Tuesday, 1 February 2011

എന്‍റെ സ്വന്തം തുടയും, പിന്നെ ചില ചൂരലുകളും.. (part2)


 സ്കൂള്‍ കാലഘട്ടത്തിലെ അവസാനത്തേതും, ആഘോഷപൂര്‍വ്വവുമായ അടി കിട്ടുന്നത് പത്താംക്ലാസ്സ് ഏതാണ്ട് അവസാനിക്കാറായ നാളുകളിലാണ്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ ചേച്ചി വിവാഹിതയാകുന്നത്. ചേച്ചിയെ വിവാഹം ചെയ്ത് അയച്ചതിനു ശേഷം വീട്ടിലെ സ്ഥിതി അങ്ങേയറ്റം ദയനീയമായിരുന്നു.
                          
ആ സമയത്ത് ഞാന്‍ പഠിക്കുന്നത്, നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് നിന്നു പഠിക്കുന്നതിനായി ക്രിസ്ത്യന്‍ സഭ നടത്തുന്ന ഒരു ബോയ്സ് ഹോമില്‍ താമസിച്ചായിരുന്നു. ഇടയ്ക്കിടെ എന്നെ കാണുന്നതിനായി അമ്മ അവിടെ എത്തും. വരുമ്പോള്‍ കയ്യിലൊരു പൊതി കാണും. പലതരം ചിപ്സുകള്‍, വ്യത്യസ്തമായ വറവു പലഹാരങ്ങള്‍, മധുരാഹാരങ്ങള്‍, ഇവയെല്ലാം ചേര്‍ന്ന ഒരു പൊതി.
                            
അതില്‍ പലതിനും എണ്ണ കാറിയ മണമുണ്ടായിരിക്കും. അതിനു കാരണം, പല വീടുകളില്‍നിന്ന് അമ്മക്ക് കഴിക്കുവാന്‍ നല്‍കുന്നതും, എവിടെനിന്നൊക്കെയോ അമ്മക്ക് ലഭിക്കുന്നതുമായ എല്ലാ പലഹാരങ്ങളും അമ്മ എനിക്കായി സൂക്ഷിച്ച് വയ്ക്കും. ഒരിക്കല്‍ അമ്മ വന്നു പോയാല്‍, അടുത്ത വരവിന് എനിക്ക് കൊണ്ടുവരേണ്ട പലഹാരങ്ങള്‍ കൂട്ടിവക്കാന്‍ ആരംഭിക്കും. അവ എന്‍റെയടുക്കല്‍ എത്തുമ്പോഴേക്കും ആദ്യമാദ്യം സംഭരിച്ചവയെല്ലാം  പഴകിയിരിക്കും.
പക്ഷെ, ഞാനത് കാത്തിരിക്കാറുണ്ടായിരുന്നു.
                            
ഈ പൊതി എനിക്ക് നല്‍കുന്നതിനോപ്പംതന്നെ വീട്ടിലെ കഷ്ട്ടപ്പാടുകളെ കുറിച്ചും, ഒരു സാധു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറം അമ്മ തോളിലേറ്റി നടക്കുന്ന പ്രാരബ്ദങ്ങളെ കുറിച്ചും, ജീവിതത്തില്‍  നിലനില്‍ക്കുന്നതിനായി നടത്തുന്ന നിശബ്ദ പോരാട്ടങ്ങളെ കുറിച്ചുമെല്ലാം അമ്മ പതിഞ്ഞ ശബ്ദത്തില്‍ വിവരിക്കും. മോഹങ്ങള്‍ക്ക് യാതോരുവിത പ്രസക്തിയും ഇല്ലാത്ത അമ്മയുടെ ജീവിതത്തിലെ ഏക പ്രതീക്ഷ ഞാനാണെന്ന് എന്നെ ഓര്‍മിപ്പിക്കും. അമ്മ പറയുന്ന ഓരോ വാക്കും ഞാന്‍ എന്‍റെ ഹൃദയംക്കൊണ്ട് ശ്രവിച്ചിരുന്നതിനാല്‍ പത്താംക്ലാസ്സില്‍ ഞാന്‍ എന്‍റെ പഠന വിഷയങ്ങളെ അതീവ ഗൌരവത്തോട്ക്കൂടിതന്നെ സമീപിച്ചു.
                            
പത്താംക്ലാസ്സില്‍, സ്കൂള്‍ അധികൃതര്‍ എനിക്ക് തീരുമാനിച്ച ക്ലാസ്സില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഞാന്‍ മറ്റൊരു ക്ലാസ്സിലേക്ക് മാറി. അതിനു കാരണം, ഹരിനാരായണന്‍ എന്നാ മലയാളം അദ്ധ്യാപകന്‍ ആയിരുന്നു.
മലയാളമായിരുന്നു എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട വിഷയം. കണക്കില്‍ ആയിരുന്നു ഞാന്‍ ഏറ്റവും മോശം. കണക്കില്‍ ഞാന്‍ പലപ്പോഴും സം"പൂജ്യന്‍" ആയി ആദരിക്കപ്പെട്ടിട്ടുണ്ട്.
                              
ഹരിനാരായണന്‍ മാഷടെ മലയാളം ക്ലാസ്സ്‌, കാവ്യഭംങ്ങിയുടെ ആഴങ്ങളും, മഹത്തായ സാഹിത്യദര്‍ശനങ്ങളും, ഒപ്പം തീവ്രമായ മനുഷ്യസ്നേഹവും പകര്‍ന്നു നല്‍കുന്നതായിരുന്നു. അദ്ദേഹം സര്‍വ്വസമ്മനും, വിദ്യാര്‍ഥികാളാലും, സഹപ്രവര്‍ത്തകരാലും ആദരിക്കപ്പെടുന്നവനും ആയിരുന്നു.
                              
നിര്‍ഭാഗ്യവശാല്‍ ഒന്‍പതാം ക്ലാസ്സ്‌ വരെ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയാകുവാന്‍ എനിക്ക് സാധിച്ചില്ല. പലപ്പോഴും അദ്ദേഹത്തിന്‍റെ ക്ലാസ്സിനരികത്ത്കൂടെ എനിക്ക് പോകുവാന്‍ സാധിക്കുകയാണെങ്കില്‍, അല്‍പ്പസമയം അവിടെ ഒതുങ്ങിനിന്ന് അദ്ദേഹത്തിന്‍റെ വാഗ്ധോരണിയില്‍ ഞാന്‍ വിസ്മയിക്കാറുണ്ട്.
                              
പത്താംക്ലാസ്സില്‍ സാധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും ഹരിനാരായണന്‍ മാഷുടെ വിദ്യാര്‍ഥിയാകുവാന്‍ എനിക്ക് സാധിക്കില്ലെന്ന് ഓര്‍ത്തപ്പോള്‍, അദ്ദേഹമില്ലാത്ത മറ്റൊരു ക്ലാസ്സില്‍ ഉള്‍പ്പെട്ടത്തില്‍ എനിക്ക് രോക്ഷം തോന്നി. അത് ഞാന്‍ സ്റ്റാഫ്‌ റൂമില്‍ ചെന്ന് പ്രകടിപ്പിക്കുകയും ചെയ്തു. ഹരിനാരായണന്‍ മാഷടെ ക്ലാസ്സിലേക്ക് മാറിയെതീരൂ എന്ന് ഞാന്‍ വാശി പിടിച്ചു. ബഹിഷ്ക്കരണ ഭീഷണിയും ശ്രമിച്ചു നോക്കി, പക്ഷെ ഏറ്റില്ല.
അധ്യാപകര്‍ ആരുംതന്നെ എന്‍റെ ആവശ്യം അംഗീകരിക്കുവാന്‍ തയ്യാറായില്ല. പക്ഷെ, സംഭവമറിഞ്ഞ ഹരിനാരായണന്‍ മാഷ്‌ ഇടപ്പെട്ട് എന്നെ അദ്ദേഹത്തിന്‍റെ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി.
                          
ആ അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭം മുതല്‍ക്കേ ക്ലാസ്സില്‍ ഒരു പ്രത്യേക പരിഗണന ഹരിനാരായണന്‍ മാഷില്‍ നിന്നും എനിക്ക് ലഭിച്ചിരുന്നു. ഏതൊരു പാഠഭാഗവും ഒരു സംശയവും ഭാക്കിവക്കാതെ ഞാന്‍ മനസിലാക്കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അദ്ദേഹം അവസാനിപ്പിചിരുന്നുള്ളൂ... കണക്ക്, ഹിന്ദി തുടങ്ങി, എനിക്ക് പ്രയാസമുള്ള എല്ലാ വിഷയങ്ങളുടേയും അധ്യാപകര്‍ ഹരിനാരായണന്‍ മാഷടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എന്‍റെ പഠനക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുവാന്‍ തുടങ്ങി.
സ്കൂളില്‍ മൊത്തത്തിലുള്ള എന്‍റെ പെരുമാറ്റവും, സഹ വിദ്യാര്‍ത്ഥികളോടുള്ള എന്‍റെ സമീപനങ്ങളും അദ്ദേഹം സദാ വിലയിരുത്തുകയും, തിരുത്തപ്പെടേണ്ടവാ അപ്പാപ്പോള്‍ ചൂണ്ടി കാണിക്കുകയും ചെയ്തുപോന്നു. ഇതുകൂടാതെ എന്നെ കാണുന്നതിനായി അമ്മ വരുന്ന ദിവസങ്ങളില്‍ അമ്മയോട് വീട്ടുക്കാര്യങ്ങള്‍ തിരക്കാനും, അധികം വൈകാതെതന്നെ, കുടുംബത്തിനെ നിലവിലെ ദുരിതകയത്തില്‍ നിന്നും ഞാന്‍ പിടിച്ചു കയറ്റും എന്ന അമ്മയുടെ ശുഭവിശ്വാസത്തിനു കരുത്ത് പകരാനും അദ്ദേഹം തയ്യാറായി.
                          
മറ്റു അധ്യാപരെല്ലാം, വിദ്യാര്‍ഥികള്‍ എഴുതി എടുക്കേണ്ടതായ പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളും പറഞ്ഞു നല്‍കി വിദ്യാര്‍ഥികളെക്കൊണ്ട് എഴുതിക്കുകയാണ് പതിവ്. എന്നാല്‍ ഹരിനരയന്‍ മാഷ്‌ ഇത്തരം കാര്യങ്ങളെല്ലാം ആദ്യാവസാനം, നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ബോര്‍ഡില്‍ നിറച്ചെഴുതും. വിദ്യാര്‍ത്ഥികള്‍ അവ തങ്ങളുടെ ബുക്കിലേക്ക് പകര്‍ത്തി എഴുതണം.

മാഷ്‌ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും വിദ്യാര്‍ഥികള്‍ എഴുതുവാന്‍ പാടില്ല. എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം ഓരോ വാക്കുകളും വളരെ സ്പഷ്ട്ടമായ ശബ്ദത്തില്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വായിച്ചു നല്‍കും. പിന്നീട് ഏതെങ്കിലുംതരത്തിലുള്ള സംശയങ്ങള്‍ ഉള്ളവര്‍ക്ക് നിവൃത്തി വരുത്തുന്നതിനുള്ള അവസരമാണ്. ഇവയെല്ലാം തീര്‍ന്നതിനു ശേഷം ക്ലാസ്സിനൊന്നടങ്കം പകര്‍ത്തി എഴുത്ത് തുടങ്ങാം. ഇങ്ങനെ പകര്‍ത്തി എഴുതുന്നതില്‍ എന്തെങ്കിലും അക്ഷരത്തെറ്റ് സംഭവിച്ചാല്‍ അടി ഉറപ്പ്.
                          
അന്ന്, പാഠഭാഗ വിശദീകരണങ്ങള്‍ക്കു ശേഷം മാഷ്‌ ബോര്‍ഡിലെ എഴുത്ത് പരിപാടികളിലേക്ക് തിരിഞ്ഞു. ഞാന്‍, ബോര്‍ഡില്‍ പുതുതായി രൂപമെടുക്കുന്ന വാക്കുകളിലേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കുന്നു. പൈന്‍ വശത്തെ ഡെസ്കില്‍ ചാരിയിരിക്കുന്ന എന്നോട്, എനിക്ക് പുറകിലായിരിക്കുന്ന സലിം പതിയെ ചോദിച്ചു, "ഒരു കഥ കേള്‍ക്കണോ?"
കുറെ വര്‍ഷങ്ങളായി പല ക്ലാസ്സുകളില്‍ തോറ്റുതോറ്റ്...... തട്ടിതടഞ്ഞ് എങ്ങിനെയോ പത്താംക്ലാസ്സില്‍ എത്തിപ്പെട്ടയാളാണ് സലിം. ഉപ്പാപ്പ എന്നാണ് ഞങ്ങളെല്ലാം അവനെ വിളിക്കാറ്.
കഥ കേള്‍ക്കണമെന്നോ, കേള്‍ക്കെണ്ടെന്നോ ഞാന്‍ പറഞ്ഞില്ല. സലിം ശബ്ദം താഴ്ത്തി കഥ പറയുവാന്‍ ആരംഭിച്ചു, ഒരു ചെറുകഥ.
                          
അവന്‍ പറഞ്ഞ ചെറുകഥ അതിനേക്കാള്‍ ചെറുതാക്കി ഞാന്‍ ഇവിടെ അവതരിപ്പിക്കാം. ആദ്യമേ ഒരു മുന്നറിയിപ്പ് തരാം, ഈ കഥ തികഞ്ഞ അശ്ലീലമാണ്. അതിനാല്‍ സദാചാരവാധികള്‍ ഈ കഥയ്ക്ക് ശേഷമുള്ള പാരഗ്രാഫ്‌ മുതല്‍ വായന തുടരുക. ഇനി, കഥ വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കഥയിലെ അശ്ലീലം ഒഴിവാക്കി നര്‍മ്മം മാത്രം സ്വീകരിക്കുക.
                        
 'രാജാവിന്, പരപുരുഷന്മാരുമായി ബന്ധപെടുത്തി രാജ്ഞിയെ സംശയം. രാജാവിന്‍റെ സംശയത്തില്‍ പൊരുള്‍ ഉണ്ട്താനും. വേട്ടയ്ക്ക് പോകുന്നതിനു മുന്‍പ്‌, രാജാവ് രാജ്ഞിയുടെ -------------------------- ല്‍ ഒരു ബ്ലേഡ് വച്ചു. കുറച്ചു നാളത്തെ വേട്ടയാടലിനുശേഷം തിരിച്ചെത്തിയ രാജാവ് കൊട്ടാരക്കെട്ടിലെ എല്ലാ പുരുഷന്മാരെയും നിരത്തി നിര്‍ത്തി അവരുടെ സുന പരിശോധിച്ചു. മന്ത്രിയുടേതൊഴിച്ചു ഭാക്കി എല്ലാവരുടേയും മുറിഞ്ഞിരിക്കുന്നു. മന്ത്രിയെ ആശ്ലേഷിച്ച് രാജാവ് പറഞ്ഞു
," പ്രിയ്യ മന്ത്രി..... താങ്കള്‍ ഒരാളെങ്കിലും ഉണ്ടല്ലോ എനിക്ക് വിശ്വസിക്കാവുന്നവനായി....താങ്കളെ ഞാന്‍ എന്‍റെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നു,"
 സന്തോഷവാനായ മന്ത്രി രാജാവിനോട് നന്ദി പ്രകടിപ്പിച്ചു,
 " സ്ലാങ്ക്യു സര്‍..."
മന്ത്രിയുടെ നാവാണ് മുറിഞ്ഞിരുന്നത്.
                            
കഥ കേട്ട് ഞാന്‍ പെട്ടെന്ന് ചിരിച്ചു പോയി. ചിരി അല്‍പ്പം ഉച്ചത്തിലായുംപോയ്. ബോര്‍ഡിലെ എഴുത്ത് മതിയാക്കി മാഷ്‌ തിരിഞ്ഞു നോക്കി. എന്‍റെ മുഖത്ത് അപ്പോഴും ചിരി ബാക്കി. എഴുന്നേറ്റു നില്‍ക്കുവാനായി മാഷ്‌ എന്നോട് ആംഗ്യം കാണിച്ചു. ഞാന്‍ അനുസരിച്ചു.

" ബിജു ചിരിച്ചതിന്‍റെ ശബ്ദമാണോ ഞാന്‍ അല്‍പ്പം മുന്‍പ്‌ കേട്ടത്?" അല്‍പ്പം ഗൌരവത്തോടെയുള്ള മാഷടെ ചോദ്യത്തിന് ഞാന്‍ 'അതെ' എന്ന് ഉത്തരം നല്‍കി.
"എന്തായിരുന്നു ഈ സമയത്ത് ചിരിക്കുവാനുള്ള പ്രേരണ?" എന്‍റെ മുഖത്തേക്ക് രൂക്ഷതയോടെ  ഉറ്റുനോക്കിക്കൊണ്ട് അടുത്ത ചോദ്യം.

എന്ത് പറയണമെന്ന് ഒരു പിടിയും ഇല്ലാത്തതിനാല്‍ ഞാന്‍ നിശബ്ദത പാലിച്ചു.
"വേഗം മറുപടി പറയു.... മറ്റു കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സമയമാണ് നഷ്ട്ടപ്പെട്ടുക്കൊണ്ടിരിക്കുന്നത്. എന്‍റെ ക്ലാസ്സ്‌ റൂമില്‍ ഇത്തരത്തില്‍ പൊട്ടിചിരിക്കത്തക്കവണ്ണം എന്ത് തമാശയാണ് സംഭവിച്ചത് എന്ന് ഞാന്‍ അറിയണ്ടെ..?.....പറയു....."

ഞാന്‍ വിയര്‍ക്കുവാന്‍ തുടങ്ങി. കൈയ്യും കാലും തളരുന്ന പോലെ. അടിയും ചീത്തയുമൊന്നും എനിക്കൊരു പ്രശ്നമേ അല്ല. ഹരിനാരായണന്‍ മാഷടെ മുന്നില്‍ ഇങ്ങനെ ഒരു അപരാധിയായി നില്‍ക്കേണ്ടി വന്നല്ലോ എന്നാ ചിന്ത മാത്രമാണ് മനസ്സില്‍.
" നിങ്ങള്‍ എന്തിനാണ് ചിരിച്ചതെന്ന് പറയുന്നുണ്ടോ?" അതൊരു അലര്‍ച്ചയായിരുന്നു.
"ഓരോന്നോര്‍ത്ത്....വെറുതെ..ചിരിച്ചതാ..." ഞാന്‍ പറഞ്ഞൊപ്പിച്ചു.
" ഓഹോ.... വെറുതേ പഴയ തമാശകളെല്ലാം ഓര്‍ത്തു ചിരിച്ചതാണല്ലേ...അത് കൊള്ളാം.... ഒരു കാര്യം ചെയ്യ്, ചിന്തിച്ചു കൂട്ടിയ തമാശകള്‍ എന്തൊക്കെയാണെന്ന് ഒന്ന് പറയ്‌...കേള്‍ക്കട്ടെ. എല്ലാവര്‍ക്കുംകൂടെ ചിരിക്കാലോ.. മാഷ്‌ നിയന്ത്രാതീതമായ ദേഷ്യത്തോടെ പറഞ്ഞു.

ഞാന്‍ എന്‍റെ നിശബ്ദത തുടര്‍ന്നു.
"ആറും ഏഴും പിരീഡ് ഇങ്ങനെ നിങ്ങള്‍ക്ക് മുന്നില്‍നിന്ന് തൊണ്ട കീറുന്നതിന്‍റെ സുഖം എന്താണെന്നറിയോ തനിക്ക്....?"
കൈയ്യിലിരിക്കുന്ന ചോക്ക്‌ എന്‍റെ നേരെ വലിച്ചെറിഞ്ഞ് തുടര്‍ന്നു,
"ദാ..... അതെടുത്ത്‌ ഈ ബോര്‍ഡു നിറയെ ഒന്ന് എഴുതി തീര്‍ക്ക്. അപ്പോളറിയാം അതിന്‍റെ സുഖമെന്താണെന്ന്. ചിലരൊക്കെ ചെയ്യുന്നപോലെ കസേരയിലിരുന്ന് പാഠം വായിച്ച്, ബാക്കി സമയം സ്വയമിരുന്നു പഠിക്കുവാന്‍ പറയാന്‍ എനിക്കും അറിയാം. ഞാനത് ചെയ്യാത്തത് നീയൊന്നും ഭാവീല് പെഴച്ചു പോകരുതല്ലോ എന്ന് കരുതീട്ടാണ്." മാഷ്‌ കോപത്തിന്‍റെ പാരമ്യത്തില്‍ നിന്ന് വിറക്കുകയാണ്.
"ഒരിക്കല്‍കൂടെ ഞാന്‍ തന്നോട് പറയുന്നു, ചിരിച്ചത്‌ എന്തിനാണെന്നുള്ള കൃത്യമായ മറുപടി തരിക."
എന്താണ് പറയേണ്ടത്‌ എന്ന് ഒരു പിടിയുമില്ലാതെ ഞാന്‍ നില്‍ക്കുകയാണ്. എന്‍റെ മറുപടിക്കായി അല്‍പ്പസമയം കാത്തു നിന്ന മാഷ്, അത് ലഭിക്കാതായപ്പോള്‍ തിടുക്കത്തില്‍ ക്ലാസ്സിനു പുറത്തേക്കു പോയി.

മാഷ് പുറത്തിറങ്ങിയ ഉടന്‍ സലിം എന്നോട് കെഞ്ചുവാന്‍ തുടങ്ങി,
" ഡാ .. നീയെന്‍റെ പേര് പറയോ?......പറയല്ലടാ....പ്ലീസ്..... പറയോ?
                          
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഒരു കൊടുംകാറ്റ് പോലെ മാഷ്‌ ക്ലാസ്സിലേക്ക് കയറിവന്നു. കയ്യില്‍ സാമാന്യം ഭേദപ്പെട്ട വലുപ്പമുള്ള ഒരു ചൂരല്‍ ഇരുന്നു വിറക്കുന്നു. വന്നപ്പാടെ എന്‍റെ തോളിനു താഴെയായി കയ്യില്‍ മാഷ്‌ വീശിയടിച്ചു. എന്‍റെ ചുറ്റുവട്ടത്തിരിക്കുന്ന കുട്ടികളെല്ലാം ഒതുങ്ങിമാറി ക്ലാസ്സിന്‍റെ ഒരു മൂലയിലേക്ക് നിന്നു. നീളന്‍ ചൂരല്‍ ദേഹത്താകമാനം വരിഞ്ഞു. അടി മുഖത്ത് കൊള്ളാതിരിക്കാന്‍ ഞാന്‍ പരമാവുധി ശ്രമിക്കുന്നുണ്ട്.
എണ്ണമില്ലാത്ത അടികള്‍ക്ക് ശേഷം, ചൂരല്‍ വലിച്ചെറിഞ്ഞ് എന്തൊക്കെയോ പുലമ്പിക്കൊണ്ട് മാഷ്‌ പുറത്തേക്കിറങ്ങി പൊയി
                          
കിടപ്പ് വിരിക്കു മുകളില്‍, എന്‍റെ അമ്മയുടെ ഒരു പഴയ സാരി വിരിച്ച്, അതില്‍കിടന്നാണ് ഞാന്‍ എന്നും രാത്രി ഉറങ്ങാറുള്ളത്. ബോയ്സ് ഹോമില്‍ നിന്നും ആദ്യ വെക്കേഷന് വീട്ടിലെത്തി തിരിച്ച് വരുമ്പോള്‍, തണുപ്പിന് പുതക്കുവാന്‍ എന്ന കാരണം പറഞ്ഞ്  അമ്മയോട് ചോദിച്ചു വാങ്ങിക്കൊണ്ടുവന്നതാണ് ആ സാരി. അതില്‍ കിടക്കുമ്പോള്‍ എനിക്ക് എന്‍റെ അമ്മയുടെ സാമിപ്യം ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. എത്രയോ രാത്രികളില്‍ ആ സാരി നെഞ്ചോട്‌ ചേര്‍ത്ത്പ്പിടിച്ച് ഞാന്‍ നിശബ്ദമായി കരഞ്ഞിരിക്കുന്നു.....
                            
അന്ന് രാത്രിയും ഞാന്‍ ഒരുപാട് കരഞ്ഞു. അതൊരിക്കലും അമ്മയെകുറിച്ചോര്‍ത്തായിരുന്നില്ല. ഞാന്‍ ഏറെ ബഹുമാനിക്കുന്ന, എന്നോട് അത്രയേറെ കരുതലും വാത്സല്യവും പ്രകടിപ്പിക്കുന്ന ആ മഹാനായ അധ്യാപകന് മുന്‍പില്‍  ഒരു കുറ്റവാളിയായി തീര്‍ന്നല്ലോ എന്നോര്‍ത്തായിരുന്നു.

പുലര്‍ച്ചെ ജനാല വഴി വീശിയടിച്ച തണുപ്പില്‍കിടന്ന്  ഞാന്‍ വിറക്കുവാന്‍ തുടങ്ങി. എനിക്ക് കടുത്ത പനി. പുലര്‍ച്ചെ കൃത്യം 5: 55 നു ബോയ്സ് ഹോമിലെ കുട്ടികള്‍ക്ക് ഉണരുന്നതിനായുള്ള മണിയടിക്കും. കൃത്ത്യം ആറിന് ആ മണി ഒരിക്കല്‍കൂടെ അടിക്കും. എന്നിട്ടും എഴുന്നേല്‍ക്കാത്തവര്‍ക്കായി മൂന്നാമതൊരു മണിയടി ഇല്ല. അവരെ ഉണര്‍ത്തുവാന്‍ ഒരു നീളന്‍ ചൂരലുമായി ഡയരക്ടര്‍ അച്ഛന്‍ വരും. സാധാരണ ഒന്നാമത്തെ മണിയടിയില്‍ ഞാന്‍ ഉണരുകയും, രണ്ടാമത്തെ മണിയടിയില്‍ എഴുന്നെല്‍ക്കുകയുമാണ് പതിവ്. അന്ന് ഞാന്‍ എഴുന്നേറ്റില്ല. എന്‍റെ പുതപ്പിനകത്തെക്ക് കൂടുതല്‍ കൂടുതല്‍ ചുരുണ്ടു.

തലേന്നാള്‍ ഞാന്‍ വാങ്ങികൂട്ടിയ തല്ലുകളെ കുറിച്ചു അറിഞ്ഞിരുന്നതിനാലാണെന്നുതോന്നുന്നു, വടിയുമായി എത്തിയ അച്ഛന്‍ എന്നെ അടിച്ച് ഉണര്‍ത്തുവാനായി മുതിര്‍ന്നില്ല. എന്‍റെ മുഖത്ത്നിന്നും പുതപ്പെടുത്തുമാറ്റി, അദ്ധേഹംഎന്നെ രണ്ടുമൂന്നു തവണ പേര് വിളിച്ചു. ഒരു ഞെരക്കം മാത്രമായിരുന്നു എന്‍റെ മറുപടി. എന്‍റെ കഴുത്തിലും നെറ്റിയിലും കൈവച്ചു നോക്കിയ അച്ഛന്‍, ഞാന്‍ പനിയുടെ ഏതാണ്ട് മൂര്‍ദ്ധന്യതയില്‍ ആണെന്ന് മനസിലാക്കിയ ഉടന്‍ എന്നെ ആശുപ്പത്രിയില്‍ എത്തിച്ചു.
                          
ഏതാണ്ട് പതിനൊന്ന് മണിയോടെ ഞാന്‍ ആശുപ്പത്രിയില്‍നിന്നും തിരിച്ച് ബോയ്സ് ഹോമില്‍ എത്തി. ആശുപ്പത്രിയില്‍ നിന്നും ലഭിച്ച ഇഞ്ചക്ഷനും മരുന്നുകളും എന്‍റെ വിറയല്‍ പാടെ നിര്‍ത്തുകയും, പനിയുടെ കാഠിന്യം കുറക്കുകയും ചെയ്തിരുന്നു. അത്രയധികം മരുന്നുകള്‍ കുറഞ്ഞ സമയത്തിനകം ശരീരത്തില്‍ എത്തിയതിനാലാണെന്നു തോന്നുന്നു, ബോയ്സ് ഹോമില്‍ എത്തി അല്‍പ്പം കഴിയുന്നതിനുമുന്‍പേ ഞാന്‍ ബോധമില്ലാത്ത ഉറക്കം ആരംഭിച്ചു. ഇടക്കെപ്പോഴോ ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ അരികില്‍ ഹരിനാരായണന്‍ മാഷ്‌ ഇരിക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല. ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു കിടന്നു. മാഷ്‌ എന്‍റെ മൂര്‍ദ്ധാവില്‍ പതിയെ തലോടിക്കൊണ്ടിരുന്നു. ഞാന്‍ വീണ്ടും ഉറങ്ങിപോയ്‌. പിന്നീട് ഉണരുമ്പോള്‍ മാഷ്‌ അരികത്തുണ്ടായിരുന്നില്ല. ഏതൊക്കെയോ പഴവര്‍ഗ്ഗങ്ങള്‍ നിറഞ്ഞ ഒരു പ്ലാസ്റ്റിക്‌ കൂട് എന്‍റെയടുത്തു ഇരിപ്പുണ്ടായിരുന്നു.                    
                        
പിന്നീട് ആ സ്കൂള്‍ ജീവിതത്തിന്‍റെ അവസാനം വരെ ഹരിനാരായണന്‍ മാഷോട് പഴയ അടുപ്പം കാണിക്കുന്നതിനായി എനിക്ക് സാധിച്ചിട്ടില്ല, മാഷ്ക്ക് തിരിച്ചും. പാഠഭാഗങ്ങള്‍ വിശദീകരിച്ചു തീരുമ്പോള്‍, ഒരുപാട് സംശയങ്ങളുമായി എഴുനേറ്റു നില്‍ക്കുവാനോ, ചോദ്യങ്ങള്‍ ചോദിച്ച് തീരും മുന്‍പേ ആവേശത്തോടെ അതിനു മറുപടി നല്‍കുവാനോ ഞാന്‍ ശ്രമിച്ചില്ല.

അന്ന് ക്ലാസ്സ്‌റൂമില്‍ എന്നില്‍ നിന്നും സംഭവിച്ച തെറ്റ്, ആ സ്കൂളിലെ മറ്റേതെങ്കിലും വിദ്യാര്‍ഥിയില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കില്‍ ഹരിനാരായണന്‍ മാഷ്‌ അതൊരിക്കലും ശ്രദ്ധിക്കുമായിരുന്നില്ലെന്നും, എന്നില്‍നിന്നും അത്തരത്തില്‍ നിരുത്തരവാദപരമായ ഒരു പെരുമാറ്റം മാഷ്‌ ചിന്തിചിട്ടെയില്ല എന്നതിനാല്‍ അത്തരത്തില്‍ സംഭവിച്ചപ്പോള്‍ നിയന്ത്രിക്കാനാവാതെപോയതാണെന്ന്, ബോയ്സ് ഹോംന്‍റെ ഡയരക്ടര്‍ അച്ഛനോട് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു.
                        
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, മറ്റൊരു സ്ഥലത്തും കാണിക്കാത്ത മര്യാദയോടെ, ശാന്തതയോടെ, ചിട്ടകളെല്ലാം പാലിച്ചുക്കൊണ്ട് ബിവറേജസ്‌ കോര്‍പ്പറഷന്‍റെ മണ്ണുത്തി ശാഖയിലെ നീണ്ട ക്യു വിനിടയില്‍ ഞാന്‍ നില്‍ക്കുന്നു. അല്പ്പസമയത്തിനു ശേഷമാണ്  ക്യു വില്‍ എന്‍റെ മുന്‍പില്‍ സ്ഥാനംപിടിച്ചിട്ടുള്ള വ്യക്തിയെ ഞാന്‍ ശ്രദ്ധിക്കുന്നത്, സ്കൂളില്‍ എന്‍റെ ഹിസ്റ്ററി അധ്യാപകനായിരുന്ന ജോസഫ്‌ മാഷ്‌!!!!

കാഴ്ച്ചയില്‍ മാഷ്ക്ക് എന്നെ മനസില്ലായില്ല. പക്ഷെ വിശദീകരിച്ചപ്പോള്‍ ഞാനെന്ന വിദ്യാര്‍ഥി ഓര്‍മയില്‍ എത്തി. അടുത്ത വര്‍ഷം മാഷ്‌ റിട്ടയേര്‍ഡ്‌ ആവും. വിരമിക്കലിനുശേഷം വീട്ടില്‍ വെറുതെ ഇരിക്കേണ്ടല്ലോ എന്ന് കരുതി അദ്ദേഹം ഇപ്പോഴേ നാട്ടില്‍ ചെറിയതോതില്‍ പൂചെടികളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. ആ ആവശ്യത്തിലേക്കായി കുറെ ചെടികള്‍ വാങ്ങുന്നതിനായാണ്  മാഷ്‌ മണ്ണുത്തിയില്‍  എത്തിയത്.

അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളില്‍നിന്നും ഏതാണ്ട് 35 കിലോമീറ്റര്‍കള്‍ക്കിപ്പുറം ഒരുനാട്ടിലെ, ബീവറേജസ്‌ കോര്‍പ്പറേഷന്‍റെ ക്യുവില്‍  ഒരു പൂര്‍വ്വ വിദ്യാര്‍ഥിയെ കണ്ട്മുട്ടുമെന്നു മാഷ്‌ ഒരിക്കലും കരുതിക്കാണില്ല.

"കുറച്ച് പണിക്കാര് കൂടെ ഇണ്ടേ.... അവര്‍ക്ക് കുടിക്കാനായിട്ട് എന്തെങ്കിലും വാങ്ങിക്കൊടുക്കാന്നു കരുത്യാ...... ഈ ബ്രാണ്ടി... വിസ്കി...ന്നൊക്കെ പറയണത്  ഒരു പോലത്തെ സാധനങ്ങള് തന്ന്യാണോ...?" മാഷ്‌ എന്നോട്;
'ഉവ്വ, മനസിലായി....' എന്നമട്ടില്‍ ഞാന്‍ തലകുലുക്കി.
അവസാനമാണ് മാഷ്‌ എന്നെ അറിയിച്ചത്, സ്കൂളിന്‍റെ ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ അദ്ദേഹമാണെന്ന്. ആ സമയത്ത് എനിക്ക് ജോലി സംബന്ധമായി സ്കൂളില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ന്‍റെ ആവശ്യം ഉണ്ടായിരുന്നു. അക്കാര്യം ഞാന്‍ അറിയിച്ചപ്പോള്‍, ഏറ്റവും അടുത്തദിവസം സ്കൂളിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ്മായി തിരിച്ചു പോരാമെന്ന് അദ്ദേഹം എനിക്കുറപ്പുനല്‍കി.
                          
മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ സ്കൂളില്‍ എത്തുന്നത്. സ്കൂളില്‍ എത്തിയപ്പോഴാണ്, സ്കൂള്‍ മാനേജ്‌മന്‍റ് എന്നോടും, എന്‍റെ ബാച്ച് ലെ സഹവിദ്യാര്‍ഥികളോടും ചെയ്ത കൊടും ചതിയുടെ യഥാര്‍ത്ഥ ചിത്രം എനിക്ക് വ്യക്തമാകുന്നത്. ഞങ്ങള്‍ പത്താംക്ലാസ് കഴിഞ്ഞ്‌ സ്കൂളിനോട് വിടപറഞ്ഞതിന്‍റെ തൊട്ടടുത്ത വര്‍ഷം മുതല്‍ ആ ബോയ്സ് സ്കൂള്‍ ലേക്ക് പെണ്‍ക്കുട്ടികള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട്, നേരും നെറിവുംക്കെട്ട സ്കൂള്‍ മാനേജ്‌മന്‍റ് അതൊരു മിക്സ്‌ഡ് സ്കൂള്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നു.
'നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലടാ....' എന്ന് മാനേജ്‌മന്‍റ്നെ മൊത്തം മനസ്സില്‍ പ്രാകിക്കൊണ്ടാണ് ഞാന്‍ സ്കൂളിലേക്ക് കയറിച്ചെന്നത്
                          
 ജോസഫ്‌മാഷ്‌തന്നെ പ്രത്യേക താത്പര്യമെടുത്തു ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ശെരിയാക്കി തന്നു. മണ്ണുത്തിയിലെ ഏതു ആവശ്യത്തിനും ബന്ധപ്പെട്ടാല്‍ മതിയെന്ന് അറിയിച്ച്, മാഷിനു എന്‍റെ നമ്പര്‍ നല്‍കി തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ അദേഹത്തോട് ഹരിനാരായണന്‍ മാഷേക്കുറിച്ചു അന്വേഷിച്ചു. ഹരിനാരായണന്‍ മാഷ്‌ റിട്ടയേഡ് ആയെന്നും, പെന്‍ഷന്‍ സംബന്ധമായ എന്തോ കാര്യത്തിനായി അദ്ദേഹം അന്ന് സ്കൂളില്‍ എത്തിയിട്ടുണ്ടെന്നും ജോസഫ്‌മാഷ്‌ എന്നെ അറിയിച്ചു.
                            
സ്കൂള്‍ ഗ്രൌണ്ട്നോട് ചേര്‍ന്നുള്ള സ്റ്റേജ് ന്‍റെ  സമീപത്തായാണ് ഞാന്‍ ഹരിനാരായണന്‍ മാഷെ കണ്ട്മുട്ടിയത്‌, ഒരു നിയോഗം പോലെ. അന്ന് ഞാന്‍ അദ്ദേഹത്തെ കണ്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ, പിന്നീട് എപ്പോഴെങ്കിലും അദ്ദേഹത്തെ കാണുവാന്‍ എനിക്ക് സാധിക്കുമായിരുന്നോ എന്നത് സംശയമായിരുന്നു.

ഒരൊറ്റനോട്ടത്തില്‍തന്നെ അദ്ദേഹംഎന്നെ തിരിച്ചറിഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു. എന്നെ കുറിച്ച് നിരന്തരം ബോയ്സ് ഹോംന്‍റെ ഡയരക്ടര്‍ അച്ഛനോട് അന്വേഷിക്കാറുണ്ടായിരുന്നെന്നും, അവിടെനിന്നും ലഭിച്ച എന്‍റെ വിലാസത്തിലേക്ക്  ചില എഴുത്തുകള്‍ അയച്ചിരുന്നുവെന്നും മാഷ്‌ എന്നെ അറിയിച്ചു. എന്നാല്‍ ആ വിലാസത്തില്‍നിന്നും ഞങ്ങള്‍ മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നതിനാല്‍ അവ എനിക്ക് കൈപ്പറ്റുവാന്‍ സാധിച്ചിരുന്നില്ല.

"ആയിരകണക്കിന് വിദ്യാര്‍ത്ഥികളെ ഈ ഔദ്യോകിക ജീവിതത്തിന്‍റെ കാലയളവിനിടയില്‍ പഠിപ്പിച്ചിട്ടുണ്ടാകും. അതില്‍ കുറേപ്പേരെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്. കുറച്ചു പേര്‍ കണ്ടില്ലെങ്കിലും ഓര്‍മകളില്‍ ഉണ്ടാകും. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഹൃദയത്തെ സ്പര്‍ശിക്കാറുള്ളു. അതില്‍ ഒന്നാമനാണ് നീ....."
തുടിക്കുന്ന ഹൃദയത്തോടെ, നിറകണ്ണുകളോടെ ഞാന്‍ ഹരിനാരായണന്‍ മാഷ്ടെ ഈ വാക്കുകള്‍ കേട്ടിരുന്നു.

ഞങ്ങള്‍ക്കിടയില്‍ രൂപംക്കൊണ്ട ആലപ്പ നേരത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ മാഷ്‌ നോട് പറഞ്ഞു,
"എനിക്കൊരു കാര്യം പറയാന്‍ഉണ്ടായിരുന്നു..."
"ഉം..?"  മാഷ്‌ അന്വേഷിച്ചു.
"ക്ലാസ്സില്‍ എന്‍റെ പുറകു ബഞ്ചില്‍ ഇരുന്നിരുന്ന സലിംനെ ഓര്‍ക്കുന്നുണ്ടോ മാഷ്‌?"
" പിന്നേ..... അവന്‍ നമ്മുടെ നാട്ടുക്കാരനല്ലേ... ഇപ്പൊ ആള് ഗള്‍ഫില്‍ എവിടെയോ ആണ്. അവധിക്കു നാട്ടിലെത്തുന്ന സമയത്ത് റോഡിലൊക്കെ വച്ചു വല്ലപ്പോഴും കാണേം വിശേഷം പറയേം ഒക്കെ ഉണ്ടാവാറുണ്ട്.."
'എന്താ ചോദിച്ചത്'  എന്ന ഭാവത്തില്‍ മാഷ്‌ എന്നെ നോക്കി.
" അവന്‍ പറഞ്ഞ കഥകേട്ടു ചിരിച്ചതിനാണ് മാഷെന്നെ പണ്ട് ക്ലാസ്സില്‍ വച്ച് കുറെ തല്ലിയത്"

മാഷ്‌ അല്‍പ്പസമയം നിശബ്ദനായി. മാഷടെ മനസ്സ്‌ അന്നത്തെ ആ ഓര്‍മകളില്‍ആണ് എന്ന് വ്യക്തം.
" താന്‍ ആരെയോ സംരക്ഷിക്കുകയാണെന്ന് എനിക്കുറപ്പായിരുന്നു. കാരണം..., എന്‍റെ ക്ലാസിനിടയില്‍ താന്‍ മറ്റൊരു ചിന്തയുമായി ഇരിക്കില്ല എന്ന കാര്യത്തില്‍ എനിക്ക് യാതൊരുവിധ സംശയവും ഇല്ല. മറ്റേതോ ഒരാള്‍ക്ക്‌ വേണ്ടി എന്നെ ധിക്കരിക്കുവാനും, എന്‍റെ ചോദ്യങ്ങളെ അവഗണിക്കുവാനും താന്‍ തയ്യാറായപ്പോള്‍ ..., ഞാന്‍ ബിജുവിനോട് കാണിച്ച സ്നേഹത്തിനും ആത്മാര്‍ത്ഥതക്കും എന്ത് അര്‍ത്ഥമാണ് ഉള്ളത് എന്ന തോന്നലാണ് അന്നെന്നെ ചൊടിപ്പിച്ചത്.... എന്നോട് അതിന്‍റെ വിരോധം തനിക്കിപ്പോഴും മനസിലുണ്ടോ?"
"ഹേയ്....ഇല്ല്യ മാഷേ... മാഷിനോട് ഒരുക്കാര്യം ഒളിച്ചുവക്കേണ്ടിവന്നല്ലോ എന്ന കുറ്റബോധം മാത്രേ ഉള്ളൂ." ഞാന്‍ ആത്മാര്‍ഥമായിതന്നെ പറഞ്ഞു.

" കൌമാരത്തിന്‍റെ ഓരോ വികൃതികള്.....ആട്ടെ.., എന്ത് കഥയായിരുന്നു സലിം അന്ന് പറഞ്ഞു തന്നത്?"
മാഷടെ ആകാംക്ഷകണ്ട് ഞാന്‍ ആദ്യമൊന്നു ചിരിച്ചു. പിന്നെ അല്‍പ്പം ചമ്മലോടെ പറഞ്ഞു,
"A യാ...."
"A യോ...... എന്ന് വച്ചാല്‍...?
"ഈ അടല്‍ട്ട്സ് ഒണ്‍ലി എന്നൊക്കെ പറയില്ലേ.... അതില്‍പ്പെടുന്നത്.."
അത് കേട്ടപ്പോള്‍ മാഷ്‌ന്‍റെ മുഖത്തൊരു ചിരി തെളിഞ്ഞു. പിന്നെ, ആംഗ്യങ്ങളോടെ പറഞ്ഞു,
" ഈ വൃത്തമിട്ട് അതിനകത്ത് എഴുതുന്ന A അല്ലേ...?"
 വീണ്ടുമൊരു ചിരി.പിന്നെ തുടര്‍ന്നു,
"സാരല്ല്യ... ഒന്ന് മയപ്പെടുത്തി പറഞ്ഞാല്‍ മതി."
മാഷടെ അനുവാദം ലഭിച്ചു. ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു. പക്ഷെ, ഒട്ടും മയപ്പെടുത്തിയില്ല. വിശദമായിതന്നെ പറഞ്ഞു. കഥകേട്ടു മാഷ്‌ അല്‍പ്പനേരം അന്തിച്ചിരുന്നുപോയ്‌. പിന്നെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
"കുട്ട്യോള് ഈ പ്രായത്തില് ഇങ്ങന്യൊക്കെ ചിന്തിക്കേം പറയേം ചെയ്യുന്നുണ്ടല്ലോ ന്‍റെ കൃഷ്ണാ...." എന്ന് മാഷ്‌ ആദിശയപ്പെട്ടു.
                        
 സ്റ്റേജ് ന്‍റെ പുറകുവശത്തേക്ക് മാറിനിന്ന്, സിഗരറ്റ്‌ പുക ഊതി വിട്ടുക്കൊണ്ട്, മാഷ്‌ ഒരുപാട് വിശേഷങ്ങള്‍ എന്നോട് ചോദിക്കുകയും പറയുകയും ചെയ്തു. റിട്ടയര്‍മെന്‍റ് ജീവിതത്തെകുറിച്ച് പറയുമ്പോള്‍ അദ്ദേഹം വികാരാധീനന്‍ ആയിരുന്നു, കണ്ണുകള്‍ നിറഞ്ഞിരുന്നു.
"ഏതെങ്കിലും പാരലെല്‍ കോളേജ്‌കളില്‍ ഒന്ന് ശ്രമിക്കണം. അദ്ധ്യാപനം ജീവിതത്തില്‍ ഇല്ല്യാണ്ടാവണ അവസ്ഥ സഹിക്കാനാവണില്ലടോ...
ഏറ്റവും വെഷമം, ഇത്രയേറെ വര്‍ഷങ്ങള് എന്‍റെ സ്വന്തമെന്നോണം ഞാന്‍ കൊണ്ട് നടന്ന ഈ സ്കൂളില് ഇങ്ങനെ ഒരു അപരിചിതനായി വന്നു നില്‍ക്കേണ്ട അവസ്ഥയാ...."

ഗോള്‍ഡ്‌ ഫ്ലൈക്‌ സിഗരറ്റിന്‍റെ കട്ടിപുകയും, നര കയറിയ കനത്ത നീണ്ട മീശയും, ഇവയോട് ഒട്ടും ചേരാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഹരിനാരായണന്‍ മാഷ്‌ ഏതോഒരു അവാര്‍ഡ്‌ സിനിമയിലെ പേര് ഓര്‍മയില്ലാത്ത ഒരു കഥാപാത്രത്തെ എന്നെ ഓര്‍മിപ്പിച്ചു.


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

15 comments:

 1. ithum ennikk othiri ishtappettu...

  ReplyDelete
 2. അവസാനം ഒരു നോസ്ട്രല്‍ജിയ, കലക്കി

  ReplyDelete
 3. എനിക്കിഷ്ടമായി

  ReplyDelete
 4. ചേട്ടാ .. ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗില്‍ വരുനത് . . ഇതു വളരയധികം നന്നായിട്ടുണ്ട് . .എന്റെ സ്കൂള്‍ ജീവിതം ഏനിക്കൊര്‍മ്മ വരുന്നു . .വളരെ നന്ദി

  ReplyDelete
 5. സ്കൂൾ ജീവിതത്തിൽ ഇങ്ങനെയെന്തെല്ലാം കഥകൾ, ഓർമ്മകൾ. രസകരമായി അവതരിപ്പിച്ചിരിക്കുന്നൂ കാര്യങ്ങളെല്ലാം. നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete
 6. Very Good Mr. Biju. I like it very much

  ReplyDelete
 7. അവതരണം നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
 8. സൂപ്പര്‍ ആയിട്ടുണ്ട്‌ ട്ടാ..... മ്മള് തൃശൂര്‍കാരടെ അഭിമാനമാണ് ചേട്ടന്‍ ട്ടാ........

  ReplyDelete
 9. It was good..your blog took me to my old school days

  ReplyDelete
 10. chettaa,,thakarthu,,enneyum pratheekshikunnu,.......thnks

  ReplyDelete
 11. very nice...... keep it up......

  ReplyDelete
 12. very good........

  ReplyDelete
 13. superb..
  chettaa ee kadha schoolukalil ipozhum super hitaa

  ReplyDelete
 14. nice...beginning

  ReplyDelete