Sunday 3 February 2013

ചില നാട്ടുവിശേഷങ്ങള്‍.. ....


"കുട്ട്യേ...."

വിളിക്കേട്ട് നോക്കിയപ്പോള്‍ ഭാസ്ക്കരേട്ടനാണ്.  ബാല്യകാലത്തും കൌമാരനാളുകളിലും അദ്ദേഹം എന്‍റെ സഖാവായിരുന്നു. ഇപ്പോള്‍ ഏതാണ്ടൊരു അറുപതഞ്ച് വയസ്സ് പ്രായംക്കാണും.
ബ്രൂസ്‌ലി ഒരു വികാരമായിരുന്ന ബാല്യകാലത്ത്, ഭാസ്കരേട്ടന്‍ നാട്ടിന്‍പുറത്തെ പൊതുവേദികളില്‍ ഇരുന്ന് ഇടയ്ക്കിടെ പറയാറുള്ള ബ്രൂസ്‌ലി കഥകള്‍ കേട്ടാണ് ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു ആരാധകനായി മാറിയത്.

ബ്രൂസ്‌ലിയോടൊപ്പം സ്റ്റണ്ട്  സീനുകളില്‍ അഭിനയിക്കാന്‍ വരുന്ന നടീനടിന്മാരുടെ മാതാപ്പിതാക്കളില്‍നിന്നും സമ്മതപത്രം ഒപ്പിട്ട് വാങ്ങാറുണ്ടെന്നും, യുവാക്കളായ മക്കളെ സിനിമാ സെറ്റില്‍ കൊണ്ടാക്കുന്ന മാതാപ്പിതാക്കള്‍ പലപ്പോഴും കരഞ്ഞുക്കൊണ്ടാണ് തിരികെ വീട്ടിലേക്ക് പോകാറ് എന്നും, പത്തും പതിനഞ്ചും ചെറുപ്പക്കാരാണ് ഓരോ ചിത്രത്തിന്‍റെ ഷൂട്ടിംഗ്  കഴിയുമ്പോഴും ബ്രൂസ്‌ലിയുടെ ഇടിക്കൊണ്ട് മരിക്കുന്നത് എന്നും അറിഞ്ഞപ്പോള്‍ നിസാരക്കാരനായ ഒരു നടനെയല്ല ഞാന്‍ ആരാധിക്കുന്നത് എന്നോര്‍ത്തു എനിക്ക് എന്നോട്തന്നെ ഒരു ആരാധനതോന്നി.

ഈന്തപ്പഴം അടുക്കിവച്ചപ്പോലെ, ബ്രൂസ്‌ലിയുടെ ദേഹംമുഴുവന്‍ നിറഞ്ഞുകിടക്കുന്ന  മസ്സിലുകള്‍ കണ്ട് അദ്ധേഹത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബോധംക്കെട്ട് വീണു എന്ന് ഭാസ്കരേട്ടനില്‍ നിന്നും അറിഞ്ഞപ്പോള്‍ ബ്രൂസ്‌ലി മരിച്ചതില്‍ എനിക്ക് ആത്മാര്‍ഥമായി ദുഖം തോന്നി.

ഭാസ്കരേട്ടന്‍ പറയുന്നത് സാമാന്യം ഭേദപ്പെട്ട നുണകള്‍ അല്ലേയെന്ന്‍ എനിക്ക് സംശയം തോന്നാന്‍ ഇടവന്നത് ഗാന്ധിജിയുടെ മരണസാമയത്തെ കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളിലൂടെയാണ്. പലപ്പോഴും അദ്ദേഹം, താന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഗാന്ധിജിയുമായി വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്നും അവകാശപ്പെടാറുണ്ട്.

അതെല്ലാം എനിക്ക് വിശ്വാസമായിരുന്നു. പക്ഷെ, ഗാന്ധിജിയുടെ മരണസമയത്ത് താന്‍ കൂടെയുണ്ടെന്നും, വെടി കിട്ടിയ ഉടന്‍ തന്‍റെ കൈ പിടിച്ചുക്കൊണ്ട് ഗാന്ധിജി , "ചതിച്ചു ഭാസ്കരാ...." എന്ന് പറഞ്ഞെന്നും എന്നെ അറിയിച്ചപ്പോള്‍ ചെറുപ്രായമായിരുന്നിട്ടും അത് വിശ്വസിക്കുവാന്‍ എനിക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നി.

ഇക്കാര്യങ്ങള്‍ അമ്മയോട് പറഞ്ഞപ്പോള്‍, അയാള്‍ വെറുതേ നുണകള്‍ പറയുന്നതാണെന്നും മേലാല്‍ അയാളുടെ വീട്ടില്‍പോയിരിക്കരുത് എന്നുമുള്ള നിര്‍ദേശം കിട്ടി.

പിന്നീട് കുറച്ചുക്കാലത്തെ ഇടവേളക്ക് ശേഷം എന്‍റെ കൌമാരത്തിന്‍റെ അവസാന നാളുകളിലാണ്‌ ഞാന്‍ ഭാസ്കരേട്ടന്‍റെ കഥകളുടെ കേള്‍വിക്കാരന്‍ ആകുന്നത്.  നാട്ടിലും സമീപദേശങ്ങളിലുമായി ഭാസ്കരേട്ടന്‍  നടത്തിവരുന്ന അവിഹിത ബന്ധങ്ങളുടെ നീലകലര്‍ന്ന വിവരണമാണ് ആ സമയങ്ങളില്‍ ഭാസ്കരേട്ടനില്‍നിന്നും ലഭിക്കാറ്‌. നാട്ടിലെ പല മാന്യന്മാരുടെയും തനിനിറം ബോധ്യപ്പെടുത്തിത്തന്നത് ഭാസ്കരേട്ടനാണ്. പിന്നീട് ജീവിത പ്രാരബ്ധങ്ങള്‍ ആയപ്പോള്‍ ഭാസ്ക്കരേട്ടന്‍റെ കഥകള്‍ക്ക് ചെവികൊടുക്കുവാനുള്ള സമയം ഇല്ലാതെയായി.  നാട്ടില്‍നിന്നും അടര്‍ന്ന് മാറിയപ്പോള്‍ ഏറെ വര്‍ഷങ്ങളായി ഭാസ്ക്കരേട്ടനെ കാണാറും ഇല്ലായിരുന്നു.

ഇന്ന്, രാവിലെ ജോഗ്ഗിംഗ്ന് ശേഷം റോഡിന്‍റെ അരിക് പറ്റി നടന്ന് വരുമ്പോള്‍  പറമ്പില്‍നിന്നും ഒരു വിളി,
"കുട്ട്യേ...."

വിളിക്കേട്ട് നോക്കിയപ്പോള്‍ ഭാസ്ക്കരേട്ടനാണ്.
പ്രായം ആയെങ്കിലും ഇപ്പോഴും ആരോഗ്യത്തിന് ഒട്ടും കുറവില്ല. കുറച്ചു സമയംക്കൊണ്ട് കുറേഏറെ കാര്യങ്ങള്‍ ആള്‍ പറഞ്ഞു.

"ഈ മൊബീല്‍ ഫോണില്‍ ഇടണ ഒരു ഇച്ചിരിപ്പോന്ന തുണ്ടില്ലേ.... അതൊരെണ്ണം കിട്ടാന്‍വല്ല വഴീം ഇണ്ടോ? "

വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന കരുതലോടെയാണ് ഭാസ്കരേട്ടന്‍ അത് ചോദിച്ചത്.  ഒരു പുതിയ സിം എടുക്കുന്നതിനെ കുറിച്ചാകാം പുള്ളി പറയുന്നതെന്ന് കരുതി ഞാന്‍ പറഞ്ഞു,

" ഭാസ്കരേട്ടന്‍ ഒരു ഫോടോയും എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളുമായി നമ്മടെ വേണൂസില്‍ ചെന്നാല്‍ മതി. അവിടന്ന് കിട്ടും."

" അതിന്‍റെയൊക്കെ ആവശ്യണ്ടോ അതൊരെണ്ണം കിട്ടാന്‍....  ? ഇവിടെ എല്ലാ പിള്ളേര്‍ടേം കയ്യില് അതിണ്ടേ. ഞാന്‍ ഉദ്ദേശിച്ച സാധനം തന്ന്യല്ലേ കുട്ടീം പറയണത്, കറുത്ത നിറത്തില് ഇച്ചിരിപോന്ന ഒരു സാധനം... ഈ സിനിമ്യോക്കെ നെറച്ചിടണത്..."

മെമ്മറി കാര്‍ഡിനെ കുറിച്ചാണ് പുള്ളി പറയുന്നതെന്ന് എനിക്ക് മനസ്സിലായി.

"ഭാസ്കരേട്ടന് എന്തിനാ അത്?"

പണ്ട്, നീലകഥകള്‍ പറയുമ്പോള്‍മാത്രം ഭാസ്കരേട്ടന്‍റെ മുഖത്ത് പ്രകടമാകുന്ന കുസൃതി കലര്‍ന്ന ചിരി പുറത്തെടുത്ത് ആള്‍ പറഞ്ഞു,

"ചെക്കന്‍ ഗള്‍ഫീന്ന് ഒരു മൊബീല് കൊണ്ടോന്നിട്ട്ണ്ടേ... ഈ സാധനം അതിലിട്ടാ സിനിമ കാണാന്‍ പറ്റൂന്ന് ചെലര് പറഞ്ഞു. കൊറച്ച് ഇംഗ്ലീഷ് സിനിമോള് കിട്ട്യാല്‍ കൊള്ളാം. കാശ് എത്രാച്ചാലും വേണ്ടില്ല. പക്ഷെ നെറക്കുംമ്പോ പരമാവുധി നെറക്കണം. കാരണം ഇടക്കടെക്ക് മാറ്റി നെറക്കാന്‍ പോവാന്‍ ഇന്നേക്കൊണ്ട് പറ്റില്ല."

ഇന്നേവരെ ഫോണിന്‍റെ മെമ്മറി കാര്‍ഡില്‍ ഞാന്‍ ഇത്തരം സിനിമകള്‍ സൂക്ഷിച്ചിട്ടില്ല. കുറേകാലം എന്‍റെ ലാപ്ടോപില്‍ ഇത്തരം സിനിമകളുടെ ഒരു നല്ല കളക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ, കുറേ നാള്‍ മുന്‍പേ അത് മൊത്തം ഞാന്‍ നിര്‍ദയം ഡിലിറ്റ് ചെയ്തു കളഞ്ഞു.

പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി. ഇന്നലെ ഇടവക പള്ളീലെ ഒരു പ്രമാണി എന്നെ റോഡില്‍വച്ച് കണ്ടപ്പോള്‍ പിടിച്ചുനിര്‍ത്തി കുറച്ചുസമയം ഉപദേശിച്ചിരുന്നു.  എന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരത്തിനായി ദിവസവും രണ്ട് മണിക്കൂര്‍വീതം ശാലോം ടിവി കാണണം എന്നും അങ്ങേര് നിര്‍ദേശിച്ചിരുന്നു. അപ്പന്‍റെ പ്രായമുള്ള മനുഷ്യനായതിനാല്‍ തിരിച്ച് ഞാനൊന്നും പറഞ്ഞിരുന്നില്ല. അയാളുടെ മൂത്തമകന്‍ ദുബായിയില്‍ നല്ലൊരു ജോലിയിലാണ്. മകള്‍ ലണ്ടനില്‍ നെഴ്സാണ്. ഇയാള്‍ക്ക് മിലിട്ടറിയില്‍ നിന്നുമുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ മറ്റുള്ളവരെ ഉപദേശിക്കാനും, ഏതു പ്രശ്നത്തിന്‍റെയും പരിഹാരത്തിനായി ദിവസവും രണ്ട് മണിക്കൂര്‍വീതം ശാലോം ടിവി കണ്ടാല്‍മതി എന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കാനും അയാള്‍ക്ക്‌ വേണ്ടുവോളം സമയവും മനസും ഉണ്ടാകും. എന്തായാലും അയാള്‍ക്കൊരു ചെറിയ പണി ഇരിക്കട്ടേയെന്ന്‍ കരുതി ഞാന്‍ ഭാസ്ക്കരേട്ടനോട് പറഞ്ഞു,

" ഭാസ്കരേട്ടന്‍ ഒരു നൂറു രൂപയുംക്കൊണ്ട് നമ്മുടെ മിലിട്ടറി ജോണിയുടെ വീട്ടില്‍ ചെന്നാല്‍ മതി. ആവശ്യംപ്പോലെ വിവിധ തരത്തിലുള്ള സിനിമകളും നിറച്ച് തിരിച്ചു പോരാം."

"അയാള്‍ക്ക് ഇമ്മാതിരി ഏര്‍പ്പാടുകള്‍ ഉണ്ടോ...?

ഞാന്‍ പറഞ്ഞത് ഭാസ്കരേട്ടന് വിശ്വാസമായില്ല.

"പിന്നല്ലാതെ...., അയാള് വീട്ടില് കമ്പ്യൂട്ടറും വച്ച് ഇത് തന്ന്യാണ് പരിപാടി. ഇന്നാട്ടിലെ എല്ലാ പിള്ളേരും അയാള്‍ടെ കയ്യീന്നാ ഇതൊക്കെ നിറക്കണത്. പിന്നെ, പുത്യേ ഒരാള് ചെന്ന് ചോദിച്ചാ പറ്റില്ലാനും, ഇവിടെ അമ്മാതിരി പണികളൊന്നും ഇല്ലെന്നും ഒക്കെ പറയും. പക്ഷെ കാര്യാക്കണ്ട. അവിടെന്ന് എഴുന്നേറ്റ് പോരാണ്ട് കുറച്ചുനേരം ഇരുന്നാ സംഭവം നടക്കും. ഭാസ്കരേട്ടനോട് ഇതെല്ലാം ആരാ പറഞ്ഞതെന്ന് ചോദിച്ചാല്‍ ധൈര്യമായി എന്‍റെ പേര് പറഞ്ഞോ. ഇനിയും ഇത്തരം ചില ആവശ്യക്കാരെ ഞാന്‍ അയാളുടെ വീട്ടിലേക്ക് വിടാനായി ഉദ്ദേശിക്കുന്നുണ്ട് എന്നതുംക്കൂടെ ഒന്ന് പറഞ്ഞേക്ക്... അത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഭാസ്ക്കരേട്ടന് കാശില് എന്തെങ്കിലും കുറവ് കിട്ട്യേക്കും"

" കാശിലൊന്നും കൊറവ് വേണന്നില്ല്യാ.... ഇക്ക് കാര്യം നടന്നാ മതി."

ഭാസ്ക്കരേട്ടന്‍ സംഗതി വിശ്വസിച്ചെന്ന്‍ എനിക്ക് ബോധ്യമായി. ഞാന്‍ വീട്ടിലേക്കുള്ള നടത്തം ആരംഭിച്ചപ്പോള്‍ ഭാസ്ക്കരേട്ടന്‍ എന്നോട് ചോദിച്ചു,

" കച്ചോടൊക്കെ എങ്ങനെ പോണു? അല്ല, കച്ചോടം തന്ന്യല്ലേ ഇപ്പോഴും?"

മറുപടിയായി ഒന്ന് ചിരിച്ച് ഞാന്‍ നടത്തം തുടര്‍ന്നു.

ഭാസ്ക്കരേട്ടന്‍ ഇത്തരം ആവശ്യങ്ങള്‍ ഇനി എന്‍റെ മുന്നില്‍ അവതരിപ്പിക്കാന്‍ ഇടയില്ല, മിലിട്ടറി ജോണി ഉപദേശിക്കാനും.



2 comments:

  1. പാക്കരേട്ടനെപ്പോലുള്ള നിഷ്കളങ്കരെ പറ്റിയ്ക്കരുത്ട്ടാ

    ReplyDelete
  2. പണി കൊടുക്കുമ്പം ഇങ്ങനെ വേണം കൊടുക്കാന്‍...

    കൊള്ളാം

    ReplyDelete