Thursday, 28 July 2011

എല്ലാവര്‍ക്കും എന്‍റെ ജന്മദിനത്തിന്‍റെ ആശംസകള്‍!!


1979,ജൂലായ്‌ മാസം 27- തീയതി. മേനാച്ചേരി അന്തോണിയുടെ മകളും, മാളിയേക്കല്‍ പാപ്പച്ചന്‍ മകന്‍ ജോര്‍ജ്ജ്ന്‍റെ ഭാര്യയുമായ മേരിക്ക് രാവിലെ ആറുമണിയോടെ പ്രസവവേദന ആരംഭിച്ചു.
ആ സമയം അവര്‍ ഭര്‍തൃഗൃഹത്തില്‍ അവിടുത്തെ പതിനഞ്ചോളം വരുന്ന അംഗങ്ങള്‍ക്കായുള്ള പ്രഭാതഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. 
മേരിയുടെ ഭര്‍ത്താവിനാല്‍ ആ കുടുംബത്തിലേക്ക് യാതൊരുവിധത്തിലുമുള്ള പ്രയോജനങ്ങളും ലഭ്യമാകാത്തതിനാല്‍ കുടുംബത്തിലെ എല്ലാ ജോലികളുടെയും ബാധ്യത ആ സാധു സ്ത്രീക്കായിരുന്നു. പുലര്‍ക്കാലംമുതല്‍ പാതിരാവ്വരെ നീളുന്ന വിശ്രമമില്ലാത്ത ജോലികള്‍. 
ഗര്‍ഭകാലത്തും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.


അസഹനീയമായ വേദനയാല്‍ മേരി തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ എത്തിക്കപ്പെട്ടു. ഗര്‍ഭിണികളുടെ നീണ്ടവരിയുടെ അവസാനം വരാന്തയുടെ അരികുപറ്റി അവള്‍ തളര്‍ന്ന് കിടന്നു. 
ഇടയ്ക്കെപ്പോഴോ മെഡിക്കല്‍കോളേജിലെ ബാത്ത്റൂമിന്‍റെ വാതില്‍ക്കല്‍വരെ തനിയെ നടന്നെത്തിയ അവര്‍ അവിടെ ബോധമറ്റു വീണു. അല്‍പ്പസമയത്തിന് ശേഷം ബാത്‌റൂമില്‍ എത്തിയ മറ്റാരൊക്കെയോചേര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന മേരിയെ ലേബര്‍ റൂമില്‍ എത്തിച്ചു. 
ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹലോജന്‍ ലൈറ്റിന്‍റെ കനത്ത വെളിച്ചത്തിന് താഴെ, ഓപ്പറേഷന്‍ ടേബിളില്‍ കിടത്തപ്പെട്ട മേരി അധികം വൈകാതെതന്നെ പ്രസവിച്ചു.


ഇറുക്കിയടച്ച കുഞ്ഞിക്കണ്ണ്‍ ഇടയ്ക്കിടെ ചിമ്മി തുറന്ന് ഞാന്‍ ആദ്യമായി ഈ ലോകത്തെ കണ്ടു. 
മാളിയേക്കല്‍ ജോര്‍ജ്ജ് ഭാര്യ മേരി എനിക്കമ്മയായി, എനിക്കറിയാവുന്ന ഏക ദൈവമായി.


ശെരിക്കും ഞാന്‍ ജനിക്കില്ലായിരുന്നുവത്രേ..... കാരണം, എനിക്ക്മുന്‍പേ എന്‍റെ അമ്മയുടെ ഒരു പുത്രന്‍ പ്രസവത്തില്‍ മരണപ്പെട്ടിട്ടുണ്ട്. അവന്‍, എന്‍റെ ജേഷ്ട്ടന്‍ ജീവനോടെ ഉണ്ടാകുമായിരുന്നെങ്കില്‍ അമ്മ പ്രസവം നിര്‍ത്തുകയും, ആ അമ്മയുടെ മകനാവാനുള്ള ഭാഗ്യം എനിക്ക് നഷ്ട്ടപ്പെടുകയും ചെയ്യുമായിരുന്നു. അങ്ങിനെ എന്‍റെ ജനനത്തിനുമുന്‍പേ, എന്‍റെ ജനനത്തിനായ് ഒരു രക്തസാക്ഷി ജനിച്ചു.


ഇഡ്ഡലി എന്‍റെ പ്രിയ്യപ്പെട്ട ആഹാരമായിരുന്ന ബാല്യകാലത്തിലെ ഒരുനാള്‍, പുലര്‍ച്ചെ എന്നെ വിളിച്ചുണര്‍ത്തി കുളിപ്പിച്ച്, അധികം പഴയതല്ലാത്ത, കല്യാണങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ മാത്രം എന്നെ ധരിപ്പിക്കാറുള്ള ട്രൌസറും ഷര്‍ട്ടും ഇടുവിച്ച് അമ്മ എന്നെ പള്ളിയില്‍ കൊണ്ടുപ്പോയി. 
അവിടെനിന്നും തിരിച്ച്വരുമ്പോള്‍ വീടിനടുത്തുള്ള സീതമ്മയുടെ ചായക്കടയില്‍നിന്നും എനിക്ക് ഇഡ്ഡലി വാങ്ങിത്തന്നു. രുചിയോടെ ഞാന്‍ അത് കഴിച്ചുക്കൊണ്ടിരിക്കുന്നത് വാത്സല്ല്യപ്പൂര്‍വ്വം നോക്കിക്കൊണ്ടിരുന്ന അമ്മ, ഇടയ്ക്ക് എന്‍റെ മുടിയിഴകളില്‍ തഴുകി മൂര്‍ദ്ധാവില്‍ ചുംബിച്ച് പറഞ്ഞു, 
“ ഇന്നാണ് മോന്‍ ജനിച്ചത്‌. മോന്‍റെ ബര്‍ത്ത്ഡേ!!” 
അതായിരുന്നു എന്‍റെ ഓര്‍മ്മയില്‍ എനിക്ക് ലഭിച്ച ആദ്യ ജന്മദിന സമ്മാനം.


ചെറുപ്പക്കാലത്ത് അമ്മയല്ലാതെ മറ്റാരും എന്‍റെ ജന്മദിനങ്ങള്‍ ഓര്‍ത്തുവെയ്ക്കുകയോ, ആശംസനേരുകയോ ചെയ്യാറില്ലായിരുന്നു. അമ്മയുടേത് ആശംസ എന്നതിനപ്പുറം ഒരുതരം ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. വളരുമ്പോള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെകുറിച്ച്, ഞാന്‍ മൂലം കുടുംബത്തിന് ഉണ്ടാകേണ്ട ഉയര്‍ച്ചകളെകുറിചെല്ലാമുള്ള ഓര്‍മപ്പെടുത്തല്‍.


ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും, നാലാള്‍ക്ക്മുന്‍പാകെ ആത്മവിശ്വാസത്തോടെ പോയിനില്‍ക്കുവാന്‍ സാധിക്കാവുന്ന തരത്തിലുള്ള വസ്ത്രമൊന്നും ഇല്ലാതിരുന്നതിനാല്‍ പങ്കെടുക്കാനാകാതെ, വീടിന്‍റെ അരമതിലില്‍ കയറി ഒരുഭാഗത്ത്‌ കൂട്ടംകൂടിയിരിക്കുന്ന ഇരുട്ടിന്‍റെ മറവുപറ്റി നോക്കിക്കണ്ട, അയല്‍ക്കാരനായ സമ്പന്നപ്പുത്രന്‍റെ ബര്‍ത്ത്ഡേ പാര്‍ട്ടിയാണ് ഇത്തരത്തിലും ജന്മദിനങ്ങള്‍ ഓര്‍ക്കപ്പെടാം എന്നെനിക്ക് പറഞ്ഞ്തന്നത്. 
പിറ്റേന്ന് അവനു ലഭിച്ച സമ്മാനങ്ങള്‍ അല്‍പ്പം അഹങ്കാരത്തോടെ അവന്‍ എനിക്ക്മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് എനിക്ക് ലഭിക്കാതെപ്പോയ സമ്മാനങ്ങളെകുറിച്ച് ഞാന്‍ ബോധവാനായത്.


തുടര്‍ന്നുവന്ന രണ്ട് വര്‍ഷങ്ങളില്‍ എന്‍റെ ജന്മദിനം ഞാന്‍ ഓര്‍ത്ത്‌വക്കുകയും, സമ്പന്നപ്പുത്രന്‍റെതു പോലെയുള്ള, അല്ലെങ്കില്‍ ഏതാണ്ട് അതുപോലെയുള്ള ഒരു ബര്‍ത്ത്ഡേ ആഘോഷം എന്‍റെ പേരില്‍ നടത്തണമെന്ന് വാശിപ്പിടിക്കുകയും ചെയ്തു. 
കുഞ്ഞുകുഞ്ഞു കള്ളികളോ, കൊച്ചുകൊച്ചു പൂക്കളോ നിറഞ്ഞ വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ പെട്ടികളില്‍ ആരെങ്കിലുമെല്ലാം എനിക്കും സമ്മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. രണ്ടും നടന്നില്ല.


സ്കൂള്‍ പഠനക്കാലത്ത് എന്‍റെ എല്ലാ ജന്മദിനത്തിനും സ്കൂള്‍ അവധി ആയിരുന്നു, എനിക്ക് മാത്രം. 
സഹപാഠികളെല്ലാം അവരുടെ പിറന്നാള്‍ദിവസം പുതിയ ഉടുപ്പൊക്കെ ധരിച്ചുവന്ന് ക്ലാസ്സിലെ എല്ലാവര്‍ക്കും മിട്ടായി വിതരണം ചെയ്യുന്ന ഒരു ചടങ്ങ് നടക്കാറുണ്ടായിരുന്നു. പുതിയ ഉടുപ്പിനും, വിതരണം ചെയ്യുവാനുള്ള മിട്ടായിക്കും സ്കോപ്പില്ലാതതിനാല്‍ പിറന്നാള്‍ദിനത്തില്‍ ഞാന്‍ സൌകര്യംപ്പോലെ വീട്ടിലിരിക്കും.


അമ്മക്ക് ശേഷം ആദ്യമായി എനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നതും, മധുരം നല്‍കിയതും മറ്റൊരു മേരിയായിരുന്നു, വീടിനടുത്തുള്ള കൊച്ചുമേരി ചേച്ചി. സ്റ്റെഫി ഗ്രാഫ്‌ എന്നാണ് അവരെ നാട്ടിലെ ചെറുപ്പക്കാര്‍ വിളിച്ചിരുന്നത്‌. 
മേരിചേച്ചി കാഴ്ച്ചയില്‍ ഏതാണ്ട് സ്റ്റെഫിഗ്രാഫ്നെ പോലെയായിരുന്നു. അവര്‍ സ്റ്റെഫിഗ്രാഫ്നേക്കാള്‍ സുന്ദരിയും ആയിരുന്നു. 
മേരി ചേച്ചിയുടെ മകന്‍റെ സുഹൃത്ത്‌ എന്നനിലയില്‍ ആ വീട്ടില്‍ എനിക്ക് തികഞ്ഞ സ്വാതന്ത്രവും, കുടുംബാംഗങ്ങളുമായി വളരെ അടുത്ത ആത്മബന്ധവും ഉണ്ടായിരുന്നു. 
എന്‍റെ പതിനേഴാമത്തെതോ, പതിനെട്ടാമത്തേതോ ജന്മദിനംനാള്‍ മേരിച്ചേച്ചി എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. വാങ്ങിവച്ചിരുന്ന വലിയ പ്ലംകേക്കില്‍ അവര്‍ തെളിച്ചുതന്ന തിരി എന്നെക്കൊണ്ട് ഊതിക്കെടുത്തിച്ചു. ചുവന്ന റിബണ്‍ കെട്ടിയ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്‍റെ കത്തി ഉപയോഗിച്ച് ആ കേക്ക് ഞാന്‍ മുറിച്ചെടുക്കുമ്പോള്‍ മേരിചേച്ചിയും, ഭര്‍ത്താവും, എന്നെക്കാള്‍ ഒന്നോ രണ്ടോ വയസ്സിനുമാത്രം ഇളയതായ അവരുടെ മകളുംചേര്‍ന്ന് എനിക്ക് വേണ്ടി  ഹാപ്പി ബര്‍ത്ത്ഡേ പാടി. അതായിരുന്നു ഈ മുപ്പത്തിരണ്ട് വര്‍ഷത്തിനിടക്ക്നടന്ന എന്‍റെ ഏറ്റവും ലാവിഷായ പിറന്നാള്‍ ആഘോഷം. 
കൊച്ചുമേരി ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞതിന്ശേഷം കാണുന്ന ഓരോ പ്ലം കേക്കും എന്നെ ആ ജന്മദിനത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്.


ഇങ്ങനെ, പ്രതീഷിച്ചവരില്‍നിന്നും ആശംസകളും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനങ്ങളും ഓരോവര്‍ഷവും ലഭിക്കാതെവന്നതിനാല്‍ ക്രമേണ ഇത്തരം കാര്യങ്ങളെല്ലാം വെറും ബൂര്‍ഷ്വാ സങ്കല്‍പ്പങ്ങള്‍ ആണെന്ന് ഞാന്‍ സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും തുടങ്ങി. 
ലഭിക്കാതെവരുമ്പോഴുള്ള ദുഖം ഒഴിവാക്കുന്നതിനായി ഞാന്‍ ജന്മദിനങ്ങളെ മനപ്പൂര്‍വ്വം മറക്കുവാന്‍ തുടങ്ങി, എന്‍റെയും മറ്റുള്ളവരുടെയും.


അത്തരത്തിലൊരു മറവിക്കാരണം ബംഗ്ലൂര്‍ ജീവിതത്തിനിടക്ക് ലഭിച്ച കെനിയക്കാരിയുമായുള്ള പ്രണയം പ്രണയമോചനത്തില്‍ കലാശിക്കുമായിരുന്നു. അവളുടെ നാട്ടിലെ ബര്‍ത്ത്ഡേ വിശേഷങ്ങള്‍, അവളുടെ ബര്‍ത്ത്ഡേക്കും കുറേ നാളുകള്‍ക്ക്മുന്‍പേ അവള്‍ മനോഹരമായി വര്‍ണ്ണിക്കാറുണ്ടായിരുന്നു. ഒപ്പംത്തന്നെ, ബര്‍ത്ത്ഡേക്ക് അവളെ വളരെ സന്തോഷപ്പൂര്‍വ്വം വിഷ് ചെയ്യണമെന്നും, ചെറുതാണെങ്കിലും ഒരു ഗിഫ്റ്റ്‌ അവള്‍ക്ക് നല്‍കണമെന്നും എന്നെ ഓര്‍മിപ്പിക്കാറും ഉണ്ടായിരുന്നു. പക്ഷെ, ആ ദിവസം എത്തിയപ്പോള്‍ ഞാന്‍ അത് മറന്നു. 
ആ ഒരൊറ്റ കാരണത്താല്‍ അവള്‍ക്ക് എന്നോട് എത്രത്തോളം വെറുപ്പ്‌തോന്നിയെന്ന് അവളുടെ കൂട്ടുക്കാരി ബര്‍ത്ത്ഡേയുടെ പിറ്റേന്ന് വിളിച്ച്പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. 
ഞങ്ങള്‍ മലയാളികള്‍ ഒരിക്കലും, പ്രിയ്യപ്പെട്ടവര്‍ക്ക് അവരുടെ ജന്മദിനത്തിന്‍റെ അന്ന് ആശംസകള്‍ നെരാറില്ലെന്നും പിറ്റേന്ന് വൈകീട്ട് ഏഴുമണിക്ക് വെടിക്കെട്ടോടുക്കൂടിയാണ് ആശംസകള്‍ അര്‍പ്പിക്കാറുഎന്ന് ഞാന്‍ കൂട്ടുക്കാരിയെ പറഞ്ഞു ബോധ്യപ്പെടുത്തി. 
ബര്‍ത്ത്ഡേ ആഘോഷിക്കുന്ന പ്രിയ്യപ്പെട്ട വ്യക്തിയില്‍ പോയവര്‍ഷത്തില്‍ സന്നിവേശിച്ചിരിക്കാന്‍ ഇടയുള്ള ഭൂത, പ്രേതാധി പിശാചുക്കളെ ഓടിക്കാനാണ് വെടിക്കെട്ട്‌ നടത്തുന്നതെന്നും, അതിനാല്‍ വൈകീട്ട് കൃത്യം ഏഴുമണിക്ക് എന്‍റെ കാമുകിയെ ഫ്ലാറ്റിന്‍റെ ടെറസ്സില്‍ എത്തിക്കണമെന്നും ഞാന്‍ കൂട്ടിക്കാരിയെ ചുമതലപ്പെടുത്തി.


അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരുപ്പെട്ടി ചൈനീസ്‌ അമിട്ട് വൈകീട്ട് കൃത്യം ഏഴുമണിക്ക്ത്തന്നെ നല്ല ഗംഭീരമായി പൊട്ടി. മാനത്ത് നിറഞ്ഞ ആ വര്‍ണ്ണവെളിച്ചത്തിന് താഴെ നിന്നുക്കൊണ്ട് ഞാന്‍ അവള്‍ക്ക് ബര്‍ത്ത്ഡേ ആശംസകള്‍ നേര്‍ന്നു. കൂട്ടുക്കാരിയുടെ സാമിപ്യത്തില്‍ത്തന്നെ ലാവിഷ്ആയി ഒരു കിസ്സും കൊടുത്തു. കാമുകി ഹാപ്പി, അവളുടെ കൂട്ടുക്കാരി ഹാപ്പി, ഞാന്‍ ഡബിള്‍ ഹാപ്പി. അവളുടെ ബര്‍ത്ത്ഡേനാള്‍ പകല്‍ മുഴുവന്‍ സെന്‍റ്. ജോന്‍സ്‌ പള്ളിയില്‍ പോയി  അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു എന്നുക്കൂടെ അല്‍പ്പം സെന്റി കലര്‍ത്തി ഞാന്‍ പറഞ്ഞപ്പോള്‍.... പിന്നീടുള്ള കുറെ നാളുകള്‍ ജീവിതം ജിങ്കാ ലാ ലാ .


ഇന്നലെ എനിക്ക് മുപ്പത്തിരണ്ട് വയസ്സ് തികഞ്ഞു. ഒരുപാട്പേര്‍ ആശംസകള്‍ അറിയിച്ചു. എല്ലാവര്ക്കും നന്ദി. 
ഓരോ വയസ്സ് കൂടുംതോറും എനിക്കും കുടുംബത്തിനും പുരോഗതിമാത്രമേ സംഭവിച്ചിട്ടുള്ളൂ. പിതാവായ ദൈവത്തിന്‍റെ മഹത്ത്വം!! 
ജീവനും ആയുസ്സും നല്‍കിയ യാഹോവക്കും, ജീവിക്കാന്‍ കരുത്ത് നല്‍കിയ അമ്മയ്ക്കും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സ്നേഹിതര്‍ക്കും, കാലിടറിയപ്പോള്‍ താങ്ങായിനിന്ന ലോലിതക്കും, സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുവാന്‍ പ്രതീക്ഷ നല്‍കിയ ബിജു കര്‍ണ്ണനും എന്‍റെ ഹൃദയം പകുത്തെടുത്ത നന്ദി.      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

12 comments:

 1. ആദ്യം തന്നെ എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...!!
  സങ്കടത്തിന്റെ ഒരു കടല്‍ തന്നെ കണ്ടു കുഞ്ഞുനാളിലെ ജന്മദിനങ്ങളില്‍..
  വായിച്ചു കണ്ണ് നിറഞ്ഞു.
  അവസാനത്തെ വെടിക്കെട്ടില്‍ ചിരിപൊട്ടി.
  പിന്നെ ലോലിത ഭാര്യ ആയിരിക്കും അല്ലെ..
  ഒരിക്കല്‍ക്കൂടി ആശംസകള്‍.

  ReplyDelete
 2. പിറന്നാള്‍ ആശംസകള്‍..

  ReplyDelete
 3. അപ്പോള്‍ ലോലിത എന്ന് പറയുന്നത് ആ കെനിയക്കാരി ആണോ?

  ReplyDelete
 4. വൈകിയെങ്കിലും നന്മ നിറഞ്ഞ സന്തോഷം നിറഞ്ഞ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ....... :)

  ReplyDelete
 5. Unclente blogugalil ennikk eettavum kooduthal ishtappettath ithanu...

  ReplyDelete
 6. ഒരു വിധം എല്ലാ ഇടത്തരം കുടുംബങ്ങളിലും ഇതുപോലെ തന്നെയാണ്,പക്ഷെ താന്കള്‍ അത് വളരെ രസകരമായ രീതിയില്‍,വികാര ഭരിതമായി അവതരിപ്പിച്ചു....ആശംസകള്‍

  ReplyDelete
 7. belated happy birthday

  ReplyDelete
 8. ഇന്നെന്‍റെ 62ആം ജന്മദിനമാണ്.രാവിലെ മക്കള്‍ വിളിച്ച് ആശംസകള്‍ പറഞ്ഞു.മക്കള്‍ കൊണ്ടുവന്ന കേക്ക് മുറിച്ചു,ഉച്ചയ്ക്ക് പായസം ചേര്‍ന്ന സദ്യ.മക്കളുടെ വക ഷര്‍ട്ടുകള്‍.ഞങ്ങളുടെ വീട്ടില്‍ ജന്മദിനങ്ങള്‍ ഇങ്ങനെയാണ്.ഒരു ഇഡ്ഡലിപോലും നല്ലൊരു ജന്മദിന സമ്മാനമാണ്.

  ReplyDelete
 9. ചേട്ടന്‍ ഇപ്പൊ എന്താ എഴുതാത്തത്? ഇടക്കിടക്ക് ചാമ്പക്കയില്‍ എത്തി നോക്കാറുണ്ട്... പക്ഷെ പുതിയ പോസ്ടുകളൊന്നും കാണുകയുണ്ടായില്ല.. അതാ ഒന്ന് കംമെന്റിയെക്കാം എന്ന് കരുതിയത്... ഉടനെ പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. നന്ദി.. നമസ്കാരം :)

  ReplyDelete