Tuesday 1 February 2011

ആത്മാക്കളെ മെനയുന്നവര്‍ (2nd part)


 “തിരാണിക്കാവ് അമ്പലത്തിലെ വെളിച്ചപ്പാട് എങ്ങന്യാ ചത്തതെന്ന് അറിയോ നെനക്ക്..?
ആ പുതിയ ചോദ്യം വീണ്ടുമെന്നെ അമ്മൂമ്മയുടെ അടുക്കലേക്കെത്തിച്ചു. വെളിച്ചപ്പാടിന്‍റെ മരണകാരണം അറിയുമെന്നോ, ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല. അമ്മൂമ്മ തുടര്‍ന്നു,

“ആമ്പല്ലൂര്‍ അടുത്ത്, റോഡരീലെന്നെ ഒരമ്പലണ്ട്. എന്തൂട്ടാണ് അതിന്‍റെ പേര്..... ചാലക്കുടീല് നിന്‍റെ അപ്പാപ്പന്‍റെ വീട്ടില്‍ക്ക് പോവുമ്പോ ഞാന്‍ നേരിട്ട് കണ്ടട്ട്ള്ളതാ ആ അമ്പലം. അതിന്‍റെ പേരുമാത്രം ഒരിക്കലും ഓര്‍മ്മേല് നിക്കില്ല്യ.....”
അമ്മൂമ്മ വീണ്ടും ആ അമ്പലത്തിന്‍റെ പേര് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടു, പിന്നെ തുടര്‍ന്നു,
“പേരെന്തൂട്ടെങ്കിലും ആവട്ടെ, റോട്ടീന്നു കൊറച്ച് താഴ്ത്തക്ക് എറങ്ങീട്ടണ് ആ അമ്പലം....... യെന്തൂട്ടാണ് അതിന്‍റെ പേര്പൊന്നേ........” വീണ്ടും പരാജയപ്പെടുവാന്‍ ഒരു ശ്രമം. ഇക്കുറി, പേര് ഓര്‍ത്തെടുക്കുവാനുള്ള ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ച് അമ്മൂമ്മ കഥയിലേക്ക്‌ കടന്നു.

“അമ്പലത്തിന്‍റെ അടുത്ത് ഒരാല്ണ്ട്......, ലോകായലോകം മുഴുക്കെള്ള വവ്വാലോള് അതുമ്മേവന്നു തൂങ്ങി കിടക്കും. അമ്പലത്തിന്‍റെ പൊറകില് ഒരു പാലീണ്ട്...നല്ല നെടുനീളത്തില്, വട്ടനെ പന്തലിച്ചൊരു പാല. ഏഴിലം പാല്യണത്. അതുമ്യാണ് യക്ഷീടെ വാസം!!! അസമയത്ത് അവടെ എത്തിപ്പെടുന്ന കൊറേപേരെ അവളൊരു വഴിക്കാക്കീട്ടുണ്ട്. ഈ വിവരങ്ങളൊക്കെ അറിഞ്ഞപ്പോ തിരാണിക്കാവിലെ വെളിച്ചപ്പാട്, ‘അവളെ ആ പാലേമ്മേ തളച്ചട്ടാ ഇനി മടങ്ങളോ’ന്നും പറഞ്ഞ് ആമ്പല്ലൂര്‍ക്ക് പൊറപ്പെട്ടു.
അയാള്‍ക്കതിന്‍റെ വല്ല കാര്യോം ഇണ്ടാര്‍ന്ന.....അതാ കാലന്‍റെ കളി. അവനു കൊണ്ടോണ്ട സമയാവുമ്പോ അവനിങ്ങനെ ഓരോ ബുദ്ധി ആള്‍ക്കാര്‍ക്ക് ഓതികൊടുക്കും..”

“വെളിച്ചപ്പാടിനെ യക്ഷി കൊന്നോ?” ഞാന്‍ അക്ഷമനായി.
“കൊന്നോന്നാ........ അവടിള്ള നാട്ടുക്കാര് ആവുന്നതും വെളിച്ചപാടിനെ തടയാന്‍ നോക്കി. പക്ഷെ വെളിച്ചപ്പാട്‌ണ്ടാ നിക്കണു .... നാട്ടാരെ വകവക്കാണ്ട് ആ യക്ഷിപാലേടെ ചോട്ടിലെന്നെ അയാള് രാത്രി കെടന്നോറങ്ങി. രാവിലെ പല്ലും നഖവും മാത്രാവും ഭാക്കി കിട്ടാന്നാ നാട്ടുക്കാര് കരുത്യെ....”
“വെളിച്ചപ്പാട് മരിച്ചില്ലേ..?” മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു നാട്ടുക്കാരുടെ കൂട്ട് ഞാനും കരുതീത്.

“ഇല്ല്യ, അപ്പൊ മരിച്ചില്ല. കാലത്തെണീറ്റ് ഒരു കൊഴപ്പോം ഇല്ല്യാണ്ട് ആള് തിരാണിക്കാവില്‍ക്ക് പോന്നു. പക്ഷേ, അവള് മേത്ത്കൂടീട്ട്ണ്ടായിരുന്നു. അവടന്നങ്ങട് ഒരു എട്ടാഴ്ച്ച അടുപ്പിച്ച് വെള്ളീം, ചോവ്വേം വന്നാ വെളിച്ചപ്പാടിനൊരു ദെണെണളക്കാ... മുറി അടച്ചിട്ട് ഒറ്റിരുപ്പാ..സ്വന്തം കെട്ട്യോള് ആ പരിസരത്ത് വരണതേ കണ്ടൂട. ഒക്കെ മേത്ത് കൂട്യെക്കണോള്‍ടെ കളീണ്.........
ഓരോ ആഴ്ച്ച കഴിയുംതോറും വെളിച്ചപ്പാട് ശോഷിച്ച്, ഇല്ല്യാണ്ടായി ഇല്ല്യാണ്ടായി വരാര്‍ന്നു. നല്ല ചൊകചോകാന്നു ഇരുന്നെര്‍ന്നാള് കറുത്ത് കരുവാളിച്ചു, കണ്ണൊക്കെ കുണ്ടില്‍ക്കായി ഒരു പ്രേതത്തിന്‍റെ കൂട്ടായി. കൃത്യം ഒന്‍പതാമ്മത്തെ വെള്ളിയാഴ്ച, ഒല്ലൂര് ചങ്ങലഗേറ്റ്ന്‍റെ അവിടെ, വെളിച്ചപ്പാടിന്‍റെ തലീല്ല്യാത്ത ശവം!!! സാമീടെ ഒട്ടലില്‍ക്ക് പുലര്‍ച്ചെ പണിക്ക് പോണോരണ് കണ്ടത്. റെയിലിന് തല വച്ചതാത്രേ...!!!!”
          
അമ്മൂമ്മ ദീര്‍ഘമായൊന്നുശ്വസിച്ചു. പിന്നെ, അങ്ങിങ്ങായി അടര്‍ന്നു നില്‍ക്കുന്ന ചുമരിന്മേല്‍ പറ്റിചേര്‍ന്നിരിക്കുന്ന, വല്യപ്പന്‍റെയും വല്ല്യമ്മയുടെയും വിവാഹ ഫോട്ടോയിലേക്ക് തല തിരിച്ച് നോക്കി. എന്‍റെ ശ്രദ്ധയും ആ ഫോട്ടോയിലേക്ക് ക്ഷണിച്ച്, ഫോട്ടോയില്‍നിന്നും കണ്ണെടുക്കാതെ അമ്മൂമ്മ എന്നോട് ചോദിച്ചു,
“നീയാ പോട്ടോലിരിക്കണ നിന്‍റെ വല്ല്യപ്പനൊന്നു നോക്ക്യേ... ആ പോട്ടോം, അവന്‍റെ ഇപ്പള്‍ത്തെ കൊലോം തമ്മില് വല്ല ചേര്‍ച്ചീം തോന്ന്ണ്ടാ”?

ഫോട്ടോയില്‍കാണുന്ന വല്യപ്പനെ ഞാന്‍ കണ്ണെടുക്കാതെ, വിസ്മയത്തോടെ നോക്കി. ഒതുക്കി വെട്ടിയ കറുത്ത തലമുടി മുകളിലേക്ക് ചീകി വച്ചിരിക്കുന്നു. വീതുളി പോലെ താഴേക്കിറങ്ങി, പറന്നു കിടക്കുന്ന കൃതാവ്. പ്രകാശം വിതറുന്ന കണ്ണുകള്‍. ചുണ്ടിന്‍റെ അരിക്ചേര്‍ന്നുപോകുന്ന കരമീശയ്ക്കു ഒരു ചന്തം തോന്നി. വെളുത്തു തുടുത്ത കവിളുകള്‍, സുന്ദരന്‍തന്നെ.
വല്യപ്പന്‍റെ നിലവിലുള്ള രൂപത്തെ ഞാന്‍ എന്‍റെ മനസിലൂടെ ആ ഫോട്ടോയോടു ചേര്‍ത്ത്നിര്‍ത്തി താരതമ്മ്യപ്പെടുത്തി; കഷണ്ടി ബാക്കിവച്ച തലമുടിയുടെ ഭൂരിഭാഗവും നര കയറിയിരിക്കുന്നു. മുഖത്തിനോട് ചേര്‍ന്ന് നില്‍ക്കാതെ ആഴങ്ങളിലേക്ക് ഇടറിവീണുകിടക്കുന്ന, ജീവനില്ലാത്ത കണ്ണുകള്‍. കരുവാളിപ്പ് പടര്‍ന്ന്, ചുളിവുകള്‍ വീണ മുഖം.

“നല്ല യോഗ്യനായിരുന്നവന്‍........” അമ്മൂമ്മ ഓര്‍മകളിലേക്ക് ഉറ്റുനോക്കി പറയുവാന്‍ തുടങ്ങി,
“കുടുംബത്തിലെ ഒരാള്‍ക്കും അവന്‍റെയാ ചന്തം കിട്ടിയിട്ടില്ല. നിങ്ങള്‍ക്കൊക്കെ കൊറേ വെളുപ്പുണ്ടന്നേളളൂ... അവന്‍ അങ്ങനല്ല്യ, എന്താ ഒരു മൊഖശ്രീ....സൂര്യനുദിച്ചോണം ആയിരുന്നു.
അവന്‍ ഞായറാഴ്ച്ച കുറുബാനക്ക് പോകുമ്പം, കുണ്ടായിരോടത്തെ റോസീം, പിന്നേ.... അവരടെ തെക്കേല് താമസിക്കണ ഒരു റപ്പായി ഇണ്ടാര്‍ന്നു, അയാള്‍ക്ക്‌ എഴുത്താപ്പീസിലണ് പണി... അവനൊരു മോളുണ്ട്, ഒരാട്ടക്കാരി.......മാത്തിരി......, അതന്നെ..... മാത്തിരീന്നാണ് അവള്‍ടെ പേര്. ഇവര് രണ്ടാളും അവന്‍ വരണത് നോക്കി നിക്കും..., അവന്‍റെ ഒപ്പം പള്ളിവരെ നടക്കാനായിട്ട്.. എന്നിട്ട് രണ്ടാളുംകൂടി ഇവന്‍റെ എടോം വലോം നടന്ന് ഓരോരോ കിന്നാരങ്ങളാ.... ‘വര്‍ഗീസേട്ടനെന്താ മിണ്ടാത്തെ.....,  വര്‍ഗീസേട്ടനെന്താ ചിരിക്കാത്തെ.........’
      
 ഒരുകാലത്ത് അന്നാട്ടിലെ പെണ്‍കിടാങ്ങളുടെ ആരാധനാപാത്രമായിരുന്ന, സര്‍വ്വയോഗ്യനായ ഒരു ചെറുപ്പക്കാരന്‍റെ അമ്മ എന്ന അഭിമാനം ഓര്‍ത്ത്ക്കൊണ്ടായിരുന്നോ എന്നറിയില്ല, നിലാവ് പെയ്യുന്ന മുഖത്തോടെ ആയിരുന്നു അമൂമ്മ ഇതെല്ലാം പറഞ്ഞുക്കൊണ്ടിരുന്നത്.

“അതുമാത്രാ.....,” അമ്മൂമ്മ ആവേശത്തോടെ വിവരണം തുടര്‍ന്നു,
“കൊല്ലന്മാര്ടെ എടോഴീല്‍ക്കന്‍ങ്ങട് അവനെറങ്ങ്യാ...... കൊല്ലത്തിപ്പെണണുങ്ങള് മുഴുവനും വേലിക്ക്‌വന്ന് നെരന്നുനിക്കും. പിന്നോരോ ലോഹ്യം പറച്ചിലോളാ....,ന്‍റെ വര്‍ഗീസ്‌നോട്.
ഒരു മൂളിച്ച..., അല്ലങ്ങേ, ഉവ്വാന്നോ ഇല്ല്യാന്നോആയി ഒരുവാക്ക്......., ഇതുവിട്ട് ഒരു നെല്ലിട കൂടുതല് അവന്‍റെ നാവുംമേല്‍ന്നു പൊറത്തക്ക് കിട്ടില്ല ഈ പെണ്ണുങ്ങള്‍ക്ക്. അവനറിയാം വയലേതാ വരമ്പേതാന്ന്.”
          
ഏതാനും നിമിഷത്തെ നിശബ്ദത അമ്മൂമ്മയുടെ മുഖത്തെ പ്രസന്നത തുടച്ചുമാറ്റി. ചുമരില്‍ ഇരിക്കുന്ന വല്യപ്പന്‍റെ ഫോട്ടോയില്‍ ഒരിക്കല്‍ക്കൂടി വാല്സല്ല്യപ്പൂര്‍വ്വം നോക്കുമ്പോള്‍ അമ്മൂമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അലക്കി, നീലംമുക്കി വെളുപ്പിച്ച മല്‍മ്മുണ്ടിന്‍റെ തുമ്പുയര്‍ത്തി കണ്ണുകള്‍ തുടച്ച്, മടിയിലിരിക്കുന്ന മുറത്തിലേക്ക് തലതാഴ്ത്തിയിട്ട് അമ്മൂമ്മ കപ്പ തൊണ്ട്കളയുവാന്‍ തുടങ്ങി.
          
എന്‍റെ ശ്രദ്ധ ചുമരിലെ ഫോട്ടോയിലേക്കായി. വല്യപ്പന്‍റെ മുഖം ഏതോ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമയില്‍ കണ്ട നായകനെ ഓര്‍മിപ്പിച്ചു.
“എന്തോരു നല്ല ചെക്കനായിരുന്നു എന്‍റെ വര്‍ഗീസ്‌. ഈ മന്തുകാലീനെ കേട്ടീതില്‍പിന്നെ എന്‍റെ ചെക്കന്‍ ഇങ്ങനെ വവ്വാല് ചപ്പ്യോണം ആയി. അതിനെങ്ങന്യാ...., ഒന്ന് സമാധാനായിട്ടിരുന്നു രണ്ട് വറ്റ് തിന്നാനോ, ഒന്ന് കെടന്ന് ഒറങ്ങാനോ ഈ താടക സമ്മതിക്കോ.........”

അമ്മൂമ്മയുടെ പരിഭവം തീരുന്നില്ല. അമ്മൂമ്മ പറയുന്നതില്‍ കാര്യമുണ്ട് എന്ന് എനിക്കുതോന്നി. വല്ല്യമ്മ അല്പ്പാല്‍പ്പമായി വല്യപ്പന്‍റെ ചോര കുടിച്ച്ക്കൊണ്ടിരിക്കുന്നതിനാലാണ് ഇത്രേം സുന്ദരനായിരുന്ന വല്യപ്പന്‍ ഇങ്ങനെ കൊലംക്കെട്ടു പോയതെന്ന് ഞാന്‍ ഉറപ്പിച്ചു. വല്ല്യമ്മ ഭയങ്കരിതന്നെ...!!!!
തലയിലെ, നടുവാച്ചിലിട്ടു ഒതുക്കി ചീകിവച്ചിരിക്കുന്ന മുടികള്‍ക്കിടയിലൂടെ ഏതുനിമിഷവും വല്യമ്മയ്ക്ക് കൊമ്പ് മുളച്ചേക്കാമെന്നും, രാത്രിയുടെ ഏതോ രഹസ്യവേളയില്‍ വല്യപ്പന്‍റെ ചുടുച്ചോരക്കായുള്ള ദാഹത്തോടെ വല്യമ്മയ്ക്ക് ദംഷ്ട്രകള്‍ ഉണ്ടാകാറുണ്ടെന്നും, ആ കാലുകള്‍ ഒരിക്കലും നിലം തൊടാറില്ലെന്നും ഞാന്‍ വിശ്വസിച്ചു.

പാവം വല്യപ്പന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് വിഷമം തോന്നി. ഓരോ ദിവസവും തന്‍റെ രക്തം അല്പ്പാല്‍പ്പം നഷ്ട്ടപ്പെടുന്നതറിയാതെ വല്യപ്പന്‍, വല്ല്യമ്മക്കടുത്ത് വിശ്വാസപൂര്‍വ്വം കിടന്നുറങ്ങുന്നു!!!! അധികം വൈകാതെതന്നെ വല്യപ്പന്‍ ഏതെങ്കിലും തീവണ്ടിക്ക് തല വച്ചേക്കാമെന്നും ഞാന്‍ സംശയിച്ചു. അമ്മൂമ്മപോലും ഈ വിവരങ്ങളൊന്നും വല്യപ്പനെ പറഞ്ഞു മനസിലാക്കുന്നില്ല എന്നതില്‍ ഞാന്‍ അതിശയിച്ചു. തരംകിട്ടുമ്പോള്‍ വല്യപ്പനെ ഈ വിവരങ്ങള്‍ അറിയിക്കണമെന്നും, എങ്ങിനെയെങ്കിലും രക്ഷപ്പെടുവാനായി പ്രേരിപ്പിക്കണമെന്നും ഞാന്‍ തീരുമാനിച്ചു.
                                                
അമ്മ വീട്ടിലില്ലാത്ത അവധി ദിവസങ്ങളില്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് ഒരു ഉറക്കം എനിക്ക് പതിവാണ്. അമ്മ വീട്ടിലുണ്ടെങ്കില്‍ ഒരിക്കലും അതിനു അനുവദിക്കാറില്ല. പഠിക്കുന്ന കുട്ടികള്‍ പകലുറങ്ങിയാല്‍ ക്ലാസ്സില്‍ ചെല്ലുമ്പോഴും ആ പതിവ് തുടരും എന്നാണു അമ്മയുടെ പക്ഷം.

അമ്മയുടെ അഭാവത്തില്‍ അന്ന് ഞാന്‍ നടത്തിയ ഉച്ചയുറക്കത്തിനിടയില്‍ കുറേയേറെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു; ഭയപ്പെടുത്തുന്നവ. അറ്റമില്ലാത്ത, വിജനമായ ഒരു പറമ്പില്‍ നിറയെ അഗാധമായ കിണറുകള്‍..... കിണറുകളുടെയെല്ലാം അടിത്തട്ടില്‍, മുകളില്‍ പാടക്കെട്ടിയ അല്‍പ്പം മലിനജലവും, കരിമ്പാറ കൂട്ടങ്ങളും..!! ഈ കിണറുകള്‍ക്കിടയിലൂടെ ഞാന്‍ ഭയപ്പെട്ട് എങ്ങോട്ടോ ഓടുന്നു. ചെന്നുമുട്ടുന്നിടതെല്ലാം ചുവന്ന പട്ടുടുത്തു, മുടി നീട്ടിവളര്‍ത്തി, കയ്യില്‍ ചിലമ്പുമായി ഒരു മദ്ധ്യവയസ്കന്‍ നിന്ന് തുള്ളുന്നു....., അലറുന്നു..!!

ഞാന്‍ എന്‍റെ ഓട്ടം തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. കാണെക്കാണെ കിണറുകള്‍ക്കിടയിലെ അകലം കുറഞ്ഞു വരുന്നു. അവസാനം രണ്ട് കിണറുകള്‍ക്കിടയിലെ അകലം ഒരു കാല്‍പാദത്തിന്‍റെ വീതിയിലേക്ക് ചുരുങ്ങി. രണ്ട് ചോയ്സ് ആണ് എനിക്കുള്ളത്. അതൊരിക്കലും എന്‍റെ രക്ഷപ്പെടലുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, എന്‍റെ ഇടതുഭാഗത്തെ കിണറ്റില്‍ വീഴണമോ അതോ, വലതുഭാഗത്തെ കിണറ്റില്‍ വീഴണമോ എന്നത് മാത്രമാണ്. ചിലമ്പിന്‍റെ അലര്‍ച്ച കാതോളം ചേര്‍ന്നുവരുന്നു. ചുവന്നപ്പട്ടുടുത്ത രൂപം എന്‍റെ തൊട്ടുപുറകെയുണ്ട് എന്നെനിക്കറിയാം. പക്ഷെ, തിരിഞ്ഞു നോക്കുവാന്‍ എനിക്ക് ധൈര്യം ലഭിക്കുന്നില്ല. ആരെങ്കിലും എന്‍റെ രക്ഷക്കെത്തും എന്നാ പ്രതീക്ഷയോടെ ഞാന്‍ ഉറക്കെ കരയുകയാണ്... ഉറക്കെ......വീണ്ടും വീണ്ടും ഉറക്കെ.......

“വിഷ്ണോ.....”

ഞാന്‍ ഉറക്കത്തില്നിന്നും ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്ത് കുതിര്‍ന്നിരിക്കുന്നു... ഞാന്‍ എവിടെയാണ് കിടക്കുന്നത് എന്നതിനെ കുറിച്ച് ഒരു വ്യക്തതയും ഇല്ല. ചുറ്റിനും പകച്ച് നോക്കി കിടക്കുമ്പോള്‍ വീണ്ടും ആരോ വിളിക്കുന്നു,
“വിഷ്ണോ.....ഡാ....”
വിഷ്ണു എന്ന് എന്നെവിളിക്കുന്നത്‌ വല്ല്യമ്മയാണ്, വല്യമ്മ മാത്രമാണ്. അവരെന്തിനാണ് എന്നെ ആ പേര്, പ്രത്യേകിച്ചും ഒരു ഹിന്ദു പേര് വിളിക്കുന്നത്‌ എന്നെനിക്ക് അക്കാലത്ത് തോന്നാറുണ്ട്. ആ പേര് എനിക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു.
ഞാന്‍ മുറിയില്‍ കിടന്ന് പുറത്തേക്ക് നോക്കി. പുറത്ത് ഉമ്മറപ്പടിയില്‍ വല്ല്യമ്മ നില്‍ക്കുന്നു.
(തുടരും............)

 ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

                 

3 comments:

  1. ഇത് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നതല്ലേ ബിജു .?

    ReplyDelete
  2. അപ്പൊ ഇതിന്‍റെ ബാക്കിയെവിടെ?

    ബ്ലഡ്കാന്‍സര്‍ വേറെ കഥയല്ലേ..
    ഈ ശൈലി ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ithum ennikk orupad ishtappettu...

    ReplyDelete