Tuesday 1 February 2011

ഈ സഹീര്‍നെകൊണ്ട് ഞാന്‍ തോറ്റു..... ( 1st part)



ത്രിശൂര്‍ ജില്ലയില്‍ കാശ് പലിശക്ക് കൊടുക്കുന്ന തമിഴന്മാര്‍ ആരും സഹീര്‍നു കാശ് കൊടുക്കാറില്ല. കൊടുക്കാറില്ല എന്നു പറഞ്ഞാല്‍, ഒരിക്കല്‍ കൂടി കൊടുക്കാറില്ല. മിക്ക തമിഴന്മാരും ഓരോ പ്രാവശ്യം സഹീര്‍നു കാശ് കൊടുത്തവരായിരിക്കും. അവര്‍ക്കെല്ലാവര്‍ക്കുംതന്നെ ആ കൊടുക്കുന്ന സമയത്ത് മാത്രമാണ് സഹീര്‍നെ ദര്‍ശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുള്ളത്.

ഒരു മാതിരിപ്പെട്ട തമിഴന്‍ മാര്‍ക്കൊന്നും സഹീര്‍ന്‍റെ മുഖം ഓര്‍മ കാണില്ല. പക്ഷെ വീട് ക്രിത്യമായിട്ടറിയാം.
സ്വന്തം വീട് കാണിച്ചാല്‍ കാശ് കിട്ടാത്തതിനാല്‍, സഹീര്‍, കുറച്ചു ദൂരെയുള്ള ഒരു വീട് സ്വന്തം വീടാണെന്നും, അവിടുത്തെ കല്‍മേയിതാത്ത സ്വന്തം ഉമ്മയാണെന്നും പറഞ്ഞ് ഒരു പുതു പലിശക്കാരന്‍ തമിഴനില്‍ നിന്നും മുവായിരം രൂപ പലിശക്ക് വാങ്ങി.
                          
എല്ലാ ആഴ്ചയും കല്‍മേയിതാത്തയുടെ വീട്ടില്‍ തമിഴന്‍ കാശ് പിരിക്കുന്നതിനായി എത്തുകയും,  സഹീര്‍ അവിടെയില്ലെന്ന മറുപടി കേട്ട് മടങ്ങി പോകുകയും  പതിവാണ്.
 സഹിക്കെട്ട തമിഴന്‍ കാശ് കിട്ടിയിട്ടേ പോകു എന്ന് പ്രഖ്യാപിച്ച് കല്‍മേയിതാത്തയുടെ  വീട്ടില്‍ കുത്തിയിരുപ്പ് ആരംഭിച്ചപ്പോള്‍  ഇത്താത്തയുടെ മക്കള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു.
                              
കല്‍മേയിതാത്തയുടെ  നേതൃത്വത്തില്‍ കുടുംബക്കാര്‍ കൂട്ടം ചേര്‍ന്ന് സഹീര്‍ന്‍റെ വീട്ടിലെത്തി.
പെണ്ണുകാണാന്‍ പോയിടത്തു നിന്നും അന്വേഷിക്കാന്‍ വന്ന ആളാണെന്നും വിശ്വസിപ്പിച്ച്, സഹീര്‍നെ കുറിച്ചു തമിഴന്‍റെ അടുത്ത് നല്ല അഭിപ്രായം പറയിപ്പിച്ചത് മുതല്‍ക്കുള്ള കാര്യങ്ങള്‍ കല്‍മേയിതാത്ത വിസ്ത്തരിച്ചു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ സഹീര്‍ന്‍റെ ഉമ്മ, കൈമുദ്രകളോടൊപ്പം ഭാവാഭിനയവും മിക്സ് ചെയ്ത് പറഞ്ഞു,
" ഇതിപ്പോ..... തമിഴന്‍ ഇന്‍റെ ചെക്കന് പൈസ കൊടുത്തതും, നിങ്ങളതിനു വേണ്ടി ഓനെ റെക്കമെന്‍റ് ചെയ്തതൊന്നും കുടുംബക്കാരറിഞ്ഞട്ടുള്ള സംഭവങ്ങളല്ല. കാര്‍ന്നോര്‍മാരുള്ള ചെക്കന്, നിങ്ങള് റെക്കമെന്‍റ് ചെയ്ത് കാശ് വാങ്ങികൊടുക്കേണ്ട കാര്യെന്തിരിക്കണു... ...?  ഈ.., പിള്ളേര്‍ക്ക് കാശ് കൊടുക്കുമ്പോള്‍ അവരടെ വീട്ടിലോരുവാക്ക് ചോദിച്ചിട്ട് വേണ്ടേ കൊടുക്കാന്....  മിണ്ടും പറയും ചെയ്യാണ്ട് ഈ പൊടിപ്പിളെര്‍ക്ക് കാശ് കൊടുക്കും, എന്നിട്ട് കിട്ടാണ്ടാവുമ്പോ എല്ലാവരൂടെ വീട്ടിലിരിക്കനോര്ടെ മേക്കട്ടക്കാ കേറ്റം"

അവസാനമായി കല്‍മേയിതാത്തയെ ഒരു പാതി നോട്ടം നോക്കിയിട്ട് സഹീര്‍ ന്‍റെ ഉമ്മ ഇതുംകൂടെ പറഞ്ഞു,
" ആരൊക്കെ കൂട്യാ കാശ് വാങ്ങി കൊടുത്തതെങ്കില്‍ അവരൊക്കെ കൂടി തന്നെ തിരിച്ചു കൊടുത്തോളാ... അല്ലാതെ ഈ കുടുംബത്തീന്നു അണപൈ കിട്ടൂന്നു ആരും മോഹിക്കണ്ട...

 "പ്ഫാ.... അറുവാണിച്ചി...."
 ഉമ്മറ കോലായിലെ തിണ്ണയില്‍ ഇരുന്നിരുന്ന കല്‍മേയിതാത്ത അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. അകത്തേക്കുള്ള കട്ടിള പടിയിന്മേല്‍ ചാരി നിന്നിരുന്ന സഹീര്‍ന്‍റെ ഉമ്മ,  അല്പം പിന്നോട്ട് വലിഞ്ഞ്, അടുക്കളയോട് ചെര്‍ന്നാക്കി നില്‍പ്പിന്‍റെ പൊസിഷന്‍.

" ഈ കയ്യ് വീശി ഒന്നങ്ങട് തന്നാല്ണ്ടല്ലാ നിന്‍റെ ആ ഉന്തിനിക്കണ നാല് പല്ല് ഇവടെ താഴെ  കെടക്കും... ഹല്ലേ...കരിക്കിന്‍റെ മൂട് ചെത്ത്യോണള്ള മോന്തേം വച്ചു അവള് പറയണ വര്‍ത്താനം കേട്ടാ... നിന്‍റെ ചെക്കന്‍ വേടിച്ചു പറ്റ്യ കാശ് ഇപ്പോതന്നെ മര്യാദക്ക് തിരിച്ചു കൊടുത്തില്ലെങ്കില്‍..... നിന്നേം നിന്‍റെ ചെക്കനേം ഈ മിറ്റത്ത് കുഴിച്ചിടാന്‍ കല്‍മേയിക്ക് എന്‍റെ ആണ്‍മ്പിളെര്‍ടെ ആവശ്യല്ല്യ.. "   ഒരൊത്ത ആണ്നോളം പോന്ന കല്‍മേയിതാത്ത  കട്ടായമായി തന്നെ പറഞ്ഞു.
                            
കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്നു കണ്ടപ്പോള്‍, സഹീര്‍ന്‍റെ ഉപ്പ വിഷയത്തില്‍ ഇടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും അയാളൊരു മാന്യനാണ് കേട്ടോ.. സഹീര്‍ന്‍റെ ഉപ്പയാണെന്ന് പറയില്ല.
 കെട്ടിച്ചുവിട്ട മൂത്തമോള്‍ടെ ഭര്‍ത്താവിനു വിസക്ക് കൊടുക്കുവാനായി വച്ചിരുന്ന കാശില്‍ നിന്നും, മുതലും പലിശയും ചേര്‍ത്ത് 4500 രൂപ അയാള്‍ തമിഴനു കൊടുത്തു. ഒപ്പം തന്നെ വീട്ടുക്കാര്‍ക്ക് പ്രയോജനപ്രദവും, നാട്ടുക്കാര്‍ക്ക് മുള്ളുംക്കെട്ടും ആകുന്നവിധത്തിലൊരു പ്രഖ്യാപനവും നടത്തി, 4500 രൂപ ഉപ്പക്കു കൊടുത്ത് തീര്‍ക്കുന്നവരെ സഹീര്‍ വീട്ടില്‍ കടക്കരുത്.
                              
സഹീര്‍ന്‍റെ കാര്യം ആകെ പരുങ്ങലിലായി. നല്ലൊരു ബ്യുട്ടീഷ്യന്‍ ആണവന്‍. പക്ഷെ, വീട്ടില്‍ നിന്നും സമൃദ്ധമായ ഫുഡും, ഉമ്മയില്‍ നിന്നും അത്യാവശ്യത്തിനു കാശും ലഭിക്കുന്നതിനാല്‍ തൊഴില്‍വാര്‍ത്തയുടെ പരസ്യം പോലെയാണ് അവന്‍റെ ജീവിതം. ജോലിക്ക് പോകുന്നവരോട് ഒരുതരം പുച്ഛം!!

എങ്ങിനെയെങ്കിലും വീട്ടില്‍ കയറികൂടിയേ പറ്റൂ. അല്ലെങ്കില്‍ ജോലിക്കുപോകാന്‍ നിര്‍ബന്ധിതനാകും.
ഇതിന്‍റെപേരില്‍ അഞ്ചുപൈസ തരില്ലെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു. അവസാനം നിവൃത്തി കേടുക്കൊണ്ട് സഹീര്‍ പഠിച്ച പണിക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.  എന്‍റെ വീട്ടില്‍ ഞാനും അമ്മയും മാത്രമേ ഉള്ളു എന്നതിനാല്‍ സഹീര്‍ കിടപ്പ് എന്നോടൊപ്പമാക്കി.
                          
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, ഒരാള്‍ കുറച്ചു കാശ് തരാമെന്നു സമ്മതിച്ചിട്ടുള്ളതിനാല്‍ അത് പോയി വാങ്ങുന്നതിനായി വണ്ടിയോന്നു വേണമെന്ന് സഹീര്‍ എന്നോട് ആവശ്യപ്പെട്ടു.
 മുന്‍പൊരിക്കല്‍ ഒരു സുഹൃത്ത് സഹീര്‍നു വണ്ടി കൊടുത്ത് വിടുകയും, വഴിക്കുവച്ച് സഹീര്‍ കാശ് കൊടുക്കുവാനുള്ള ഏതോ ഒരാള്‍ ആ വണ്ടി പിടിച്ചു വക്കുകയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് പോലീസും, നാട്ടുക്കാരുമെല്ലാം ഇടാപ്പെട്ടാണ് ആ വണ്ടി തിരിച്ചു കിട്ടിയത്. ഈ കാര്യം എനിക്കറിയാവുന്നതിനാല്‍, സഹീര്‍നെ   കാണെണ്ടയാളിനടുത്തു വണ്ടിയില്‍ കൊണ്ടെത്തിക്കുന്നതിനും തിരിച്ചു വീട്ടില്‍ കൊണ്ടാക്കുന്നതിനുമായിവീടിനടുത്തുള്ള ഒരു പയ്യനെ ഞാന്‍ ഏല്‍പ്പിച്ചു.
                          
സഹീറും പയ്യനും ചേര്‍ന്ന് കാശ് തരാമെന്നു ഏറ്റിരുന്ന ആളെ കാണുന്നതിനായി പോയി. പക്ഷെ അയാള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറി. നാട്ടുക്കാര്‍ സഹീര്‍ന്‍റെ നല്ല സ്വഭാവത്തെ കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്തിയത് കൊണ്ടാണോ, അതൊ, ധന നഷ്ട്ടവും മാനഹാനിയും സംഭവിക്കാന്‍ ജാതകവശാല്‍ അയാള്‍ക്ക്‌ സമയമാകാത്തത് കൊണ്ടാണോ എന്നറിഞ്ഞു കൂടാ.

എന്തായാലും പെട്ടെന്ന് തന്നെ വീട്ടില്‍ തിരിച്ചു കയറാം എന്ന സഹീര്‍ന്‍റെ മോഹത്തിന് താത്കാലിക വിരാമമായി.
അയാളുടെ വീട്ടില്‍ നിന്നും, അങ്ങേരും കുടുംബവും പണ്ടാരടങ്ങി പോവുകയേ ഉള്ളു എന്ന് പരസ്യമായി പ്രഖ്യാപിച്ച് തിരിച്ചു പോരുമ്പോള്‍, സഹീറും പയ്യനും ചേര്‍ന്ന് മയൂരബാറില്‍ കയറി ദുഖഭാരം മുഴുവന്‍ ഒരു ജോഹര്‍ പയിന്‍റ്ല്‍ ഇറക്കിവച്ചു.

ദോഷം പറയരുതല്ലോ, മദ്യപിച്ച് കഴിഞ്ഞാല്‍ സഹീര്‍ ആളൊരു പരോപകാരിയാണ്. ഏക്കര്‍ കണക്കിന് വിസ്താരമുള്ള ഒരു മനസും ആസമയത്തു അവനു സ്വന്തമായി കാണും. ആ ഒരു മനസും വച്ചാണ് അവന്‍ ബാറില്‍ വച്ച് കണ്ട ഞങ്ങളുടെ നാട്ടുകാരന്‍ ചേട്ടനെ തിരിച്ചുള്ള യാത്രയില്‍ കൂടെ കൂട്ടിയത്.
                            
അങ്ങിനെ സഹീറും പയ്യനും, സഹീര്‍നാല്‍ ക്ഷണിക്കപ്പെട്ട്‌ മൂന്നാമതായി ബൈക്കില്‍ അകപ്പെട്ട നാട്ടുക്കാരന്‍ ചേട്ടനും ചേര്‍ന്ന് മദ്യത്തിന്‍റെ നിലവാര തകര്‍ച്ചയെ കുറിച്ചും, മദ്യപന്മാര്‍, മനസാക്ഷിയില്ലാത്ത ഈ സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന അവഗണനയെ കുറിച്ചുമെല്ലാം കുലന്കുഷമായി ചര്‍ച്ച ചെയ്ത് യാത്ര തുടരുമ്പോള്‍, കുറച്ചു മുന്നില്‍ റോഡിന്‍റെ അരികു ചേര്‍ന്ന് നിന്നുകൊണ്ട് ഒരു പാവം പോലീസുകാരന്‍ ബൈക്കിനു കൈ കാണിച്ചു.

മദ്യപാനത്തിനു ശേഷം ബൈക്കിന്‍റെ സാരഥിയായി മാറിയ സഹീര്‍, വളരെ മര്യാദയോടെ പോലീസുകാരന് മുന്‍പില്‍ ബൈക്കിന്‍റെ വേഗത കുറച്ച്, സൌഹാര്‍ദപൂര്‍വ്വം അയാളോട് പറഞ്ഞു,
" ഇനി ഇതിന്മേല്‍ സ്ഥലമില്ല സാറേ.." എന്ന്!!!
 പോലീസ്കാരന്‍ കൈ കാണിച്ചപ്പോള്‍ അവന്‍ കരുതിയത്രേ അയാള്‍ ലിഫ്റ്റ്‌ ചോദിച്ചതാണെന്ന്.

എന്നാല്‍ സഹീര്‍ന്‍റെ തോന്നലിനെ മുഖവിലക്ക്എടുക്കാത്തതിനാല്‍, റോഡരുകില്‍ ഒതുക്കിയിട്ടിരുന്ന ജീപ്പില്‍ നിന്നും ചാടി ഇറങ്ങിയ എസ്‌.ഐ. അടക്കമുള്ള പോലീസുകാര്‍ ചേര്‍ന്ന്, ബൈക്കിനൊപ്പം ചേര്‍ത്ത് സഹീര്‍ നെയും മറ്റു രണ്ടു പേരേയും, പൊക്കി സ്റ്റേഷനില്‍ എത്തിച്ചു.
പരാതികാരെ പോലും തരം കിട്ടിയാല്‍ തല്ലുന്ന സ്വഭാവമുള്ള ഒരു വൃത്തിക്കെട്ട പോലീസുകാരന്‍ ആ സ്റ്റേഷനില്‍ ഉണ്ട്. അയാളില്‍ നിന്നും ചെവിക്കല്ല് ഇളകുന്ന വിധത്തില്‍ മൂന്നുപേര്‍ക്കും ഓരോന്ന് കിട്ടി. എസ്‌. ഐ. യില്‍ നിന്നും ആഘോഷമായ ഒരു പാട്ടുകുര്‍ബാനയും കേട്ടു.
                          
പരിചയമില്ലാത്ത ഒരു ലാന്‍റ്ലയിന്‍ നമ്പറില്‍ നിന്നും തുടര്‍ച്ചയായി രണ്ടുമൂന്ന് തവണ കോള്‍ വന്നുകൊണ്ടിരുന്നപ്പോള്‍, തൊട്ടടുത്തവീട്ടില്‍ സുഹൃത്തുമായി സംസാരിച്ച്കൊണ്ടിരിക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് അമ്മ മൊബൈലുമായി വന്നു. അടുത്ത കോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്ത്, നീട്ടിപിടിച്ച് ഒരു ഹലോ വച്ചപ്പോള്‍ അങ്ങേ തലക്കല്‍നിന്നും തെക്കന്‍ ച്ചുവയില്‍ അല്‍പ്പം പരുഷമായ ഒരു ചോദ്യം,
 " എന്തുവാടെയ് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ മേലെ..?"
 ഏതെങ്കിലും സുഹൃത്തുക്കളുടെ കളിപ്പീരായിരിക്കും എന്ന് കരുതി,
 " നിന്‍റെ അപ്പന് സ്ത്രീധനം കിട്ട്യ കാശോണ്ടല്ല ഞാന്‍ മൊബൈല്‍ വാങ്ങീത്... നീ വിളിക്കുംബോഴേക്കും ചാടിയെടുക്കാന്‍." എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.
 കണ്ടകശനി കൊണ്ടെപോകുന്നല്ലേ....

രണ്ട് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം വിളിച്ചയാള്‍ ഫോണ്‍ കട്ടാക്കി. ഒരു പത്തു മിനിറ്റ്‌ നു ശേഷം വീണ്ടും ആ നമ്പറില്‍ നിന്നും ഒരു കോള്‍. ഇത്തവണ മറ്റൊരാളായിരുന്നു എന്നോട് സംസാരിച്ചത്. അല്‍പ്പം പ്രായമായ ഒരു ശബ്ദം. എന്‍റെ പേരും, വിലാസവും, തൊഴിലുമെല്ലാം ഇങ്ങോട്ട് പറഞ്ഞതിനുശേഷം അദ്ദേഹം മണ്ണുത്തി പോലിസ്‌ സ്റ്റേഷനില്‍ നിന്നാണ്  വിളിക്കുന്നത്‌ എന്നെന്നെ അറിയിച്ചു. ഒപ്പം ഒരു ചോദ്യവും,
" KL8 W  8806 എന്ന നമ്പറില്‍ ഉള്ള ബ്ലാക്ക് ഹീറോഹോണ്ട സ്പ്ലെണ്ടര്‍ നിങ്ങളുടെ വണ്ടിയാണോ?"

'സപ്തനാഡികള്‍ തളര്‍ന്നു' എന്ന് കഥകളില്‍ വായിച്ച് മാത്രമാണ് എനിക്ക് പരിചയം. തളര്‍ച്ച ഈ വിധമാണെന്ന് അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്.
തുടര്‍ന്ന് വണ്ടിയുടെ ഒറിജിനല്‍ രേഖകളും, എന്‍റെ ഡ്രൈവിംഗ് ലൈസന്‍സുമായി സ്റ്റേഷനില്‍ എത്തുവാനും, ഒപ്പം സഹീര്‍നെയും കൂട്ടരേയും ജാമ്യത്തില്‍ എടുക്കുന്നതിന് രണ്ടു ജാമ്യക്കാരെ കൂടെ കൂട്ടുവാനും  അദ്ദേഹം ആവശ്യപ്പെട്ടു. സംഭാഷണം അവസാനിപ്പിക്കുന്നതിന് മുന്‍പായി അങ്ങേരെന്നോട് ചോദിച്ചു,
" നേരത്തെ ഇവിടെ നിന്നും വിളിച്ച സാറിന്‍റെ, അപ്പന് നിങ്ങള്‍ വിളിച്ചെന്ന് കേട്ടു, ശെരിയാണോ?"
ഞാന്‍ വളരെ ദയനീയമായി പറഞ്ഞു," അത് സാറേ....ഞാന്‍ കരുതി... കൂട്ടുകാര്‍ ആരെങ്കിലും ആയിരിക്കൂന്ന്.."
"കൂട്ടുക്കാരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്?" അടുത്ത ചോദ്യം.
"അല്ല.... തമാശയ്ക്ക്...."
 അത് മുഴുമുപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേര്, ചില സിനിമകളില്‍ പോലിസ്‌ വേഷത്തിലുള്ള ഭീമന്‍രഘു പേടിച്ചരണ്ടു നില്‍ക്കുന്ന നായികമാരോട് പറയുന്ന പോലെ ഒരു പ്രത്യേക ടോണില്‍ എന്നോട് പറഞ്ഞു,
 "ങ്ങും..... സ്റ്റെഷനിലേക്ക് വാ.... ബാക്കി ഇവിടെ വന്നിട്ടാകാം.."

അങ്ങിനെ എന്‍റെ കാര്യത്തിലൊരു തീരുമാനമായി.
 മേല്‍പറഞ്ഞ സാധന സാമഗ്രികളുമായി സ്റ്റേഷനില്‍ എത്തിയാല്‍ ജാമ്യം കിട്ടിയില്ലെങ്കിലും 'നടയടി ' കിട്ടുമെന്നുറപ്പ്.
                          
 പ്രമാണങ്ങളും, ജാമ്യക്കാരും തയ്യാര്‍. നടയടി ഒഴിവാക്കാന്‍ എന്ത് ചെയ്യുമെന്ന് കൂട്ടുക്കാരുമായി കൂടിയാലോചിച്ചപ്പോള്‍ ഒരുത്തന്‍ നിര്‍ദേശിച്ചു, "നമുക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നെ വിളിക്കാം."
സ്വന്തം പാര്‍ട്ടിക്കാരനെ തെറി വിളിച്ച എസ്.ഐ. യെ പറഞ്ഞ സമയം കൊണ്ട് പുല്ലുപോലെ കാസര്‍ഗോട്ടെക്ക് സ്ഥലം മാറ്റി കരുത്ത് തെളിയിച്ചയാളാണ് ഞങ്ങളുടെ പ്രസിഡന്‍ന്‍റ്. കക്ഷിയാണെങ്കില്‍ എന്ത് ആവശ്യത്തിനും വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ തന്നതിനുശേഷം എപ്പോള്‍ കണ്ടാലും ചോദിക്കും, എന്താ വിളിക്കാത്തെയെന്നു...

പാടത്ത് വച്ച് സ്മാള്‍ അടിക്കുമ്പം ഇടയ്ക്കുവച്ച് സോഡാ തീര്‍ന്നാല്‍ പോയി വാങ്ങാന്‍ ഒരാള്, ഇനി ബാറില്‍ വച്ചാണ് കുടിയെങ്കില്‍ ബില്‍ കൊടുക്കാന്‍ കാശ് തികയാതെവന്നാല്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു കൊണ്ടുവരാന്‍ ഒരാള്.... ഇത്തരത്തിലാണ് അക്കാലത്തെ നമ്മുടെ ഓരോ ആവശ്യങ്ങള്‍. ഇതിനെല്ലാം പ്രസിഡണ്ട്‌ നെ വിളിക്കാന്‍ പറ്റില്ലല്ലോ.. പുള്ളിക്കാരന്‍റെ റേഞ്ച്നു ചേരുന്നൊരു ആവശ്യം വന്നുപെടുന്നത് ഇപ്പോഴാണ്. എന്തായാലും അങ്ങേരുടെ പരാതി തീര്‍ക്കാന്‍ തന്നെ തീരുമ്മാനിച്ചു.
                          
 പ്രസിഡണ്ട്‌ ന്‍റെ ശുഷ്ക്കാന്തിയുടെ കാര്യം ഇവിടെ പറയാതെ വയ്യ..., ഞാന്‍ വിളിച്ചു കാര്യം പറഞ്ഞ് അഞ്ചു മിനിറ്റ്‌ നകം ആളെന്നെ തിരിച്ചു വിളിച്ചു. നേരിട്ടുപോയി എസ്.ഐ. നെ കണ്ടുകൊള്ളാനും, എല്ലാം പറഞ്ഞ് ശെരിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

പ്രസിഡണ്ട്‌ ന്‍റെ ധൈര്യത്തില്‍ ജാമ്യക്കാരുമായി ഞാന്‍ സ്റ്റേഷനില്‍ എത്തി. അസമയത് ബസ്‌ സ്റ്റാന്‍ഡില്‍ കാണുന്ന സ്ത്രീകളെ ഓരോ അവന്മമാര് നോക്കുന്ന ഭാവത്തിലാണ് പോലീസുകാര്‍ എന്നെ നോക്കുന്നത്. അല്പ്പസമയത്തിനുശേഷം ഞാന്‍ എസ്.ഐ. യുടെ മുറിയിലേക്ക് ആനയിക്കപ്പെട്ടു.
 ഹോ... എന്താ ആ മഹാമനുഷ്യന്‍റെ ഒരു ഭാഷാ നൈപുണ്യം!!!!
ആ ആഴ്ച റിലീസ്‌ ചെയ്ത പച്ചത്തെറികള്‍ കോര്‍ത്തിണക്കിയാണ് അയാള്‍ എന്നോട് ഭരണിപ്പാട്ട് പാടുന്നത്. അതെങ്ങാനും കേള്‍ക്കേണ്ടവര്‍ കേട്ടാല്‍ അങ്ങേരെ പിടിച്ച് വല്ല ദേവസ്വം മന്ത്രിയോ മറ്റോ ആക്കികളയും.

ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും താങ്ങാനാകാത്ത തരത്തിലുള്ള ഈ തെറിയഭിഷേകം സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാ പാരായണം കേള്‍ക്കുന്ന ഭാവത്തിലാണ് ഞാന്‍ നിന്ന് കേള്‍ക്കുന്നത്.... ബൈക്ക് വിട്ടുകിട്ടിയല്ലേ പറ്റൂ.                                                            

എന്തായാലും എനിക്കുള്ളത് അതില്‍ തീര്‍ന്നു. ഭേദ്യം ചെയ്യല്‍ ഉണ്ടായില്ല.
സഹീര്‍ നു ISI മാര്‍ക്കുള്ള നല്ല നാല് തല്ല് ഒരു പോലീസ്‌ കാരനില്‍ നിന്നും കിട്ടിയെന്നറിഞ്ഞു. ഒരു തല്ലില്‍ അവസാനിക്കേണ്ടതായിരുന്നു, എന്നാല്‍ വായനാശാല സെക്രട്ടറിയും താനും തമ്മിലുള്ള ഇരിപ്പുവശം  പറഞ്ഞ് അയാളെ വിരട്ടാന്‍ ശ്രമിച്ചതാണ് അടി നാലാവാന്‍ കാരണം. നാട്ടിലെ വായനശാലാ സെക്രട്ടറി , ഒരു "വായനശാലാ സെക്രട്ടറിയുടെ" സ്വാധീന മേഖലകളെ കുറിച്ച് വിസ്തരിച്ച് സഹീര്‍ നെ ശെരിക്കും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന കാര്യം വളരെ വ്യക്തം!!

ഇതൊന്നും കൂടാതെ സഹീര്‍ ന്‍റെ പേരില്‍ ഏതാണ്ട് മൂവായിരത്തോളം രൂപ കോടതിയില്‍ പിഴയൊടുക്കേണ്ട വിധത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഒരു പെറ്റികേസും ചാര്‍ജ്‌ ചെയ്യപ്പെട്ടു. ഒരു പത്ത്മുന്നൂറ് രൂപക്കുള്ള പണി എനിക്കും കിട്ടി, മദ്യപന്മാരുടെ കൈവശം വണ്ടി കൊടുത്ത് വിട്ടതിന്.
                      
 എന്തായാലും, ഇതില്‍ തീര്‍ന്നല്ലോ എന്നാശ്വസിച്ച്ബൈക്കെടുത്തു പുറത്തിറങ്ങിയപ്പോള്‍ സഹീര്‍ ന്‍റെ വക ഒരു പ്രഖ്യാപനം വന്നു, അവനെ തല്ലിയ പോലീസുകാരനെ തിരിച്ച് തല്ലാതെ, കുറഞ്ഞപക്ഷം നാല് തെറിയെങ്കിലും വിളിക്കാതെ അവന്‍ തിരിച്ച് വീട്ടിലേക്കില്ലഎന്ന്... (തുടരും.)


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.




1 comment: