Tuesday 1 February 2011

ആത്മാക്കളെ മെനയുന്നവര്‍ ( 1st part)


വല്യമ്മയ്ക്ക് കാലിനു മന്താണ്. വല്യപ്പനും വല്യമ്മയും തമ്മിലുള്ള വിവാഹം നടക്കുന്നതിനും അല്‍പ്പം നാള്‍ മുന്‍പാണ് ഈ അസുഖവിവരം തിരിച്ചറിയുന്നത്‌. കാല്‍പാദം മുതല്‍ കാല്‍മുട്ടുവരെ വന്നുവീര്‍ത്ത നീര് മന്ത് തന്നെയെന്ന് ആശുപത്രി അധികൃധര്‍ സ്ഥിതീകരിച്ച അന്നുമുതല്‍ വല്യമ്മയ്ക്ക് തകൃതിയായ വിവാഹ ആലോചനകള്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ വല്യമ്മയുടെ കുടുംബ നിലവാരത്തിനോട് അല്പം താഴെ നില്‍ക്കുന്ന നമ്മുടെ തറവാട്ടില്‍ നിന്നും വല്യപ്പനെ അവര്‍ എറിഞ്ഞു പിടിച്ചു.
        
മനസുചോദ്യം നാള്‍, റോസ്യെകെട്ടാന്‍ സമ്മതമാണോ എന്ന പള്ളീലച്ചന്‍റെ ചോദ്യത്തിന്, പണ്ടേ സമ്മതമായിരുന്നു എന്ന് മറുപടിയും നല്‍കി ഇരു വീട്ടുക്കാരും പള്ളിക്ക് പുറത്തിറങ്ങിയപ്പോഴാണ് വല്യപ്പന്‍ വല്യമ്മയുടെ കാലിലെ നീര് ശ്രദ്ധിക്കുന്നത്. ഔചിത്യതിലെല്ലാം വലിയ വിശ്വാസമുള്ള വല്യപ്പന്‍ നേരിട്ടുള്ള അന്വേഷണം ഒഴിവാക്കി, വിവരം തിരക്കാന്‍ മൂത്ത സഹോദരിയെ ഏല്‍പ്പിച്ചു.
        
ദൈവഭയവും, കുടുംബ സ്നേഹവും, ദുശീലങ്ങള്‍ ഇല്ലാത്തവനും, സുന്ദരനും, ആരോഗ്യവാനുമായ ഭര്‍ത്താവിനെ ലഭിക്കുന്നതിനായി വല്യമ്മ സ്വയം സമര്‍പ്പിച്ച് ഒരു ധ്യാനകേന്ദ്രത്തില്‍ ഒരുമാസകാലത്തോളം പ്രേഷിത പ്രവര്‍ത്തനം ചെയ്തെന്നും, പുലര്ക്കാലം മുതല്‍ പാതിരാവു വരെ കഷ്ട്ടപ്പെട്ട് കര്‍ത്താവിനു വേണ്ടി വേല ചെയ്തതിനാലാണ് കാലില്‍ നീര് വന്നതെന്നുമുള്ള പെണ്ണ് വീട്ടുക്കാരുടെ മറുപടിയില്‍ നമ്മുടെ കുടുംബക്കാര്‍ ഹാപ്പിയോടു ഹാപ്പി. കഷ്ട്ടപ്പെട്ടാലും, കാലിനു നീര് വന്നാലുമെന്താ, ആഗ്രഹിച്ചപോലെയൊരു ഭര്‍ത്താവിനെതന്നെ കിട്ടിയില്ലേയെന്ന പെണ്ണുവീട്ടുക്കാരില്പ്പെട്ട ഒരു കാര്‍ന്നോരുടെ സാക്ഷ്യപ്പത്രം വല്യപ്പന് ഇശ്യങ്ങട് ബോധിക്കുകയും ചെയ്തു.
        
വിവാഹത്തിനു ശേഷം, കാലിലെ നീര് കര്‍ത്താവിനു വേല ചെയ്തട്ടല്ല, മന്താണ് എന്ന് നമ്മുടെ കുടുംബക്കാര്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ കാലിലെ നീര് കൂടുന്നതിനൊപ്പം വയറും വീര്‍ത്ത് വന്നിരുന്നതിനാല്‍ വല്യപ്പനും കുടുംബവും, ഇനി പറഞ്ഞിട്ടെന്താകാര്യം എന്നയൊരു നിലപാടിലേക്ക് നീങ്ങി. എന്തായാലും, ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പേതന്നെ വല്യമ്മ ആദ്യത്തെ പ്രസവിച്ചു. പിന്നീട് പലപ്പോഴായി മൂന്നുംകൂടെ.
        
ക്രമേണ മന്തിന്‍റെ പ്രശ്നം വീട്ടിലും നാട്ടിലും ഒരു പ്രശ്നമേ അല്ലാതായ് തീര്‍ന്നെങ്കിലും അമ്മൂമ്മയുടെ മനസ്സില്‍ മാത്രം ആ ചിതയോടുങ്ങാതെ നിന്നു. അമ്മൂമ്മയുടെ ഉണ്ടാക്കികഥകളും പഴബുരാണങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ഇരുന്നു കേള്‍ക്കുന്ന വീട്ടിലെ ഏക വ്യക്തിയെന്നനിലയില്‍ ഇടയ്ക്കിടെ ആ രോക്ഷം, അമ്മൂമ്മ രഹസ്യമായി എന്നോട് അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.അവയെല്ലാം നിശബ്ദം ഞാന്‍ കേള്‍ക്കാറുണ്ടെങ്കിലും “മന്തിക്കാലി..... എന്‍റെ ചെക്കന്‍റെ രക്തം ഊറ്റി കുടിക്കാന്‍ വന്ന യക്ഷീണ് അവള്..” എന്ന, ഇടയ്ക്കിടെ അമ്മൂമ്മ നടത്തുവാറുള്ള പ്രസ്താവനയോടുമാത്രം എനിക്കത്ര യോജിപ്പ് തോന്നിയില്ല. യക്ഷിയും ഗന്ധര്‍വനുമെല്ലാം മനുഷ്യര് പറഞ്ഞുണ്ടാക്കുന്ന തോന്ന്യാസങ്ങള്‍ ആണെന്നാണ്‌ അമ്മ പറഞ്ഞിട്ടുള്ളത്.പിന്നെ , ഇല്ലാത്ത യക്ഷിയാവാന്‍ വല്ല്യമ്മക്കെങ്ങിനെ കഴിയും....
        
 “നിന്റെ അമ്മക്ക് എന്തൂട്ടണ് അറിയാ...., ഒരു പൊട്ടി..” എന്‍റെ സംശയം കേട്ട്, കപ്പ കൊത്തിനുറുക്കി പാത്രം നിറക്കുവാനുള്ള ശ്രമത്തിന് അല്‍പ്പം വിശ്രമം നല്‍കി അമ്മൂമ്മ പറയുവാന്‍ തുടങ്ങി. “വെലൂപ്പാടന്‍റെ പൊറിഞ്ചേട്ടന്‍ മാസം ഒന്നാ പനിച്ച് വെറച്ച്, ചെമ്മീന്‍ ചുരുളണപോലെ ചുരുണ്ട് കെടന്നേര്‍ന്നത്.... എന്താ കാരണം?? ചോദ്യം എന്നോടാണ്.ഞാനാകെ വിഷണ്ണനായിപോയി. വേലൂപ്പാടന്‍ പൊറിഞ്ചു ആരാണെന്നു എനിക്കൊരു പിടിയുമില്ല, പിന്നെങ്ങിനെ അയാള്‍ക്ക്‌ പനി വന്നതിന്‍റെ കാരണം ഞാന്‍ അറിയും!!

എന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ അമ്മൂമ്മതന്നെ മറുപടി പറഞ്ഞു,
 “പോത്തുംകാല് കണ്ടട്ടാണ്.....”
“പോത്തുംകാല് കണ്ടതിന് എന്തിനാ പനിക്കണേ?” എന്‍റെ ന്യായമായ  സംശയം.
“മ്മ്മ്.... നല്ല ചോദ്യന്നെ....” എന്നും പറഞ്ഞ്, അമ്മൂമ്മ എന്‍റെ അടുത്തെക്കൊന്നു ചാഞ്ഞിരുന്ന്, കണ്ണുകളില്‍ ഭീതിനിറച്ച്, അല്‍പ്പം ശബ്ദം താഴ്ത്തി പറഞ്ഞു, “ചെക്കാ.... ഒടിയനണ്.., ഒടിയന്‍.”

എനിക്കാകെ കണ്‍ഫ്യൂഷനായി. കുറച്ചുമുന്‍പേ പറഞ്ഞു വേലൂപ്പാടന്‍ പൊറിഞ്ചു ആണെന്ന്, ഇപ്പോള്‍ പറയുന്നു ഏതോ ഒരു ഓടിയനാണെന്ന്. “അപ്പോള്‍ പൊറിഞ്ചുനല്ലേ പനിച്ചേ?” എന്‍റെ സംശയം ചോദ്യമായി.
“അയ്യടീ..... ഇതാപ്പോ നന്നായെ...” എന്നും പറഞ്ഞ് അമ്മൂമ്മ പഴയമട്ടില്‍ തന്നെ പുറകിലേക്ക് ചാഞ്ഞിരുന്ന് കപ്പ കൊത്തിനുറുക്കുവാന്‍ തുടങ്ങി.അമ്മൂമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി ഞാന്‍ മറുപടിക്കായ് കാത്തിരുന്നു.ഇത്തിരിപോന്ന ഒരു നിശബ്ദതക്ക് ശേഷം, കപ്പ കൊത്തിയരിയുന്ന കത്തി വീണ്ടും നിശ്ചലമാക്കി അമ്മൂമ്മ പറയുവാന്‍ തുടങ്ങി,

“പറയന്മാരടെ എടേലും, കൊല്ലന്‍കോളനീലെ ചെലോര്‍ക്കും  ഒടിയന്‍വിദ്യ നല്ല വശാ.... പൊറിഞ്ചേട്ടനന്ന് യൂണീസിറ്റീല്  (യൂണിവേഴ‌‍്സിറ്റീല്) എറിച്ചിവെട്ട്ള്ള കാലാ.... ഏതാണ്ട് പുലര്ച്യാവും അറവും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍..... ഒരീസം...., അന്നിത്തിരി നേരത്തീണ് പൊറിഞ്ചേട്ടന്‍റെ വരവ്. ഏതാണ്ട് പാതിരോടടുതായിട്ടുണ്ട്. കൊല്ലന്മാര്ടെ എടോഴീല്‍ക്ക് തിരിയണ മൂലയ്ക്ക് എത്തീപ്പ്ണ്ട്, അവടെ ഒരാള്, നല്ല പൊക്കത്തില്... തീപ്പട്ടി ഉണ്ടോന്ന് പൊറിഞ്ചേട്ടനോട് ഒരു ചോദ്യം. തീപ്പട്ടി കൊടുക്കണേന്‍റെ  എടേല് അതെങ്ങന്യോ നിലത്തക്ക് വീണു. പൊറിഞ്ചേട്ടന്‍ അത് കുനിഞ്ഞെടുത്ത് നിവരാന്‍ നേരം ഇയാള്‍ടെ കാലുമേല്‍ക്ക് ഒരു നോട്ടം നോക്കി...... യെന്‍റെ പൊന്നേ.......” എന്നും പറഞ്ഞ്, താടിക്ക് കൈക്കൊടുത്ത് അമ്മൂമ്മ തുടര്‍ന്നു, “ഒന്നേ നോക്കീളോ..കണ്ടതെന്താ....? മനുഷ്യന്‍റെ കാല് വേണ്ടോട്ത്ത് രണ്ട് പോത്തുംകാല്..!!!! ഈ കാഴ്ച്ചകണ്ടതും വാഴ വെട്ടിട്ടോണല്ലേ പൊറിഞ്ചേന്‍ തല്ല്യലച്ചു വീണത്‌.. പൊറിഞ്ചേട്ടന്‍ മോശക്കാരനോന്നും അല്ലാട്ടാ.... നല്ല അസ്സല്ല് ധീരനാ.. പക്ഷെ പറഞ്ഞട്ടു എന്താ കാര്യം,പ്രതീക്ഷിക്കാണ്ട് ഇങ്ങനൊരു കാഴ്ച്ചകണ്ടാല്‍ ആരാ ബോധം കേടാണ്ടിരിക്ക്യാ...”
          
ഞാന്‍ അല്‍പ്പംകൂടെ ആശയകുഴപ്പത്തിലായി. ഒരു കഥാപാത്രംകൂടെ രംഗത്തെത്തിയിരിക്കുന്നു. ശെരിക്കും പനിച്ചതാര്‍ക്കാണെന്നു എനിക്കപ്പോഴും വ്യക്തമല്ല.അപ്പോള്‍ ഒടിയന്‍ ആരായിരിക്കും?? അമ്മൂമ്മയോടുതന്നെ ചോദിച്ചു,
“അപ്പൊ, ആരാ ഇതില് ഒടിയന്‍?”
“നിന്‍റെ അപ്പന്‍.. എണീറ്റ് പോടചെക്കാ ഇവടന്ന്..” അമ്മൂമ്മയുടെ സഹിക്കെട്ടുള്ള മറുപടി. അതോടെ എനിക്കൊരു സമാധാനം കിട്ടി.
          
അമ്മൂമ്മ എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നു. അമ്മൂമ്മ പറയുന്ന കഥകള്‍ പൂര്‍ണ്ണമായും മനസിലാക്കാന്‍ എനിക്ക് സാധിക്കാറില്ല. എന്നുകരുതി സംശയ നിവാരണത്തിനായി ചോദ്യങ്ങളൊന്നും.ചോദിച്ചേക്കരുത്, ശുണ്ഡി കയറും. അമ്മൂമ്മ പറയുന്ന കാര്യങ്ങളെല്ലാം എനിക്കറിയാം, അല്ലെങ്കില്‍ അറിയണം.. എന്നതാണ് അമ്മൂമ്മയുടെ നിലപാട്. എന്‍റെ സംശയങ്ങളെന്നും അങ്ങിനെത്തന്നെ അവശേഷിക്കും. ഈ സംശയങ്ങളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്താണ് മിക്കരാത്രികളിലും ഞാനെന്‍റെ ഉറക്കത്തിലേക്ക് എത്താറ്.

ചായക്കടക്കാരി സീതമ്മ, വിറക് കച്ചവടക്കാരന്‍ കൊന്തരമാന്‍, പൊറാട്ടുനാടകക്കാരന്‍ വാറുണ്ണി.......ഇങ്ങനെ അമ്മൂമ്മയുടെ പരിചയക്കാരുടെയും സതീര്‍ത്യരുടെയും ലിസ്റ്റ് നീണ്ടു കിടക്കുന്നു.ഇവരെല്ലാവരുംതന്നെ ഞാന്‍ ജനിക്കുന്നതിനും, കുറഞ്ഞത് പതിനഞ്ച് വര്‍ഷം മുന്‍പെങ്കിലും മരിച്ചുപോയവര്‍ ആയിരിക്കും. പക്ഷെ, ഇവരെ ആരെയെങ്കിലും അറിയുകയില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി പറഞ്ഞാല്‍ അമ്മൂമ്മക്ക് അല്‍ഭുതമാണ്.
“എന്തൂട്ടാ ഈ ചെക്കന്‍ പറയണേ... പൊറാട്ടുനാടകകാരന്‍ വാറുണ്ണിനെ അറിയാത്തോരു ഈ തൃശ്ശൂര്‍ രാജ്യത്ത്ണ്ടാ....” എന്ന് അമ്മാമ്മ അതിശയപ്പെടും.
          
മുന്പത്തെതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ അമ്മൂമ്മ കപ്പ നന്നാക്കുന്നത്.ഞാന്‍, അനാവശ്യ ചോദ്യം കുറുകേയിട്ട് കഥയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതിനുള്ള നീരസം മുഖത്തുണ്ട്.

സവിശേഷമായ ചടുലതയോടെ, ഒരു പ്രത്യേക താളത്തില്‍ അമ്മൂമ്മ കപ്പയുടെ തൊലി നീക്കിക്കോണ്ടിരുന്നു. അഴിഞ്ഞിറങ്ങിയ, മണ്‍നിറവും, ഇളം വയലറ്റ്‌ നിറവും, ഇളം റോസ് നിറവുമെല്ലാം മിശ്രിതമായ മേലാവരണങ്ങള്‍ താഴേക്ക്, ഒരു ചുരുള്‍ രൂപത്തില്‍ തൂങ്ങി നില്‍ക്കുന്നു. അമ്മൂമ്മയുടെ കയ്യിലിരിക്കുന്ന കത്തിയുടെ ചലനമനുസരിച്ച് അവയ്ക്ക് നീളം കൂടിക്കൊണ്ടേയിരുന്നു. കപ്പയുടെ നഗ്നതയില്‍ അമ്മൂമ്മയുടെ കൈയ്യിലെ മണ്ണെല്ലാം പറന്നു കിടക്കുന്നു. ഇതെല്ലാംനോക്കി നിശബ്ദനായി ഞാന്‍ ഒരരികത്തിരുന്നു.

അല്‍പ്പം കഴിഞ്ഞ് അമ്മൂമ്മ കഥയിലേക്ക്‌ തിരികേയെത്തി.
“പറയന്‍മാര് മന്ത്രം ചെയ്താണ് ഓടിയന്മാരാവണത്. മന്ത്രത്തിന്‍റെ ശക്തീല് ഒരു രാത്രിമുഴുവന്‍ പോത്തുംകാല് വച്ച് അവര് ആള്‍ക്കാരെ പേടിപ്പിക്കും.”
എന്തിന്, എന്ന ചോദ്യം എന്‍റെ മനസ്സില്‍ തികട്ടിനിന്നു, ചോദിച്ചില്ല. അത് മനസിലാക്കിയിട്ടോയെന്തോ, അമ്മൂമ്മ അതിന്‍റെ കാരണവും വിശദീകരിച്ചു.
പോത്തുംകാലുക്ക‌‍‍ണ്ട്‌ പേടിച്ചു ബോധംക്കെട്ട് വീഴുന്നവരുടെ കയ്യിലുള്ള പൊന്നും, പണവുമെല്ലാം അവര്‍ അപഹരിക്കുമത്രേ..!!!
നല്ലകഥ. യക്ഷീം ഇങ്ങനെതന്ന്യാവോ?? എനിക്ക് വീണ്ടും കണ്‍ഫ്യൂഷ്യന്‍ ആയി.

പോത്തുംകാലുക്കാട്ടി ആളുകളെ ബോധംക്കെടുത്തി പൊന്നും പണവും കവരുന്ന ഒരു യക്ഷിയെ എനിക്ക് എത്രശ്രമിച്ചിട്ടും സങ്കല്‍പ്പത്തില്‍ വരുത്തുവാന്‍ സാധിക്കുന്നില്ല. ഇനി, ഇതൊക്കെതന്ന്യാണ് യക്ഷി എന്നെങ്കില്‍കൂടി, വല്ല്യമ്മ അത്തരക്കാരിയാവാന്‍ വഴിയില്ല. ഞായറാഴ്ച്ച കുറുബാനക്കല്ലാതെ വല്ല്യമ്മ വീടിനു പുറത്തിറങ്ങാറില്ല. പിന്നെയെങ്ങിനെ ആളുകളെ പേടിപ്പിച്ചു പൊന്നും പണവും കവരും? വല്യമ്മയുടെ ഒരു കാലില്‍ മന്തുണ്ട് എങ്കിലും, അതൊരിക്കലും പോത്തുംകാല്‍ അല്ലായെന്ന് എനിക്കറിയാം. അമ്മൂമ്മ പറയുന്നതില്‍ വല്ല വാസ്തവവും കാണോ.....? സംശയങ്ങള്‍ ഇങ്ങനെ എന്‍റെ മനസ്സില്‍ പെരുകിക്കൂടി.

“യക്ഷിക്ക് പോത്തുംകാലാണോ?” രണ്ടും കല്‍പ്പിച്ച് ഞാന്‍ അമ്മൂമ്മയോട് ചോദിച്ചു.
“ഹേയ്..... യക്ഷി ഇതുമാതിര്യോന്നും അല്ല.” അമ്മൂമ്മ ആവേശത്തോടെ, കണ്ണുകള്‍ വിടര്‍ത്തി, പദാനുപദങ്ങളുടെ കൈമുദ്രകള്‍ കാട്ടി, അനുയോജ്യ മുഖഭാവങ്ങള്‍ ചേര്‍ത്തുവച്ച് വര്‍ണ്ണിക്കുവാന്‍ തുടങ്ങി,
“ദുര്‍മ്മരണപ്പെടുന്ന വല്ല്യവല്ല്യ സുന്ദരികള് മാത്രേ യക്ഷി ആവുള്ളൂ. തീപ്പന്തം പോല്യാവും അവറ്റോള്‍ടെ കണ്ണുകള്. മുട്യാണെങ്കി..... കാലിന്‍റെ കൂച്ചി വരീണ്ടാവും. അതി......ങ്ങനെ അഴിച്ച് പരത്തീട്ട് നടക്കും. സാധാ സമയോം മുറുക്കലെന്നെ മുറുക്കല്.. അതോണ്ടെന്താ, ചുണ്ട് ഇങ്ങനെ.. ചോക ചോകാന്നിരിക്കും.”
'ഇവറ്റൊള്‍ക്ക് എവടന്നണാവോ ഇക്കണ്ട മുറുക്കാനൊക്കെ കിട്ടണത്?'  അതിനിടയില്‍ അമ്മൂമ്മയുടെ ആത്മഗതം.
“ഇത്ങ്ങളെ തിരിച്ചറിയാനായിട്ട് ഒരൊറ്റ മാര്‍ഗാ ഉള്ളോ..കാലുമ്മയ്ക്ക് നോക്കണം. നെലം തൊടാണ്ടാവും ഇവരടെ നടപ്പ്.”

“ഇത്രേം സുന്ദരികള്‍ ആണെങ്കില്‍ പിന്നെന്തിനാ ആള്‍ക്കാര് യക്ഷ്യോളെ പെടിക്കണേ?”   എന്നില്‍നിന്നും ആ ചോദ്യം പ്രതീക്ഷിച്ചെന്നോണം, ചോദ്യം തീരുംമുന്പേ അമ്മൂമ്മ മറുപടി തുടങ്ങി,
“ചെക്കാ, ഈ പൊറംമോട്യൊക്കെ അവര്ടെ സൂത്രങ്ങളണ്. ആണുങ്ങളെ വശത്താക്കാനുള്ള സൂത്രങ്ങള്!! ഇതൊക്കെ കാട്ടി ആണുങ്ങളെ വശീകരിച്ചെടുത്ത്, കൊറേശ്ശെ  കൊറേശ്ശ്യായി അവരുപോലും അറിയാണ്ട് അവര്ടെ ചോരേം നീരുമൊക്കെ ഊറ്റിയെടുത്ത് തീരുമ്പം യക്ഷ്യോള് തനി സ്വരൂപം പൊറത്തെടുക്കും. പിന്നെ ഇവറ്റോള് തനി പിശാച്ക്കളാവും, ചൊടല പിശാച്ക്കള്.”
 “ചൊടല പിശാച്ക്കള് എങ്ങന്യാ?” എന്‍റെ ആകാംക്ഷ.
“ചൊടലകളാ....  അവറ്റ ഒരു തെങ്ങോളം വലുപ്പം കാണും. അതിനൊത്ത കറുകറുത്ത തടീം... നീണ്ട പല്ലുണ്ടാവും, തലേല് രണ്ടു കൊമ്പും.. മുടി..., കമ്പി വളച്ചപോലെ  ഇങ്ങനെ പിര് പിരാന്നിരിക്കും.....,,
        
അമ്മൂമ്മ യക്ഷിയുടെ വിവരണങ്ങള്‍ തുടര്‍ന്നു. ഞാന്‍ എന്‍റെ ചിന്തകളുടെ ചിത്രശാലയില്‍ രണ്ട് യക്ഷികളെ മെനെഞ്ഞെടുക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. തീപ്പന്തം ആവാഹിച്ച കണ്ണുകളോടെ, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി ഇരയെ പ്രതീക്ഷിച്ച് നിലം തൊടാതെ നില്‍ക്കുന്ന സുന്ദരിയായ യക്ഷി. ആ സൗ‌ന്ദര്യോത്സവത്തില്‍ ആടിതിമിര്‍ക്കാന്‍ മയങ്ങിയെത്തുന്ന പുരുഷന്മാരുടെ ചോരയും നീരും അവര്‍പോലും അറിയാതെ ഊറ്റികുടിച്ച്, അലറിച്ചിരിച്ച്, ഒരു തെങ്ങോളം നിവര്‍ന്നു നില്‍ക്കുന്ന ഭീകരരൂപിയായ ചുടലയക്ഷി!!!
പക്ഷെ, ഇവക്ക് രണ്ടിനും അമ്മായിയുടെ മുഖച്ചായയും, സാദൃശ്യവും വരുന്നില്ല, വീണ്ടും വീണ്ടും ശ്രമിച്ച്നോക്കിയിട്ടും.
തുടരും....


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.



3 comments:

  1. ബാക്കി വായിക്കട്ടെ..

    ReplyDelete
  2. nattum purathey nishkalangathayude paryayam....nalla kadhakal..nattinpurathey nanma niranju thulumbunnu...ellavidha asamsakalum

    ReplyDelete