നെ മരണത്തില്‍പ്പെട്ട വല്യപ്പനും, അപ്പൂപ്പനും ഒക്കെ കാത്തിരിക്കുന്നുണ്ടെങ്കില്‍.....
പിന്നെന്തിനു ഞാന്‍ മരണത്തെ ഭയപ്പെടണം..??
ഭൂമിയില്‍ ദാരിദ്ര്യവും, അവഗണനയും, പരിഹാസവും അനുഭവിച്ചവര്‍ക്ക് അവിടെ വലിയ പരിഗണന കിട്ടും എന്നുതന്നെ ഞാന്‍ എന്‍റെ മനസ്സിനെ വിശ്വസിപ്പിച്ചു. കാരണം, അങ്ങിനെയെങ്കില്‍ എനിക്കവിടെ മികച്ച സ്ഥാനമായിരിക്കും ലഭിക്കുകയെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
മനസ്സെന്ന ഇന്ദ്രജാലക്കാരന്‍ കാട്ടിയ ഈ എസ്കെയ്പ്പിസം എന്നെ ധരിപ്പിച്ചത് ഉറപ്പേറിയ ഒരു ആശ്വാസ കവചമായിരുന്നു, എനിക്ക് നേരെ നീട്ടിയത് തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടെകരുതുവാനുള്ള ആത്മവിശ്വാസം ആയിരുന്നു.

അധികം വൈകാതെത്തന്നെ എനിക്കേറെ പ്രിയ്യപ്പെട്ട കുറച്ചുപേര്‍ ഭൂമിയിലെ ജീവിതത്തോട് സുല്ല് പറഞ്ഞ് യാത്രയായി. ഒരു മകനെപോലെ എന്നെ സ്നേഹിച്ച കൊച്ചുമേരി ചേച്ചി, റിട്ടയേര്‍ഡ്‌ കായികാധ്യാപകന്‍ആയ എന്‍റെ പ്രിയ്യ സ്നേഹിതന്‍ ചാക്കോമാഷ്‌, ജീവിതത്തില്‍ ആദ്യമായി എന്നോട് പ്രണയം പ്രകടിപ്പിച്ച കൂട്ടുക്കാരി അമ്പിളി, എന്നെ ഏറ്റവും അധികം സ്നേഹിച്ച, ഞാന്‍ വേദനമാത്രം തിരികെ നല്‍കിയ എന്‍റെ അമ്മൂമ്മ..... പിന്നെയും കുറേപേര്‍

ഈ മരണങ്ങള്‍ എന്നെ ജീവിതത്തിന്‍റെ നിസാരത ബോധ്യപ്പെടുത്തി. ഭൂമിയില്‍ നിക്ഷേപങ്ങള്‍ ഇല്ല എന്ന വിശ്വാസത്താല്‍ മരണം എനിക്ക് ഒരുറക്കംപോലെ നിസ്സാരമായി തോന്നി. യൌവ്വനാരംഭം വരെ എന്നെ ഭയപ്പെടുത്തിയ, ഭീഷണിയില്‍ നിറുത്തിയ മരണഭയം എന്ന ശത്രുവിന് നേരെ ഞാന്‍ ആദ്യമായി നെഞ്ചും വിരിച്ച് എതിരിടാന്‍ തയ്യാറായി നിവര്‍ന്നു നിന്നു.
മനസ്സില്‍നിന്നും പടിയിറക്കിയ ഭയത്തിന്‍റെ ആഫ്റ്റര്‍ എഫെക്റ്റ് ഞാന്‍ ആദ്യമായി പ്രകടിപ്പിച്ചത് തൃശൂര്‍ നഗരത്തിലെ ഒരു ബാറില്‍ വച്ചായിരുന്നു.  
(തുടരും......)



      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

10 comments:

  1. ഏപ്രില്‍ ഒന്നിന് മരണവിഷയവും കൊണ്ട് ഫൂളാകാനിറങ്ങിയിരിക്കയാണോ..
    കൊള്ളാം..
    മനസ്സില്‍ തട്ടുന്ന വിധത്തില്‍ എഴുതിയിരിക്കുന്നു.
    ബാക്കി വേഗം പോരട്ടെ..

    ReplyDelete
  2. ninne onnum kaalanum vende/?

    ReplyDelete
  3. അഹങ്കാരിയും വൃത്തികെട്ടവനും എന്ന് ഒക്കെ ഞാന്‍ നിന്നെ വിലികുംബോളും മനസ്സില്‍ നിന്നോട് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളു .കാരണം ഇ കഥ(നിന്‍റെ ജീവിതം ) ഞാന്‍ വായിച്ചപോള്‍ എന്‍റെ കണ്ണില്‍ ഈറനണിഞ്ഞു ....നീയും ഒരു നാള്‍ എന്നില്‍ നിന്നനകലും എങ്കിലും നാം ചിലവഴിച്ച മധുകരമാം നിമിഷങ്ങള്‍ എനിക്ക് മറക്കാന്‍ ആവില്ലാ ....ഞാന്‍ സ്നേഹിച്ചവര്‍ എല്ലാവരും എന്നില്‍ നിന്ന് ഒരികല്‍ അകന്നു പോകും.. ഇന്നു അല്ലെങ്കില്‍ നാളെ ...എനിക്ക് ആരയൂം മറക്കാന്‍ കഴിയില്ല ..വെറുക്കാനും സാദികില്ല..ആരും എന്നെ സ്നേഹിചിലെങ്കിലും എനിക്ക് എല്ലവരയൂം സ്നേഹിക്കന്‍ മാത്രമേ അറിയൂ ....
    അതാണ് ഞാന്‍ ഇ ചളിച്ചി കി കി കി .....

    ReplyDelete
  4. വായിച്ചു നന്നായി എഴുതി .. ബാകി കൂടി പ്രതീക്ഷിക്കുന്നു ഭാവുകങ്ങള്‍..........

    ReplyDelete
  5. ith ente hriyathe sparshichu...thudarum ennu paranju pattikkaruth... next partinayi wait cheyunnu...

    ReplyDelete
  6. ഭൂമിയിലെ മരണം നമ്മളെ കൊണ്ടെത്തിക്കുന്നത് ഭൂമിയെക്കാള്‍ കളര്‍ഫുള്‍ ആയ മറ്റൊരു ലോകത്തായിക്കൂടെ... അവിടെ എന്നെ സ്വീകരിക്കുവാന്‍ നൈബിയും, എന്‍റെ ചെറുപ്പത്തില്‍ത്തന്നെ മരണത്തില്‍പ്പെട്ട വല്യപ്പനും, അപ്പൂപ്പനും ഒക്കെ കാത്തിരിക്കുന്നുണ്ടെങ്കില്‍.....
    പിന്നെന്തിനു ഞാന്‍ മരണത്തെ ഭയപ്പെടണം..??
    ജീവിതത്തെ നേരിടാന്‍ ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒരു കഥ , അവസാനം (മനസ്സില്‍നിന്നും പടിയിറക്കിയ ഭയത്തിന്‍റെ ആഫ്റ്റര്‍ എഫെക്റ്റ് ഞാന്‍ ആദ്യമായി പ്രകടിപ്പിച്ചത് തൃശൂര്‍ നഗരത്തിലെ ഒരു ബാറില്‍ വച്ചായിരുന്നു. ) അതിനേക്കാള്‍ ഭയാനകതയിലെക്കാണോ കൊണ്ട് പോകുന്നത്..?

    എന്തായാലും വായിച്ച് ആസ്വദിക്കാന്‍ സാധിച്ചു.

    ReplyDelete
  7. ഹാരിസണ്‍21 February 2012 at 14:23

    വളരെ നന്നായി എഴുതി നല്ല ഭാഷ... വായിക്കാന്‍ നല്ല ഒരുക്കുണ്ട് ..ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  8. good writing... waiting for bar sence...

    ReplyDelete